വലിയ നോമ്പിനായി ഒരുങ്ങാം ഈ ആഴ്ച

ക്രിസ്തുവിന്റെ പീഡാസഹനത്തെയും മരണത്തെയും ധ്യാനിച്ചുകൊണ്ട് അവിടത്തെ മഹത്വപൂർണ്ണമായ ഉത്ഥാനത്തിന്റെ സന്തോഷത്തിലേക്കുള്ള യാത്ര ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം. ക്രൈസ്തവലോകം വളരെ പ്രാധാന്യത്തോടെ കണക്കാക്കുന്ന വലിയ നോമ്പിനായി നാം ഒരുങ്ങേണ്ടത് എങ്ങനെയെന്നു ചിന്തിച്ചിട്ടുണ്ടോ?

അതിന് ഇനിയും ദിവസങ്ങളുണ്ടല്ലോ എന്നാണ് ചിന്ത എങ്കിൽ തത്ക്കാലം അത്തരം ചിന്തകളോട് നമുക്കു വിടപറയാം. ഒരുക്കങ്ങൾ ഇന്ന്, ഈ നിമിഷം മുതൽ തുടങ്ങാം. ഇതുവരെ നാം കടന്നുപോയ നോമ്പിൽനിന്നും വ്യത്യസ്തമായി, വരുന്ന നോമ്പ് ഏറ്റവും അനുഭവപ്രദമായി മാറ്റാൻ നമ്മെ സഹായിക്കുന്ന ഏതാനും നുറുങ്ങുചിന്തകൾ ഇതാ…

ചിന്തിക്കാം; തയ്യാറെടുക്കാം

ഒരു നോമ്പുകാലംകൂടി ആഗതമാവുകയാണ്. ഈ നോമ്പിൽ ഞാൻ എന്താണ് ചെയ്യേണ്ടത്? എവിടെയാണ് മാറ്റങ്ങൾ വരുത്തേണ്ടത്, എന്റെ ജീവിതം ഇപ്പോൾ എങ്ങനെയാണ്, എന്റെ ആത്മീയജീവിതം ഏത് അവസ്ഥയിലാണ്, എന്നെ ഏതു വികാരമാണ് ഭരിക്കുന്നത് തുടങ്ങിയ ചോദ്യങ്ങൾ സ്വയം ചോദിക്കാം. ഒറ്റദിവസം കൊണ്ടല്ല. ഈ ഒരു ആഴ്ച അതിനു അല്പം സമയം കൊടുക്കാം. എന്നിട്ട് എവിടെയാണ് മാറ്റംവരുത്തേണ്ടത് എന്നു കണ്ടെത്താം.

ആ ഒരു ആത്മശോധനയിൽനിന്നുവേണം നമ്മുടെ നോമ്പാചരണം ആരംഭിക്കാൻ. അങ്ങനെ ചെയ്യുന്നതുകൊണ്ടുള്ള നേട്ടം, സ്വയമുള്ള തിരിച്ചറിവിൽനിന്ന് നാം ദൈവത്തിലേക്കു യാത്രചെയ്യുന്നു എന്നതുതന്നെ.

ഒരു നിയോഗം വയ്ക്കാം

ഇതുവരെയുള്ള നമ്മുടെ നോമ്പാചരണം നിയോഗം വച്ചുള്ളതായിരുന്നോ. അല്ലെങ്കിൽ ഈ നോമ്പാചരണം ഒരു നിയോഗം വച്ച് നമുക്കു പൂർത്തിയാക്കാം. നിയോഗം വയ്ക്കുമ്പോൾ അത് ദൈവം തനിക്കു നൽകുമെന്ന് ഉറച്ചുവിശ്വസിക്കുക. നമ്മുടെ ചെറിയ സഹനങ്ങൾ ഏറ്റെടുത്തുകൊണ്ട്, അവയെ ദൈവത്തിനു സമർപ്പിച്ചുകൊണ്ട് ഈ നോമ്പുകാലം ചെലവിടാം.

പ്രത്യാശയിലേക്കു വളരാം

ജീവിതത്തിൽ പ്രശ്നങ്ങളും പ്രയാസങ്ങളുമില്ലാത്തവരായി ആരുംതന്നെയില്ല. ദൈവപുത്രനായിട്ടും ഈശോ നേരിടേണ്ടിവന്ന ക്ലേശങ്ങൾ ഏറെയാണല്ലോ. എന്നാൽ ആ ക്ലേശങ്ങൾക്കപ്പുറം ഉത്ഥാനത്തിന്റെ ആനന്ദം ഉണ്ടായിരുന്നു. നമ്മുടെ ജീവിതവും ഇതുപോലെ തന്നെയാണ്. ഇന്ന് നാം അനുഭവിക്കുന്ന പ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കും ഒരു പരിഹാരമുണ്ട്. ഉത്ഥിതൻ തന്റെ ജീവിതംകൊണ്ട് നമുക്കു കാട്ടിത്തന്നതും അതുതന്നെയാണ്.

അതിനാൽ എനിക്ക് എപ്പോഴും പ്രശ്നങ്ങളാണല്ലോ എന്ന നിരാശ വെടിഞ്ഞ്, ഈ പ്രശ്നങ്ങൾ ഉടൻ അവസാനിക്കും എന്ന പ്രത്യാശയിലേക്കു വളരാൻ ഈ നോമ്പുകാലത്തിൽ മുക്കു പരിശ്രമിക്കാം. നിരാശയുടേതായ ചിന്തകളെ പ്രത്യാശയുടെ ചിന്തകൾകൊണ്ട് അതിജീവിക്കുമ്പോൾ അവിടെ ഉത്ഥിതന്റെ പ്രകാശം കടന്നുവരും.

സഹോദരനെ കൂടി പരിഗണിക്കാം

നോമ്പുകാലത്ത്, നമുക്ക് ഇഷ്ടമുള്ള സാധനങ്ങൾ നാം ത്യജിക്കുന്നത് പതിവാണല്ലോ. അത് വേണ്ടാ എന്നല്ല, മറിച്ച് നിങ്ങൾ വേണ്ട എന്നുവയ്ക്കുന്ന സാധനത്തിന്  ആവശ്യക്കാരൻ നിങ്ങളുടെ സമീപത്തുണ്ടെങ്കിൽ, അതിന് അയാൾ അർഹനാണ്. അതായത്, നിങ്ങൾ ഒരുനേരം ഭക്ഷണം കഴിക്കുന്നില്ല എന്നുവയ്ക്കുക. അതേസമയംതന്നെ പട്ടിണിയനുഭവിക്കുന്ന ഒരു കുടുംബം നിങ്ങളുടെ അയൽപക്കത്തുണ്ടെങ്കിൽ ആ ഭക്ഷണം അവർക്കു നൽകാം. അല്ലാത്ത പക്ഷം നിങ്ങളുടെ നോമ്പ് അപൂർണ്ണമായി മാറുന്നു.

ഉപവാസം ഒരു ആയുധമാണ്

ദിവസം മൂന്നുനേരത്തിനു നാലുനേരം ഭക്ഷണം കഴിക്കുന്നവരാണ് നമ്മൾ. ഈ നോമ്പുകാലത്ത് ആഴ്ചയിൽ ഒന്നോ, രണ്ടോ ദിവസം ഉപവാസമെടുക്കുന്നത് പ്രലോഭനങ്ങളെ അതിജീവിക്കാനും ആത്മീയതയിൽ ശക്തിനേടാനും നമ്മെ സഹായിക്കും. ഉപവാസമെടുക്കുന്നതിനോടൊപ്പം കൂടുതൽ സമയം പ്രാർഥനയിൽ ചിലവിടാനും അനാവശ്യസംഭാഷണങ്ങൾ ഒഴിവാക്കി ദൈവവുമായി കൂടുതൽ സമയം സംസാരിക്കാനും ശ്രമിക്കാം.