സിനിമാ തിയേറ്ററിനെ കുമ്പസാരക്കൂടാക്കിയ വൈദികൻ: ഒരു അത്മായന്റെ സാക്ഷ്യം

സിനിമ തിയേറ്ററിനു മുന്നിൽ കുമ്പസാരിപ്പിക്കുന്ന ഒരു വൈദികന്റെ ചിത്രം നിങ്ങൾക്ക് സങ്കൽപിക്കാൻ കഴിയുമോ? ‘ഹായ്’, ‘ബൈ’ റിലേഷൻഷിപ്പുകൾ വർദ്ധിച്ചുവരുന്ന ആധുനികലോകത്തിൽ ഒരു പാപിയുടെ മാനസാന്തരത്തിന് ചെവികൊടുക്കാൻ തയ്യാറായ വൈദികന്റെ ചിത്രം, അതും ഒരു സിനിമാ തിയേറ്ററിന്റെ ഉള്ളിൽ നിന്നും പുറത്തുവരികയാണെങ്കിൽ അതിനെ എന്തു വിളിക്കും? അത്ഭുതം എന്നോ അസാധ്യം എന്നോ വിളിക്കാം. എന്നാൽ പെഡ്രോ ഡെൽഫിനോ എന്ന ബ്രസീലിയൻ വിശ്വാസിക്ക് ആ ചിത്രം ഒരു പൗരോഹിത്യജീവിതത്തിന്റെ മഹനീയതയുടെയും അതിലുപരി ദൈവാനുഭവത്തിന്റെയും മൂർത്തീഭാവമായിരുന്നു. അദ്ദേഹത്തിന്റെ സാക്ഷ്യം വായിക്കാം.

പെഡ്രോ ഡെൽഫിനോയും അദ്ദേഹത്തിന്റെ സുഹൃത്തായ ഫാ. മാത്യൂസ് അക്വിനോയും കൂടെ ഒരു സിനിമക്കു പോയതായിരുന്നു. സിനിമ കാണുന്നതിനായി കാത്തിരിക്കുമ്പോൾ ഒരാൾ അവരുടെ അടുത്തെത്തി. ഫാ. മാത്യൂസ് ധരിച്ചിരുന്ന ളോഹ കണ്ടാണ് ആ മനുഷ്യൻ അദ്ദേഹത്തെ സമീപിച്ചത്. അദ്ദേഹം ഫാ. മാത്യൂസിന്റെ അടുത്തെത്തി തനിക്ക് ഒന്ന് കുമ്പസാരിക്കണം എന്ന ആവശ്യം ഉന്നയിച്ചു. ആ മനുഷ്യന്റെ ആവശ്യം കേട്ട പെഡ്രോ ചുറ്റും നോക്കി എന്നിട്ട് അയാളോടായി ചോദിച്ചു “ഇവിടെ വച്ചോ?” ആ മനുഷ്യൻ അതെ എന്ന് തലയാട്ടി. അപ്പോൾ അദ്ദേഹം ഫാ. മാത്യൂസിനെ നോക്കി. ആ നോട്ടത്തിന്റെ അർത്ഥം മനസിലാക്കി ആ വൈദികൻ പറഞ്ഞ കാര്യങ്ങളാണ് പെഡ്രോയെ പൗരോഹിത്യത്തിന്റെ മഹനീയത മനസിലാക്കാൻ സഹായിച്ചത്. ആ വൈദികന്റെ വാക്കുകൾ ഇപ്രകാരമായിരുന്നു.

“പൗരോഹിത്യം ഒരു തൊഴിലല്ല. തിങ്കൾ മുതൽ വെള്ളി വരെ എന്നോ, രാവിലെ ഒൻപതു മുതൽ വൈകുന്നേരം ആറു വരെ എന്നോ ഒരു വൈദികന് സമയം നിശ്ചയിക്കാൻ കഴിയില്ല. എല്ലാ ദിവസവും, 100% സമയവും, ഒരു അവധിയും വാരാന്ത്യവും വിരമിക്കലും ഇല്ലാതെ ദൈവത്തിനായി സേവനം ചെയ്യുന്നവനാണ് ഒരു പുരോഹിതൻ. ഒരു വൈദികനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ തിരുവസ്ത്രം ഒരു യൂണീഫോം ആണ്.”

അതിനു ശേഷം അദ്ദേഹം ആ മനുഷ്യനെ കുമ്പസാരിപ്പിക്കാനായി പോയി. സിനിമാ തിയേറ്ററിനു മുന്നിലിരുന്ന് കുമ്പസാരിപ്പിക്കുന്ന വൈദികൻ! തന്റെ ജീവിതത്തിൽ ഇത്രയും മനോഹരമായ മറ്റൊരു ദൃശ്യം താൻ കണ്ടിട്ടില്ല എന്ന് പെഡ്രോ സാക്ഷ്യപ്പെടുത്തുന്നു. അതിനാൽ തന്നെ ആ ചിത്രം പകർത്താതിരിക്കാനും അദ്ദേഹത്തിനു കഴിഞ്ഞില്ല.

ഞാനാണ് ഈ ചിത്രം എടുത്തതെന്ന് ഫാ. മാത്യൂസിന് അറിയില്ല. തീർച്ചയായും അദ്ദേഹം നിങ്ങളോടൊപ്പം തന്നെ ആയിരിക്കും അത് ആദ്യമായി കാണുന്നത്. ഈ രംഗം എന്നെ ബിഷപ്പ് ജസ്റ്റിനോയുടെ വാക്കുകൾ ഓർമ്മിപ്പിച്ചു: “ളോഹ തെരുവിന്റെ ആരാധനാലയമാണ്. അത് കാണുന്ന ആൾ ദൈവത്തെക്കുറിച്ച് ചിന്തിക്കാൻ നിർബന്ധിതനാകുന്നു” – പെഡ്രോ കുറിച്ചു.

ആ ചെറിയ നിമിഷത്തിൽ, ആ രംഗത്തിന് സാക്ഷ്യം വഹിച്ചുകൊണ്ട് എത്രയോ ആളുകൾ കടന്നുപോയി. ഈ അസാധാരണ ദൃശ്യം അവരിൽ എത്രയോ പേരെ സ്വാധീനിച്ചിട്ടുണ്ടാകാം? എത്രയധികം ആളുകളിൽ ആന്തരികമായ മാറ്റങ്ങൾക്ക് ആ കാഴ്ച തുടക്കം കുറിച്ചിരിക്കും. ഫാ. മാത്യൂസ് ജീൻസും പോളോ ഷർട്ടും ധരിച്ചിരുന്നെങ്കിൽ ഇതൊന്നും അവിടെ സംഭവിക്കില്ലായിരുന്നു.

വാസ്‌തവത്തിൽ, ഒരു പുരോഹിതൻ തന്റെ പുരോഹിത വസ്ത്രത്തിൽ പ്രത്യക്ഷപ്പെടുമ്പോൾ, അവൻ പോകുന്നിടത്തെല്ലാം, അദ്ദേഹം പോലും അറിയാതെ തന്നെ ദൈവത്തിലേക്ക് തിരിയാൻ ആത്മാക്കൾ സ്വാധീനിക്കപ്പെട്ടേക്കാം! സഭയുടെ പാരമ്പര്യത്തിനായി ഞങ്ങൾ ദാഹിക്കുന്നു എന്നു പറയുമ്പോൾ എനിക്ക് അത്മായർക്കു വേണ്ടി സംസാരിക്കാമെന്ന് ഞാൻ കരുതുന്നു. ഇന്ന് ആളുകൾക്ക് വിശ്വാസം നഷ്ടപ്പെടുന്നതിന്റെ ഒരു വലിയ കാരണം, അനേകം മതനേതാക്കന്മാരും സാധാരണക്കാരായ ആളുകളേക്കാൾ കൂടുതൽ ‘സാധാരണ’വും ‘ആധുനികവും’ ആയിരിക്കാൻ തീരുമാനിച്ചിരിക്കുന്നു എന്നതാണ്.

പാരമ്പര്യത്തിന്റെ മനോഹാരിതയിലേക്ക് നമ്മെ എപ്പോഴും തിരിച്ചു കൊണ്ടുപോകുന്ന ധാർമ്മിക കരുതൽ സമൂഹത്തിൽ ആവശ്യമാണ്. പുരോഹിതന്മാരല്ലെങ്കിൽ, ആ ചുമതല ആരാണ് നിറവേറ്റുക? – തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പെഡ്രോ കുറിച്ചു. ഒപ്പം ദൈവകരുണയുടെയും സ്നേഹത്തിന്റെയും ജീവിക്കുന്ന മാതൃക പകരാൻ കഴിഞ്ഞതിൽ അദ്ദേഹത്തിന് പെഡ്രോ നന്ദി പറഞ്ഞു.

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.