
വിനോദസഞ്ചാരത്തിനായി ക്രൂയിസ് കപ്പലുകളിൽ ആഴ്ചകളോളം ചിലവഴിക്കുമ്പോൾ കത്തോലിക്കാ വിശ്വാസികൾക്ക് തങ്ങളുടെ വിശുദ്ധ കുർബാനയർപ്പണം മുടങ്ങിപ്പോകാറുണ്ട്. എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായി യുണൈറ്റഡ് സ്റ്റേറ്റ്സിലെ ‘അപ്പോസ്തോലേറ്റ് ഓഫ് ദി സീ’ (AOS-USA) എന്ന സംഘടനയുടെ നേതൃത്വത്തിൽ ക്രൂയിസ് കപ്പലുകളിൽ വൈദികരുടെ സേവനം ലഭ്യമാക്കുന്നുണ്ട്. കടലിന്റെ നടുവിലാണെങ്കിലും ദിവസേനയുള്ള വിശുദ്ധ കുർബാനയിലും കുമ്പസാരത്തിലും പങ്കെടുക്കാൻ കഴിയുന്നത് വലിയൊരു അനുഗ്രഹമാണെന്നാണ് യാത്രക്കാരുടെ അനുഭവം. പലപ്പോഴും ക്യാബിനുകളിൽ നിന്ന് മിനിറ്റുകൾക്കുള്ളിൽ എത്തിച്ചേരാവുന്ന രീതിയിൽ കപ്പലിനുള്ളിൽ തന്നെ താൽക്കാലിക ദൈവാലയങ്ങൾ ഒരുക്കാറുണ്ട്.
കപ്പലിലെ പുരോഹിതർ കേവലം വിശുദ്ധ കുർബാന അർപ്പിക്കുക മാത്രമല്ല, അപ്രതീക്ഷിതമായി ഉണ്ടാകുന്ന ദുഃഖകരമായ സാഹചര്യങ്ങളിൽ യാത്രക്കാർക്കും ജീവനക്കാർക്കും വലിയൊരു ആശ്വാസമായി മാറുകയും ചെയ്യുന്നു. യാത്രയ്ക്കിടയിൽ പ്രിയപ്പെട്ടവർ മരണമടയുമ്പോൾ ബന്ധുക്കളെ ആശ്വസിപ്പിക്കാനും ഓർമ്മ കുർബാനകൾ അർപ്പിക്കാനും ഈ വൈദികർ മുൻപന്തിയിലുണ്ടാകും.
ഡാവൻപോർട്ട് രൂപതയിൽ നിന്ന് വിരമിച്ച വൈദികനും അയോവയിലെ ന്യൂട്ടണിലുള്ള സേക്രഡ് ഹാർട്ട് ചർച്ചിന്റെ നിലവിലെ അഡ്മിനിസ്ട്രേറ്ററുമായ ഫാ. വില്യം റെയ്നോൾഡ്സ്, മെക്സിക്കോയിലെ തുറമുഖത്ത് ഒരു കപ്പലിൽ ചാപ്ലിൻ ആയിരിക്കുമ്പോൾ ഒരു കുടുംബം അദ്ദേഹത്തെ വിളിച്ചു: 82 വയസ്സുള്ള ഒരു സ്ത്രീ ബാൽക്കണിയിൽ കുഴഞ്ഞുവീണ് മരിച്ചു. “എന്നെ മെഡിക്കൽ സെന്ററിലേക്ക് വിളിച്ചു. അവൾ ഭർത്താവ്, മകൻ, ഭാര്യ, കുട്ടികൾ എന്നിവരോടൊപ്പം യാത്ര ചെയ്യുകയായിരുന്നു – മൂന്ന് തലമുറകൾ ഒരുമിച്ച് യാത്ര ചെയ്യുന്നു,” അദ്ദേഹം വിശദീകരിച്ചു. അദ്ദേഹം കുടുംബത്തെ ആശ്വസിപ്പിച്ചു, അന്ന് വൈകുന്നേരം അവർക്കായി ഒരു വിശുദ്ധ കുർബാന നടത്തി.
കൂടാതെ, മൃതസംസ്കാര ചടങ്ങുകൾക്കും രോഗികൾക്കുള്ള തൈലാഭിഷേകത്തിനും വൈദികരുടെ സാന്നിധ്യം യാത്രക്കാർക്ക് വലിയ സുരക്ഷിതബോധം നൽകുന്നു.
മറ്റൊരിക്കൽ, ബഹാമാസിൽ നങ്കൂരമിട്ട ഒരു ക്രൂയിസിൽ, എഞ്ചിൻ മുറിയിൽ ഉണ്ടായ അപകടത്തിൽ രണ്ട് ക്രൂ അംഗങ്ങൾ മരിച്ചു. അവർക്കുവേണ്ടി ഫാ. റെയ്നോൾഡ്സ് ഒരു ഓർമ്മ കുർബാന അർപ്പിച്ചു. “വിശുദ്ധ കുർബാനയിൽ ക്രൂ അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും കപ്പലിലെ എല്ലാ ജീവനക്കാർക്കും വേണ്ടി ഞങ്ങൾ പ്രാർഥിച്ചു, അത് ആളുകൾക്ക് വളരെയധികം ആശ്വാസം നൽകി,-“അദ്ദേഹം ഓർമ്മിക്കുന്നു.
പ്രതിവർഷം 20 ദശലക്ഷത്തിലധികം ക്രൂയിസ് യാത്രക്കാരിൽ എണ്ണമറ്റ കത്തോലിക്കർക്ക് ലഭിക്കുന്ന സൗകര്യത്തിൽ പുരോഹിതന്മാർ സന്തുഷ്ടരാണ്. “എന്റെ ഇടവകകളിൽ ഞാൻ കണ്ടതിനേക്കാൾ കൂടുതൽ ആളുകൾ കപ്പലിൽ ദിവസേന വിശുദ്ധ കുർബാനയ്ക്ക് വരുന്നു,” കെന്റക്കിയിലെ ലൂയിസ്‌വില്ലിലുള്ള സെന്റ് ബ്രിഡ്ജറ്റ്, സെന്റ് ജെയിംസ് പള്ളികളുടെ ചുമതലയുള്ള ഫാ. ഗാരി പാഡ്‌ജെറ്റ് പറയുന്നു.
യാത്രക്കാർക്ക് മാത്രമല്ല, കപ്പലിലെ ഭൂരിഭാഗം വരുന്ന ജീവനക്കാർക്കും ഈ ശുശ്രൂഷകൾ വലിയ ആശ്വാസമാണ്. ഫിലിപ്പീൻസ് പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള കത്തോലിക്കരായ ക്രൂ അംഗങ്ങൾ തങ്ങളുടെ പുതിയ ക്യാബിനുകൾ വെഞ്ചരിക്കാനും കുടുംബപ്രശ്നങ്ങളിൽ കൗൺസിലിംഗ് തേടാനും വൈദികരെ സമീപിക്കാറുണ്ട്. കപ്പലിൽ വച്ച് നടന്ന ക്രൂ അംഗങ്ങളുടെ വിവാഹ ഒരുക്കങ്ങൾ വരെ വൈദികർ ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്.
‘ആരാണ് കടലിൽ കുമ്പസാരിക്കാൻ പോകുന്നത്?’ എന്ന ചോദ്യത്തോടെയാണ് ഈ കപ്പൽ ചാപ്ലെന്മാർ യാത്രക്കാരെ കുമ്പസാരിക്കാൻ ക്ഷണിക്കുന്നത്. 50 വർഷമായി സഭയിൽ നിന്ന് അകന്നുനിന്ന രണ്ടാം ലോകമഹായുദ്ധ സേനാനി കപ്പലിൽ വച്ച് കുമ്പസാരിച്ച് വിശ്വാസത്തിലേക്ക് മടങ്ങിയ സംഭവം പാസ്റ്ററൽ കെയറിന്റെ വലിയൊരു വിജയമായി വൈദികർ സാക്ഷ്യപ്പെടുത്തുന്നു.
കടലിലെ ഈ ആത്മീയ സാന്നിധ്യം ഉറപ്പാക്കുന്നത് AOS-USA എന്ന സംഘടനയുടെ കൃത്യമായ പരിശോധനകൾക്ക് ശേഷമാണ്. ശരിയായ വൈദികർ തന്നെയാണ് കപ്പലുകളിൽ എത്തുന്നതെന്ന് ഇവർ ഉറപ്പുവരുത്തുന്നു. എല്ലാ ക്രൂയിസ് ലൈനുകളിലും ഈ സൗകര്യം ലഭ്യമല്ലാത്തതിനാൽ, യാത്ര ബുക്ക് ചെയ്യുന്നതിന് മുൻപ് കപ്പലിൽ വൈദികൻ ഉണ്ടോ എന്ന് പരിശോധിക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു. കടലിന്റെ നടുവിൽ ഒറ്റപ്പെട്ടുപോകുമ്പോഴും സഭ തങ്ങളോടൊപ്പമുണ്ടെന്ന ബോധ്യം ഓരോ കത്തോലിക്കാ യാത്രക്കാരനും ആത്മവിശ്വാസം നൽകുന്ന ഒന്നാണ്.




