‘ഞങ്ങളുടെ മഠങ്ങൾ അഭയാർത്ഥി ക്യാമ്പുകൾ’ – ഉക്രൈനിൽ നിന്നും സന്യാസിനിമാർ

വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ഉക്രൈനിൽ യുദ്ധത്തിന്റെ കെടുതിയിൽ കുടിയിറക്കപ്പെട്ട കുടുംബങ്ങൾക്ക് ആതിഥ്യമരുളുകയാണ് സെന്റ് ജോസഫ് സന്യാസിനീ സമൂഹത്തിലെ സന്യാസിനിമാർ. ദശലക്ഷക്കണക്കിന് ആളുകൾക്ക് തങ്ങളുടെ ജീവൻ രക്ഷിക്കാൻ അവരുടെ വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിവന്നു. UNHCR- ന്റെ സമീപകാല കണക്കുകൾ പ്രകാരം, ഏകദേശം നാല് ദശലക്ഷം ആളുകൾ അയൽ രാജ്യങ്ങളിലേക്ക് കടന്നിട്ടുണ്ട്. ആറര ദശലക്ഷത്തിലധികം ആളുകൾ രാജ്യത്തിനകത്ത് കുടിയൊഴിപ്പിക്കപ്പെട്ടതായി കരുതപ്പെടുന്നു.

“ഞങ്ങളുടെ മഠങ്ങളുടെ എല്ലാ സ്ഥലങ്ങളിലും കിടക്കകളിലും തറയിലെ മെത്തകളിലുമായി ആളുകൾ ഉണ്ട്. കുളിക്കാനും ചൂടുള്ള ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും അവസരമൊരുക്കിയതിന് അവർ വളരെ നന്ദിയുള്ളവരാണ്. ചിലർ ബേസ്‌മെന്റുകളിലോ എയർ റെയ്‌ഡ് ഷെൽട്ടറുകളിലോ ദിവസങ്ങളായി താമസിക്കുന്നുണ്ട്. യുദ്ധം മൂലം പ്രയാസമനുഭവിക്കുന്ന അഭയാർത്ഥികളെയും നാട്ടുകാരെയും ഞങ്ങൾ സഹായിക്കുന്നു” – സെന്റ് ജോസഫ് കോൺഗ്രിഗേഷനിൽ നിന്നുള്ള സിസ്റ്റർ തോബിയാസ പറയുന്നു.

ഈ സന്യാസിനിമാർ അവരുടെ ലിവിവിലെ ആശ്രമത്തിൽ അഭയാർത്ഥികൾക്കായി ഒരു ട്രാൻസിറ്റ് പോയിന്റ് സ്ഥാപിച്ചു. പോളണ്ടിൽ അഭയാർത്ഥികളായ കുടുബാംഗങ്ങളെ കണ്ടെത്താനും അവരുമായി ബന്ധപ്പെടാനും ഈ സഹോദരിമാർ സഹായിക്കുന്നു. ഇവിടെ പല സന്യാസ ഭവനങ്ങളും അഭയകേന്ദ്രങ്ങളായി മാറിയിരിക്കുന്നു. “ഞങ്ങളുടെ മറ്റൊരു കോൺവെന്റിൽ, രണ്ട് കുട്ടികളുള്ള ഒരു കുടുംബത്തിന് ആതിഥ്യമരുളാൻ ഒരു മുറിതന്നെ കൊടുത്തിരിക്കുകയാണ്. സ്വദേശികളും വിദേശികളുമായ നിരവധിപ്പേരുടെ സഹായത്തോടെ അവിടെ അവർക്കായി വാഷിംഗ് മെഷീൻ, റഫ്രിജറേറ്റർ, കിടക്കകൾ എന്നിവ വാങ്ങുവാൻ കഴിഞ്ഞു. ആൺകുട്ടികളിൽ ഒരാൾ രോഗിയാണ്, പ്രത്യേക പരിചരണവും ഭക്ഷണവും ആവശ്യമാണ്,” -സിസ്റ്റർ വെളിപ്പെടുത്തി.

ഉക്രൈനിലെ ഈ പ്രയാസകരമായ യുദ്ധസമയത്ത് സേവിക്കാനും സഹായിക്കാനും കഴിയുന്നതിൽ ഈ സന്യാസിനിമാർ ദൈവത്തിന് നന്ദി പറയുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.