പുത്തൻ പാനയും അര്‍ണോസ് പാതിരിയും

കേരള ക്രൈസ്തവ സഭയുടെ പാരമ്പര്യങ്ങളിൽ ആധ്യാത്മികതയുടെ ചുവടുറപ്പിക്കുന്ന ഒരുപാട് രചനകൾ ഉണ്ടായിട്ടുണ്ട്. കുരിശിന്റെ വഴിയും മനോഹരമായ ഗീതങ്ങളും ഉൾപ്പെടുന്ന ഈ ശാഖയിൽ മറ്റുള്ളവയിൽ നിന്നും ഏറ്റവും ശ്രേഷ്ഠമായി നിൽക്കുന്ന ഒന്നാണ് ‘ദൈവ മാതാവിന്റെ വ്യാകുല പ്രലാപം’ എന്നറിയപ്പെടുന്ന പുത്തൻ പാന. ആദിമ കാലങ്ങളിൽ വലിയ ആഴ്ചയിൽ ക്രൈസ്തവ ഭവനങ്ങളിൽ പാന പാരായണം ചെയ്യുന്നത് വിശുദ്ധ ഗ്രന്ഥാ വായനപോലെ തന്നെ പ്രാധാന്യമുള്ളതായിരുന്നു. അതിനാൽ തന്നെ ഈ ഗാന കാവ്യം പഴയ തലമുറയ്ക്ക് ഹൃദിസ്ഥ വുമായിരുന്നു. പെസഹാ തിരുനാളിന്റെ  അപ്പം മുറിക്കൽ ശുശ്രൂയോടനുബന്ധിച്ചും ദുഃഖ വെള്ളിയാഴ്ചയുമാണ് പുത്തൻ പാന സാധാരണഗതിയിൽ പാരായണം ചെയ്തു വരുന്നത്. ബഹുഭാഷാ പണ്ഡിതനും മലയാളം, സംസ്കൃതം ഭാഷകളിൽ അതിനിപുണനുമായ അർണോസ് പാതിരി എന്ന് അറിയപ്പെടുന്ന ഫാ. യോഹാൻ എന്റർനെസ്റ്റ് ഹാങ്‌സിലെഡാൻ എന്ന ജെസ്യൂട്ട് മിഷനറി ആണ് ഈ കാവ്യങ്ങളുടെ കർത്താവ്.

1716  ൽ രചിക്കപ്പെട്ട ഈ ഗാന കാവ്യം മലയാള ഭാഷയിലെ ആദ്യ വിലാപ കാവ്യമാണ്. ഈശോ മിശിഹായുടെ മൃതദേഹം മടിയിൽ കിടത്തിക്കൊണ്ട് പരിശുദ്ധ ദൈവമാതാവ് നടത്തുന്ന വിലാപമാണ് പ്രധാനമായും പുത്തൻ പാനയിൽ പ്രതിപാദിക്കുന്നത്. യേശുക്രിസ്തുവിന്റെ പീഡാനുഭവവും മരണവും പരിശുദ്ധ ദൈവ മാതാവിന്റെ ഹൃദയത്തിൽ ഉളവാക്കിയ പ്രതികരണങ്ങളുമാണ് ഈ വിലാപ കാവ്യത്തിന്റെ അടിസ്ഥാനം.

പൂന്താനം എഴുതിയ ജ്ഞാനപ്പാനയുടെ ചുവടുപിടിച്ചാണ് പുത്തൻ പാനയുടെ രചന. അർണോസ് പാതിരി ‘കൂദാശപ്പാന’ എന്നാണു തന്റെ കൃതിക്ക് പേര് നൽകിയത്. പിന്നീട് അത് പുതിയ പാന എന്നർത്ഥം വരുന്ന പുത്തൻ പാനയായി. പിന്നീട് രക്ഷാകര വേദ കീർത്തനം എന്നുമായി മാറി. ജർമനിയിലെ വെസ്റ്റ് ഫോളനിലെ ഓസ്റ്റർ കപ്ലേൻ എന്ന സ്ഥലത്താണ് യോഹാൻ ഹാങ്‌സ്‌ലെടന്റെ ജനനം. 1681  ൽ ജനിച്ച ഇദ്ദേഹം പിന്നീട്  ഈശോ സഭാ വൈദികനായി ഇന്ത്യയിൽ മിഷൻ പ്രവർത്തനം നടത്തുവാനുള്ള ആഗ്രഹത്തോടെ ഫാ. വില്യം വെബർ, ഫാ. വില്യം മേയർ , ഫ്രാൻസ് കാസ്പെർ ഷില്ലിന്ഗർ എന്നിവർക്കൊപ്പം മധ്യ ഇറ്റലിയിലെ ലിവോർണോ തുറമുഖത്തുനിന്നും 1699  ഒക്ടോബർ മൂന്നിനാണ് ഭാരതത്തിലേക്ക് പുറപ്പെട്ടത്. അപ്പോൾ അദ്ദേഹത്തിന് 18  വയസ്സായിരുന്നു പ്രായം. കടലിലും കരയിലൂടെയുമുള്ള അപകടം നിറഞ്ഞ ആ യാത്രയിൽ കൂടെയുണ്ടായിരുന്നവരിൽ രണ്ടുപേർ മരണപ്പെട്ടു. ഒടുവിൽ ഒരു വർഷവും രണ്ടു മാസവും പത്തു ദിവസവും നീണ്ട യാത്രയ്‌ക്കൊടുവിൽ ഗുജറാത്തിലെ സൂറത്തിൽ കപ്പലിറങ്ങുകയും പിന്നീട്  അർനോസും ഷില്ലിംഗറും  1701  നവംബർ അവസാനം തൃശ്ശൂരിനടുത്തുള്ള അമ്പഴക്കാട്ട് സെമിനാരിയിലെത്തിച്ചേരുകയും വൈദീക പഠനം ആരംഭിക്കുകയും ചെയ്തു. 1707  ൽ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം കൊടുങ്ങല്ലൂർ ആർച്ച് ബിഷപ്പ് ജോൺ രിമ്പറോ എസ് ജെ യുടെ സെക്രട്ടറി  ആയും സെമിനാരി റെക്ടർ ആയും സേവനമനുഷ്ഠിച്ച ശേഷം തൃശൂർ പഴയങ്ങാടിയിലെ വി ഫ്രാൻസിസ് സേവ്യറിന്റെ നാമധേയത്തിൽ ഒരു ദൈവാലയം സ്ഥാപിക്കുകയും ചെയ്തു.

ഈ കാലയളവിൽ യോഹാൻ ഏർണസ്റ് ഹാങ്‌സ്ലെഡൻ പാതിരി എന്ന പേര് അർണോസ് പാതിരി എന്ന് ആകുകയും ചെയ്തു.  പോർച്ചുഗീസ്, ഗ്രീക്ക്, ജർമൻ, ലത്തീൻ, ഇറ്റാലിയൻ , സുറിയാനി എന്നീ ഭാഷകൾക്ക് പുറമെ തമിഴിലും മലയാളത്തിലും സംസ്കൃതത്തിലും അഗാധ പാണ്ഡിത്യം നേടുകയുമുണ്ടായി. 1706  മുതൽ പലപ്പോഴായി ചാത്യാത്ത് കർമ്മല നാഥയുടെ ദൈവാലയത്തിൽ വലിയ നോമ്പുകാലത്ത് ശുശ്രൂഷകളിൽ പങ്കെടുക്കുവാൻ വന്നപ്പോൾ അർണോസ് പാതിരി കേട്ട ‘ദേവാസ്തവിളി’യും ‘ദൈവമാതാവാമ്മാനൈ’ എന്ന ചെന്തമിഴ് കൃതിയുമാണ് പുത്തൻ പാനയുടെ രചനയ്ക്ക് പ്രേരകശക്തിയായത്.

13 പാദങ്ങളിലായുള്ള പാനയുടെ ഒന്നാം പാദത്തിൽ ഉത്പത്തി പുസ്തകത്തിലെ ആദ്യഭാഗം വർണ്ണിക്കുന്നു. രണ്ടാം പാദത്തിൽ ആദത്തെയും ഹവ്വയേയും പ്രലോഭിപ്പിക്കുന്ന സർപ്പത്തിന്റെ കഥയാണ്  വിവരിക്കുന്നത്.  മനുഷ്യരെ പാപത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിൽ നിന്നും മോചിപ്പിക്കുവാൻ രക്ഷകൻ അവതരിക്കുമെന്ന ദൈവത്തിന്റെ വാഗ്ദാനത്തോടെയാണ് രണ്ടാം പാദം അവസാനിക്കുന്നത്. മൂന്നാം പാദത്തിൽ പരിശുദ്ധ കന്യകാ മറിയത്തിന്റെ ജനനവും ബാല്യവും ജീവിതവും വിവരിക്കുന്നു. വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചും ഈ പാദത്തിൽ അർണോസ് പാതിരി  പരാമർശിക്കുന്നുണ്ട്. നാലാം പാദത്തിൽ മംഗള വാർത്തയും എലിസബത്തിനെ ശുശ്രൂഷിക്കുവാനുള്ള കന്യകാ മറിയത്തിന്റെ സന്ദർശനവുമെല്ലാം കൂട്ടിച്ചേർത്തിരിക്കുന്നു. അഞ്ചാം പാദത്തിൽ യേശുവിന്റെ ജനനവും രാജാക്കൻമാരുടെ സന്ദർശനവുമെല്ലാം കാവ്യത്തിലേക്ക് വഴിമാറി. പിശാചിന്റെ പരീക്ഷണവും ഗിരി പ്രഭാഷണവും ആറു,  ഏഴ് അധ്യായങ്ങളിൽ പറയുന്നു. മഗ്ദാലനാ മറിയത്തിന്റെ പാപമോചനവും ലാസറിന്റെ മരണവും തുടർന്നുള്ള രണ്ട് പാദങ്ങളിൽ വിവരിക്കുന്നു. പെസഹാ ആചരണം പത്താം അധ്യായത്തിലും ഒറ്റിക്കൊടുത്ത യൂദാസ് സ്കറിയോത്തയുടെ മരണവും യേശുവിന്റെ ബലിദാനവും  11 ആം അധ്യായത്തിലും വിശദമാക്കുന്നു. 12  ആം  പാദത്തിൽ യേശുവിന്റെ ശരീരം സംസ്കരിക്കുന്നതും ഉയിർപ്പും പ്രതിപാദിക്കുന്നു. യേശുവിന്റെ എമ്മാവൂസ് യാത്രയും സ്വർഗ്ഗാരോഹണവും 13 ആം പാദത്തിൽ കാവ്യ ഭംഗിയോടെ ആവിഷ്ക്കരിച്ചിരിക്കുന്നു. അതുകൊണ്ടു തന്നെയാകണം  മലയാള ഭാഷയ്ക്കും കേരളം സഭയ്ക്കും ഇത്ര മഹത്തായ സംഭാവനകൾ നൽകിയ അദ്ദേഹത്തെ ഡോ. സുകുമാർ അഴീക്കോട് മലയാളത്തിന്റെ ‘രണ്ടാം എഴുത്തച്ഛൻ’ എന്ന് വിശേഷിപ്പിച്ചത്.

വിശുദ്ധ ബൈബിളിൽ യേശുവിന്റെ ജീവിതത്തെയും ഉത്ഥാനത്തെയും പരാമർശിച്ചിരിക്കുന്നതിനെ ഏറ്റവും ജനകീയമാക്കി മാറ്റുന്നതിന് ഈ കാവ്യ സമാഹാരത്തിലൂടെ അർണോസ് പാതിരിയെന്ന ആ മഹാ കവിക്ക് സാധിച്ചു. ഒരു വലിയ രക്ഷാകര രഹസ്യത്തെ വിശ്വാസികളുടെ ഇടയിൽ ഇത്രയധികം സാധാരണമാക്കി മാറ്റുവാൻ അദ്ദേഹത്തിന്റെ ആ കാവ്യ രചനകൊണ്ട് സാധിച്ചു. ഗാന രൂപത്തിലായതിനാൽ അക്ഷരജ്ഞാനമില്ലാത്തവർക്കും എളുപ്പത്തിൽ കേട്ട് പഠിക്കുവാനും ദൈവ വചനത്തെ പ്രാർത്ഥനയായി എളുപ്പത്തിൽ ചൊല്ലുവാനും സാധിച്ചു എന്ന മേന്മയും ഇതിനുണ്ട്.

യേശുവിന്റെ പീഡാനുഭവങ്ങളെ ഇത്രയധികം ഹൃദ്യമായും ഭാഷാ ഭംഗിയാലും ഓരോ വിശ്വാസികൾക്കുമായി സമർപ്പിക്കപ്പെട്ട മറ്റൊരു രചന ചൂണ്ടിക്കാണിക്കാനില്ല. നമ്മുടെ വിശുദ്ധ വാരത്തെ ഭക്തി സാന്ദ്രമാക്കുവാൻ പുത്തൻ പാനയുടെ പാരായണവും അതിലെ ചിന്തകളെപറ്റിയുള്ള ധ്യാനങ്ങളും നമ്മെ സഹായിക്കട്ടെ.

സുനീഷാ നടവയല്‍ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.