ഭക്ഷണത്തിനായി കാത്തിരിക്കുന്ന ബുച്ചയിലെ ജനങ്ങൾക്ക് ആശ്വാസമായി ഒരാൾ

ബുച്ചയിലെ ജനങ്ങളുടെ ദാരുണാവസ്ഥ വാർത്തകളിലൂടെ ലോകമെമ്പാടും കണ്ടുകഴിഞ്ഞു. എന്നാൽ ഈ വാർത്ത അറിഞ്ഞതു മുതൽ പോളണ്ടുകാരനായ ജെസക്കിന് എങ്ങനെയെങ്കിലും അവിടെയുള്ളവരെ സഹായിക്കണമെന്നുള്ള ചിന്തയായിരുന്നു. ഒടുവിൽ ഒരു ബേക്കറായ അദ്ദേഹം നൂതനമായ വഴിയും അതിനായി കണ്ടെത്തി. ബുച്ചയിൽ ഒരു ബേക്കറി തുടങ്ങുക, അവിടെയുള്ളവർക്ക് ഫ്രഷ് ആയി ബേക്ക് ചെയ്ത ബ്രെഡ് എത്തിക്കുക – ഇതായിരുന്നു ജെസക്ക് കണ്ടുപിടിച്ച മാർഗ്ഗം.

ഉക്രൈനിലെ ബുച്ച നഗരത്തിൽ നിന്നും റഷ്യൻ സൈന്യം പിൻവാങ്ങിക്കഴിഞ്ഞു. രക്തത്തിൽ കുതിർന്ന മണ്ണും കൂട്ടക്കുഴിമാടങ്ങളുമാണ് അവിടെ അവശേഷിക്കുന്നത്. അതിജീവനത്തിന്റെ പാതയിലാണ് ബുച്ചയിലെ ശേഷിക്കുന്ന ജനങ്ങൾ.

ബുച്ച നഗരത്തിൽ നടന്ന ക്രൂരകൃത്യങ്ങളെക്കുറിച്ച്, വാർത്തയിൽ കണ്ട ജെസക് പൊളേവ്സ്‌കിക്ക് നിശബ്ദനായിരിക്കാൻ കഴിഞ്ഞില്ല. പോളണ്ടിലെ പോസ്‌നനിനുള്ള തന്റെ ബേക്കറി ഉപേക്ഷിച്ച് അദ്ദേഹം ബുച്ചയിലേക്ക് പോകാൻ തീരുമാനിച്ചു. ബുച്ചയിൽ ശേഷിക്കുന്നവർക്ക് ഭക്ഷണം പാകം ചെയ്തു നൽകുക എന്ന ലക്ഷ്യത്തോടെ. എന്നാൽ എന്തുകൊണ്ട് തനിക്ക് അവിടെ ഒരു ബേക്കറി തുടങ്ങിക്കൂടാ എന്ന ചിന്തയായി പിന്നീട് ജെസക്കിന്. അദ്ദേഹം ഗൂഗിൾ മാപ്‌സിൽ ബുച്ച ആൻഡ് ബേക്കറി എന്ന് തിരഞ്ഞു. തുടർന്ന് ബുച്ചയിലെ ഒരു ബേക്കറി മുതലാളി തന്റെ ബേക്കറി കൈമാറ്റം ചെയ്യാൻ തയ്യാറാണെന്ന് ജെസക്കിന് സന്ദേശമയച്ചു. റഷ്യൻ സൈന്യം ബുച്ചയിലായിരുന്നപ്പോൾ അവരുടെ ആവശ്യങ്ങൾക്കു വേണ്ടി ഉപയോഗിച്ചിരുന്ന ബേക്കറിയായിരുന്നുവത്. എന്നാൽ ബുച്ച വിടുന്നതിനു മുമ്പ് അവർ ബേക്കറിയിലെ സാമഗ്രികളെല്ലാം നശിപ്പിച്ചിരുന്നു.

പോസ്‌നനിൽ നിന്ന് ബുച്ചയിലേക്ക് 11 മണിക്കൂർ യാത്രയാണുള്ളത്. അദ്ദേഹം തന്റെ മകനെയും ഒരു സുഹൃത്തിനെയും കൂട്ടി ആവശ്യമുള്ള ധാന്യവുമായി ബുച്ചയിലേക്ക് യാത്ര തിരിച്ചു. അവിടെ അദ്ദേഹം ബേക്കറിപ്രവർത്തനങ്ങൾ പുനരാരംഭിക്കുകയും അവിടെയുള്ള മറ്റ് ബേക്കറികളുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിക്കുകയും ചെയ്‌തു. ജെസക്കിന്റെ ദിവസങ്ങൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് ആ ബേക്കറി പുനരുദ്ധരിച്ചത്.

കേൾക്കുന്നവർക്ക് ഇത് വളരെ സരസമായ ഒരു പ്രവർത്തിയാണെന്നു തോന്നാം. കാരണം യുദ്ധത്തിന്റെ നടുവിൽ ബേക്കറി പുനരുദ്ധരിക്കാൻ സമയം ചിലവിടുന്നത് പലർക്കും തമാശയായാണ് അനുഭവപ്പെട്ടത്. എന്നാൽ ആവശ്യക്കാർക്ക് ഭക്ഷണമെത്തിക്കുന്നത് കാരുണ്യത്തിന്റെയും മനുഷ്യത്വത്തിന്റെയും പ്രവർത്തിയായാണ് ജെസെക് കാണുന്നത്.

ബുച്ചയിൽ സന്നദ്ധപ്രവർത്തനങ്ങൾ നടത്തുന്ന നിരവധി സംഘടനകളുണ്ട്. അവർ ആവശ്യക്കാർക്ക് ഭക്ഷണം എത്തിക്കുന്നുമുണ്ട്. എന്നാൽ ഇത് പാക്കറ്റ് ഭക്ഷണമാണ്. ജെസക്കാകട്ടെ ബുച്ചയിലുളളവർക്ക് എത്തിക്കുന്നത് ഫ്രഷ് ആയി ബേക് ചെയ്ത ബ്രെഡാണ്.

ബ്രെഡുമായി ജെസക്കും സംഘവും ആദ്യം പോയത് വൈദ്യുതിയോ, ഗ്യാസോ, വെള്ളമോ ലഭ്യമല്ലാത്ത ഒരു അപ്പാർട്മെന്റിലേക്കാണ്. അവിടെയുള്ളവർ ചൂടുള്ള ബ്രെഡിനു വേണ്ടി കാത്തിരിക്കുന്നതു പോലെയായിരുന്നു ജെസക്കിനോടുള്ള പ്രതികരണം.

യുദ്ധം നാശം വിതച്ചുകൊണ്ടിരിക്കുന്ന ഉക്രൈനിൽ കാരുണ്യത്തിന്റെയും മനുഷ്യത്വത്തിന്റെയും മരിക്കാത്ത മുഖങ്ങൾ ഇന്നും അവശേഷിക്കുന്നുണ്ട്. അതിന്റെ ജീവിക്കുന്ന അടയാളമാണ് പോളണ്ടുകാരനായ ജെസ്ക്കിന്റെയും സംഘത്തിന്റെയും ഇത്തരം പ്രവർത്തനങ്ങൾ.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.