സ്വന്തം കുട്ടികളെ സംരക്ഷിക്കാന്‍ ഉക്രൈനില്‍ നിന്ന് പലായനം ചെയ്ത അമ്മമാര്‍ വീടുകളിലേക്ക് മടങ്ങിയെത്തുന്നു

ഉക്രൈനിലെ നിര്‍ബന്ധിത സൈനികനിയമങ്ങള്‍ പ്രകാരം, 18-നും 60-നും ഇടയില്‍ പ്രായമുള്ള പുരുഷന്മാർ രാജ്യം വിടുന്നത് തടയുന്നു. റഷ്യയുടെ അധിനിവേശത്തില്‍ നിന്ന് ദശലക്ഷക്കണക്കിന് ഉക്രേനിയക്കാര്‍ പലായനം ചെയ്തിരിക്കേ, അതിര്‍ത്തി കടന്നവരില്‍ മിക്കവാറും എല്ലാവരും സ്ത്രീകളും കുട്ടികളുമാണ്. ഉക്രൈനിലെ അഭയാര്‍ത്ഥികളില്‍ 90 ശതമാനവും അവരാണ്.

പല കുടുംബങ്ങളിലെയും അമ്മമാര്‍ കുടിയേറ്റ പ്രതിസന്ധിയുടെ ആഘാതം ഏറ്റുവാങ്ങി, അവരുടെ ഛിന്നഭിന്നമായ കുടുംബങ്ങളിലെ കുട്ടികളെയും പ്രായമായ മാതാപിതാക്കളെയും പരിപാലിക്കുന്നു. പിഴുതെടുത്തു പോന്ന ജീവിതം വീണ്ടെടുക്കുന്നതിനായി തങ്ങളുടെ കുടുംബങ്ങളെ ഉക്രൈനിലേക്ക് തിരികെ കൊണ്ടുപോകാന്‍ സമയമായോ എന്നാണ് അവരില്‍ പലരുടെയും ചിന്ത.

കീവിന്റെ വടക്കുപടിഞ്ഞാറുള്ള ഷൈറ്റോമിര്‍ മേഖലയില്‍ നിന്നുള്ള 28-കാരിയായ ലിയുഡ്മൈല സോബ്ചെങ്കോ എന്ന യുവതി, ഉക്രൈനിലെ സ്വന്തം വീട്ടിലേക്ക് വരാനുള്ള സമയമായെന്നു കരുതുന്നു. തന്റെ ഇളയ മകനോടും അമ്മയോടുമൊപ്പം പോളണ്ടിലാണ് മൂന്നാഴ്ചയോളം അവര്‍ ചെലവഴിച്ചത്. ‘പോളണ്ടില്‍ കഴിയുക മോശമാണെന്ന് ഞാന്‍ പറയില്ല. പക്ഷേ, അത് ഞങ്ങളുടെ ഭൂമിയല്ല’ – അവള്‍ പറഞ്ഞു.

മാര്‍ച്ച് അവസാനം മുതല്‍, സ്വന്തം രാജ്യത്തേക്കുള്ള ഉക്രേനിയക്കാരുടെ ഒഴുക്ക് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ പ്രതിദിനം 30,000 പേര്‍ രാജ്യത്തേക്ക് തിരിച്ചെത്തുന്നുവെന്ന് ഉക്രൈനിലെ സ്റ്റേറ്റ് ബോര്‍ഡര്‍ ഗാര്‍ഡ് സര്‍വീസിന്റെ പ്രസ് ഓഫീസര്‍ ആന്‍ഡ്രി ഡെംചെങ്കോ പറഞ്ഞു. ‘യാത്രയുടെ ഉദ്ദേശ്യം ചോദിക്കാന്‍ ഞങ്ങള്‍ക്ക് അവകാശമില്ല. പക്ഷേ, വിദേശത്ത് തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പല സ്ത്രീകളും പറഞ്ഞു’ – അദ്ദേഹം പറഞ്ഞു.

യുദ്ധത്തിന്റെ ആദ്യനാളുകളിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ ചിത്രങ്ങള്‍ ഉക്രൈനിലെ റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നുള്ളവയാണ്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനക്കൂട്ടം ട്രെയിനില്‍ കയറുന്നു, നിരാശാജനകമായ വിടവാങ്ങലില്‍ ദമ്പതികള്‍ വിതുമ്പുന്നു, പ്ലാറ്റ്ഫോമുകളില്‍ കരഞ്ഞുകൊണ്ട് പുരുഷന്മാര്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ യാത്രയാക്കുന്നു…

ഇപ്പോഴും ഉക്രൈനിലെ റെയില്‍വേ സ്‌റ്റേഷനുകളില്‍ തിരക്കാണ്. പക്ഷേ ഒരു വ്യത്യാസം, ആരും പുറപ്പെട്ടു പോവുകയല്ല; മറിച്ച് മടങ്ങിവരികയാണ്. തിരിച്ചുവരുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ഇപ്പോഴും രാജ്യത്തു നിന്ന് രക്ഷപെടുന്നുമുണ്ട്. യുദ്ധം ഇനിയും നീണ്ടുനില്‍ക്കാമെന്നു മനസിലാക്കിയതിനെ തുടര്‍ന്ന്, കുടുംബത്തെ വിട്ട് മറ്റൊരു രാജ്യത്ത് അഭയാര്‍ത്ഥിയായി കഴിയുന്നതിനേക്കാള്‍, ഒരു സംഘര്‍ഷമേഖലയില്‍ ജീവിക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് പല ഉക്രേനിയക്കാരും തീരുമാനിച്ചു.

സോബ്ചെങ്കോ, തന്റെ 3 വയസ്സുള്ള മകന്‍ നാസറിനും 57-കാരിയായ അമ്മ ടെറ്റിയാനക്കുമൊപ്പം മാര്‍ച്ച് ആദ്യം കൊറോസ്റ്റെന്‍ നഗരത്തില്‍ നിന്നാണ് പലായനം ചെയ്തത്. സ്ഫോടനങ്ങള്‍ അവരുടെ വീടിനോട് കൂടുതല്‍ അടുക്കുകയും ഒരു രാത്രി നാസറിന്റെ മുറിയിലെ ജനാലകള്‍ പൊട്ടിത്തെറിക്കുകയും ചെയ്തതോടെ പോകാനുള്ള സമയമായെന്ന് സോബ്‌ചെങ്കോ തിരിച്ചറിഞ്ഞു. അവര്‍ തങ്ങളുടെ പട്ടിയെയും പൂച്ചയെയും ഉപേക്ഷിച്ച്, വസ്ത്രങ്ങളും അവശ്യവസ്തുക്കളുടെ ഒരു ബാഗും – മരുന്ന്, രേഖകള്‍ എന്നിവയുമെടുത്ത് പലായനം ചെയ്തു.

സ്ലൊവാക്യന്‍ അതിര്‍ത്തിക്കടുത്തുള്ള ക്രാക്കോവിന്റെ തെക്ക് പട്ടണമായ നോവി ടാര്‍ഗില്‍ അവര്‍ മറ്റ് അഭയാര്‍ത്ഥികളോടൊപ്പം കഴിഞ്ഞു. അമ്മയ്ക്ക് നാഡീതകരാറുണ്ടായതിനെ തുടര്‍ന്ന്, ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടി വന്നപ്പോള്‍, അപകടങ്ങള്‍ക്കിടയിലും തിരികെ പോകുന്നതാണ് നല്ലതെന്ന് സോബ്‌ചെങ്കോ തീരുമാനിച്ചു.

“തങ്ങള്‍ കണ്ട ഭീകരതകളെക്കുറിച്ച് കുട്ടികള്‍ എങ്ങനെ സംസാരിക്കുന്നുവെന്നത് കാണുമ്പോള്‍ മനസ്സിന് സന്തോഷം തോന്നുന്നു. യുദ്ധത്തിനു മുമ്പും ശേഷവും കുട്ടികള്‍ എല്ലായ്‌പ്പോഴും കുട്ടികളായി തുടരുന്നു. പക്ഷേ, അവരുടെ കണ്ണുകള്‍ തികച്ചും വ്യത്യസ്തമാണ്. അവര്‍ മിസൈലുകളെക്കുറിച്ച്, ബോംബുകളെക്കുറിച്ച് സംസാരിക്കുന്നു. അവ നല്ലതല്ലെന്നും എല്ലാവരേയും കരയിപ്പിക്കുന്നതാണെന്നും നിഷ്‌കളങ്കതയോടെ അവര്‍ പറയുന്നു” – സ്റ്റേഷനിലൂടെ കടന്നുപോകുന്ന കുട്ടികള്‍ക്കായി ഗെയിമുകളും മറ്റ് പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുന്ന 27-കാരിയായ ജൂലിയ കോവല്‍സ്‌ക എന്ന സന്നദ്ധപ്രവര്‍ത്തക പറയുന്നു.

ഉക്രൈനിലെ 7.5 ദശലക്ഷം കുട്ടികളില്‍ ഏകദേശം മൂന്നില്‍ രണ്ടു ഭാഗവും ഈ യുദ്ധത്താല്‍ കുടിയൊഴിപ്പിക്കപ്പെടുകയും 160-ലധികം പേര്‍ കൊല്ലപ്പെടുകയും ചെയ്തതായി യുണിസെഫ് പറയുന്നു. “പ്രസിഡന്റ് പുടിനെപ്പോലുള്ള പുരുഷന്മാര്‍ യുദ്ധങ്ങള്‍ തുടങ്ങുമ്പോള്‍, സ്ത്രീകളും കുട്ടികളും നാടുവിടപ്പെടും, വേദനിപ്പിക്കപ്പെടും, ബലാത്സംഗം ചെയ്യപ്പെടും, ദുരുപയോഗം ചെയ്യപ്പെടും, കൊല്ലപ്പെടും. ഉക്രൈനില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംഭവിക്കുന്നത് മനസ്സിലാക്കാന്‍ കഴിയാത്തവിധം ഭയാനകമാണ്” – ഈ മാസം ആദ്യം യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിനെ അഭിസംബോധന ചെയ്തുകൊണ്ട്, യുഎസ് അംബാസഡര്‍ ലിന്‍ഡ തോമസ്-ഗ്രീന്‍ഫീല്‍ഡ് അംഗങ്ങളോട് പറഞ്ഞു.

പോളണ്ടിലെ ഉക്രേനിയന്‍ അഭയാര്‍ത്ഥികളില്‍ പലര്‍ക്കും അവരുടെ വീടുകള്‍ വിട്ടുപോയതിനു ശേഷം കടുത്ത ആഘാതങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കുട്ടികള്‍ക്കെതിരായ യുദ്ധം വിനാശകരമാണെന്ന് അഭയാര്‍ഥികേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ പറഞ്ഞു.

“ഞങ്ങള്‍ നാട്ടിലേക്ക്, ഞങ്ങളുടെ വീടുകളിലേക്ക് പോകുന്നു. അവിടെ ഞങ്ങളുടെ പ്രിയപ്പെട്ടവര്‍ ഞങ്ങളെ കാത്തിരിക്കുന്നു. അവിടം ശാന്തമായതായി തോന്നുന്നു. പക്ഷേ അടുത്തതായി എന്തു സംഭവിക്കുമെന്നും ആര്‍ക്കുമറിയില്ല” – ക്രിവി റിഹിലെ തന്റെ വീട് ഉപേക്ഷിച്ച് ഭര്‍ത്താവിനെയും പിതാവിനെയും മറ്റ് പുരുഷബന്ധുക്കളെയും ഉപേക്ഷിച്ച്, കൈക്കുഞ്ഞുമായി പലായനം ചെയ്ത 22- കാരിയായ നാദിയ തരാറ്റോറിന പറയുന്നു.

തങ്ങളുടെ കുട്ടികളെ സുരക്ഷിതരാക്കാനാണ് യുദ്ധത്തില്‍ നിന്ന് രക്ഷപെട്ടതെന്ന് പറയുന്ന മറ്റ് പല സ്ത്രീകളും അവരുടെ മാതൃരാജ്യത്തെയും ബന്ധുക്കളേയും ഉപേക്ഷിച്ചു പോയതില്‍ അസ്വസ്ഥരും കുറ്റബോധം അനുഭവിക്കുന്നവരുമാണ്. പുതിയ ചുറ്റുപാടുകളുമായി പൊരുത്തപ്പെടാന്‍ അവര്‍ പാടുപെടുകയുമാണ്. എന്തു സംഭവിച്ചാലും തങ്ങളുടെ കുടുംബവുമായി വീണ്ടും ഒത്തുചേരാന്‍ അവര്‍ ആഗ്രഹിക്കുകയാണ്.

സമാധാനപരമായ ഒരു ഉക്രൈനിലേക്ക് മടങ്ങുക എന്നതാണ് അവരുടെ സ്വപ്‌നം. അവിടെ അവര്‍ക്ക് അവരുടെ കുട്ടികളുടെ ഭാവിയിലും പ്രത്യാശയുണ്ട്. “പുടിന്‍ ഒരിക്കലും സ്ത്രീകളെ, പ്രത്യേകിച്ച് ഉക്രേനിയന്‍ സ്ത്രീകളെ തോല്‍പിക്കില്ല. ഞങ്ങള്‍ ഉക്രേനിയന്‍ സ്ത്രീകള്‍ ശക്തരാണ്” – ഒരു സ്ത്രീ പറഞ്ഞു.

കീര്‍ത്തി ജേക്കബ്

കീർത്തി ജേക്കബ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.