

ഉണങ്ങിവരണ്ടാലും തിരുഹൃദയരൂപത്തിന് തൊട്ടടുത്തു തന്നെയായിരുന്നു ആ കുരുത്തോലയുടെ സ്ഥാനം. കഴിഞ്ഞ വര്‍ഷത്തെ ഓശാന പെരുന്നാളിന് പള്ളിയില്‍ നിന്ന് കിട്ടിയതായിരുന്നു. വീടൊക്കെ വൃത്തിയാക്കുന്ന കൂട്ടത്തില്‍ രുപക്കൂടും തുടച്ചുമിനുക്കുന്ന പതിവുണ്ട്. എല്ലാത്തവണത്തെയും പോലെ ഇത്തവണയും അമ്മ പ്രത്യേകം പറഞ്ഞു: “മോളേ, കുരുത്തോല എടുത്തുകളയല്ലേ. അടുത്ത ഓശാനപ്പെരുന്നാളിനേ അത് എടുത്തുമാറ്റുകയുള്ളൂ. എന്നിട്ട് പുതിയത് വയ്ക്കുകയും ചെയ്യും.” പണ്ടു മുതലേ കാരണവന്മാര് വീട്ടിലുഉള്ളപ്പോഴുള്ള രീതികളാണ് ഇതെല്ലാം.
ഓശാന ഞായറാഴ്ച്ച പള്ളിയില്‍ പോകാന്‍ പണ്ടേ എനിക്ക് ഒത്തിരി ഉത്സാഹമായിരുന്നു. അച്ചന്റെ കയ്യില്‍ നിന്ന് ഏറ്റവും വലിയ ഓല മേടിക്കണം. കുരുത്തോല ഉയര്‍ത്തി ഓശാന പാടാനും വീശാനും വീട്ടിലേക്ക് കുരുത്തോല പിടിച്ച് നടന്നുവരുമ്പോള്‍ കാറ്റത്തുയര്ത്തി ഓശാനപ്പെരുന്നാളിന്റെ സ്നേഹം പങ്കുവയ്ക്കാനുമെല്ലാം ഒത്തിരി ഇഷ്ടമായിരുന്നു.
പള്ളിയിലേക്ക് പോകാന്‍ തുടങ്ങിയപ്പോള്‍ തന്നെ അമ്മൂമ്മ പറഞ്ഞത് മറന്നിട്ടില്ല. അമ്മൂമ്മയ്ക്കും കൂടി കുരുത്തോല വാങ്ങണം; പ്രായാധിക്യം കാരണം അമ്മൂമ്മയ്ക്ക് പള്ളിയില്‍ പോകാന്‍ പറ്റില്ലായിരുന്നു. “തിരക്കില്ലെങ്കില്‍ വാങ്ങിക്കാട്ടോ” എന്നുംപറഞ്ഞു പള്ളിയിലേക്ക് ഓടിപ്പോകുമായിരുന്നു. അമ്മൂമ്മയ്ക്കും കൂടി കുരുത്തോല മേടിക്കാന്‍ മറന്നില്ല. അത്തവണ കുരുത്തോല തന്നത് മഠത്തിലെ സിസ്റ്ററായിരുന്നു. പള്ളിയില്‍ എല്ലാവരുടെ മുഖത്തും നല്ല സന്തോഷമാണ്. എല്ലാ വര്‍ഷത്തേയും പോലെ അത്തവണയും കുരുത്തോല വീശി, ഓശാനപ്പാട്ടെല്ലാം പാടിക്കൊണ്ട് പള്ളിയിലേക്കു നടന്നുവന്നു.
അമ്മൂമ്മയ്ക്കുള്ള കുരുത്തോലയുമായി ഞൊടിയിടയില്‍ ഞാന്‍ വീട്ടിലേക്ക് ഓടിവന്നു. അതാ ഉമ്മറത്ത് കണ്ണും നട്ട് എന്നെയും കാത്ത് അമ്മൂമ്മ ഇരിക്കുന്നു. ഞങ്ങള്‍ പള്ളിയിലേക്ക് പോയപ്പോള്‍ തുടങ്ങിയ ഇരുപ്പാണ്. എപ്പോഴും കൊന്ത ചൊല്ലുന്ന അമ്മൂമ്മ കുടുംബത്തിന് എന്നും ഒരനുഗ്രഹമായിരുന്നു. ഓടിവന്ന് അമ്മൂമ്മക്ക് കുരുത്തോല കൊടുത്ത് ഞാന്‍ അടുത്ത് ചെന്നിരുന്നു. വെഞ്ചിരിച്ച ഓല കൊണ്ട് കുരിശും മറ്റു പലതും ഉണ്ടാക്കി കളിക്കുന്നതെല്ലാം തെറ്റാണെന്ന് പണ്ടേ അമ്മൂമ്മ എനിക്ക് പറഞ്ഞുതന്നിരുന്നു.
അമ്മൂമ്മ ഓല മേടിച്ച് ഒന്ന് ചുംബിച്ച ശേഷം ഓലയുടെ അടിയില്‍ നിന്നും നേരിയ ഒരു നൂല് പോലെ കീറിയെടുത്തു. അതുകൊണ്ട് ഒരു നേര്‍ത്ത കുരിശ് ഉണ്ടാക്കുന്നത് ഞാന്‍ കണ്ണിമചിമ്മാതെ നോക്കിയിരുന്നു.
“ഇതെന്തിനാ അമ്മൂമ്മേ, ഇങ്ങനെ ഉണ്ടാക്കുന്നെ?” എന്റെ സംശയം ഉയര്‍ന്നു.
“അതൊരു ബലമാണ് മോളെ” എന്ന് പറഞ്ഞുകൊണ്ട് അമ്മൂമ്മ, തന്റെ താലിമാലയില്‍ കൂടി കെട്ടിയിരുന്ന ഓലയുടെ ചെറിയ ഒരു ഭാഗമെടുത്ത് കാണിച്ചുതന്നു.
“ദാ ഇത് കണ്ടില്ലേ, കഴിഞ്ഞ വര്‍ഷത്തെ കുരുത്തോല കൊണ്ട് ഉണ്ടാക്കി കെട്ടിയതാണ്.” അമ്മൂമ്മ പഴയത് എടുത്തുമാറ്റി പുതിയ കുരുത്തോലയുടെ ഭാഗം താലിമാലയോട് ചേര്‍ത്ത് കെട്ടിവച്ചു.
പണ്ടുമുതലേ അമ്മ പഠിപ്പിച്ച ശീലമാണ്. വെഞ്ചിരിച്ച കുരുത്തോലയുടെ – ഈശോയുടെ ആ സ്തുതിപ്പിന്റെ ഒരു പ്രതീകം – ജീവിതത്തോട് ചേര്‍ന്നിരിക്കാനാകും ഈ ശീലങ്ങള്‍.
ഇതാ അമ്മ വിളിക്കുന്നു. “എല്ലാവരും വരൂ, നമുക്ക് കൊഴുക്കട്ട കഴിക്കാം.” ഓശാന ഞായറാഴ്ച്ചയുള്ള ഒരു പ്രത്യേകതയാണ്. എല്ലാവരും കൊഴുക്കട്ടയാണ് രാവിലെ കഴിക്കുക. ചില ഇടങ്ങളില്‍ തലേദിവസം തന്നെ ഉണ്ടാക്കും. മധ്യകേരളത്തിലെ ക്രിസ്ത്യാനികളുടെ ചില ആചാരങ്ങളില്‍ എടുത്തുപറയേണ്ട ഒന്നുതന്നെയാണ് കൊഴുക്കട്ട. ഓശാന എന്നുപറഞ്ഞാല്‍ മനസിലേക്ക് ഓടിവരുന്നത് ആ വെളുത്ത മധുരമുള്ള നല്ല രുചികരമായ കൊഴുക്കട്ടയാണ്. ചൂടു പറക്കുന്ന കൊഴുക്കട്ട കഴിക്കാന്‍ എന്ത് രുചിയാണെന്നോ.
കൊഴുക്കട്ട ഉണ്ടാക്കുന്നത് വലിയ ആഘോഷമാണ്. അപ്പൂപ്പനും അമ്മൂമ്മയും എല്ലാവരും ഒന്നിച്ചിരുന്നായിരുന്നു കൊഴുക്കട്ട പരത്തി ഉള്ളില്‍ ആ രുചിക്കൂട്ട് ഒളിപ്പിച്ചുവയ്ക്കുന്നത്. ഉണ്ടാക്കാന്‍ ഞാനും കൂടുമായിരുന്നു. നുറുങ്ങുവിദ്യയെല്ലാം അമ്മൂമ്മ പറഞ്ഞുതരും. അങ്ങനെ ദാ, എല്ലാവരും മേശയ്ക്കു ചുറ്റും വന്നിരുന്നു. അമ്മ കൊഴുക്കട്ടയുടെ പാത്രം അപ്പൂപ്പന്റെ അടുത്ത് കൊണ്ടുവച്ചു. കുരിശു വരച്ച ശേഷം അപ്പൂപ്പന് എല്ലാവര്ക്കും കൊഴുക്കട്ട എടുത്തുതന്നു. എനിക്കും കിട്ടി കൊഴുക്കട്ട. കൊതിയോടെ എല്ലാവരും അത് കഴിച്ചു. അങ്ങനെ വീണ്ടും ഒരു ഓശാന പെരുന്നാള്‍ കൂടി കടന്നുപോകുന്നു എന്ന് നെടുവീര്‍പ്പോടെ അപ്പൂപ്പന് പറഞ്ഞു.
പണ്ടൊക്കെ ഓശാനക്ക് മാത്രമായിരുന്നു കൊഴുക്കട്ട ഉണ്ടാക്കുക. ഇന്ന് ബേക്കറിയിലെ സ്ഥിരം വിഭവമായി വെളുത്ത പാക്കറ്റില്‍ കിട്ടുന്ന കൊഴുക്കട്ടയുടെ രൂപം പരിചിതമായ കുട്ടികള്‍ക്ക് ഈ ഓര്‍മ്മകളല്ലേ നമുക്ക് നല്കനാകൂ. സ്നേഹം പങ്കുവച്ച് മധുരം പകരുന്ന ആ കാരണവന്മാരും ഇന്ന് നമുക്കരികിലില്ല. എങ്കിലും നമുക്ക് ആ ശീലങ്ങള്‍ നഷ്ടപ്പെടുത്താതിരിക്കാം. രാജാവായി നമുക്കരികിലേക്ക് കടന്നുവന്ന യേശുനാഥനെ സ്മരിക്കാം. കുടുംബത്തിന്റെ രാജാവായി സ്വീകരിക്കാം; നമ്മുടെ പാരമ്പര്യങ്ങളെ നെഞ്ചോട് ചേര്‍ത്തുവയ്ക്കാം.
ഈ ഓശാനയ്ക്ക് അപ്പൂപ്പനും അമ്മൂമ്മയും ഇല്ല; എല്ലാവരും കടന്നുപോയി. അവശേഷിക്കുന്നത് നമ്മളൊക്കെ മാത്രമാണ്; പിന്നെ അവര്‍ സമ്മാനിച്ച വിശുദ്ധവും പവിത്രവുമായ ഓര്‍മ്മകളും. താലിയില്‍ കൊരുത്ത കുരുത്തോലയും സ്നേഹത്താല്‍ പൊതിഞ്ഞ കൊഴുക്കട്ടയും ഓര്‍മ്മകളില്‍ ഉയര്ന്നുനില്ക്കുന്നു; വലിയ ഒരു പ്രകാശഗോപുരം പോലെ.
മിനു മഞ്ഞളി