തൃശൂരിൽ പരിശുദ്ധ അമ്മയുടെ 40 പ്രത്യക്ഷപ്പെടലുകളുടെ അവതരണം: ഒപ്പം ലോകറെക്കോർഡും

സി. സൗമ്യ DSHJ

തൃശ്ശൂർ അതിരൂപതയിലെ മുക്കാട്ടുകര പള്ളിയങ്കണത്തിൽ സ്വർഗീയാനുഭൂതി നിറഞ്ഞു നിൽക്കുന്ന നിമിഷങ്ങൾക്കാണ് പ്രദേശവാസികൾ കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. എവിടെ നോക്കിയാലും പരിശുദ്ധ കന്യകാമറിയത്തിന്റെ സാമീപ്യം! പരിശുദ്ധ അമ്മയുടെ ജപമാലമാസ സമാപനാഘോഷങ്ങളുടെ ഭാഗമായി പരിശുദ്ധ അമ്മയുടെ വ്യത്യസ്തതയാർന്ന 40 പ്രത്യക്ഷപ്പെടലുകൾ, ആധുനിക ഡിജിറ്റൽ ശബ്ദ-വെളിച്ച സംവിധാനങ്ങളോടെ ‘അമ്മയ്ക്കരികെ’ എന്ന പേരിൽ നടത്തപ്പെടുകയായിരുന്നു. മുക്കാട്ടുകര സെന്റ് ജോർജ് ദൈവാലയാങ്കണത്തിൽ ഒക്ടോബർ 30, ഞായറാഴ്ച വൈകിട്ട് 6.30- നാണ് നാൽപതോളം വരുന്ന, മാതാവിന്റെ വ്യത്യസ്ത രൂപങ്ങൾ അണിനിരന്നത്. ഈ ദൃശ്യം കണ്ടവർക്ക് ലഭിച്ചത് ‘അമ്മയ്ക്കരികെ’ എത്തിയതു പോലെയുള്ള സ്വർഗീയാനുഭവം!

വേളാങ്കണ്ണി മാതാവ്, കർമ്മല മാതാവ്, ഗ്വാഡലുപ്പേ മാതാവ്, മാലാഖമാരുടെ രാജ്ഞി, വ്യാകുലമാതാവ്, ജപമാല മാതാവ്, ലൂർദ്ദ് മാതാവ്, ഫാത്തിമാ മാതാവ്… ഇങ്ങനെ വ്യത്യസ്ത രൂപങ്ങളിലുള്ള പരിശുദ്ധ അമ്മയുടെ സാന്നിധ്യം ദൈവാലയാങ്കണത്തിൽ നിറഞ്ഞു. വികാരി ഫാ. പോൾ തേയ്ക്കാനത്തിന്റെ മനസിൽ രൂപം കൊണ്ട ഒരു ആശയമാണ് ഇന്ന് ലോക റെക്കോർഡിൽ എത്തിച്ചേർന്നത്. ‘മരിയൻ പ്രത്യക്ഷപ്പെടലുകളുടെ ഏറ്റവും വലിയ തത്സമയ പ്രദർശനം’ എന്ന വിഭാഗത്തിൽ ആണ് ഈ പ്രോഗ്രാം ലോക റെക്കോർഡിൽ ഇടം നേടിയത്. ഇത്ര മനോഹരമായ രീതിയിൽ ഈ പരിപാടി സംവിധാനം ചെയ്തത് അസിസ്റ്റന്റ് വികാരിയായ ഫാ. അനു ചാലിൽ ആണ്.

ഈ പ്രോഗ്രാം ഇത്ര വിജയകരമായത് എങ്ങനെയെന്ന് ഫാ. അനു ലൈഫ് ഡേയോട് പങ്കുവച്ചു. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ.

“ഇടവകയിൽ ആകെയുള്ള 40 യൂണിറ്റുകളിലും ഈ ആശയം പങ്കുവച്ചു. പലയിടങ്ങളിൽ പ്രത്യക്ഷപ്പെട്ട മാതാവിന്റെ നാൽപതോളം വ്യത്യസ്ത ചിത്രങ്ങൾ അവർക്കു കൊടുത്തു. അവരോട് ആവശ്യപ്പെട്ടത് ഇത്രമാത്രം. ‘ഓരോ യൂണിറ്റിൽ നിന്നും മാതാവാകാനുള്ള ഒരു സ്ത്രീയെ ആ മാതാവിന്റെ അതേ വേഷവിധാനത്തിൽ നിങ്ങൾ കൊണ്ടുവരണം. മേക്കപ്പും മറ്റ് കാര്യങ്ങളുമൊക്കെ പള്ളിയിൽ നിന്ന് തന്നെ ഒരുക്കിക്കൊടുക്കുന്നതായിരിക്കും.’ യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തിൽ ഈ പരിപാടി വലിയ വിജയമാക്കിത്തീർക്കുവാൻ എല്ലാവിധ സഹകരണവും ഉണ്ടായി. മാതാവിന്റെ 40 പ്രത്യക്ഷപ്പെടലുകൾ എല്ലാവിധ വേഷവിധാനങ്ങളോടെ അവതരിപ്പിക്കുന്നതിനു മുൻപായി ഓരോ പ്രത്യക്ഷപ്പെടലിന്റെയും ചെറിയ ഒരു ചരിത്രം സ്റ്റേജിൽ അവതരിപ്പിച്ചു. പിന്നീട്‍ ശബ്ദ-വെളിച്ച സംവിധാനങ്ങളോടെ നാൽപതോളം മരിയൻ പ്രത്യക്ഷപ്പെടലുകളുടെ രൂപങ്ങൾ സ്റ്റേജുകളിലേയ്ക്ക് എത്തി. യൂണിറ്റ് സമിതികളുടെ സഹായത്തോടെയാണ് ഈ പരിപാടി ഇത്രയും വിജയപ്രദമാക്കാൻ ഇടവകയ്ക്കായത്.”

ബെസ്റ്റ് ഓഫ് ഇന്ത്യ ചീഫ് എഡിറ്റർ ശ്രീ. ജോസ്, പ്രതിനിധികളായ ശ്രീ. പീറ്റർ, ശ്രീ. ജോസഫ് എന്നിവർ “മരിയൻ പ്രത്യക്ഷപ്പെടലുകളുടെ ഏറ്റവും വലിയ തത്സമയ പ്രദർശനം” (LARGEST LIVE DISPLAY OF MARIYAN APPARITIONS) എന്ന വിഭാഗത്തിൽ വേൾഡ് റെക്കോർഡ് ലഭിച്ചതിന്റെ സർട്ടിഫിക്കറ്റ് മുക്കാട്ടുകര ഇടവകയ്ക്ക് സമ്മാനിച്ചു. ഒരു ലോക റിക്കോർഡിന് അപ്പുറം തങ്ങൾക്കു പരിശുദ്ധ അമ്മയുടെ പക്കലേയ്ക്ക് എത്തുന്നതിനു വഴിയൊരുക്കിയ ഉപാധിയായി ഈ പരിപാടിയെ കാണാനാണ് മുക്കാട്ടുകര ഇടവക ജനത്തിന് ഇഷ്ടം.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.