ഉക്രൈനിലേക്ക് മാതാവിന്റെ അത്ഭുതമെഡലുകൾ അയച്ച് റഷ്യക്കാരി

ഉക്രേനിയൻ ഇംഗ്ലീഷ് ഭാഷാ വിവർത്തകയാണ് റഷ്യക്കാരിയായ മേരി ഓഡ് ടാർഡിവോ. ഇപ്പോൾ ഫ്രാൻസിലാണ് മേരിയുടെ താമസം. മേരിക്ക് ഉക്രൈനുമായുള്ള ബന്ധത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മൂന്നു വർഷം ഉക്രൈനിലെ കത്തോലിക്കാ സർവ്വകലാശാലയിലെ വിദ്യാർത്ഥിനിയായിരുന്നു മേരിക്ക് ഉക്രൈനിൽ ധാരാളം സുഹൃത്തക്കളുമുണ്ട്.

ഉക്രൈനിൽ യുദ്ധം തുടങ്ങിയതു മുതൽ മേരി ദുഃഖിതയാണ്. അവൾക്ക് എങ്ങനെയെങ്കിലും ഉക്രൈനെ സഹായിക്കണമെന്നുണ്ട്. പക്ഷേ എങ്ങനെ, എന്ത് ചെയ്യണമെന്ന് അവൾക്ക് അറിയില്ല. അങ്ങനെ അതിനൊരു പരിഹാരം കാണാൻ അവൾ തീരുമാനിച്ചു.

അങ്ങനെ മേരി, ഉക്രൈനിലുള്ള തന്റെ വൈദികസുഹൃത്തിനെ ഫോണിൽ വിളിച്ചു. താൻ എങ്ങനെയാണ് ഉക്രൈനെ സഹായിക്കേണ്ടതെന്നു ചോദിച്ചു. ഫ്രാൻസിലെ പരിശുദ്ധ അമ്മയുടെ ചിത്രങ്ങൾ സൈനികർക്ക് അയച്ചുകൊടുക്കാനായിരുന്നു ഉക്രൈനിലെ കാത്തോലിക്ക വൈദികനായ ഫാ. വാസിൽ ബിലാഷ് പറഞ്ഞത്. എന്നാൽ ഫ്രാൻസിൽ ചിത്രങ്ങൾക്ക് വലിയ പ്രാധാന്യമില്ലായിരുന്നു. അതുകൊണ്ട് അത്ഭുതമെഡലുകൾ ഉക്രേനിയക്കാർക്ക് അയക്കാൻ അവൾ തീരുമാനിച്ചു. തങ്ങളും ഉക്രൈനു വേണ്ടി പ്രാർത്ഥിക്കുന്നുണ്ടെന്നും പരിശുദ്ധ അമ്മയുടെ സഹായം അവർക്കുണ്ടെന്നും ഉക്രൈൻകാരെ ബോധ്യപ്പെടുത്താനായിരുന്നു അത്.

മേരി തന്റെ സുഹൃത്തുക്കളുമായി ചേർന്ന് 1000 അത്ഭുതമെഡലുകൾ വാങ്ങി. പക്ഷേ, അതു കഴിഞ്ഞ് നടന്നത് മേരിക്ക് ഇന്നും ഒരത്ഭുതമാണ്. കാരണം താൻ ആയിരം മെഡലുകൾ അയക്കാൻ തീരുമാനിച്ചിടത്ത് 4000 മെഡലുകൾ പലരും ചേർന്ന് ഉക്രൈനിലേക്ക് അയയ്ക്കാൻ വേണ്ടി മേരിക്ക് അയച്ചുകൊടുത്തു. ഉക്രേനിയൻ ഭാഷയിൽ അച്ചടിച്ച കാർഡുകളിൽ റു ടു ബാക് -ന്റെ കഥയും വിശദീകരിച്ചിരുന്നു. കാർഡുകളിൽ മെഡലുകൾ ചേർത്തുപിടിപ്പിക്കാൻ നാല്പതുകാരിയായ മേരിയെ സഹായിച്ചത് തന്റെ സ്‌കൂൾ വിദ്യാർത്ഥിയായ മകന്റെ സുഹൃത്തുക്കളാണ്. ഉക്രൈനിൽ മെഡലുകൾ എത്തുന്നത് അവരിൽ പുതിയൊരു പ്രതീക്ഷയും സന്തോഷവും നിറയ്ക്കുമെന്നാണ് മേരിയുടെ വിശ്വാസം.

ഏകദേശം 600 അത്ഭുതമെഡലുകൾ ഇപ്പോൾ ഉക്രൈൻ നഗരമായ ലിവീവിൽ എത്തിയിട്ടുണ്ട്. “യേശുക്രിസ്തുവിന് മഹത്വം. പ്രിയ സുഹൃത്തുക്കളേ, മേരി തയ്യാറാക്കിയ മെഡലുകൾ ഞങ്ങൾക്ക് ലഭിച്ചു. നിങ്ങളുടെ പ്രാർത്ഥനകൾക്ക് ഒരുപാട് നന്ദി. ഇപ്പോൾ ഞങ്ങൾക്ക് ലോകമെമ്പാടുമുള്ളവരുടെ സ്നേഹവും പിന്തുണയും അനുഭവപ്പെടുന്നു”- ഫാ. വാസിൽ മേരിക്ക് അയച്ച സന്ദേശത്തിൽ പറയുന്നു. സന്ദേശത്തോടൊപ്പം അവർക്കു ലഭിച്ച മെഡലുകളുടെ ചിത്രങ്ങളും ഫാദർ അയച്ചിരുന്നു. ആ ചിത്രങ്ങളിൽ ഫാത്തിമാ മാതാവിന്റെ ഒരു രൂപവും കാണാം. വാർസോയിൽ നിന്ന് മാർച്ച് 18- ന് ഈ വൈദികൻ ലിവീവിലേക്കു കൊണ്ടുവന്ന രൂപമാണിത്. ഉക്രൈൻക്കാർ കടന്നുപോകുന്ന ദുരിതത്തിൽ, പരിശുദ്ധ അമ്മ അവരോടൊപ്പം ഉണ്ടെന്ന് അവർ ഉറച്ചു വിശ്വസിക്കുകയാണ്.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.