ആഫ്രിക്കയിലെ പാവങ്ങൾക്കുവേണ്ടി ജീവിക്കുന്ന ഒരു നോത്ര ദാം സന്യാസിനി

സി. സൗമ്യ DSHJ

ഇവിടെയൊക്കെ വിവിധ ഗോത്രങ്ങളാണ് ഉള്ളത്. അവർക്ക് സമ്പത്തായി ആകെയുള്ളത് കന്നുകാലികൾ മാത്രമാണ്. അവയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുനടന്ന് പരിപാലിക്കുകയാണ് പ്രധാനമായും ഇവർ ചെയ്യുന്നത്… ഇവരുടെ ഇടയിലാണ് 19 വർഷങ്ങളായി ഈ നോത്രദാം സന്യാസിനിമാർ ശുശ്രൂഷ ചെയ്യുന്നത്. തുടർന്നു വായിക്കുക. 

19 വർഷങ്ങളായി ആഫ്രിക്കയില്‍ മിഷനറിയായിരുന്നു സി. റോഷ്നി പൊരിയത്ത് എന്ന നോത്ര ദാം സന്യാസിനി. ആഫ്രിക്കയിലെ പാവപ്പെട്ട ആളുകളുടെ കൂടെ ആയിരുന്നുകൊണ്ട് അവര്‍ക്ക് വിദ്യാഭ്യാസവും ധാര്‍മ്മിക മൂല്യങ്ങളും പകര്‍ന്നു നല്‍കി. ആഫ്രിക്കയില്‍ നിന്നുള്ള സന്യാസാര്‍ത്ഥിനികളുടെ പരിശീലകയായും കൗൺസിലറായും സേവനം ചെയ്തിട്ടുള്ള സിസ്റ്റര്‍ തന്റെ മിഷന്‍ അനുഭവങ്ങള്‍ ലൈഫ് ഡേയുമായി പങ്കുവയ്ക്കുകയാണ്‌.

ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് മിഷനറിയായി

നോത്ര ദാം സന്യാസിനീ സമൂഹം 1992 -ലാണ് ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് മിഷൻ പ്രവർത്തനങ്ങൾക്കായി കടന്നുവരുന്നത്. ടാൻസാനിയ, ഉഗാണ്ട, കെനിയ എന്നീ രാജ്യങ്ങളിൽ ഇവർ തങ്ങളുടെ സേവനങ്ങൾ ചെയ്തുവരുന്നു. ടാൻസാനിയയിൽ ആളുകളുടെ വിദ്യാഭ്യാസമൊക്കെ വളരെ പിന്നോക്കാവസ്ഥയിലായിരുന്നു. വിദ്യാഭ്യാസത്തിന് ഗവണ്മെന്റിന്റെ ഭാഗത്തു നിന്നും വേണ്ടത്ര പ്രാധാന്യം കൊടുത്തിരുന്നില്ല. ടാൻസാനിയയിലെ അരുഷ രൂപതയുടെ ബിഷപ്പാണ് ആ രാജ്യത്തേക്ക് കടന്നുചെല്ലാനും സ്‌കൂളുകളിൽ സഹായിക്കാനുമായി ഈ സിസ്റ്റേഴ്സിനെ ആദ്യമായി ക്ഷണിക്കുന്നത്. അവിടെ ചെല്ലുമ്പോൾ അവിടുത്തെ ആളുകളുടെ അവസ്ഥ വളരെയധികം ദുരിതപൂർണ്ണമായിരുന്നു. ആകെക്കൂടി ഉണ്ടായിരുന്ന ഹോസ്റ്റൽ, പശുക്കൂട് പോലെ തോന്നിക്കുന്ന രീതിയിലായിരുന്നു.

ഹോസ്റ്റലിലുള്ള പെൺകുട്ടികൾ രാത്രിയിൽ ഓടിപ്പോകുകയും ധാർമ്മികമൂല്യങ്ങൾക്ക് ഒട്ടും പ്രധാന്യം കൊടുക്കാതെ ജീവിക്കുകയും ചെയ്യുന്ന ഒരു സാഹചര്യമാണ് നിലവിലുണ്ടായിരുന്നത്. ഈ സന്യാസിനിമാർ അവിടെ ചെന്ന ആദ്യനാളുകളിൽ വളരെ കഠിനാദ്ധ്വാനം ചെയ്തു. പത്തു വർഷങ്ങളിലെ പ്രവർത്തനങ്ങൾക്ക് ശേഷമാണ് അവിടെ ഉണ്ടായിരുന്ന സ്‌കൂൾ വളരെ നല്ലൊരു സ്‌കൂളാക്കി മാറ്റാൻ ഇവർക്ക് കഴിഞ്ഞത്.

തുടക്കത്തിൽ, രൂപതയുടെ സ്‌കൂളിലായിരുന്നു ഈ സന്യാസിനിമാർ സേവനം ചെയ്തിരുന്നത്. പിന്നീട് സിസ്റ്റേഴ്സ് 2002 -ൽ മറ്റൊരു സ്‌കൂൾ തുടങ്ങി. ആദ്യം സ്‌കൂൾ കെട്ടിടമൊന്നും ഇല്ലാതിരുന്നതിനാൽ ഗോഡൗണിലായിരുന്നു സ്‌കൂൾ തുടങ്ങിയത്. പിന്നീട് അവിടെയുള്ള ആളുകളുടെയും സിസ്റ്റേഴ്സിന്റെയും സഹകരണത്തോടെയാണ് സ്‌കൂൾ കെട്ടിടം പണി പൂർത്തിയാക്കിയത്. ഇപ്പോൾ ആ സ്‌കൂൾ, ഹൈസ്‌കൂൾ തലം വരെ എത്തിനിൽക്കുന്നു. ഇപ്പോൾ ടാൻസാനിയായിൽ തന്നെ ഇവരുടേതായി അഞ്ചോളം സ്‌കൂളുകളുണ്ട്.

അമേരിക്കയിൽ നിന്നുള്ള നോത്ര ദാം സിസ്റ്റേഴ്സ് ആണ് ഉഗാണ്ടയിൽ മിഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചത്. അവർ 2004 -ൽ കെനിയയിൽ ചെല്ലുകയും അവിടുത്തെ ആവശ്യാനുസരണം 2005 -ൽ അവിടെ ഒരു സ്‌കൂൾ ആരംഭിക്കുകയും ചെയ്തു. ഈ സ്‌കൂളുകളിൽ നല്ല മൂല്യങ്ങൾ പങ്കുവയ്ക്കാനും ഈ സന്യാസിനിമാർ പ്രത്യേകശ്രദ്ധ ചെലുത്തി. അതിന്റെ ഫലമായി അവിടുത്തെ ആളുകൾ ധാർമ്മിക മൂല്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൊടുത്തു തുടങ്ങി.

കെനിയക്കാർ ഇംഗ്ലീഷ് സംസാരിക്കുന്നവരാണ്. അതിനാൽ സി. റോഷ്നിക്കും കൂടെയുള്ളവർക്കും ഭാഷ വലിയ പ്രശ്നമായിരുന്നില്ല. ടാൻസാനിയയിൽ സ്വാഹിലി ഭാഷയാണ് അവർ ഉപയോഗിക്കുന്നത്. വിദ്യാഭ്യാസത്തോടൊപ്പം പാഠ്യേതരപ്രവർത്തനങ്ങളും കുട്ടികളിൽ വളർത്തിയെടുക്കാൻ ഇവർക്ക് സാധിച്ചു.

“ചില കുട്ടികൾ സ്‌കൂളുകളിൽ നിന്നും ലഭിക്കുന്ന നല്ല പരിശീലനത്തിന്റെ ഫലമായി തങ്ങളുടെ വീടുകളിൽ ചെന്ന് മാതാപിതാക്കളെയും മറ്റും പ്രാർത്ഥിക്കാൻ പഠിപ്പിക്കുന്നു. അതുപോലെ അവർ പഠിച്ച മറ്റു നല്ല കാര്യങ്ങളും പഠിപ്പിക്കുന്നു. സന്യാസിനിമാരുടെ പരിശീലനത്തിന്റെ ഫലമായി കുട്ടികൾ ഇപ്പോൾ പ്രാർത്ഥിച്ചതിനു ശേഷമേ ഭക്ഷണം കഴിക്കുകയുള്ളൂ. അങ്ങനെയുള്ള നല്ല ശീലങ്ങൾ അവർ വീടുകളിലും ശീലിക്കാൻ തുടങ്ങി” – സി. റോഷ്‌നി ലൈഫ് ഡേയോട് പറഞ്ഞു.

ഉൾപ്രദേശങ്ങളിൽ വെളിച്ചം പകർന്നവർ

ഈ സന്യാസിനിമാർ വളരെ ഉൾപ്രദേശങ്ങളിലുള്ള ആളുകളുടെ അടുക്കലേക്കാണ് തങ്ങളുടെ പ്രവർത്തങ്ങൾക്കായി കടന്നുചെന്നത്. സമൂഹത്തിൽ വളരെ താഴേക്കിടയിൽ ജീവിക്കുന്ന ആളുകളുടെ സമുദ്ധാരണത്തിനു വേണ്ടി പ്രവർത്തിച്ചു. ഇവിടെയൊക്കെ വിവിധ ഗോത്രങ്ങളാണ് ഉള്ളത്. അവർക്ക് സമ്പത്തായി ആകെയുള്ളത് കന്നുകാലികൾ മാത്രമാണ്. അവയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുനടന്ന് പരിപാലിക്കുകയാണ് പ്രധാനമായും ഇവർ ചെയ്യുന്നത്. അങ്ങനെ ഒരിടത്തു നിന്നും മറ്റിടങ്ങളിലേക്ക് ഇവർ നീങ്ങിക്കൊണ്ടിരിക്കും. അവരുടെ സംസ്കാരം കാത്തുസൂക്ഷിക്കാനായി മക്കളെയൊക്കെ നാലു വയസാകുമ്പോൾ മുതൽ പശുക്കളെ പരിപാലിക്കാനായി അവയുടെ കൂടെ അയക്കും. ഇവർക്കൊക്കെ പലപ്പോഴും നല്ല ഭക്ഷണം പോലും ലഭിക്കുകയില്ല.

വസ്ത്രമായിട്ട് ശരീരത്തിൽ ആകെയുള്ളത് ഒരു കഷണം തുണി മാത്രമായിരിക്കും. ഇങ്ങനെയുള്ള ഗോത്രത്തിലെ ആളുകൾക്ക് വിദ്യാഭ്യാസം കൊടുക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. കന്നുകാലികളെ മേയ്ക്കാനുള്ളതു കൊണ്ട് മാതാപിതാക്കൾ മക്കളെ സ്‌കൂളുകളിലേക്ക് അയക്കുകയില്ല.

ഈ കുട്ടികൾക്ക് വിദ്യാഭ്യാസം കൊടുക്കാൻ ആദ്യം ചെയ്യേണ്ടത് മാതാപിതാക്കളെ ബോധവത്‌കരിക്കുകയാണ്. അങ്ങനെ അവരെ ബോധവത്‌കരിക്കാൻ സാധിച്ചതു മൂലമാണ് അവിടുത്തെ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാൻ കഴിഞ്ഞത്. അതിനായി ഈ സന്യാസിനിമാർക്ക് വളരെയേറെ പരിശ്രമിക്കേണ്ടി വന്നു. അങ്ങനെ അവർക്കു വേണ്ടി ഈ സന്യാസിനിമാർ ഒരു സ്‌കൂൾ തുടങ്ങി.

സ്‌കൂൾ തുടങ്ങിക്കഴിഞ്ഞപ്പോൾ ഗവണ്മെന്റിന്റെ ഭാഗത്തു നിന്നും ചെറിയ ചെറിയ സഹായങ്ങൾ ലഭിക്കാൻ തുടങ്ങി. ജർമ്മനിയിലെ ഇവരുടെ സിസ്റ്റേഴ്സ് മുഖാന്തിരം ജർമ്മനിയിൽ നിന്നും യുവജനങ്ങൾ വന്ന് സ്‌കൂൾ നിർമ്മിക്കാൻ സഹായിക്കുകയും ചെയ്തു. അതൊരു തുടക്കമായിരുന്നു. എല്ലാ വർഷവും ഒന്നോ, രണ്ടോ ക്‌ളാസ് മുറികൾ പണിത് ഇപ്പോൾ അത് വലിയ സ്‌കൂളായി മാറി. ഇന്ന് മുന്നൂറോളം കുട്ടികൾ പഠിക്കുന്ന ഈ സ്‌കൂളിൽ മികച്ച വിജയശതമാനവും ഉണ്ട്.

ആഫ്രിക്കയിൽ നിന്നുള്ള സന്യാസാർത്ഥിനികളുടെ പരിശീലകയായി

വർഷങ്ങളായി ആഫ്രിക്കയിലെ സന്യാസാർത്ഥിനികളെ സന്യാസരൂപീകരണത്തിനു സഹായിക്കുന്ന വ്യക്തി കൂടിയാണ് സി. റോഷ്‌നി. ആഫ്രിക്കയിൽ വന്നതിനു ശേഷം അവിടെ നിന്നും സന്യാസത്തിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന പെൺകുട്ടികൾക്കു വേണ്ട പരിശീലനം നൽകുന്ന സിസ്റ്റർ അവർക്ക് അടിസ്ഥാന വിശ്വാസപരിശീലനം മുതൽ നൽകേണ്ടിയിരുന്നു. പറഞ്ഞുകൊടുക്കുന്ന കാര്യങ്ങൾ മനസിലാക്കി കഴിഞ്ഞാൽ വളരെ നല്ല മനുഷ്യരാണ് അവർ. അതുകൊണ്ടു തന്നെ പല കാര്യങ്ങളും പഠിപ്പിക്കാനും പരിശീലിപ്പിക്കാനും വളരെ എളുപ്പമാണ്. ആദ്യം കുറച്ചു ബുദ്ധിമുട്ടാണെങ്കിലും മനസിലാക്കി കഴിഞ്ഞാൽ അവർ അക്കാര്യങ്ങൾ ജീവിതത്തിൽ പ്രവർത്തികമാക്കുന്നവരാണ്.

ഇപ്പോൾ എഴുപതോളം ആഫ്രിക്കൻ സിസ്റ്റേഴ്സ് ഉണ്ട്. ഉഗാണ്ട, ടാൻസാനിയ, കെനിയ ഈ മൂന്നു രാജ്യങ്ങളിലായി സേവനം ചെയ്യുന്ന സിസ്റ്റർമാർ ആഫ്രിക്കയിൽ ഒരു പ്രൊവിൻസിൽ ഉൾപ്പെടുന്നു. അവർ സ്വയംപര്യാപ്തരായി എന്ന് മനസിലാക്കിയപ്പോൾ സി. റോഷ്‌നി ഇന്ത്യയിലേക്ക് തിരിച്ചുപോരുകയായിരുന്നു.

നേതൃത്വം, പരിശീലനം, സ്‌കൂൾ അഡ്മിനിസ്ട്രഷൻ എന്നീ കാര്യങ്ങളിൽ അവർക്ക് പരിശീലനം നൽകി. സ്ത്രീകളുടെ സമുദ്ധാരണത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങളും ഈ സന്യാസിനിമാർ ഇവരുടെ ഇടയിൽ ചെയ്യുന്നു. ഇവിടെയുള്ള ഗ്രാമങ്ങളിൽ സ്ത്രീകൾ അവരുടെ ഭർത്താക്കന്മാരാൽ വളരെയധികം അടിച്ചമർത്തപ്പെടുന്നവരാണ്. ഭർത്താക്കന്മാർ അമിതമായി മദ്യപിക്കുകയും സ്ത്രീകളെ ഉപദ്രവിക്കുകയും ഒക്കെ ചെയ്യും. പണത്തിന്റെ കുറവ് ഇവരുടെ ജീവിതം മിക്കവാറും പട്ടിണിയിലാക്കും. അവരെ ക്രമേണ സ്വയംപര്യാപ്തരാക്കി കൂടുതൽ മെച്ചപ്പെട്ട ജീവിതസൗകര്യം ഉണ്ടാക്കി. ഒരു കുടുംബത്തിലെ ഒരാളെ സഹായിക്കുന്നതുവഴി അതിലൂടെ ആ കുടുംബത്തെ മുഴുവനുമാണ് നാം സഹായിക്കുന്നത്. അതവരുടെ ആത്മീയ-മാനസിക മേഖലകൾക്ക് കൂടുതൽ സഹായകമാകും. സി. റോഷ്‌നി ലൈഫെഡേയോട് പങ്കുവച്ചു.

പത്തോളം പ്രൊവിൻസുകളാണ് നോത്ര ദാം സന്യാസിനീ സമൂഹത്തിനുള്ളത്. പത്തൊൻപതോളം രാജ്യങ്ങളിലായി രണ്ടായിരത്തോളം സന്യാസിനിമാരാണ് ലോകമെമ്പാടുമായി ശുശ്രൂഷ ചെയ്യുന്നത്. കാഞ്ഞിരപ്പിള്ളിക്കടുത്ത് കാപ്പാടാണ് സിസ്റ്ററിന്റെ സ്വദേശം.

ആദ്യകുർബാന കൈക്കൊണ്ട നാൾ മുതൽ ഒരു മിഷനറിയാകാൻ ആഗ്രഹിച്ചയാളാണ് സിസ്റ്റർ. മിഷനറിമാരുടെ അനുഭവങ്ങൾ കേട്ടപ്പോൾ തനിക്കും ഒരു മിഷനറിയാകണം എന്ന ആഗ്രഹം മനസിൽ ഉണ്ടായി. പത്താം ക്‌ളാസിനു ശേഷം സന്യാസിനിയാകാൻ പാട്നയിലെത്തി. സിസ്റ്ററായ ശേഷം അധ്യാപികയായും സിസ്റ്റേഴ്സിന്റെ രൂപീകരണത്തിനു സഹായിക്കുന്ന വ്യക്തിയായും നിരവധി വർഷങ്ങൾ ശുശ്രൂഷ ചെയ്തു. ഇന്ത്യയിൽ ആയിരിക്കുമ്പോൾ സുപ്പീരിയറായും പ്രൊവിൻഷ്യൽ കൗൺസിലറായും സേവനം ചെയ്തിരുന്നു. പിന്നീടാണ് ആഫ്രിക്കയിലേക്ക് സേവനത്തിനായി പോകുന്നത്.

“ഒരു സമര്‍പ്പിതയായി ജീവിക്കാന്‍ സാധിക്കുന്നതില്‍ ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു. ദൈവത്തിന് എന്നെക്കൊണ്ട് ആവശ്യമുള്ള കാര്യങ്ങള്‍ ചെയ്യിക്കുന്നു” – സി. റോഷ്നി പൊരിയത്ത് പറയുന്നു. ഇന്ത്യയിൽ തിരിച്ചെത്തി തന്റെ പുതിയ കർമ്മമണ്ഡലങ്ങളിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് സി. റോഷ്‌നി ഇപ്പോൾ. സിസ്റ്ററിന് ലൈഫ്ഡേയുടെ എല്ലാവിധ പ്രാർത്ഥനകളും ആശംസകളും…

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.