സലേഷ്യൻ വൈദികനായിത്തീർന്ന രാജകുമാരൻ

ഈ ലോകത്തിന്റെ മുൻപിൽ വലുതെന്നും മഹത്തരമെന്നും കരുതിയ രാജത്വം ഉപേക്ഷിച്ച് ക്രിസ്തുവിന്റെ പൗരോഹിത്യത്തിലേക്ക് നടന്നടുത്ത യുവാവാണ് അഗസ്റ്റോ സാർട്ടോറിസ്‌കി. ഡോൺ ബോസ്കോയുടെയും വി. റാഫേൽ കലിനോവ്‌സ്‌കിയുടെയും പാത പിന്തുടർന്ന് വിശുദ്ധിയുടെ പടവുകൾ കയറിയ ഈ രാജകുമാരൻ വൈദികനും പിന്നീട് സഭയിലെ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേക്കും ഉയർത്തപ്പെട്ടു. സാമ്പത്തിനേക്കാളും സ്ഥാനമാനങ്ങളെക്കാളും ജീവിതത്തിൽ ക്രിസ്തുവിന് പ്രാധാന്യം നൽകിയ ആ പുണ്യവൈദികന്റെ ജീവിതം അറിയാം.

തന്റെ മാതാപിതാക്കൾ പാരീസിൽ (ഫ്രാൻസ്) പ്രവാസത്തിലായിരുന്നപ്പോഴാണ് അഗസ്റ്റോ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് പോളിഷ് രാജകുമാരൻ ലാഡിസ്ലാവോ സാർട്ടോറിസ്കിയും അമ്മ സ്പാനിഷ് ഡച്ചസ് മരിയ അമ്പാരോ മുനോസ് വൈ ബോർബണും ആയിരുന്നു. 1795 മുതൽ വലിയ യൂറോപ്യൻ ശക്തികൾക്കിടയിൽപെട്ട് വിഭജിക്കപ്പെട്ട രാജ്യമായിരുന്നു പോളണ്ട്. അഗസ്റ്റസിന്റെ കുടുംബം അവരുടെ മാതൃരാജ്യത്തിന്റെ പുനർജന്മത്തെക്കുറിച്ച് സ്വപ്നം കാണുകയും ഭാവിയിൽ തങ്ങളുടെ മകനിലൂടെ ആ സ്വപ്നം യാഥാർത്ഥ്യമാകുമെന്നു വിശ്വസിക്കുകയും ചെയ്തിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മാതാപിതാക്കൾ മകനെ ഒരു രാജാവായി കണ്ടപ്പോൾ ദൈവം അദ്ദേഹത്തിൽ മറ്റൊരു പദ്ധതി ഒരുക്കുകയായിരുന്നു.

ഇരുപതാം വയസിൽ അഗസ്റ്റോ തന്റെ പിതാവിന് ഒരു കത്തെഴുതി. ഈ ലോകത്തിന്റെ വ്യഗ്രതകളിൽ നിന്ന് അകന്നു നിൽക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ഭൂമിയിലെ നിധികളല്ല, മറിച്ച് സ്വർഗ്ഗത്തിലെ നിധികളെയാണ് താൻ മോഹിക്കുന്നതെന്നും ആ കത്തിൽ അദ്ദേഹം വെളിപ്പെടുത്തി. ഒരു രാജകുമാരനായിരുന്ന അഗസ്റ്റോയെ ഇത്തരമൊരു ആത്മീയതയിലേക്ക് എത്തിച്ചത് അദ്ദേഹത്തിന്റെ അധ്യാപകനായ റാഫേൽ കലിനോവ്‌സ്‌കി ആയിരുന്നു. വിശുദ്ധമായ ജീവിതം നയിച്ചിരുന്ന റാഫേൽ കലിനോവ്‌സ്‌കിയെ 1991-ൽ വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചിരുന്നു.

കാര്യങ്ങൾ അവിടംകൊണ്ടും തീർന്നില്ല. ദൈവത്തെ തേടിയുള്ള ജീവിതയാത്രയിൽ മറ്റൊരു വിശുദ്ധനെ കൂടെ ആ രാജകുമാരൻ കണ്ടുമുട്ടി. മറ്റാരുമല്ല, ഡോൺ ബോസ്‌കോ ആയിരുന്നു ആ വിശുദ്ധൻ. 25-ാം വയസിലായിരുന്നു ആ കണ്ടുമുട്ടൽ. തന്റെ ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ സംഭവം എന്നാണ് ആ കണ്ടുമുട്ടലിനെ അഗസ്റ്റസ് വിശേഷിപ്പിച്ചത്.

ഒരിക്കൽ അഗസ്റ്റസിന് അൾത്താര ബാലനായി ശുശ്രൂഷ ചെയ്യാനുള്ള ഉള്ള ക്ഷണം ലഭിച്ചു. അന്ന് ഡോൺ ബോസ്‌കോ അർപ്പിച്ചിരുന്ന വിശുദ്ധ കുർബാനയിലാണ് അഗസ്റ്റസ് സഹായിയായി എത്തിയത്. വിശുദ്ധ കുർബാന മധ്യേ ആ വൈദികന്റെ രീതികളും അർപ്പണവിശുദ്ധിയും ആ യുവാവിനെ സ്വാധീനിച്ചു. അന്നു മുതൽ തന്റെ ജീവിതത്തിലെ മാതൃകയായി ഡോൺ ബോസ്‌കോയെ അഗസ്റ്റോ സ്വീകരിച്ചു. അദ്ദേഹത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട അഗസ്റ്റോ, സലേഷ്യൻ വൈദികനാകാൻ തീരുമാനിച്ചു.

രാജകുടുംബത്തിലെ അനന്തരാവകാശി. അങ്ങനെ ഒരാളെ സെമിനാരിയിലേക്ക് എടുക്കുന്നതിനെക്കുറിച്ച് ഡോൺ ബോസ്‌കോ പലവട്ടം ആലോചിച്ചു. ലിയോ പതിമൂന്നാമൻ മാർപാപ്പയോടു പോലും ഡോൺ ബോസ്‌കോ അതിനെക്കുറിച്ച് ആലോചന ചോദിച്ചിരുന്നു. ഒടുവിൽ രാജകുമാരൻ എന്നതിലുപരി അദ്ദേഹത്തിൽ വിളങ്ങിയിരുന്ന ആഴമായ വിശ്വാസത്തെ ബോധ്യപ്പെട്ട ലിയോ പതിമൂന്നാമൻ പാപ്പാ സലേഷ്യൻ സഭയിൽ ചേരാൻ അഗസ്റ്റോക്ക് അനുവാദം നൽകി. അങ്ങനെ ഏറെ നാളത്തെ പരിശീലനത്തിനും പ്രാർത്ഥനക്കും ഒടുവിൽ 1892 ഏപ്രിൽ 2-ന് അഗസ്റ്റോ വൈദികനായി അഭിഷിക്തനായി.

അസുഖം കാരണം, അഗസ്റ്റോയുടെ പൗരോഹിത്യജീവിതം കഷ്ടിച്ച് ഒരു വർഷം മാത്രമേ നീണ്ടുനിന്നുള്ളൂ. അതികഠിനമായ വേദനകളുടെ നടുവിലും ദൈവത്തെ ചേർത്തുപിടിച്ച ആ യുവവൈദികന്റെ ജീവിതം എല്ലാവർക്കും അത്ഭുതമായിരുന്നു. രോഗം മൂർച്ഛിച്ച അവസരത്തിലും അതൊക്കെ ദൈവത്തിന്റെ ആഗ്രഹമായി കണ്ട് അവയെല്ലാം ഏറ്റെടുത്ത് നിശബ്ദമായി സഹിച്ച് ആ യുവവൈദികൻ മുന്നോട്ടുപോയി. ക്ഷമയുടെ മൂർത്തീഭാവമായിരുന്നു അഗസ്റ്റോ. വേദനകൾ ഏറുമ്പോൾ, ആത്മാവിൽ ശാന്തനും ദൈവസ്നേഹത്താൽ നിറയപ്പെട്ടവനുമായി അഗസ്റ്റോ കാണപ്പെട്ടു.

1893 ഏപ്രിൽ 8-ന് ഡോൺ ബോസ്‌കോ ഉപയോഗിച്ചിരുന്ന കസേരയിൽ ഇരുന്നുകൊണ്ട് അഗസ്റ്റസ് മരിച്ചു. അദ്ദേഹത്തിന്റെ മരണശേഷം ഭൗതികാവശിഷ്ടങ്ങൾ പോളണ്ടിലേക്ക് കൊണ്ടുപോവുകയും സീനിയാവ ഇടവക ദൈവാലയത്തിൽ അദ്ദേഹത്തിന്റെ പൂർവ്വീകരുടെ അടുത്ത് അടക്കം ചെയ്യുകയും ചെയ്തു. 2004 ഏപ്രിൽ 25-ന് വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഡോൺ അഗസ്റ്റോ സാർട്ടോറിസ്‌കിയെ വാഴ്ത്തപ്പെട്ടവനായി ഉയർത്തി.

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.