പുരോഹിതശാസ്ത്രജ്ഞർ 14: വല്ലിങ്ഫോർഡിലെ റിച്ചാർഡ് (1292–1336)  

മധ്യകാലയുഗത്തിലെ ഏറ്റം പ്രഗത്ഭനായ ജ്യോതിശാസ്‌ത്രജ്ഞനായിരുന്നു ഇംഗ്ലണ്ടിലെ ഹേർട്ഫോർഷയറിലെ ആശ്രമാധിപനായിരുന്ന റിച്ചാർഡ്. പാവപ്പെട്ട പശ്ചാത്തലത്തിൽ ജനിച്ച്, ആശ്രമ വിദ്യാഭ്യാസം വളർത്തിയെടുത്ത, ഓക്സ്ഫോർഡ് സർവ്വകലാശാല രൂപപ്പെടുത്തിയ ബുദ്ധിവൈഭവമായിരുന്നു അദ്ദേഹത്തിന്റേത്. ഘടികാരനിര്‍മ്മാണത്തിൽ പ്രത്യേക വൈദഗ്ധ്യമുണ്ടായിരുന്ന റിച്ചാർഡ്, അക്കാലത്തെ അറിയപ്പെടുന്ന ഗണിതശാസ്ത്രജ്ഞൻ കൂടി ആയിരുന്നു. അദ്ദേഹം നിർമ്മിച്ച  ജ്യോതിശാസ്‌ത്ര ഘടികാരം പതിനാലാം നൂറ്റാണ്ടിലെ ഏറ്റം നിലവാരമുള്ള ക്ലോക്കായിരുന്നു. റിച്ചാർഡ് കണ്ടുപിടിച്ച ‘ആൽബിയോൺ’, ഗ്രഹങ്ങളുടെയും ഭൂമധ്യരേഖയുടെയും പ്രവർത്തനങ്ങൾ വിലയിരുത്തുന്ന ജ്യോതിശാസ്ത്ര ഉപകരണമാണ്. ഈ ഉപകരണത്തിന്റെ സഹായത്തോടെ ചന്ദ്ര-സൂര്യഗ്രഹണങ്ങൾ എപ്പോൾ സംഭവിക്കുമെന്ന് കണക്കാക്കാൻ സാധിച്ചിരുന്നു.

ഇംഗ്ലണ്ടിലെ ബേർക്ഷയറിലുള്ള (ഇന്നത്തെ ഓക്സ്ഫോർഡ്ഷയർ) വല്ലിങ്ഫോർഡിൽ ഒരു കൊല്ലപ്പണിക്കാരന്റെ മകനായി എ.ഡി. 1292-ൽ റിച്ചാർഡ് ജനിച്ചു. പത്താം വയസിൽ അനാഥനായിത്തീർന്ന അദ്ദേഹത്തെ അവിടെയുള്ള ബെനഡിക്ടീൻ ആശ്രമത്തിലെ സന്യാസികൾ എടുത്തുവളർത്തി വിദ്യാഭ്യാസം നല്കി. മൂന്നാം നൂറ്റാണ്ടിലെ രക്തസാക്ഷിയായ വി. ആൽബന്റെ പേരിൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന, എ.ഡി. 760-ൽ നിർമ്മിച്ച ഈ ആശ്രമം ഇംഗ്ലണ്ടിൽ വളരെ പ്രശസ്തമായിരുന്നു. ഇവിടുത്തെ സ്‌കൂൾ പഠനത്തിനു ശേഷം ഓക്സ്ഫോർഡ് സർവ്വകലാശാലയിൽ അദ്ദേഹം ഉപരിവിദ്യാഭ്യാസം നടത്തി. പഠനാനന്തരം ഇരുപത്തിരണ്ടാമത്തെ വയസിൽ ബെനഡിക്ടീൻ സന്യാസിയായി, 1317-ൽ വൈദികപട്ടം സ്വീകരിച്ചു. തുടർന്ന് ഒൻപതു വർഷങ്ങൾ കൂടി പഠനത്തിനായി അദ്ദേഹം ഓക്സ്ഫോർഡിൽ താമസിച്ചു.

എ.ഡി. 1327-ൽ വി. ആൽബൻ ആശ്രമത്തിലെ ആബട്ടായി റിച്ചാർഡ് നിയമിക്കപ്പെട്ടു. ഈ നിയമനം വഴിയായി വലിയ കണ്ടുപിടുത്തങ്ങൾ നടത്തുന്നതിനുള്ള സാമ്പത്തികചിലവ് വഹിക്കുന്നതിന് അദ്ദേഹത്തിന് സാധിക്കുന്നു. ആശയങ്ങളുടെ ലോകത്തിൽ ചിരപ്രതിഷ്ഠ നേടിക്കൊടുത്ത ശാസ്ത്രീയഗ്രന്ഥങ്ങൾ ധാരാളം രചിച്ച റിച്ചാർഡ് അത് പ്രായോഗികമായി പരീക്ഷിച്ചു തെളിയിച്ചു. 1336-ൽ രോഗബാധിതനായി അകാലത്തിൽ അദ്ദേഹം മരിച്ചത് ശാസ്ത്രലോകത്തിന് വലിയ നഷ്ടമാണ് സമ്മാനിച്ചത്.

‘ദൈവശാസ്ത്രജ്ഞരിലെ ജ്യോതിശാസ്ത്രജ്ഞൻ’ എന്നറിയപ്പെടുന്ന റിച്ചാർഡ് എ.ഡി. 1326-ൽ ഓക്സ്ഫോർഡിൽ ആയിരിക്കുന്ന സമയത്താണ് ജ്യോതിശാസ്ത്ര ഗ്രന്ഥങ്ങൾ രചിക്കുന്നത്. ‘സമകോണ ചതുരശ്രമായ’ (Rectangulus) എന്ന ഗ്രന്ഥത്തിൽ, തന്റെ കണ്ടുപിടുത്തമായ ജ്യോതിശാസ്ത്ര ഉപകാരണത്തെക്കുറിച്ചാണ് അദ്ദേഹം വിവരിക്കുന്നത്. ത്രിമാന ഗണിതമായ ഗോളത്തെക്കുറിച്ചും ഗ്രഹങ്ങൾ തമ്മിലുള്ള അകലം കണ്ടുപിടിക്കുന്നതിന് ഈ ഉപകരണത്തെ ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചും ഈ ഗ്രന്ഥത്തിൽ അദ്ദേഹം പ്രതിപാദിക്കുന്നു. റിച്ചാർഡിന്റെ കാലത്തു തന്നെ പകർത്തിയെഴുതിയ ഈ ഗ്രന്ഥത്തിന്റെ മുപ്പതു കോപ്പികൾ ഇന്നും നിലവിലുണ്ട്. റിച്ചാർഡിന്റെ ഏറ്റം വലിയ കണ്ടുപിടുത്തം ജ്യോതിശാസ്ത്ര ഘടികാര നിർമ്മാണമാണ്. മുപ്പതു വർഷത്തിലധികമെടുത്ത്  നിർമ്മിച്ച ഈ ക്ലോക്ക് വലിയ സ്തൂപത്തിൽ പണിതുയർത്തിയതായിരുന്നു. ഹെൻറി എട്ടാമന്റെ കാലത്ത് ആശ്രമങ്ങൾ നശിപ്പിക്കപ്പെട്ടതോടെ ഈ ക്ലോക്കും അപ്രത്യക്ഷമായി. ഓരോ മണിക്കൂറിലും സമയം അറിയിക്കുന്ന ശബ്ദമുണ്ടാക്കുന്ന സംവിധാനം അതിലുണ്ടായിരുന്നു. ഇത്തരത്തിലുള്ള അനേകം ഉപകരണങ്ങൾ അക്കാലത്ത് ഉണ്ടായിരുന്നെങ്കിലും അതിനെയൊക്കെ നിഷ്പ്രഭമാക്കുന്ന പൂർണ്ണത റിച്ചാർഡിന്റെ ക്ലോക്കിന് ഉണ്ടായിരുന്നു.

തന്റെ ആശ്രമത്തിന്റെ തന്നെ പേരിട്ടിരിക്കുന്ന ‘ആൽബിയോൺ’ എന്ന ഉപകരണം ഗ്രഹണസാധ്യത വരെ കണ്ടുപിടിക്കാൻ സാധിക്കുന്ന തരത്തിലുള്ളതായിരുന്നു. ഈ ഉപകരണത്തെക്കുറിച്ച് റിച്ചാർഡ് എഴുതിയ പുസ്തകം ഇംഗ്ലണ്ടിൽ വളരെ പ്രശസ്തമായിത്തീരുകയും സർവ്വകലാശാലകളിൽ പാഠ്യപദ്ധതിയുടെ ഭാഗമാവുകയും ചെയ്തു. പടിഞ്ഞാറൻ യൂറോപ്പിൽ ഈ ഗ്രന്ഥം എത്തപ്പെടുകയും അനേകം ശാസ്ത്രജ്ഞർ ഇതിലെ അറിവുകൾ തങ്ങളുടെ കണ്ടുപിടുത്തങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്തു. ശാസ്ത്രചിന്തകളും കണ്ടുപിടുത്തങ്ങളും ദൈവശാസ്ത്ര പഠനത്തിന്റെ ഭാഗമാണെന്ന് റിച്ചാർഡ് തിരിച്ചറിഞ്ഞിരുന്നു. യൂറോപ്പിലെ സർവ്വകലാശാലകളിൽ റിച്ചാർഡിനെപ്പോലുള്ള ശാസ്ത്രജ്ഞരായ പുരോഹിതർ മനുഷ്യകുലത്തിന്റെ മുഴുവൻ പുരോഗതി ലക്ഷ്യം വച്ചുകൊണ്ട് ശാസ്ത്രത്തെയും ദൈവവിശ്വാസത്തെയും സമന്വയിപ്പിച്ചു.

ഫാ. മാത്യു ചാർത്താക്കുഴിയിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.