‘എന്റെ ലോകം ഒരു റഷ്യന്‍ മിസൈല്‍ നശിപ്പിച്ചു’; യുദ്ധത്തില്‍ അമ്മയെയും ഭാര്യയെയും മകളെയും നഷ്ടപ്പെട്ട യുവാവിന്റെ വിലാപം

അവശ്യസാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ പോയപ്പോഴാണ് യൂറി ഗ്ലോഡന്‍ സ്ഫോടന വാര്‍ത്തയറിഞ്ഞത്. തിരികെ വീട്ടിലേക്ക് ഓടിയെത്തിയപ്പോള്‍, തന്റെ ഫ്ളാറ്റുള്‍പ്പെടുന്ന കെട്ടിടം അഗ്നിക്കിരയാകുന്ന കാഴ്ചയാണ് യൂറി കണ്ടത്.

കത്തുന്ന കെട്ടിടത്തിനുള്ളിലേക്ക് കയറാന്‍ തന്നെ അനുവദിക്കണമെന്ന് അദ്ദേഹം പോലീസിനോട് നിലവിളിച്ചു പറഞ്ഞു. കാരണം അദ്ദേഹത്തിന്റെ കുടുംബം ആ ഫ്‌ളാറ്റില്‍ ഉണ്ടായിരുന്നു. പക്ഷേ, ഫ്‌ളാറ്റില്‍ എത്തിയപ്പോള്‍ അദ്ദേഹം കണ്ടത് റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭാര്യയുടെയും അമ്മയുടെയും മൃതദേഹങ്ങള്‍ മാത്രമാണ്. മൂന്നു മാസം പ്രായമുള്ള യൂറിയുടെ കുഞ്ഞ്, കിരയുടെ മൃതദേഹം പിന്നീടാണ് കണ്ടെത്തിയത്. പ്രസ്തുത മിസൈല്‍ ആക്രമണത്തില്‍ വേറെ അഞ്ച് പേര്‍ കൂടി കൊല്ലപ്പെട്ടു.

ഒരു കുടുംബത്തിലെ മൂന്ന് തലമുറയുടെ മരണം. രണ്ട് മാസത്തെ യുദ്ധത്താല്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് ഇതിനകം തന്നെ റഷ്യക്കെതിരെ ഉക്രേനിയക്കാരിൽ രോഷവും വെറുപ്പും സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. വളരെയധികം അസ്വസ്ഥതയോടെയും കണ്ണീരോടെയുമാണ്, പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി ഈ കുടുംബം നേരിട്ട ദുരന്തത്തെക്കുറിച്ച്, പ്രത്യേകിച്ച് ബേബി കിരയുടെ കൊലപാതകത്തെക്കുറിച്ച്, രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിച്ച വീഡിയോയില്‍ പറഞ്ഞത്.

“മൂന്നു മാസം മാത്രം പ്രായമുള്ള ആ കുട്ടി എങ്ങനെയാണ് റഷ്യയെ ഭീഷണിപ്പെടുത്തിയത്? കുട്ടികളെ കൊല്ലുന്നത് റഷ്യന്‍ ഫെഡറേഷന്റെ ഒരു പുതിയ ദേശീയനയം മാത്രമാണെന്നു തോന്നുന്നു” – സെലെന്‍സ്‌കി പറഞ്ഞു. ആക്രമണം ആസൂത്രണം ചെയ്ത് നടപ്പാക്കിയവരെ അദ്ദേഹം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

ഭാര്യയേയും അമ്മയേയും മകളേയും സംസ്‌കരിച്ച ശേഷം തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് എന്തെങ്കിലുമൊക്കെ വീണ്ടെടുക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കാന്‍ യൂറി വീണ്ടും ഫ്‌ളാറ്റിലെത്തി. ഫോട്ടോ ആല്‍ബങ്ങള്‍, ഭാര്യയുടെ പഞ്ചസാര സാച്ചെറ്റ് ശേഖരം, കൈയ്യെഴുത്ത് കുറിപ്പുകള്‍, തന്റെ കുഞ്ഞിന്റെ കളിപ്പാട്ടത്തിന്റെ കഷണങ്ങള്‍ എന്നിവ അദ്ദേഹം അവിടെ നിന്ന് കണ്ടെത്തി.

“ഞാന്‍ സാധനങ്ങള്‍ ഫ്‌ളാറ്റിറ്റില്‍ ഉപേക്ഷിച്ചാല്‍ അത് മാലിന്യമായി മാറും. ആളുകള്‍ അത് വലിച്ചെറിയും. പകരം എന്റെ ഓര്‍മ്മകള്‍ക്കായി അവ സൂക്ഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു” – യൂറി പറഞ്ഞു.

ഒമ്പതു വര്‍ഷം നീണ്ട ദാമ്പത്യമായിരുന്നു യൂറി-വലേറി ദമ്പതികളുടേത്. “എല്ലാത്തിലും സന്തോഷം കണ്ടെത്തിയിരുന്ന വ്യക്തിയായിരുന്നു വലേറി. അവളുടെ പ്രിയപ്പെട്ട നഗരമായിരുന്നു ഒഡേസ. അവിടെ അവള്‍ ജോലി ചെയ്തിരുന്നു. ധാരാളം ആളുകളുമായി ആശയവിനിമയം നടത്താനും അവരെ മനസ്സിലാക്കാനും അവള്‍ക്ക് കഴിവുണ്ടായിരുന്നു; അവള്‍ നല്ല എഴുത്തുകാരിയുമായിരുന്നു.

അവള്‍ ഒരു മികച്ച അമ്മയായിരുന്നു, സുഹൃത്തായിരുന്നു, എല്ലാ മികച്ച ഗുണങ്ങളും ഉള്ളവളായിരുന്നു. വലേറിയയെപ്പോലെ മറ്റൊരാളെ കണ്ടെത്തുന്നത് എനിക്ക് അസാധ്യമായിരിക്കും. കാരണം അവള്‍ എല്ലാം തികഞ്ഞവളായിരുന്നു. അത്തരമൊരു വ്യക്തിയെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ ലഭിക്കൂ. അവള്‍ ഒരു സമ്മാനമായിരുന്നു” – യൂറി തന്റെ ഭാര്യയെക്കുറിച്ച് വാതോരാതെ പറഞ്ഞു.

യുദ്ധം ആരംഭിക്കുന്നതിന് ഒരു മാസം മുമ്പ് ജനുവരി അവസാനത്തിലാണ് കിര ജനിച്ചത്. തന്റെ ആദ്യത്തെ കുഞ്ഞിന്റെ ജനനത്തിനു ശേഷം താന്‍ ‘ഒരു പുതിയ തലത്തിലുള്ള സന്തോഷത്തിലേക്കും ജീവിതത്തിലേക്കും പ്രവേശിക്കുകയാണ്’ എന്ന് വലേറിയ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നതായി യൂറി ഓര്‍ക്കുന്നു. “അവള്‍ ജനിച്ചപ്പോള്‍ ഞങ്ങള്‍ വളരെ സന്തോഷത്തിലായിരുന്നു” – അദ്ദേഹം പറയുന്നു.

“ഇന്ന് എന്റെ അമ്മയും മകളും ഭാര്യയും ഇവിടെ ഇല്ലെന്ന് എനിക്ക് മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും വളരെ ബുദ്ധിമുട്ടാണ്. ഇന്നലെ എന്റെ ലോകം മുഴുവന്‍ റഷ്യന്‍ മിസൈല്‍ കൊണ്ട് നശിപ്പിച്ചു” – തന്റെ കുടുംബത്തിന് എന്താണ് സംഭവിച്ചതെന്ന് ലോകം അറിയണമെന്ന് ആഗ്രഹിക്കുന്നതിനാലാണ് മനോവ്യഥയുടെ പാരമ്യത്തില്‍ നില്‍ക്കുമ്പോഴും ഇപ്പോള്‍ ഇതെല്ലാം താന്‍ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

കീര്‍ത്തി ജേക്കബ്

കീർത്തി ജേക്കബ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.