വിശുദ്ധവാരത്തിലെ ലെയോ പാപ്പയുടെ തിരുക്കർമ്മങ്ങളുടെ കാര്യപരിപാടികൾ പ്രസിദ്ധീകരിച്ചു

2026-ലെ വിശുദ്ധ വാരത്തോടനുബന്ധിച്ച് വത്തിക്കാനിൽ നടക്കാനിരിക്കുന്ന പ്രധാന തിരുക്കർമ്മങ്ങളുടെ ഔദ്യോഗിക കാര്യപരിപാടികൾ പുറത്തിറക്കി. ലെയോ പതിനാലാമൻ മാർപാപ്പയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന ഈ ശുശ്രൂഷകളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് തീർഥാടകർ പങ്കുചേരും.

ഓശാന ഞായർ – മാർച്ച് 29

വിശുദ്ധ വാരത്തിന് തുടക്കം കുറിച്ചുകൊണ്ട് സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ കുരുത്തോല വെഞ്ചരിപ്പും വിശുദ്ധ കുർബാനയും നടക്കും. സമാധാനത്തിന്റെ രാജാവായി യേശു ജറുസലേമിലേക്ക് പ്രവേശിച്ചതിന്റെ സ്മരണ പുതുക്കുന്ന ഈ ചടങ്ങിൽ മാർപാപ്പ സന്ദേശം നൽകും.

പെസഹാ വ്യാഴം – ഏപ്രിൽ 2

പെസഹാ വ്യാഴാഴ്ച രാവിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ തൈല വെഞ്ചരിപ്പ് ശുശ്രൂഷ (Chrism Mass) നടക്കും. വൈകുന്നേരം കാലുകഴുകൽ ശുശ്രൂഷ നടക്കും. ഇത്തവണയും ഏതെങ്കിലും അഭയകേന്ദ്രത്തിലോ ജയിലിലോ വച്ച് വളരെ ലളിതമായി ഈ ചടങ്ങ് നടത്താനാണ് മാർപാപ്പയുടെ തീരുമാനം.

ദുഃഖവെള്ളി – ഏപ്രിൽ 3

ഏപ്രിൽ മൂന്നിന് പീഡാനുഭവ അനുസ്മരണ ശുശ്രൂഷകൾ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടക്കും. രാത്രിയിൽ കൊളോസിയത്തിൽ വച്ച് നടക്കുന്ന ‘കുരിശിന്റെ വഴി’ യിൽ മാർപാപ്പ നേതൃത്വം നൽകും. ഇറാൻ-ഇസ്രായേൽ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സമാധാനത്തിനായുള്ള പ്രത്യേക പ്രാർഥനകൾ ഇതിലുണ്ടാകും.

ദുഃഖശനി – ഏപ്രിൽ 4

ഏപ്രിൽ നാലിന് രാത്രിയിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഉയിർപ്പ് തിരുനാൾ തിരുക്കർമ്മങ്ങൾ നടക്കും. പ്രകാശത്തിന്റെ പ്രതീകമായി മെഴുകുതിരികൾ തെളിയിക്കുന്ന ചടങ്ങിൽ മാർപാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്യും.

ഈസ്റ്റർ ഞായർ – ഏപ്രിൽ 5

ലോകത്തിന് പ്രത്യാശ നൽകിക്കൊണ്ട് ഉയിർപ്പ് തിരുനാൾ വിശുദ്ധ കുർബാനയും തുടർന്ന് മാർപാപ്പയുടെ ‘ഊർബി ഏത്ത് ഓർബി’ സന്ദേശവും ആശീർവാദവും നൽകും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.