‘പാപ്പായുടെ മുറിയുടെ പുറത്ത് കാവല്‍ നില്‍ക്കാന്‍ കഴിയുന്നതില്‍ സന്തോഷം’-  പുതിയ സ്വിസ് ഗാര്‍ഡിന്റെ വെളിപ്പെടുത്തല്‍

എട്ട് മാസമായി പൊന്തിഫിക്കൽ സ്വിസ് ഗാർഡിലെ അംഗമാണ് ലോസേൻകാരനായ മാർവിൻ. 2022, മേയ് ആറിന് വത്തിക്കാനിലെ സെന്റ് ഡമാസസിന്റെ അങ്കണത്തിൽ, ഫ്രാൻസിസ് മാർപാപ്പയുടെയും വത്തിക്കാനിലെ മറ്റ് ഉദ്യോഗസ്ഥരുടെയും മുമ്പാകെ, അദ്ദേഹം സ്വിസ് ഗാർഡിലെ ഔദ്യോഗിക ഉദ്യോഗസ്ഥനായി, സത്യപ്രതിജ്ഞ ചെയ്തു. രാത്രിയിൽ മാർപാപ്പയുടെ മുറിയുടെ പുറത്ത് കാവൽക്കാരനായി നിൽക്കുന്നത് തനിക്ക് ഏറെ സന്തോഷം നൽകുന്ന ജോലിയാണെന്നും മാർവിൻ പറയുന്നു.

1527 മേയ് ആറിന്, ചാൾസ് അഞ്ചാമന്റെ പട്ടാളക്കാർ വത്തിക്കാൻ ആക്രമിച്ചു. ഈ ആക്രമണത്തിൽ നിന്നും അന്നത്തെ മാർപാപ്പയായിരുന്ന ക്ലെമന്റ് ഏഴാമൻ പാപ്പായെ രക്ഷിച്ചത് സ്വിസ് ഗാർഡുകളായിരുന്നു. എന്നാൽ ഈ ആക്രമണത്തിൽ നൂറിലധികം സ്വിസ് ഗാർഡുകളാണ് അന്ന് കൊല്ലപ്പെട്ടത്. ഇവരുടെ ഓർമ്മദിനമായ മേയ് ആറിന് തന്നെയാണ് പുതിയ സ്വിസ് ഗാർഡുകളും ചുമതലയേറ്റത്.

എട്ട് മാസങ്ങൾക്കുമുമ്പ്, വത്തിക്കാനിലെത്തിയപ്പോൾ മാർവിന് കുടുംബത്തെ വിട്ടുവന്നതിലുള്ള ദുഃഖമുണ്ടായിരുന്നു. എന്നാൽ, തനിക്ക് ഇവിടെ ലഭിച്ച പരിശീലനങ്ങൾ തന്റെ വിശ്വാസത്തെ ഒരുപാട് ആഴപ്പെടുത്തിയെന്ന് മാർവിന് ഉറപ്പുണ്ട്. മാർവിന് സന്തോഷം നൽക്കുന്ന മറ്റൊരു കാര്യമാണ്, സെന്റ് പീറ്റേഴ്സ് ചത്വരത്തിലെത്തുന്ന തീർത്ഥാടകരുമായി ഇടപഴകാൻ കഴിയുന്നുവെന്നത്.

“ഞാൻ മാർപാപ്പായെ സേവിക്കാനാണ് വന്നത്”- തിളങ്ങുന്ന കണ്ണുകളോടെ മാർവിൻ പറഞ്ഞു. താൻ സേവിക്കാൻ പോകുന്നത് പരിശുദ്ധ കത്തോലിക്കാ സഭയുടെ തലവനെയാണെന്ന ഉറച്ച ബോധ്യമുണ്ട് മാർവിന്റെ വാക്കുകളിൽ. ഒരു പുലരിയിൽ, വിശ്രമം കഴിഞ്ഞ് മുറിക്ക് പുറത്തുവന്ന പാപ്പാ മാർവിനോട് രാത്രിയിൽ അത്താഴം കഴിച്ചിരുന്നോയെന്ന് തിരക്കി. ‘ഇല്ല’ എന്ന് മറുപടി കേട്ട പാപ്പാ ഉടൻ തന്നെ ഒരു വല്യപ്പന്റെ വാത്സല്യത്തോടെ മാർവിനെ ശാസിച്ചു. ഇന്നും ഈ അനുഭവം മാർവിന് മറക്കാനാവുന്നതല്ല.

“സത്യപ്രതിജ്ഞ ചെയ്ത എല്ലാവർക്കും ഇത് മറക്കാനാവാത്ത ഒരു ദിവസമാണ്”- മാർവിൻ പറഞ്ഞു. മാർവിന്റെ മാതാപിതാക്കളും ഈ ചടങ്ങിന് സന്നിഹിതരായി. അവർ സ്വിറ്റ്സര്‍ലൻഡിൽ നിന്നും 24- വയസുകാരനായ മകന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾ കാണാൻ വത്തിക്കാനിലെത്തിയിരുന്നു.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.