“ഞാൻ ദൈവാലയത്തിൽ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു”: നൈജീരിയയിലെ കൂട്ടക്കൊലയെ കുറിച്ച് ദൃക്‌സാക്ഷിയായ വൈദികന്റെ വെളിപ്പെടുത്തൽ

“പന്തക്കുസ്താ തിരുനാൾ കുർബാന കഴിഞ്ഞ് പ്രദക്ഷിണത്തിനു വേണ്ടിയുള്ള ഒരുക്കങ്ങൾ നടത്തുകയായിരുന്നു ഞാൻ. അപ്പോഴാണ് ദേവാലയത്തിൽ നിന്നും ഒരു ബഹളം ഉയരുന്നത് കേട്ടത്. ആദ്യം ഞാൻ അതത്ര ഗൗനിച്ചില്ല. എന്നാൽ പിന്നീട് ദൈവാലയത്തിൽ നിന്നും ഉയർന്നത് കൂട്ടനിലവിളിയായിരുന്നു” – ഫാ. അബയോമി പറയുന്നു. നൈജീരിയൻ കൂട്ടക്കൊലയുടെ ദൃക്‌സാക്ഷിയും ആക്രമണം നടന്ന സെന്റ് ഫ്രാൻസിസ് ദേവാലയത്തിലെ വൈദികനുമാണ് ഫാ. അബയോമി. ആക്രമണത്തെ അതിജീവിച്ച ഇദ്ദേഹം അന്നേ ദിവസം വിശുദ്ധ കുർബാനയിൽ പങ്കെടുത്തവരുടെ ജീവൻ രക്ഷിക്കാൻ മുൻനിരയിൽ തന്നെയുണ്ടായിരുന്നു. ആക്രമണത്തിന് ദൃക്‌സാക്ഷിയായ ഈ വൈദികൻ വെളിപ്പെടുത്തുന്നത് കരളലിയിപ്പിക്കുന്ന കാര്യങ്ങളാണ്.

പന്തക്കുസ്താ തിരുനാളായ ജൂൺ അഞ്ചിന് നൈജീരിയയിലെ കത്തോലിക്കാ ദേവാലയത്തിൽ നടന്ന കൂട്ടക്കുരുതിയിൽ കൊല്ലപ്പെട്ടത് എൺപതിലധികം ക്രൈസ്തവരാണ്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഫാ. അബയോമി, തിരുനാൾ കുർബാന കഴിഞ്ഞ് പ്രദക്ഷിണത്തിനു വേണ്ടിയുള്ള ഒരുക്കങ്ങൾ നടത്തുമ്പോൾ കേട്ട ബഹളം ദേവാലയത്തിലെ വാതിൽ കാറ്റിന്റെ ശക്തിയിൽ അടഞ്ഞതോ, അല്ലെങ്കിൽ ആരെങ്കിലും വീണതോ ആയിരിക്കും എന്നു കരുതി. എന്നാൽ തുടർന്ന് ദേവാലയത്തിൽ നിന്ന് ഉയർന്നത് കൂട്ടനിലവിളിയാണ്. ഫാ. അബയോമി പുറത്തേക്ക് നോക്കുമ്പോൾ, വിശ്വാസികൾ നാലുപാടും ചിതറി ഓടുന്നതാണ് കണ്ടത്. അപ്രതീക്ഷിതമായ എന്തോ ഒന്ന് സംഭവിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന് മനസ്സിലായി. വിശ്വാസികളിലൊരാൾ, ഈ വൈദികന്റെ അടുത്ത് വന്ന് ദേവാലയത്തിൽ ആയുധധാരികൾ ആക്രമണം നടത്തുകയാണെന്ന് അറിയിച്ചു.

വിവരം അറിഞ്ഞപ്പോൾ പ്രാണരക്ഷാർത്ഥം ഓടിപ്പോകാൻ ഈ വൈദികനു തോന്നിയില്ല. ആക്രമണം നടക്കുന്ന സ്ഥലത്തേക്ക് അവരെ രക്ഷിക്കാനായി അദ്ദേഹം ഓടിയെത്തി. ആളുകളോട് സങ്കീർത്തിയിലേക്കും പള്ളിമേടയിലേക്കുമൊക്കെ ഓടിപ്പോകാൻ ഫാ. അബയോമി ആവശ്യപ്പെട്ടു. സ്വന്തം ജീവനെ മറന്നും ഈ വൈദികൻ വിശ്വാസികൾക്കൊപ്പം നിന്നു.

അദ്ദേഹം അവരോടൊപ്പം സങ്കീർത്തിയിലേക്ക് കയറി. കുട്ടികൾ ഭയം മൂലം അദ്ദേഹത്തിന്റെ പിന്നിൽ നിലയുറപ്പിച്ചു. ചില മുതിർന്നവർ അദ്ദേഹത്തെ ചേർത്തുപിടിച്ചു. മറ്റു ചിലർ കണ്ണീരോടെ പറയുന്നുണ്ടായിരുന്നു, ‘ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കൂ. ഞങ്ങളെ രക്ഷിക്കൂ’ എന്ന്. താൻ പ്രാർത്ഥിക്കുന്നുണ്ടെന്നും ദൈവം ഇടപെടുമെന്നും പറഞ്ഞ് അദ്ദേഹം അവരെ ആശ്വസിപ്പിച്ചു.

ആ ആക്രമണം 20 മുതൽ 25 മിനിറ്റ് വരെ നീണ്ടുനിന്നു. ആയുധധാരികൾ ദൈവാലയം വിട്ടുപോയി എന്ന് അറിഞ്ഞപ്പോൾ അദ്ദേഹം വിശ്വാസികളെ കൂട്ടി പുറത്തേക്കിറങ്ങി. പക്ഷേ, അവിടെ കണ്ട കാഴ്ച അക്ഷരാർത്ഥത്തിൽ ഹൃദയഭേദകം തന്നെയായിരുന്നു. പലരും അങ്ങിങ്ങായി മരിച്ചുകിടക്കുന്നു; ചിലർ പരിക്കേറ്റ നിലയിലും. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുന്ന തിരക്കിലായിരുന്നു പിന്നീട് ഈ വൈദികൻ. അദ്ദേഹം ഇടവകാംഗങ്ങളുടെ സഹായത്തോടെ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു. ആ സമയത്തു പോലും പൊലീസോ, മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരോ അവരെ സഹായിക്കാൻ സംഭവസ്ഥലത്ത് എത്തിയിട്ടില്ലായിരുന്നുവെന്ന് ഈ വൈദികൻ വെളിപ്പെടുത്തുന്നു.

ഫാ. അബയോമിയും ഇടവകാംഗങ്ങളും ഇപ്പോൾ പരിക്കേറ്റവർക്കു വേണ്ട സഹായങ്ങളും പരിചരണങ്ങളും നൽകുന്നതിന്റെ തിരക്കിലാണ്. അവർക്ക് വേണ്ട ഭൗതികസഹായങ്ങൾ മാത്രമല്ല, ആത്മീയപിന്തുണയും അദ്ദേഹം നൽകുന്നുണ്ട്. “എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടായാലും ഇവരുടെ ഇടയിലെ വിശ്വാസം വർദ്ധിക്കുന്ന കാഴ്ചയാണ് ഞാൻ ഇവിടെ കാണുന്നത്. സഹനങ്ങളിലും അവർ വിശ്വാസത്തിൽ ഉറച്ചുനിൽക്കുകയാണ്. പരിക്കേറ്റവരുടെ സൗഖ്യത്തിനും മരിച്ചവരുടെ നിത്യശാന്തിക്കും വേണ്ടി ഞാൻ പരിശുദ്ധ കുർബാന അർപ്പിച്ചു പ്രാർത്ഥിക്കുന്നുണ്ട്” – ഫാ. അബയോമി കൂട്ടിച്ചേർത്തു.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.