ഗർഭച്ഛിദ്രത്തെ എതിർത്തുകൊണ്ട് ഫ്രാൻസിസ് പാപ്പാ സംസാരിച്ച എട്ടു സന്ദർഭങ്ങൾ

“ഗർഭച്ഛിദ്രം ചെയ്യപ്പെടുന്ന ഓരോ കുഞ്ഞിനും ക്രിസ്തുവിന്റെ മുഖമുണ്ട്” – ഫ്രാൻസിസ് പാപ്പായുടെ വാക്കുകളാണിത്. ഗർഭച്ഛിദ്രമെന്ന തിന്മയെ പലപ്പോഴായി പാപ്പാ അപലപിക്കുന്നുണ്ട്. ഗർഭാവസ്ഥയിലുള്ള കുഞ്ഞിന്റെ ജീവൻ സംരക്ഷിക്കാൻ ഫ്രാൻസിസ് പാപ്പാ പറഞ്ഞിരിക്കുന്ന എട്ടു കാര്യങ്ങൾ ചുവടെ ചേർക്കുന്നു.

1. ഗർഭച്ഛിദ്രം കൊലപാതകമാണ്

2021 സെപ്തംബർ 15-ന്, സ്ലൊവാക്യയിലെ അപ്പസ്തോലിക സന്ദർശനം പൂർത്തിയാക്കി മാർപാപ്പ ബ്രാറ്റിസ്ലാവയിൽ നിന്ന് റോമിലേക്കു മടങ്ങുമ്പോൾ, അമേരിക്കയിലെ ഒരു പത്രപ്രവർത്തകൻ പാപ്പായോട് സ്ത്രീകളെക്കുറിച്ചും അവരുടെ ‘തിരഞ്ഞെടുക്കാനുള്ള അവകാശത്തെ’ക്കുറിച്ചും ചോദിച്ചു. ഈ ചോദ്യത്തോട് പ്രതികരിക്കവെയാണ് പരിശുദ്ധ പിതാവ് ‘ഗർഭച്ഛിദ്രം കൊലപാതകമാണ്’ എന്ന് വെളിപ്പെടുത്തിയത്.

2. ഗർഭച്ഛിദ്രം എന്നത് ഒരു അമ്മ തേടേണ്ട പരിഹാരമല്ല

2020 സെപ്തംബർ 25-ന്, യുഎൻ ജനറൽ അസംബ്ലിയുടെ (യുണൈറ്റഡ് നേഷൻസ്) യോഗത്തിൽ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു: “നിർഭാഗ്യവശാൽ, രാജ്യങ്ങളും അന്താരാഷ്ട്ര സ്ഥാപനങ്ങളും ഗർഭച്ഛിദ്രത്തെ പ്രോത്സാഹിപ്പിക്കുന്നു. അമ്മക്കും ഗർഭസ്ഥശിശുവിനും പരിഹരിക്കാവുന്നതും പരിഹരിക്കേണ്ടതുമായ പ്രശ്നങ്ങൾക്ക് പരിഹാരമായി ജീവിതത്തിന്റെ അസ്തിത്വം നിഷേധിക്കുന്നത് ചിലർക്ക് എത്ര ലളിതവും സൗകര്യപ്രദവുമാണെന്ന് കാണുന്നതിൽ സങ്കടമുണ്ട്.”

3. ഗർഭച്ഛിദ്രം ഒരു ‘വാടക കൊലയാളി’യെ ജോലിക്കെടുക്കുന്നതു പോലെയാണ്

2018 ഒക്‌ടോബർ 10-ന്, തന്റെ പ്രതിവാര പൊതുമതബോധനത്തിനിടെ ഫ്രാൻസിസ് മാർപാപ്പ ഗർഭച്ഛിദ്രത്തെ ‘ഒരു വാടക കൊലയാളിയെ നിയമിക്കുന്നതിനോട് താരതമ്യപ്പെടുത്തി. “നിരപരാധിയും പ്രതിരോധിക്കാൻ കഴിയാത്തതുമായ ഒരു ജീവനെ, അതിന്റെ വളർച്ച അടിച്ചമർത്തുന്ന ഒരു പ്രവൃത്തി എങ്ങനെ ചികിത്സാപരമോ, നാഗരികമോ മനുഷ്യത്വപരമോ ആകും? ഞാൻ നിങ്ങളോട് ചോദിക്കുന്നു: ഒരു പ്രശ്നം പരിഹരിക്കാൻ ഒരു മനുഷ്യജീവനെ ഇല്ലായ്മ ചെയ്യുന്നത് ന്യായമാണോ? ഒരു പ്രശ്നം പരിഹരിക്കാൻ ഒരു വാടക കൊലയാളിയെ നിയമിക്കുന്നത് ന്യായമാണോ? അത് ശരിയല്ല, ഒരു ചെറിയ മനുഷ്യൻ പോലും, ഒരു പ്രശ്നം പരിഹരിക്കാൻ ഇല്ലായ്മ ചെയ്യപ്പെടുന്നത് ന്യായമല്ല. ഒരു പ്രശ്നം പരിഹരിക്കാൻ വാടക കൊലയാളിയെ നിയമിക്കുന്നതു പോലെയാണ് അത്” – പാപ്പാ വെളിപ്പെടുത്തി.

4. രോഗികളോ, വികലാംഗരോ ആയ കുട്ടികളുടെ ഗർഭച്ഛിദ്രം നാസികൾ ചെയ്തതിനോടു തുല്യം

2018 ജൂൺ 16-ന്, ഫോറം ഓഫ് ഫാമിലി അസോസിയേഷനിൽ നിന്നുള്ള ഒരു പ്രതിനിധിസംഘത്തോട് നടത്തിയ പ്രസംഗത്തിൽ, രോഗികളോ വികലാംഗരോ ആയ കുട്ടികളുടെ ഗർഭച്ഛിദ്രം നാസികൾ ചെയ്ത ക്രൂരതകൾ പോലെയാണെന്ന് ഫ്രാൻസിസ് മാർപാപ്പ. “ഗർഭകാലത്തിന്റെ ആദ്യ മാസങ്ങളിൽ ചില പരിശോധനകൾ നടത്തുകയും കുട്ടിക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് നോക്കുകയും ചെയ്യുന്നത് ഫാഷനാണ്. അല്ലെങ്കിൽ ഇത് സാധാരണമാണ് എന്നു പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. നമുക്ക് സ്വസ്ഥമായ ജീവിതം നയിക്കാൻ വൈകല്യമുള്ള ഉദരത്തിൽ വളരുന്ന കുഞ്ഞിനെ കൊലപ്പെടുത്തുന്നത് നല്ലതാണോ? കഴിഞ്ഞ നൂറ്റാണ്ടിൽ, വംശത്തിന്റെ വിശുദ്ധി സംരക്ഷിക്കാൻ നാസികൾ ചെയ്ത കാര്യങ്ങളിൽ എല്ലാവരും അസംതൃപ്തരാണ്. എന്നാൽ ഇന്നും ആ രീതി മറ്റൊരു തരത്തിൽ ആവർത്തിക്കപ്പെടുന്നു” – പാപ്പാ കൂട്ടിച്ചേർത്തു.

5. ഗർഭച്ഛിദ്രം ഡോക്ടർമാർ എടുക്കുന്ന സത്യപ്രതിജ്ഞക്ക് വിരുദ്ധമാണ്

2016 ഫെബ്രുവരി 18-ന്, മെക്സിക്കോയിൽ നിന്ന് റോമിലേക്കു മടങ്ങുമ്പോൾ, ലാറ്റിനമേരിക്കയിൽ സിക വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ, ഒരു പത്രപ്രവർത്തകന്റെ ചോദ്യത്തിനുള്ള മറുപടിയായി മാർപാപ്പ പറഞ്ഞു. ഗർഭച്ഛിദ്രം ‘തികച്ചും തിന്മ’ ആണെന്നും ഡോക്ടർമാരുടെ ഹിപ്പോക്രാറ്റിക് സത്യപ്രതിജ്ഞയുടെ (ഡോക്ടറായി സ്ഥാനമേൽക്കുമ്പോൾ രോഗിയുടെ നന്മക്കു വേണ്ടി താൻ യത്നിക്കുമെന്ന് വാഗ്ദാനം ചെയ്തുകൊണ്ടുള്ള പ്രതിജ്ഞ) കടുത്ത ലംഘനമാണെന്നും പാപ്പാ പ്രതികരിച്ചു.

“ഗർഭച്ഛിദ്രം ഒരു ചെറിയ തിന്മയല്ല; അതൊരു വലിയ കുറ്റമാണ്. മറ്റൊന്നിനെ രക്ഷിക്കാൻ ഒരാളുടെ ജീവൻ ഹനിക്കുന്നു. ഗർഭച്ഛിദ്രം ഒരു ദൈവശാസ്ത്രപരമായ പ്രശ്‌നമല്ല: ഇതൊരു മനുഷ്യന്റെ പ്രശ്‌നമാണ്. ഇതൊരു മെഡിക്കൽ പ്രശ്‌നമാണ്” – പരിശുദ്ധ പിതാവ് പറഞ്ഞു.

6. സൃഷ്ടിയുടെ പരിപാലനം ഗർഭച്ഛിദ്രത്തിനിടയാകുന്ന ഒരു ന്യായീകരണവുമായി പൊരുത്തപ്പെടുന്നില്ല

2015 ജൂൺ 18-ന്, ഫ്രാൻസിസ് മാർപാപ്പയുടെ ‘ലൗദാത്തോ സി’ (ദൈവത്തിന് സ്തുതി), എന്ന ചാക്രികലേഖനത്തിൽ, സൃഷ്ടികളോടുള്ള ബഹുമാനവും മാനുഷിക അന്തസ്സും കൈകോർക്കുന്നുവെന്ന് മാർപാപ്പ വെളിപ്പെടുത്തുന്നു. സൃഷ്ടിയെല്ലാം പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നതിനാൽ, പ്രകൃതിയുടെ പ്രതിരോധം ഗർഭച്ഛിദ്രത്തിന്റെ ന്യായീകരണവുമായി പൊരുത്തപ്പെടുന്നില്ല” – പാപ്പാ ഓർമ്മിപ്പിക്കുന്നു.

7. ‘വാക്കുകൾക്കതീതമായ വെളിപ്പെടുത്തൽ’ – ഗർഭച്ഛിദ്രം മൂലം കൊല്ലപ്പെട്ട കുഞ്ഞുങ്ങൾക്കു വേണ്ടി സമർപ്പിച്ചിരിക്കുന്ന സെമിത്തേരിയിൽ പാപ്പാ പ്രാർത്ഥിക്കുന്നു

2014 ആഗസ്റ്റ് 16-ന്, ദക്ഷിണ കൊറിയയിലേക്കുള്ള തന്റെ യാത്രയ്ക്കിടെ, ഗർഭച്ഛിദ്രത്തിന് ഇരയായ കുഞ്ഞുങ്ങൾക്കു വേണ്ടി സമർപ്പിച്ചിരിക്കുന്ന സെമിത്തേരിയിൽ ഫ്രാൻസിസ് മാർപാപ്പ പ്രാർത്ഥിച്ചു. ജീവന്റെ മൂല്യം ഉയർത്തിക്കാട്ടാൻ പാപ്പായുടെ നിലപാടിന്റെ വാക്കുകൾക്കതീതമായ വെളിപ്പെടുത്തലായിരുന്നു ഈ പ്രവർത്തി.

2018-ൽ, സകല മരിച്ചവരുടെയും തിരുനാൾ ദിനത്തിൽ ഫ്രാൻസിസ് മാർപാപ്പ റോമിന്റെ പ്രാന്തപ്രദേശത്തുള്ള ഗർഭസ്ഥശിശുക്കൾക്കായുള്ള സെമിത്തേരി സന്ദർശിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു.

8. ഗർഭച്ഛിദ്രം ചെയ്യപ്പെട്ട ഓരോ കുഞ്ഞിനും ക്രിസ്തുവിന്റെ മുഖമുണ്ട്

2013 സെപ്തംബർ 20-ന്, കാത്തലിക് മെഡിക്കൽ അസോസിയേഷൻസ് ഇന്റർനാഷണൽ ഫെഡറേഷൻ സംഘടിപ്പിച്ച ഒരു കോൺഫറൻസിൽ പങ്കെടുത്ത ഗൈനക്കോളജിസ്റ്റുകളോടും പ്രസവ ചികിത്സകരോടും മാർപാപ്പ ഒരു പ്രസംഗം നടത്തി. “മനുഷ്യജീവനെ അതിന്റെ പ്രാരംഭഘട്ടത്തിൽ പരിപാലിക്കാൻ വിളിക്കപ്പെട്ടവരാണ് നിങ്ങൾ. ഒരു മനുഷ്യജീവൻ ഏതു ഘട്ടത്തിലും ഏതു പ്രായത്തിലും പവിത്രമാണ്. അന്യായമായി ഗർഭഛിദ്രത്തിന് വിധേയമായി കൊല്ലപ്പെടുന്ന ഓരോ ഗർഭസ്ഥശിശുവിനും യേശുക്രിസ്തുവിന്റെ മുഖമുണ്ട്. കാരണം, ക്രിസ്തുവും ജനിക്കുന്നതിനു മുമ്പും ജനിച്ചതിനു ശേഷവും ലോകത്തിന്റെ തിരസ്കരണം അനുഭവിച്ചു” – പാപ്പാ വെളിപ്പെടുത്തുന്നു.

വിവർത്തനം: സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.