മിൻഗിയോയിലെ മിശിഹായുടെ മിഷനറിമാർ

സുനിഷ വി.എഫ്

“ഒരു കൈയ്യിൽ വടിയും മറു കൈയ്യിൽ കുടയും തോളിൽ വിശുദ്ധ കുർബാനയ്ക്കുള്ള എല്ലാമടങ്ങിയ ബാഗുമായുള്ള യാത്ര. എന്തെങ്കിലും പ്രകൃതി ക്ഷോഭം ഉണ്ടായാൽ തിരികെ വരാൻ പറ്റില്ല. എങ്കിലും ദൈവം കാത്തോളും എന്ന ഉറപ്പ് ഞങ്ങൾക്കുണ്ട്” അരുണാചൽ പ്രദേശിലെ ദിവ്യകാരുണ്യ മിഷനറി വൈദികരുടെ വാക്കുകൾ ആണിവ. ദൈവത്തോടുള്ള സ്നേഹം പാട്ടുപാടിക്കൊണ്ടും നൃത്തം ചെയ്തുകൊണ്ടും പ്രകടിപ്പിക്കുന്ന മിൻഗിയോ എന്ന ഗ്രാമത്തിലെ ഒരുകൂട്ടം മനുഷ്യരുടെ ഇടയിലെ മിഷൻ പ്രവർത്തനം! തുടർന്ന് വായിക്കുക…

അരുണാചൽ പ്രദേശിലെ മിങ്കിയോ ഗ്രാമത്തിലെ ഒരുകൂട്ടം മനുഷ്യർ വിശുദ്ധ വാരത്തിലുടനീളം എല്ലാ അർഥത്തിലും ദൈവത്തോടൊപ്പമായിരുന്നു. ദിവ്യകാരുണ്യ മിഷനറി സഭയുടെ മിഷൻ പ്രദേശമായ മിങ്കിയോയിൽ 17 ഗ്രാമങ്ങളാണുള്ളത്. അവിടെയുള്ള നാനൂറു കുടുംബങ്ങളെയും ഈശോയോടു അടുപ്പിക്കുന്നത് പ്രധാനമായും ദിവ്യകാരുണ്യ മിഷനറി സമൂഹത്തിലെ വൈദികരാണ്. 2010 മുതൽ എം സി ബി എസ് സന്യാസ സമൂഹത്തിലെ എമ്മാവൂസ് പ്രൊവിൻസിലെ വൈദികർ ഇവിടെ മിഷൻ പ്രവർത്തനം നടത്തി വരുന്നു. ഇക്കഴിഞ്ഞ വിശുദ്ധ വാരം ഇവിടുത്തെ വൈദികരെ സംബന്ധിച്ചും ഇവിടെയുള്ള പാവപ്പെട്ട മനുഷ്യർക്കും വളരെ പ്രധാനപ്പെട്ടതായിരുന്നു.

നമ്മുടെയൊക്കെ ഇടവകകളിലെ വാർഷിക ധ്യാനം മിക്കവാറും വലിയ ആഴ്ച്ചയോടനുബന്ധിച്ചും മറ്റും കഴിഞ്ഞിട്ടുണ്ടാകും. അതുപോലെ തന്നെ മിൻഗിയോയിലെ വാർഷിക ധ്യാനം വിശുദ്ധ വാരത്തിലായിരുന്നു. പെസഹാ ബുധനാഴ്ച ആരംഭിച്ച് ഈസ്റ്ററിനു അവസാനിച്ച ധ്യാനത്തിൽ നാനൂറോളം പേരാണ് പങ്കെടുത്തത്. അതിൽ നിരവധി പ്രായമായവരും ചെറുപ്പക്കാരും ഒക്കെയുണ്ടായിരുന്നു. എന്നാൽ ദൈവത്തിനു മുൻപിൽ എല്ലാരും സമന്മാർ ആണെന്ന ബോധ്യം ഇവർക്കുണ്ട്. അതുകൊണ്ട് തന്നെ ധ്യാനത്തെ വലിയൊരു അവസരമായാണ് അവർ കണ്ടത്.

“സാധാരണ നമ്മൾ കണ്ടുവരുന്ന ധ്യാനം പോലെ നടത്താൻ സാധിക്കില്ല. കാരണം അവർക്ക് ജീവിതവും വിശ്വാസവും എല്ലാം വളരെ ലളിതമായ ഒന്നാണ്. അതുകൊണ്ട് തന്നെ അല്പം പാട്ടും ഡാൻസും ഇടയ്ക്ക് ചെറിയ പ്രസംഗങ്ങളും ഒക്കെ കൂടി ചേർന്നാലേ അവർക്കുള്ള ധ്യാനമാകൂ. പങ്കെടുത്ത നാനൂറോളം ആളുകളും അവിടെ തുല്യരായിരുന്നു. പ്രായമോ മറ്റു കാര്യങ്ങളോ ഒന്നും പരിഗണിക്കാതെ അവർ ഈ അഞ്ചു ദിവസവും കർത്താവിന്റെ കൂടെയായിരുന്നു,” മിൻഗിയോ മിഷൻ ഡയറക്ടർ ഫാ. പ്രിൻസ് പുത്തൻചിറ പറഞ്ഞു തുടങ്ങുകയാണ്. ഫാ. പ്രിൻസ് പുത്തൻചിറ, ഫാ. അൻസിൽ നടുത്തൊട്ടിയിൽ എന്നിവരാണ് ഇപ്പോൾ ഇവിടെ ശുശ്രൂഷ ചെയ്യുന്നത്.

കോർപ്പസ് ക്രിസ്റ്റി ഇടവകയെ ഒരുമിച്ചു ചേർക്കുക എന്നത് വലിയ വെല്ലുവിളി തന്നെയായിരുന്നു ഈ മിഷനറിമാർക്ക്. കാരണം ചെങ്കുത്തായ മലകളും എത്തിപ്പെടാൻ ദുർഘടമായ വഴികളും മഴക്കാലമായാൽ മണ്ണിടിച്ചിൽ സാധാരണവുമായ ഈ നാട്ടിൽ ക്രിസ്തുവിന്റെ സുവിശേഷവുമായി ഈ വൈദികർ താണ്ടുന്നത് കാതങ്ങളാണ്. കഴിഞ്ഞ പതിനഞ്ചു വർഷമായി എം സി ബി എസ് സന്യാസ വൈദികർ ഇവിടെയുണ്ട്. അവരുടെ അർപ്പണ മനോഭാവവും തീക്ഷ്ണതയുമാണ് ഇവിടുത്തെ ആളുകളെ ക്രിസ്തുവിശ്വാസത്തിൽ ഉറപ്പിച്ചു നിർത്തുന്നത്. അതുകൊണ്ട് തന്നെ ധ്യാന ദിനങ്ങളെ കൂടുതൽ അനുഗ്രഹപ്രദമായതിനു പിന്നിലെ ദൈവസാന്നിധ്യം വളരെ വലുതാണെന്ന് ഈ വൈദികർക്ക് നന്നായിട്ടറിയാം.

“അഞ്ചു ദിവസങ്ങൾ എല്ലാവരും ഒരുമിച്ചായിരുന്നു ഇവിടെ. ഭക്ഷണം പാകം ചെയ്യുന്നത് ഓരോ ദിവസവും ഓരോ കുടുംബ കൂട്ടായ്മയായിരുന്നു. അഞ്ചാം ദിനത്തിൽ പാരിഷ് കൗൺസിൽ അംഗങ്ങളും. എല്ലാവരും ഒരുമിച്ചു വന്നതിൽ ഞങ്ങൾക്ക് വളരെ സന്തോഷമുണ്ട്. ഞങ്ങൾക്ക് സംസാരിക്കാൻ അവരുടെ നിഷി ഭാഷയാണുള്ളത്. അതിനു ലിപി ഇല്ല. ഇംഗ്ലീഷ് അക്ഷരങ്ങളുപയോഗിച്ചാണ് അത് എഴുതുന്നത്. അവരിൽ പലർക്കും വായിക്കാനും അറിയില്ല. പ്രാർഥനകളും പാട്ടുകളുമെല്ലാം പഠിക്കുന്നത് വാ മൊഴിയായി തന്നെയാണ്. ഈ മനുഷ്യരൊക്കെയും നല്ല ആളുകളാണ്. അവരിൽ ദൈവസ്‌നേഹം കൂടുതലായി എത്തിയപ്പോൾ അവർ കൂടുതൽ നന്മയുള്ളവരായിമാറി” – ഈ വൈദികർ വെളിപ്പെടുത്തുന്നു.

17 ഗ്രാമങ്ങളിൽ 13 ലും കൊച്ചു ദൈവാലയങ്ങൾ ഉണ്ട്. അവിടെ കാറ്റെക്കിസ്റ്റുകളുടെ നേതൃത്വത്തിൽ എല്ലാ ഞായറാഴ്ചകളിലും പ്രാർഥനകൾ നടക്കുന്നു. ബാക്കിയുള്ള ഇടങ്ങളിലും പള്ളികൾ പണിയണമെന്നത് ഒരു വലിയ പ്രാർഥനയും സ്വപ്‌നവുമായി അവശേഷിക്കുന്നു. എല്ലാവരുടെയും പ്രാർഥനാ സഹായം ഞങ്ങൾക്ക് ആവശ്യമാണ്. എല്ലാ ഞായറാഴ്ചയും എല്ലാ ഇടത്തും ഞങ്ങൾക്ക് എത്തിപ്പെടാൻ കഴിയില്ലെങ്കിലും ഞങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ട്. ഇവിടെ നമുക്ക് ഒരു സ്‌കൂളുകൂടിയുണ്ട്. അതിന്റെ ഉത്തരവാദിത്വങ്ങൾ വഹിക്കുന്നത് ഫാ. ജോൺസ് പുത്തൻകളം എം സി ബി എസ്, ഫാ. സാവിയോ കുരീക്കാട്ട് എം സി ബി എസ് എന്നീ വൈദികരാണ്. കർത്താവിനെ അറിയിക്കുക, നല്ല വിദ്യാഭ്യാസം നൽകി അവരെയെല്ലാം മികച്ച വ്യക്തികളായി വാർത്തെടുക്കുക എന്നിവയാണ് നിലവിലെ ലക്‌ഷ്യം” – പ്രിൻസ് അച്ചൻ പറയുന്നു.

എം.സി.ബി.എസ് എമ്മാവൂസ് പ്രോവിന്സിന് അരുണാചലിൽ നാല് മിഷൻ സെന്ററുകളിലായി 11 വൈദികരാണ് ഉള്ളത്. “ഞങ്ങളെല്ലാവരും വലിയ സന്തോഷത്തിലാണ് ഇവിടെ ആയിരിക്കുന്നത്. കർത്താവിനു വേണ്ടിയാണല്ലോ ഓടുന്നത് എന്ന വലിയ ആനന്ദം ഞങ്ങൾക്കെല്ലാം ഉണ്ട്. ദുർഘടമായ പാതകളിലൂടെ സഞ്ചരിച്ചാലും അവിടുന്ന് കാത്തോളും എന്ന ഉറപ്പുണ്ട്” –  ഈ യുവ മിഷനറിമാർ ധൈര്യത്തോടെ പറയുന്നു.

കർത്താവിന്റെ ഉറപ്പിന്മേൽ ഈ വൈദികർ അരുണാചൽ പ്രദേശിൽ തങ്ങളുടെ ശുശ്രൂഷ തുടരുകയാണ്. കർത്താവിന്റെ സുവിശേഷവുമായി അരുണാചലിൽ ആയിരിക്കുന്ന മിഷനറിമാർക്കും ലോകമെമ്പാടുമുള്ള എല്ലാ മിഷനറിമാർക്കും ലൈഫ്ഡേയുടെ പ്രാർഥനാശംസകൾ!

സുനീഷാ വി. എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.