ലൂര്‍ദ് മാതാവ് (Our Lady of Lourdes) 

fr mathew
ഫാ. മാത്യു ചാർത്താക്കുഴിയിൽ

ഫ്രാന്‍സിന്റെ തെക്കുപടിഞ്ഞാറുഭാഗത്തായി പിരനീസ് (Pyrenees) പര്‍വതനിരകളുടെ അടിവാരത്ത് സ്ഥിതിചെയ്യുന്ന മനോഹരമായ ചെറിയൊരു പട്ടണമാണ് ലൂര്‍ദ്. മാതാവ് പ്രത്യക്ഷപ്പെടുന്നതിനുമുമ്പ് അധികം വിഖ്യാതമല്ലാതിരുന്ന ഈ നഗരം ഇന്ന് ലോകത്തിലെ ഏറ്റവും പ്രശസ്തമായ മരിയൻ തീർഥാടനകേന്ദ്രങ്ങളിൽ ഒന്നാണ്. പതിനയ്യായിരത്തില്‍ താഴെമാത്രം ജനസംഖ്യയുള്ള ഈ കൊച്ചുനഗരത്തില്‍ ഏകദേശം അറുപതുലക്ഷത്തിനടുത്തു തീർഥാടകനരാണ് ഇപ്പോൾ ഓരോവര്‍ഷവും സന്ദര്‍ശിക്കുന്നത്. ഇക്കാരണത്താൽ ഫ്രാന്‍സില്‍ പാരീസ് നഗരം കഴിഞ്ഞാല്‍ ഏറ്റവും കൂടുതൽ ഹോട്ടലുകൾ സ്ഥിതിചെയ്യുന്ന സ്ഥലമാണ് ലൂര്‍ദ്. എ.ഡി. 1858 ഫെബ്രുവരി 11 മുതൽ ജൂലൈ 16 വരെയുള്ള ദിവസങ്ങളിൽ കേവലം പതിനാലു വയസ്സുള്ള ബെർണദീത്ത സുബിരൂസ് എന്ന കർഷകബാലികയ്ക്ക് പതിനെട്ടു പ്രാവശ്യം പരിശുദ്ധ മാതാവിന്റെ ദർശനമുണ്ടായി. അധികം താമസിയാതെ ലോകമാസകലം പ്രസിദ്ധമായിത്തീർന്ന ലൂർദ് മാതാവിന്റെ ഗ്രോട്ടോയും അനുബന്ധ സ്ഥലങ്ങളും അനേകായിരങ്ങൾ സന്ദർശിക്കാൻതുടങ്ങി. ഇവിടെയുണ്ടായ മാതാവിന്റെ ദർശനവും ഈ ഗ്രോട്ടോയുടെ പ്രത്യേകതയും വികസനചരിത്രവുമാണ് ഇവിടെ ചുരുക്കമായി വിവരിക്കാൻ ഉദ്ദേശിക്കുന്നത്.

ലൂർദ് നിവാസികളായ ബര്‍ണദീത്ത സുബേരൂസും സഹോദരി ടൊയിനേറ്റയും കൂട്ടുകാരി ജീന്‍ അബാദിയയും ഇവരുടെ വീട്ടില്‍നിന്നും ഒന്നര കിലോമീറ്റര്‍ അകലെയുള്ള ഗാവേ നദിക്കരയില്‍ അമ്മയുടെ നിര്‍ദേശപ്രകാരം വിറക് ശേഖരിക്കാന്‍ പോയി. ഈ സ്ഥലവും അനുബന്ധപ്രദേശങ്ങളും ഇവർക്ക് വളരെ പരിചിതമായിരുന്നു. നൂറ്റിപ്പതിനെട്ടു കിലോമീറ്റർ നീളമുള്ള ഈ നദി പ്രമുഖനഗരമായ പാവേയിൽകൂടി കടന്നുപോകുന്നതിനാൽ ഇതിന്റെ മുഴുവൻ പേര് ഗാവേ ദേ പാവേ എന്നാണ്. ഈ നദിക്കരയിൽ മസ്സാബിയെല്ലെ എന്ന പേരോടുകൂടിയ ചെറിയ ഗുഹകളും പാറക്കൂട്ടങ്ങളും ഉണ്ടായിരുന്നു. ബര്‍ണദീത്തയും കൂട്ടുകാരും ഇവിടെ എത്തിയപ്പോൾ ഇളംകാറ്റു വീശുന്ന പ്രത്യേകതരം ശബ്ദം കേട്ട് അതിന്റെ ഉറവിടം അന്വേഷിച്ചു എല്ലായിടത്തും നോക്കി. എന്നാല്‍ കാറ്റിന്റെ ശബ്ദം കേട്ടെങ്കിലും മരച്ചില്ലകളും ചെടികളുമൊന്നും ചലിക്കുന്നുണ്ടായിരുന്നില്ല. നദിയോടുചേർന്ന് സ്ഥിതിചെയ്തിരുന്ന ഗുഹാമുഖത്തെ ഒരു റോസാച്ചെടി മാത്രം ചലിക്കുന്നതുകണ്ട് അവിടേക്കുനോക്കിയ ബര്‍ണദീത്ത അവിശ്വസനീയമായ ഒരു അത്ഭുതത്തിനു സാക്ഷിയാവുകയായിരുന്നു.

സ്വര്‍ണ്ണമേഘങ്ങളാല്‍ ആവൃതമായ ആ ഗുഹാമുഖത്ത് വര്‍ണ്ണനാതീതമായ സൗന്ദര്യശോഭയുള്ള ഒരു സ്ത്രീ ബര്‍ണദീത്തയ്ക്കു പ്രത്യക്ഷപ്പെട്ടു. തിളങ്ങുന്ന വെള്ളവസ്ത്രമണിഞ്ഞ അവളുടെ അരക്കെട്ടില്‍ നീലനിറത്തിലുള്ള ബെല്‍റ്റും കൈയ്യില്‍ സ്വര്‍ണ്ണനിറത്തിലുള്ള ഒരു ജപമാലയും പാദത്തില്‍ മഞ്ഞനിറത്തിലുള്ള റോസാപ്പുഷ്പങ്ങളും ദൃശ്യമായിരുന്നു. ഭയന്നുവിറച്ച ബര്‍ണദീത്ത, താന്‍ എപ്പോഴും കൈയ്യില്‍ കരുതുന്ന ജപമാലയെടുത്തു പ്രാർഥിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പേടിച്ചരണ്ടുപോയ അവളുടെ കൈകള്‍ മരവിച്ചിരുന്നതിനാല്‍ അവള്‍ക്കു പ്രാര്‍ഥിക്കാന്‍ സാധിച്ചില്ല. അവള്‍ക്കു പ്രത്യക്ഷപ്പെട്ട മനോഹരിയായ സ്ത്രീ തന്റെ കൈയ്യിലുള്ള ജപമാലയും എടുത്തു പ്രാര്‍ഥിച്ചപ്പോഴാണ് ബര്‍ണദീത്തയ്ക്കും അതിനു സാധിച്ചത്. ജപമാല പ്രാര്‍ഥനയുടെ അവസാനം ദര്‍ശനം അവസാനിക്കുകയും ചെയ്തു. 1858 ഫെബ്രുവരി 11 -ാം തീയതി നടന്ന ഈ ദര്‍ശനം ബര്‍ണദീത്തയുടെ കൂടെയുള്ളവര്‍ക്ക് കാണാന്‍സാധിച്ചിരുന്നില്ല. ബര്‍ണദീത്ത അവരോട് സംഭവം വിവരിക്കുകയും മറ്റാരോടും പങ്കുവയ്ക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. ബര്‍ണദീത്തയുടെ വിലക്ക് ലംഘിച്ചുകൊണ്ട് സഹോദരി, നടന്ന സംഭവങ്ങളെല്ലാം അമ്മ ലൂയിസയോടു വെളുപ്പെടുത്തി. എന്നാല്‍ ഇത്തരം ദൈവിക കാര്യങ്ങളെക്കുറിച്ചു കള്ളംപറഞ്ഞതിനും ലാഘവബുദ്ധിയോടെ കണ്ടതിനും രണ്ടുപേര്‍ക്കും മാതാപിതാക്കന്മാരില്‍നിന്നും ശിക്ഷലഭിച്ചു. അതുകൂടാതെ, അവരെ ഇനിയും ആ സ്ഥലത്തേക്കു പോകുന്നതില്‍നിന്നും വിലക്കുകയും ചെയ്തു.

ഈ സംഭവം നടന്ന് മൂന്നുദിനങ്ങൾ കഴിഞ്ഞ്‌ ബര്‍ണദീത്തയ്ക്ക് മാതാവിന്റെ ദർശനം ലഭിച്ച സ്ഥലത്ത് വീണ്ടും പോകുന്നതിന് വലിയ ഉൾവിളിയുണ്ടായി. അവളുടെ നിർബന്ധത്തിനുവഴങ്ങി മാതാപിതാക്കൾ അതിന് അനുവാദം നൽകി. എന്നാൽ ഇനിയും ദർശനം ഉണ്ടായാൽ അതിന്റെ ആധികാരികത ഉറപ്പാക്കുന്നതിനായി ദൈവാലയത്തില്‍ നിന്നെടുത്ത വാഴ്ത്തിയ വെള്ളവും അവള്‍ തന്റെ കൈയ്യില്‍ കരുതിയിരുന്നു. ഒരു കൗമാരക്കാരിയുടെ വിശ്വാസത്തിന്റെ തലത്തിൽ നിന്നുകൊണ്ടാണ് അവൾ ഈ സംഭവത്തെ മനസ്സിലാക്കാൻ ശ്രമിച്ചത്. അതിനാൽത്തന്നെ ഏതെങ്കിലും പൈശാചികശക്തിയില്‍ നിന്നാണ് ഈ അത്ഭുതം ഉരുവാകുന്നതെങ്കിൽ അതിനെ പ്രതിരോധിക്കുന്നതിനുവേണ്ടിയാണ് വിശുദ്ധംജലം കരുതിയത്. ബർണദീത്തയും കൂട്ടുകാരികളും അവിടെയെത്തി ജപമാല പ്രാർഥന ചൊല്ലാൻ ആരംഭിച്ചു. ഒന്നാമത്തെ ജപമാലരഹസ്യം ചൊല്ലിക്കഴിഞ്ഞപ്പോൾ കഴിഞ്ഞ പ്രാവശ്യം പ്രത്യക്ഷപ്പെട്ട അതേ സ്ത്രീ വീണ്ടും അവർക്കുമുൻപിൽ കാണപ്പെട്ടു. മാതാവ് പ്രത്യക്ഷപ്പെട്ട സമയത്ത് തന്റെ കൈയ്യിലുണ്ടായിരുന്ന വാഴ്ത്തിയ വെള്ളം ആ ദിശയില്‍ അവള്‍ തളിച്ചു. എന്നാല്‍ ആ സുന്ദരരൂപം അവളെ നോക്കി മന്ദഹസിക്കുക മാത്രം ചെയ്തു. അവർ ജപമാല പ്രാർഥന പൂർത്തിയാക്കുന്നതുവരെ ആ രൂപം അവരോടൊത്തുണ്ടായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ബര്‍ണദീത്ത ഈ സമയത്ത് അസാധാരണമായ ആനന്ദനിര്‍വൃതിയില്‍ ആയിരുന്നുവെന്നാണ് സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.

ബർണദീത്തയയ്ക്ക് മാതാവിന്റെ മൂന്നാമത്തെ ദർശനം ലഭിക്കുന്നത് ഫെബ്രുവരി 18 -ാം തീയതിയാണ്. ഈ ദര്‍ശന സമയത്ത് ആദ്യമായി മാതാവ് അവളോടു സംസാരിക്കുകയും തുടച്ചയായി രണ്ടാഴ്ച അവിടെ എത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതുവരെയും പ്രത്യക്ഷപ്പെട്ട രൂപം മാതാവ് തന്നെയാണോ എന്ന് ബർണദീത്തയ്ക്ക് ഉറപ്പില്ലായിരുന്നു. മൂന്നാമത്തെ ദർശനത്തിലാണ് വരാനിരിക്കുന്ന ലോകത്തിൽ അവൾക്ക് ദൈവം വലിയ സന്തോഷം പ്രദാനംചെയ്യുമെന്ന് മാതാവ് വാഗ്ദാനം ചെയ്തത്.

പരിശുദ്ധ അമ്മ നാലാം പ്രാവശ്യം പ്രത്യക്ഷപ്പെട്ടപ്പോള്‍ ബര്‍ണദീത്തയുടെ അമ്മയും ചില ബന്ധുക്കളും അവളോടൊപ്പമുണ്ടായിരുന്നു. സ്വയസംരക്ഷണത്തിനായി പ്രാർഥനയ്ക്ക് ഉപയോഗിക്കുന്ന കത്തിച്ച ഒരു മെഴുകുതിരിയുമായിട്ടാണ് ബർണദീത്ത ഇപ്രാവശ്യം നദിക്കരയിലെത്തിയത്. അവളുടെ ഈ പ്രവൃത്തിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് ലൂർദ് വലിയൊരു തീർഥാടനകേന്ദ്രമായി പരിണമിച്ചപ്പോൾ മെഴുകുതിരി പ്രദക്ഷിണം ആരംഭിക്കുന്നത്. ജപമാല പ്രാര്‍ഥനയുടെ സമയത്ത് അവളുടെ മുഖഭാവം മാറിയതും ഏതോ നിര്‍വൃതിയില്‍ ആയിരിക്കുന്നതുപോലെ അവള്‍ സംസാരിക്കുന്നതും എല്ലാവരും ശ്രദ്ധിച്ചു.

മാതാവിന്റെ അഞ്ചാമത്തെ ദർശനം നടക്കുന്നത് ഫെബ്രുവരി 20 -നാണ്. അന്ന് ബർണദീത്തയുടെ അയൽക്കാരായ മുപ്പതോളം ആളുകൾ അവിടെ സന്നിഹിതരായിരുന്നു. മാതാവ് ഈ സമയത്ത് ബർണദീത്തയെ ഒരു പ്രത്യേക പ്രാർഥന പഠിപ്പിക്കുകയും അത് അവൾ ദിവസവും ചൊല്ലുകയും ചെയ്തിരുന്നുവെന്ന് പിന്നീട് അവൾതന്നെ രേഖപ്പെടുത്തിയിരിക്കുന്നു. തുടർന്നുണ്ടായ പ്രത്യക്ഷപ്പെടലുകള്‍ക്കൊക്കെ ലൂര്‍ദിലെയും സമീപപ്രദേശങ്ങളിലെയും ആളുകളും സന്നിഹിതരായിരുന്നു. പതിനൊന്നാം തവണ മാതാവ് പ്രത്യക്ഷപ്പെട്ടപ്പോള്‍ രണ്ടായിരത്തിലധികം ജനങ്ങൾ അവിടെ സന്നിഹിതരായിരുന്നു.

പതിമൂന്നാം തവണ മാർച്ച് രണ്ടാം തീയതി മാതാവ് പ്രത്യക്ഷപ്പെട്ടപ്പോൾ ഈ വിവരം അവിടുത്തെ ഇടവകയിലെ വൈദികരോടു പറയാനും ഇവിടെ പ്രദക്ഷിണമായി വന്ന് ഒരു ദൈവാലയം നിർമ്മിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങാനും ആവശ്യപ്പെട്ടു. തന്റെ രണ്ട് അമ്മായിമാരെയും കൂട്ടി ഈ വിവരം ഇടവക വികാരി ഫാ. പേയ്റമേലെയെ അറിയിക്കാനായി ബർണദീത്ത ചെന്നു. എന്നാൽ അദേഹം ബര്‍ണദീത്തയുടെ ആവശ്യം തള്ളിക്കളയുകയും തന്റെ ‘സുന്ദരിയായ സ്ത്രീക്കു’ അങ്ങനെയൊരു ആഗ്രഹമുണ്ടെങ്കില്‍ അവളുടെ സ്വത്വം ലോകത്തിനു വെളിപ്പെടുത്താനുംപറഞ്ഞ് അവളെ അദ്ദേഹം പറഞ്ഞയച്ചു. കൂടാതെ, അവിടുത്തെ മറ്റു വൈദികരോട് ഇതുമായി സഹകരിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. മാതാവ് പതിനാലാം തവണ പ്രത്യക്ഷപ്പെട്ടപ്പോൾ ബർണദീത്ത വൈദികരെ സന്ദർശിച്ച കാര്യവും പ്രത്യക്ഷപ്പെട്ട ആൾ മാതാവ് തന്നെ എന്നതിന് തെളിവ് ആവശ്യമാണെന്ന് അവർ പറഞ്ഞ കാര്യവും കന്യകയോട് അറിയിച്ചു. അപ്പോൾ അവളുടെ മറുപടി ഒരു പുഞ്ചിരി മാത്രമായിരുന്നു എന്നാണ് ബർണദീത്ത രേഖപ്പെടുത്തിയിരിക്കുന്നത്.

ലോകം മുഴുവനുമുള്ള പാപികളുടെ മാനസാന്തരത്തിനായി പ്രാർഥിക്കാനും പരിത്യാഗപ്രവര്‍ത്തികള്‍ അനുഷ്ഠിക്കാനും മാതാവ് അവളോട് മിക്കപ്പോഴും ആവശ്യപ്പെട്ടു. ഫെബ്രുവരി 25-ാം തീയതി പ്രത്യക്ഷപ്പെട്ടപ്പോള്‍ അവള്‍ നില്‍ക്കുന്ന സ്ഥലം കുഴിച്ച് അവിടെനിന്നും വരുന്ന നീരുറവയില്‍നിന്ന് ജലം പാനംചെയ്യാന്‍ മാതാവ് അവളോടു നിർദേശിച്ചു. ഇന്ന് ലൂര്‍ദിലെത്തുന്ന തീർഥാടകർക്ക്അ നുഗ്രഹത്തിന്റെയും അത്ഭുതപ്രവര്‍ത്തനങ്ങളുടെയും സ്രോതസ്സാണ് ഈ നീരുറവയിലെ ജലം. 1860-ല്‍ മെഡിക്കല്‍ ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയ ഏഴിലധികം അത്ഭുതരോഗശാന്തികള്‍ ഇവിടെ നടന്നിട്ടുണ്ട്. എന്നാല്‍ ചില അത്ഭുതരോഗശാന്തികള്‍ എന്നു പറയപ്പെട്ടത് രോഗസൗഖ്യം ആഗ്രഹിച്ച ആളുകളുടെ അഭിലാഷപ്രകടനം മാത്രമാണെന്നു തിരിച്ചറിഞ്ഞ് സഭയും ഗവണ്‍മെന്റ് സംവിധാനങ്ങളും ലൂര്‍ദില്‍ ഇടപെടാന്‍തുടങ്ങി.

മാര്‍ച്ച് 25-ാം തീയതി വചനിപ്പ് തിരുനാളായിരുന്നു. പതിനാറാം തവണ മാതാവ് ബര്‍ണദീത്തായ്ക്കു പ്രത്യക്ഷപ്പെട്ടപ്പോള്‍, താന്‍ അമലോത്ഭവയാണെന്ന വലിയ സത്യം വെളിപ്പെടുത്തി. മാതാവ് പറഞ്ഞതിന്റെ അർഥം ബര്‍ണദീത്തയ്ക്ക് അപ്പോള്‍ മനസ്സിലായില്ല. അടുത്ത തവണ മാതാവ് പ്രത്യക്ഷപ്പെട്ടപ്പോള്‍ ബര്‍ണദീത്ത അവാച്യമായ ആനന്ദനിര്‍വൃതിയില്‍ പരിസരം മറന്നു പ്രാർഥിക്കുകയായിരുന്നു. അവളുടെ കൈയ്യിലിരുന്ന മെഴുകുതിരി ഉരുകിത്തീര്‍ന്ന് കൈയ്യിലിരുന്നു കത്തുന്നതുകണ്ട് അവിടെ കൂടിയിരുന്ന ആളുകള്‍ ബഹളംവച്ചു. ഇതൊക്കെ അറിയാതെ ബര്‍ണദീത്ത അങ്ങനെ പതിനഞ്ചു മിനിറ്റുകൂടി പ്രാര്‍ഥിച്ചു. ബര്‍ണദീത്തായെ പരിശോധിച്ച ഡോ. ഡോസുസ്, അവളുടെ കൈകള്‍ക്കു പൊള്ളലേറ്റില്ല എന്നു മനസ്സിലാക്കി പ്രാര്‍ഥനയ്ക്കുശേഷം ഒരു മെഴുകുതിരി കത്തിച്ച് അവളറിയാതെ കൈ പൊള്ളിക്കാന്‍ ശ്രമിച്ചു. തീപ്പൊള്ളലേറ്റ ബര്‍ണദീത്ത പെട്ടന്നുതന്നെ കൈ പിന്‍വലിക്കുകയും വലിയൊരു ജനക്കൂട്ടം അതിനു സാക്ഷിയാവുകയും ചെയ്തു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ പതിനെട്ടു പ്രാവശ്യമാണ് ബര്‍ണദീത്തയ്ക്കു മാതാവിന്റെ ദര്‍ശനം ലഭിക്കാനുള്ള ഭാഗ്യമുണ്ടായത്.

ബര്‍ണദീത്ത പിന്നീട് ഉപവിയുടെ സന്യാസിനീസമൂഹത്തില്‍ ചേര്‍ന്ന് പ്രാര്‍ഥനയിലും ധ്യാനത്തിലും തന്റെ ശിഷ്ടജീവിതം ചിലവഴിച്ചു. 1899 ഏപ്രില്‍ 16-ന് തന്റെ 35-ാമത്തെ വയസ്സിലാണ് ബര്‍ണദീത്ത മരിക്കുന്നത്. ബര്‍ണദീത്തയുടെ വിശുദ്ധപദവിയിലേക്കുള്ള നാമകരണ നടപടികളുടെ ഭാഗമായി പലപ്രാവശ്യം കല്ലറ തുറന്നു പരിശോധിക്കേണ്ടിവന്നിട്ടുണ്ട്. ഇന്ന് ഫ്രാന്‍സിലെ നേവോര്‍സിലുള്ള ഉപവിസന്യാസികളുടെ മഠത്തിലെ വി. ഗില്‍ഡാഡ് ചാപ്പലില്‍ അവളുടെ ഭൗതികശരീരം അഴുകാതെ നിലനില്‍ക്കുന്നു. 1938-ല്‍ പീയൂസ് 11-ാമന്‍ മാര്‍പാപ്പയാണ് ബര്‍ണദീത്തിനെ വിശുദ്ധയായി പ്രഖ്യാപിച്ചത്.

സഭാതലത്തില്‍ വിശദമായ പഠനത്തിനും സൂക്ഷ്മപരിശോധനകള്‍ക്കുംശേഷമാണ് ലൂര്‍ദിലെ മാതാവിന്റെ പ്രത്യക്ഷപ്പെടലുകള്‍ക്ക് അംഗീകാരം ലഭിച്ചത്. 1870-ല്‍ പീയൂസ് 9-ാമന്‍ മാര്‍പാപ്പ ലൂര്‍ദിലെ പ്രത്യക്ഷപ്പെടലുകള്‍ക്ക് അംഗീകാരം നല്‍കുകയും അവിടെ ദൈവാലയം നിര്‍മ്മിക്കുന്നതിനായി അനുവാദവും സഹായവും നല്‍കുകയുംചെയ്തു. പിന്നീടുവന്ന എല്ലാ മാര്‍പാപ്പാമാരുടെയും മരിയഭക്തിയുടെ ഭാഗമായിരുന്നു ലൂര്‍ദ് മാതാവിനോടുള്ള ആദരം. ജോണ്‍ പോള്‍ 2-ാമന്‍ മാര്‍പാപ്പ മൂന്നുപ്രാവശ്യമാണ് മാര്‍പാപ്പ ആയതിനുശേഷം ലൂര്‍ദ് സന്ദര്‍ശിച്ചിരിക്കുന്നത്.

ഇന്ന് മൂന്നുനിലകളിലുള്ള, അനേകായിരങ്ങള്‍ക്ക് ഒരേസമയം പ്രാർഥിക്കുന്നതിനുള്ള ഒരു ദൈവാലയസമുച്ചയം അവിടെ നിലനില്‍ക്കുന്നു. ഏകദേശം 125 ഏക്കര്‍ സ്ഥലത്ത് രോഗികള്‍ക്കായുള്ള രണ്ട് ആശുപത്രികളോടുകൂടിയുള്ള വിപുലമായ സൗകര്യങ്ങളാണ് തീർഥാടകർക്കായി അവിടെ ഒരുക്കിയിരിക്കുന്നത്. ലക്ഷക്കണക്കിനു രോഗികളാണ് അനുഗ്രഹത്തിനും ആശ്വാസത്തിനുമായി ഓരോ വര്‍ഷവും ലൂര്‍ദിലേക്കെത്തുന്നത്. അവിടെ രേഖപ്പെടുത്തുന്ന അത്ഭുതരോഗശാന്തികളുടെ ആധികാരികത ഉറപ്പാക്കുന്നതിനുവേണ്ടി പാരിസ് കേന്ദ്രമാക്കി ലൂര്‍ദ് ഇന്റര്‍നാഷണല്‍ മെഡിക്കല്‍ കമ്മിറ്റി എന്നൊരു സംഘടന രൂപീകരിച്ചിട്ടുണ്ട്. ലോകപ്രശസ്ത ഡോക്ടര്‍മാരും മറ്റു വിദഗ്ദരുമുള്‍പ്പെട്ട വിവിധ രാജ്യങ്ങളില്‍നിന്നുള്ള 25 പേരുടെ ഒരു സംഘമാണിത്. അവരുടെ അംഗീകാരത്തിനുശേഷം സഭയുടെ കാനോനിക കമ്മീഷന്റെ പരിശോധനകള്‍ക്കുശേഷം, ആ രോഗിയുടെ രൂപതയിലെ ബിഷപ്പാണ് രോഗസൗഖ്യം പരസ്യമാക്കുന്നത്. ഇത്തരത്തിലുള്ള മുന്‍കരുതലുകള്‍ ലൂര്‍ദിന്റെ പേരുപറഞ്ഞു മറ്റുള്ളവരെ കളിപ്പിക്കാനുള്ള പഴുതുകള്‍ അടയ്ക്കാന്‍ സഹായിക്കുന്നു.

ലൂർദിൽ സംഭവിക്കുന്ന അത്ഭുതങ്ങൾക്ക് ആധികാരിക നൽകുന്ന നൂറുകണക്കിന് ഉദാഹരണങ്ങളുണ്ട്. അതിൽ ഒന്നുമാത്രം വിശദമായി ഇവിടെ പ്രതിപാദിക്കാം.

ശരീരശാസ്ത്രത്തിനും വൈദ്യശാസ്ത്രത്തിനും നൽകിയ സംഭാവനകൾ മാനിച്ച് എ.ഡി. 1912-ൽ നൊബേൽ സമ്മാനം ലഭിച്ച ശാസ്ത്രജ്ഞനാണ് അലക്സിസ് കാരൽ. അവയവമാറ്റ ശസ്ത്രക്രിയയെ സഹായിക്കുന്ന പെർഫ്യൂഷൻ പമ്പ്‌ അദ്ദേഹത്തിന്റെ കണ്ടുപിടുത്തമാണ്. ഒരു ഉത്തമ കത്തോലിക്കാ കുടുംബത്തിലാണ് ജനിച്ചതെങ്കിലും സർവകലാശാല പഠനസമയത്ത് യുക്തിവാദിയും നാസ്‌തികനുമായി മാറിയ അലക്സിസ്, വലിയ ശാസ്ത്രീയകണ്ടുപിടുത്തങ്ങൾക്കു കാരണക്കാരനായി. എ.ഡി. 1894-ൽ അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് സാദി കാർനോട്ട് അക്രമിയുടെ കുത്തേറ്റ് രക്തംവാർന്നു മരിച്ചു. ശസ്‌ത്രക്രിയ നടത്തിയ ഡോക്ടർമാർ, അദ്ദേഹത്തിന്റെ മുറിഞ്ഞുപോയ രക്തധമനികൾ തുന്നിച്ചേർക്കുന്നതിൽ പരാജയപ്പെട്ടതാണ് മരണകാരണം. ഇത് ഡോക്ടറായിരുന്ന അലക്സിസിനെ വളരെയധികം ചിന്തിപ്പിച്ചു. അദ്ദേഹം മൃഗങ്ങളിലും മറ്റും ധാരാളം പരീക്ഷണങ്ങൾ നടത്തുകയും പുതിയ ഉപകരണങ്ങൾ കണ്ടുപിടിക്കുന്നതിൽ വിജയിക്കുകയും ചെയ്തു.

ഈ സമയത്താണ് ഫ്രാൻസിലെ ലൂർദിൽ മാതാവ് പ്രത്യക്ഷപ്പെട്ടെന്നും അനുദിനം അനേകം രോഗശാന്തി സംഭവിക്കുന്നുവെന്നും പത്രങ്ങളിൽ വലിയ വാർത്തയാകുന്നത്. ശാസ്ത്രീയമായി പരീക്ഷിച്ചുവിജയിക്കുന്നതുമാത്രം വിശ്വസിച്ചിരുന്ന നാസ്‌തികനായ ഡോ. അലക്‌സിസിന് ഇതിന്റെ നിജസ്ഥിതി അന്വേഷിക്കാനുള്ള കൗതുകമുണ്ടായി. 1902-ൽ അദ്ദേഹത്തിന്റെ സുഹൃത്തായിരുന്ന മറ്റൊരു ഡോക്ടർ ലിയോൺസിൽനിന്നും ലൂർദിലേക്കു യാത്രചെയ്തിരുന്ന അനേകം രോഗികളെ അനുഗമിക്കാനുള്ള ദൗത്യത്തിൽ ഒത്തുചേരാൻ അലക്‌സിസിനെ വിളിക്കുന്നത്. ഇത് ഒരു അവസരമായി കണ്ടുകൊണ്ട് ഡോ. അലക്‌സിസ് അദ്ദേഹത്തെ സഹായിക്കാമെന്നേറ്റു. എന്നാൽ അദ്ദേഹത്തിന്റെ യഥാർഥലക്ഷ്യം ഇതൊക്കെ കെട്ടുകഥയാണെന്ന് തെളിയിക്കുകയായിരുന്നു. യാത്രയിൽ മരീ ബെയ്‌ലി എന്ന സ്ത്രീയെ പരിചയപ്പെട്ടു. ആസ്മരോഗത്തിന്റെ അവസാനഘട്ടത്തിലായിരുന്ന അവർ ലൂർദിൽ എത്തുന്നതിനുമുൻപേ മരിക്കാൻ സാധ്യതയുണ്ടെന്ന് അലക്സിസ് തിരിച്ചറിയുകയും മറ്റുള്ളവരെ അറിയിക്കുകയും ചെയ്തു.

‘ഈ രോഗിണിയെ സുഖപ്പെടുത്താൻ വൈദ്യശാസ്ത്രത്തിനു സാധിക്കുകയില്ല’ എന്നുമാത്രമല്ല അവർ സൗഖ്യംപ്രാപിച്ചാൽ താൻ വിശ്വാസിയാകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ലൂർദിൽചെന്ന അദ്ദേഹം മേരി ഫെറാൻഡിയെ പ്രത്യേകം നിരീക്ഷിച്ചുകൊണ്ടിരുന്നു. ലൂർദിലെ ഗ്രോട്ടോയിലെ അത്ഭുതരോഗശാന്തിക്കു കാരണമാകുന്നു എന്നു പറയപ്പെടുന്ന ജലം അവളുടെമേൽ മൂന്നുപ്രാവശ്യം ഒഴിച്ചു. അത്ഭുതകരമായി ഇവൾ എഴുന്നേറ്റുനടക്കുന്നതിന് ഡോ. അലക്‌സിസ് സാക്ഷിയാകേണ്ടിവന്നു. മാത്രമല്ല, തനിയെ ഭക്ഷണം കഴിക്കാനും പരസഹായമില്ലാതെ ട്രെയിൻ കയറി ലിയോൺസിലേക്ക് അവൾ തിരികെപ്പോവുന്നതിനും അവൾക്കു സാധിച്ചു. എന്നാൽ ഇതുകൊണ്ടും വിശ്വാസം വരാത്ത ഡോ. അലക്‌സിസ് നാലുമാസത്തേക്ക് മരീയെ നിരീക്ഷിക്കുന്നതിനായി ഒരു മനഃശാസ്ത്രജ്ഞനെയും ഡോക്ടറെയും ഏർപ്പാടാക്കി (പിന്നീട് മരീ ഉപവിസന്യാസ സമൂഹത്തിൽ ചേർന്ന് പാവങ്ങളെ ശുശ്രൂഷിക്കുകയും 1937-ൽ തന്റെ അൻപത്തിയെട്ടാം വയസ്സിൽ മരിക്കുകയും ചെയ്തു).

ഈ അത്ഭുതം നേരിട്ടുകണ്ടു ബോധ്യപ്പെട്ട ഡോ. അലക്‌സിസിന്റെ മനഃസാക്ഷി ഇത് അംഗീകരിക്കാൻ അദ്ദേഹത്തെ നിർബന്ധിതനാക്കി. എന്നാൽ തന്റെ ഔദ്യോഗികജീവിതത്തിനും ജോലിക്കും ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. അധികം താമസിയാതെ ഈ അത്ഭുതത്തെക്കുറിച്ചുള്ള വാർത്ത പിന്നീട് പത്രങ്ങളിലൊക്കെ പ്രത്യക്ഷപ്പെട്ടു. ആദ്യകാല റിപ്പോർട്ടുകളിൽ എല്ലാവരും പറയുന്നതുപോലെ ഡോ. അലക്‌സിസ് ഇതിൽ വിശ്വസിക്കുന്നില്ല എന്നതരത്തിലുള്ള വാർത്തകളാണ് വന്നത്. അവസാനം തന്റെ ഭാഗം വിശദീകരിക്കാൻ അദ്ദേഹം നിർബന്ധിതനാവുകയും ‘ലൂർദിലേക്ക് ഒരു പ്രയാണം’ (The Voyage to Lourdes) എന്നപേരിൽ ഇതിനെക്കുറിച്ച് എഴുതുകയും ചെയ്തു (അദ്ദേഹത്തിന്റെ മരണശേഷമാണ് ഇത് പുസ്തകമായി പ്രസിദ്ധീകരിക്കുന്നത്).

ഫ്രാൻസിലെ അന്നത്തെ സാഹചര്യത്തിൽ തനിക്ക് ഒരു ഡോക്ടറായി ജോലിചെയ്യാൻ സാധിക്കില്ല എന്നു തിരിച്ചറിഞ്ഞ ഡോ. അലക്‌സിസ് കൃഷിചെയ്തും പശുവിനെ വളർത്തിയും ജീവിക്കാമെന്ന ലക്ഷ്യത്തോടെ കാനഡയിലേക്കു കുടിയേറി. അവിടെ ആയിരിക്കുമ്പോൾ അമേരിക്കയിലെ ചിക്കാഗോ യൂണിവേഴ്സിറ്റിയിലും തുടർന്ന് റോക്ഫെല്ലർ മെഡിക്കൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലും ജോലിചെയ്യാനുള്ള അവസരം ലഭിക്കുകയുംചെയ്തു. അധികം താമസിയാതെ അദ്ദേഹത്തിലെ ശാസ്ത്രപ്രതിഭയെ ലോകം തിരിച്ചറിയുകയും നൊബേൽ സമ്മാനമുൾപ്പെടെയുള്ള അനേകം അംഗീകാരങ്ങളും ഡോക്ടറേറ്റുകളും തേടിയെത്തുകയും ചെയ്തു.

ശാസ്ത്രലോകത്തെ ഔന്നത്യത്തിന്റെ പടവുകൾ കയറിയപ്പോഴും അദ്ദേഹം ലൂർദിനോടുള്ള അഭിനിവേശം കൈവെടിഞ്ഞില്ല. അതുകൊണ്ടുതന്നെ രണ്ടാമതൊരു അത്ഭുതം ദർശിക്കുന്നതിനുള്ള അവസരംകൂടി അദ്ദേഹത്തിനു കൈവന്നു. പതിനെട്ടു മാസം മാത്രം പ്രായമുള്ള അന്ധനായ ഒരു ആൺകുട്ടി തന്റെ കണ്മുൻപിൽ വച്ചുതന്നെ കാഴ്ചപ്രാപിക്കുന്ന അത്ഭുതമായിരുന്നു അത്. 1942-ൽ അദ്ദേഹം, താൻ ദൈവത്തിലും മനുഷ്യത്മാക്കളുടെ നിത്യതയിലും കത്തോലിക്കാ സഭാപഠനങ്ങളിലും വിശ്വസിക്കുന്നുവെന്ന് പരസ്യമായി പ്രഖ്യാപിച്ചു. 1944 നവംബർ 5-നു മരിക്കുന്നതിനുമുൻപായി ഒരു പുരോഹിതനെ വരുത്തി അന്ത്യകൂദാശ സ്വീകരിക്കുകയും ചെയ്തു.

ലൂർദ് എന്ന മരിയൻ തീർഥാടനകേന്ദ്രത്തിൽ അനുദിനം സംഭവിക്കുന്ന അനേകം അത്ഭുതങ്ങളിൽ രണ്ടെണ്ണം മാത്രമാണ് ഡോ. അലക്സിസ് എന്ന വലിയ ശാസ്ത്രജ്ഞനിലൂടെ ലോകത്തിനു വെളിവാക്കപ്പെട്ടത്. എല്ലാ ദിവസവും സന്ധ്യയ്ക്കു നടക്കുന്ന ഭക്തിസാന്ദ്രമായ ജപമാല പ്രദക്ഷിണത്തിൽ വിവിധ രാജ്യക്കാരും ഭാഷക്കാരുമായ ആയിരക്കണക്കിനാളുകൾ ദീപശിഖകളേന്തി കൊന്ത ചൊല്ലിക്കൊണ്ടു പങ്കുചേരുന്നു. എല്ലാറ്റിലുമുപരിയായി ലൂര്‍ദ് ഇന്ന് വലിയൊരു പ്രാര്‍ഥനാകേന്ദ്രമാണ്. അനേകലക്ഷങ്ങള്‍ അവിടയെത്തി മാനസാന്തരപ്പെട്ട് കുമ്പസാര കൂദാശയിലൂടെയും വിശുദ്ധ കുര്‍ബാനസ്വീകരണത്തിലൂടെയും പുണ്യപൂര്‍ണ്ണത പ്രാപിക്കുന്നു.

ലൂർദിലെ നിരത്തുകളിൽ ശ്രദ്ധിച്ചുനോക്കിയാൽ കാണുന്ന നീലവര, തീർഥാടകരെ നാലു പ്രധാന പുണ്യസ്ഥലങ്ങളിലേക്കു നയിക്കും. വി. ബർണദീത്തായുടെ ഇടവക ദൈവാലയം, അവളും കുടുംബവും ജീവിച്ച ഒറ്റമുറി വീട്, പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്ന ഗ്രോട്ടോ, ബർണദീത്ത ആദ്യകുർബാന സ്വീകരിച്ച ആശുപത്രിച്ചാപ്പൽ എന്നിവയാണ് ആ നാലു സ്ഥലങ്ങൾ.

എപ്പോഴും തീര്‍ഥാടകര്‍ക്ക് ഇവിടെ ആത്മീയസേവനങ്ങള്‍ ലഭിക്കും. വി. ബര്‍ണദീത്ത ദൈവം തിരഞ്ഞെടുത്ത ഒരു ഉപകരണമായിരുന്നു. ദൈവമാതാവ് ബര്‍ണദീത്തയോട് ആവശ്യപ്പെട്ട പ്രധാനപ്പെട്ട ഒരു കാര്യം പാപികളുടെ മാനസാന്തരത്തിനായി നിരന്തരമായി പ്രാർഥിക്കുക എന്നതായിരുന്നു. വിശുദ്ധിയില്‍ ജീവിക്കാന്‍ നാം പരിശ്രമിക്കുന്നതുപോലെ തന്നെ അനേകരെ ദൈവത്തിന്റെ വിശുദ്ധിയിലേക്ക് ആനയിക്കുന്നതിന് നിരന്തരമായി പ്രാർഥിക്കുകയും പരിശ്രമിക്കുകയും ചെയ്യേണ്ടവരാണ് നമ്മളെന്ന് പരിശുദ്ധ അമ്മ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.