‘അമ്മക്കൊപ്പമുണ്ടായിരുന്ന മകളെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചു’ – നൈജീരിയയിൽ നിന്നും ഉയരുന്ന ക്രൈസ്തവ നിലവിളികൾ

ക്രൈസ്തവർക്കു നേരെയുള്ള നടുക്കുന്ന പീഡനകഥകളാണ് നൈജീരിയയിൽ നിന്നും ഓരോ ദിവസവും ഉയരുന്നത്. ഈ കഴിഞ്ഞ ദിവസം ഉണ്ടായ ഒരു സംഭവം, അമ്മയുടെ കൂടെ കൃഷിയിടത്തിലേക്ക് നടന്നു പോവുകയായിരുന്ന 16 വയസുള്ള ക്രിസ്ത്യൻ പെൺകുട്ടിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതാണ്. ആഗസ്റ്റ് എട്ടാം തീയതി നൈജീരിയയിലെ ജോസിൽ നിന്ന് ഏകദേശം 20 മൈൽ അകലെയുള്ള ഗ്രാമത്തിലാണ് സംഭവം നടന്നത്. ഫുലാനി തീവ്രവാദികളാണ് അക്രമത്തിനു പിന്നിൽ.

പെൺകുട്ടിയുടെ അമ്മ സംഭവത്തെക്കുറിച്ചു പറയുന്നത് ഇപ്രകാരമാണ്: “നടന്നുപോവുകയായിരുന്ന ഞങ്ങളോട് തീവ്രവാദികൾ നിൽക്കാൻ ആവശ്യപ്പെട്ടു. ഫുലാനി തീവ്രവാദികൾ എന്നെ മർദ്ദിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്തു. എന്റെ മകളെ ബലാത്സംഗം ചെയ്യുന്നത് തടയാൻ ഞാൻ ശ്രമിച്ചതിനായിരുന്നു അത്.” തന്റെ മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ആ അമ്മക്കും ഗുരുതരമായി പരിക്കേറ്റു.

ഇവരുടെ കുടുംബത്തിന് തീവ്രവാദികളിൽ നിന്നും മുൻപും ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്. 2017-ൽ ഫുലാനി തീവ്രവാദികൾ തന്റെ ഭൂമി പിടിച്ചെടുക്കുകയും വീടിന് തീയിടുകയും ചെയ്തെന്നും തന്റെയും കുടുംബത്തിന്റെയും സുരക്ഷക്കായി നഗരത്തിലേക്ക് മാറാൻ നിർബന്ധിതരായെന്നും ഈ അമ്മ വെളിപ്പെടുത്തുന്നു. അങ്ങനെ സ്വന്തമായുണ്ടായിരുന്ന കൃഷിയിടം നഷ്ടപ്പെട്ടത് ഈ ഏഴംഗ കുടുംബത്തെ കടുത്ത ദാരിദ്ര്യത്തിലേക്ക് നയിച്ചു. ഇപ്പോൾ അവർ ജീവിക്കുന്നത് ഒരു ഒറ്റമുറി വീട്ടിലാണ്.

ഈ പെൺകുട്ടി ആകെ തകർന്ന അവസ്ഥയിലാണ്. അവളുടെ കണ്ണീർ ഇതുവരെയും തോർന്നിട്ടില്ല. എങ്കിലും വലിയ ഒരു അപകടത്തിൽ നിന്നും രക്ഷപെട്ടതിന്റെ സന്തോഷത്തിലാണ് ഈ പെൺകുട്ടി. “ദൈവത്തിന് നന്ദി അല്ലാതെ എനിക്ക് ഒന്നും പറയാനില്ല. എനിക്കും മകൾക്കും വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം” – അമ്മ പറയുന്നു. എന്നെങ്കിലും ഒരു ദിവസം ഗ്രാമത്തിലേക്ക് മടങ്ങിവരാമെന്ന പ്രതീക്ഷയിലാണ് ഈ ക്രൈസ്തവ കുടുംബം. കാരണം നഗരത്തിലെ ജീവിതചെലവുകൾ ഇവർക്ക് താങ്ങാവുന്നതിലും അപ്പുറത്താണ്.

2017-ലാണ് 29 ക്രിസ്ത്യാനികളെ ഫുലാനി തീവ്രവാദികൾ ക്ലാസ് മുറിയിൽ വച്ച് കൂട്ടക്കൊല ചെയ്തത്. അതിനെ തുടർന്ന് കിൻഡോർണോ ഗ്രാമം വിജനമായി. അതിനു ശേഷം, തീവ്രവാദികൾ ഈ ഭൂമി കൈവശപ്പെടുത്തുകയായിരുന്നു. ഫുലാനി തീവ്രവാദികളുടെ നേതാക്കളുമായി സമാധാന കൂടിക്കാഴ്ചകൾ നടത്തിയിട്ടും ക്രിസ്ത്യാനികൾക്ക് അവരുടെ കൃഷിയിടങ്ങളിലേക്കും വീടുകളിലേക്കും ഇതുവരെയും പ്രവേശിക്കാൻ കഴിഞ്ഞിട്ടില്ല.

വിവിധ തീവ്രവാദ ഗ്രൂപ്പുകളും സർക്കാർ നിസ്സംഗതയും കാരണം പതിനായിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിന് ആളുകൾക്ക് വീട് നഷ്ടപ്പെടുകയും ചെയ്തിരിക്കുകയാണ് ഇവിടെ.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.