കുട്ടികൾക്ക് ചെറിയ പണി; പ്രായമായവർക്ക് അൽപം സന്തോഷവും: വ്യത്യസ്ത സേവനവുമായി കുഞ്ഞുമാലാഖമാർ

കുഞ്ഞുകുട്ടികൾ എപ്പോഴും നമ്മുടെ സന്തോഷത്തിന് കാരണമാണ്. അവരുടെ കളിയും ചിരിയും നമ്മുടെ ഉള്ളിലെ ഏതു സമ്മർദ്ദത്തെയും മാറ്റാൻ പോകുന്ന മരുന്നായി മാറുന്നു. നിഷ്കളങ്കതയുടെ പ്രതിരൂപമായ കുഞ്ഞുങ്ങളുടെ ഈ സാധ്യതകളെ ഉപയോഗപ്പെടുത്തുകയാണ് ജപ്പാനിലെ ഒരു നഴ്‌സിംഗ് ഹോം അധികൃതർ. ഇവർ കുഞ്ഞുങ്ങളെ ജോലിക്കാരായി നിയമിക്കുന്നു. നാലു വയസിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങളെയാണ് ഈ നഴ്‌സിംഗ് ഹോമിൽ ജോലിക്കായി എടുക്കുന്നത്.

കുഞ്ഞുങ്ങൾക്കു ജോലിയോ? അതെ. ആയാസകരമായ ജോലിയാണ് ഇതെന്ന് കരുതണ്ട. കുഞ്ഞുങ്ങൾ അവരുടെ വീട്ടിൽ ആയിരിക്കുന്നതുപോലെ തന്നെ ഇവിടെയും ആയിരിക്കാം. കളിക്കണ്ടപ്പോൾ കളിക്കാം, ഉറക്കം വരുമ്പോൾ ഉറങ്ങാം, അവരുടെ ഭക്ഷണസമയത്ത് ഭക്ഷണം കൊടുക്കാം. അവർക്കു ചുറ്റും ഈ നഴ്‌സിംഗ് ഹോമിലെ അന്തേവാസികൾ ഉണ്ടാകുമെന്നു മാത്രം. കുഞ്ഞുങ്ങളുടെ അമ്മമാർക്കും ഇവിടെ കുട്ടികൾക്കൊപ്പം നിൽക്കാൻ കഴിയും. അവർ ചെയ്യേണ്ട ഏക കാര്യം ഈ അന്തേവാസികളുടെ കൂടെ ആയിരിക്കുക എന്നതു മാത്രമാണ്. ആദ്യം വ്യത്യസ്തമെന്നു തോന്നിയെങ്കിലും പരസ്യം കണ്ട് മുപ്പതോളം കുഞ്ഞുങ്ങളെയാണ് മാതാപിതാക്കൾ ഈ കെയർ ഹോമിൽ എത്തിച്ചത്.

ഇവിടെ കുട്ടികള്‍ക്കൊപ്പം പ്രായമായ ആളുകളും കളിചിരികളുമായി ചേരുന്നു. ഫലമോ, അതുവരെ മിണ്ടാനോ, സമൂഹവുമായി ഇടപെടാനോ ഇഷ്ടപ്പെടാതിരുന്ന പല പ്രായമായ ആളുകളും ചെലവഴിക്കാനും അവരുടെ കുസൃതികള്‍ ആസ്വദിക്കാനും തുടങ്ങി. കുട്ടികളോടൊപ്പം ചിലവഴിക്കുന്ന സമയം പ്രായമായവരുടെ മാനസികമായ സന്തോഷം വർദ്ധിക്കുന്നതായും അത് അവരുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നതായും നഴ്‌സിംഗ് ഹോം അധികൃതർ നിരീക്ഷിച്ചു. നിരാശയുടെ വക്കിലായിരുന്ന പല വൃദ്ധരിലും പ്രതീക്ഷയുടെ തിരിനാളങ്ങള്‍ മിന്നിത്തുടങ്ങി.

പലരും രാവിലെ തന്നെ കുട്ടികളുടെ വരവും പ്രതീക്ഷിച്ചിരിക്കാൻ തുടങ്ങി. തങ്ങൾക്കും കാത്തിരിക്കാന്‍ ആരെങ്കിലുമുണ്ടെന്ന തോന്നൽ ഈ പ്രായമായ ആളുകളിൽ ഉണ്ടാക്കാന്‍ കുഞ്ഞുങ്ങൾക്കു സാധിച്ചു. അത് പ്രായമായ ആളുകൾക്ക് മാനസികവും ശാരീരികവുമായ സൗഖ്യം പകർന്നു. ഈ വലിയ മാറ്റം കണ്ട് അത്ഭുതപ്പെട്ട് അധികൃതർ മറ്റു സ്ഥലങ്ങളിലും ഈ ആശയം നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.