
തന്റെ പ്രാർഥനാ ജീവിതത്തെ ആഴത്തിൽ സ്വാധീനിച്ച ഒരു വിശുദ്ധ കവിയെക്കുറിച്ചും അദ്ദേഹത്തിന്റെ വിഖ്യാത കൃതിയെക്കുറിച്ചും വെളിപ്പെടുത്തി ലെയോ പതിനാലാമൻ മാർപാപ്പ. സഭയുടെ പണ്ഡിതനായ (Doctor of the Church) വിശുദ്ധ ജോൺ ഹെൻറി ന്യൂമാൻ രചിച്ച ‘ദ ഡ്രീം ഓഫ് ജെറോൺടിയസ്’ (The Dream of Gerontius) എന്ന കവിതയാണ് തന്റെ ആത്മീയ യാത്രയിൽ വലിയ തുണയായതെന്ന് മാർപാപ്പ പറഞ്ഞു.
വത്തിക്കാനിലെ നോമ്പുകാല ധ്യാനത്തിന്റെ സമാപനത്തിലാണ് മാർപാപ്പ ഇപ്രകാരം വെളിപ്പെടുത്തിയത്. മരണത്തെയും വിധിയെയും കുറിച്ചുള്ള ഭയത്തെ മറികടക്കാൻ ഈ കവിത എപ്രകാരം സഹായിക്കുന്നുവെന്ന് പാപ്പ വിശദീകരിച്ചു. 1865-ൽ ന്യൂമാൻ രചിച്ച ഈ കവിത, ഒരാളുടെ മരണസമയത്തെ അനുഭവങ്ങളെയും ശുദ്ധീകരണ സ്ഥലത്തിലേക്കുള്ള ആത്മാവിന്റെ യാത്രയെയും കുറിച്ചുള്ളതാണ്. ‘ജെറോൺടിയസ്’ എന്നത് പ്രായമായ മനുഷ്യനെ സൂചിപ്പിക്കുന്ന ഗ്രീക്ക് പദമാണ്.
മരണം ഭയപ്പെടേണ്ട ഒന്നല്ലെന്നും, അത് ദൈവത്തിന്റെ അനന്തമായ സ്നേഹത്തിലേക്കുള്ള ഒരു വാതിൽ മാത്രമാണെന്നും കവിത ഓർമ്മിപ്പിക്കുന്നു. “വിട പറയുക, പക്ഷേ എന്നെന്നേക്കുമായല്ല” (Farewell, but not for ever) എന്ന കവിതയിലെ വരികൾ മാർപാപ്പ പ്രത്യേകം എടുത്തുപറഞ്ഞു. നോമ്പുകാലം എന്നത് ആത്മശോധനയുടെയും മരണത്തെക്കുറിച്ചുള്ള ക്രിസ്തീയ പ്രത്യാശ പുതുക്കുന്നതിന്റെയും കാലമാണെന്ന് ലെയോ പതിനാലാമൻ മാർപാപ്പ ഓർമ്മിപ്പിച്ചു. വിശുദ്ധ ന്യൂമാന്റെ വരികൾ വിശ്വാസികൾക്ക് ആശ്വാസവും ധൈര്യവും നൽകുന്നതാണെന്നും പാപ്പ കൂട്ടിച്ചേർത്തു.




