പുറത്തിറങ്ങാൻ പോലും ഭയപ്പെടുന്ന ക്രൈസ്തവർ; ഭീതിയൊഴിയാതെ നൈജീരിയ

    പന്തക്കുസ്താ ദിനമായ ജൂൺ അഞ്ചിന് നൈജീരിയയിലെ പള്ളിയിൽ കൂട്ടക്കൊല നടന്ന സമയത്ത് ഫാ. അത്തനേഷ്യസ് അബാനുലോ, ഇമോ സംസ്‌ഥാനത്തെ ഒരു ദേവാലയത്തിൽ ബലിയർപ്പിക്കുകയായിരുന്നു. ഏഴു വർഷം കൂടിയാണ് അദ്ദേഹം ആഫ്രിക്കയിൽ വരുന്നത്. ഫാ. അത്തനേഷ്യസിന്റെ അനന്തിരവനും കുടുംബവും ഇവിടെയാണ് താമസം. ആ പരിശുദ്ധ ബലിയിൽ സംബന്ധിക്കാൻ അനേകം കുട്ടികളും സന്നിഹിതരായിരുന്നു. എന്നാൽ അവർ അറിഞ്ഞിരുന്നില്ല, ഇവർ സന്തോഷിക്കുന്ന സമയത്ത് അനേകം വിശ്വാസികൾ മരണത്തോട് മല്ലിടുകയാണെന്ന്. പലരും തീവ്രവാദികളുടെ തോക്കിൻമുനയിൽ മരിച്ചുവീഴുകയാണെന്ന്.

    എന്നാൽ ഇന്ന് എല്ലാം തലകീഴായി മറിഞ്ഞിരിക്കുകയാണ്. എല്ലാവരുടെയും മുഖത്തു നിഴലിക്കുന്നത് ദുഃഖം മാത്രം. അവരോട് ഈ വൈദികന് പറയാനുള്ളത് ഒന്നു മാത്രമാണ് – എല്ലാവരും പുറത്തിറങ്ങുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തുക; കാരണം അവർ ക്രിസ്ത്യാനികളാണ്.

    ഫാ. അത്തനേഷ്യസ് യുഎസിലെ അലബാമയിലാണ് താമസിക്കുന്നത്. അലബാമയിലെ ബിർമിംഗ്ഹാം രൂപതയിലെ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ കത്തോലിക്കാ ദേവാലയത്തിലാണ് അദ്ദേഹം ശുശ്രൂഷ ചെയ്യുന്നത്. 2003-ൽ യുഎസിലെത്തിയ അദ്ദേഹം 2018 മുതൽ ഈ അതിരൂപതയിലാണ് സേവനമനുഷ്ഠിക്കുന്നത്.

    നൈജീരിയയിൽ ക്രൈസ്തവർക്കു നേരെയുള്ള ആക്രമണങ്ങൾ ദിനംപ്രതി വർദ്ധിച്ചുവരികയാണ്. ഓൻഡോ സംസ്ഥാനത്തെ ഓവോ നഗരത്തിലെ സെന്റ് ഫ്രാൻസിസ് ദേവാലയത്തിൽ ഇക്കഴിഞ്ഞ ജൂൺ അഞ്ചിനായിരുന്നു അവസാന ആക്രമണം. ഓൻഡോ രൂപതാ ബിഷപ്പ് ജൂഡ് അയോഡെജി പുറത്തുവിട്ട പ്രസ്താവനയിൽ 38 പേർ മരണപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. 61 പേർ ഇപ്പോഴും വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല. ഫുലാനി തീവ്രവാദികളാണ് ഇതിനു പിന്നിലെന്നാണ് സംശയം. കാരണം ആരെയും തട്ടിക്കൊണ്ടു പോയിട്ടില്ല. അതുകൊണ്ടു തന്നെ ഈ ആക്രമണത്തിലൂടെ അക്രമികൾ ലക്ഷ്യം വച്ചിരിക്കുന്നത് ക്രൈസ്തവരെ ഭയപ്പെടുത്തുക എന്നതാണ്.

    നൈജീരിയയുടെ വടക്കൻ, മധ്യ പ്രദേശങ്ങളിൽ ഫുലാനി തീവ്രവാദികൾ നിരവധി ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. രാജ്യം മുസ്ലീങ്ങൾക്കും ക്രൈസ്തവർക്കുമിടയിൽ തുല്യമായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. എന്നാൽ പലപ്പോഴും ഇവർ ക്രൈസ്തവർ വസിക്കുന്ന പ്രദേശങ്ങളിൽ ആക്രമണങ്ങൾ അഴിച്ചുവിടുന്നു. “ഇവിടെ ക്രൈസ്തവർ കൊല്ലപ്പെടുന്നു, അവരെ തട്ടിക്കൊണ്ടു പോകുന്നു, കൊള്ളയടിക്കുന്നു. ആളുകൾ പലവിധ ആവശ്യങ്ങൾക്കായി പുറത്തിറങ്ങാൻ പോലും ഭയപ്പെടുകയാണ്” – ഫാ. അത്തനേഷ്യസ് പറയുന്നു. നൈജീരിയയെക്കുറിച്ച് ഈ വൈദികന് ഭീതിയുണ്ട്. എന്നാൽ ദൈവം സഹായിക്കുമെന്ന വിശ്വാസമുണ്ട് ഇദ്ദേഹത്തിന്.

    ഈ വൈദികൻ നൈജീരിയയിൽ എത്തിയതു മുതൽ അധികം പുറത്തേക്ക് ഇറങ്ങിയിട്ടില്ല. അനന്തിരവന്റെ ഭവനത്തിൽ, അവരുടെ സംരക്ഷണയിലാണ് താമസം. അടുത്ത ദിവസങ്ങളിൽ അദ്ദേഹം യുഎസിലേക്ക് തിരികെ പോവുകയാണ്. തന്റെ കുടുംബത്തെയും നൈജീരിയയിൽ താമസിക്കുന്ന മറ്റ് ക്രൈസ്തവരെയും ഓർത്ത് അദ്ദേഹത്തിന് ഭയമുണ്ട്. എന്നാൽ എല്ലാം ദൈവകരങ്ങളിൽ സമർപ്പിച്ച് അവർക്കു വേണ്ടി പ്രാർത്ഥിക്കുകയാണ് ഈ വൈദികൻ.

    ഐശ്വര്യ സെബാസ്റ്റ്യൻ

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.