
വൈകല്യങ്ങൾക്കപ്പുറം സ്നേഹവും വിശ്വാസവും കൊണ്ട് ഒരു സമൂഹത്തെ മുഴുവൻ പ്രചോദിപ്പിക്കുകയാണ് ബ്രസീലിലെ മിഗുവേൽ ലോപ്സ് എന്ന പതിനൊന്നുകാരൻ. ഡൗൺ സിൻഡ്രോം ബാധിച്ച മിഗുവേലിനെ ഗർഭാവസ്ഥയിലിരിക്കെ തന്നെ ഗർഭഛിദ്രം നടത്താൻ ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. എന്നാൽ ദൈവഹിതത്തിന് കീഴ്വഴങ്ങിയ മാതാപിതാക്കളുടെ ഉറച്ച തീരുമാനം ഇന്ന് ഒരു ഇടവകയുടെയാകെ ആത്മീയ ഉണർവായി മാറിയിരിക്കുകയാണ്. വർഷങ്ങൾക്ക് ശേഷം, മിഗുവൽ ലോപ്സ് ഇപ്പോൾ ബ്രസീലിലെ തന്റെ ഇടവകയിൽ ഒരു അൾത്താര ബാലനായി സേവനമനുഷ്ഠിക്കുന്നു
അൾത്താരയിലെ തന്റെ സാന്നിധ്യത്താൽ മിഗുവേൽ അനേകം ഹൃദയങ്ങളെ സ്പർശിക്കുന്നു. 11 വയസ്സുള്ള മിഗുവേലിന് ഡൗൺ സിൻഡ്രോം ഉണ്ട്, അതോടൊപ്പം യേശുവിനോടുള്ള അതിരറ്റ സ്നേഹവും. ജനനം മുതൽ മിഗുവേലിന് നിരവധി ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വന്നു, പക്ഷേ അവൻ സന്തോഷവും ജീവനും നിറഞ്ഞവനായി വളർന്നു. ചെറുപ്പത്തിൽ തന്നെ, ഒരു അൾത്താര ബാലനാകാനുള്ള ആഗ്രഹം അവൻ പ്രകടിപ്പിച്ചു.
ബ്രസീലിലെ പിരാസിക്കാബയിലുള്ള സാന്താ റോസ ഡി ലിമ ഇടവക മിഗുവേലിന്റെ പ്രത്യേകതകൾ മനസ്സിലാക്കി അവനെ സ്വാഗതം ചെയ്യാൻ വലിയ മാറ്റങ്ങളാണ് വരുത്തിയത്. മതബോധന അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകുകയും മിഗുവേലിന്റെ ആവശ്യങ്ങൾക്കനുസൃതമായി പ്രവർത്തനങ്ങളിൽ മാറ്റം വരുത്തുകയും ചെയ്തു. ഈ പ്രക്രിയയിലുടനീളം മിഗുവേലിന്റെ അമ്മ സജീവമായ പങ്ക് വഹിച്ചു. മതബോധന കോർഡിനേറ്ററായ ജാസിയും പിന്തുണയ്ക്കാൻ പ്രതിജ്ഞാബദ്ധയായി.
ഇന്ന്, മിഗുവേൽ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നു: കുർബാനയുടെ സമയത്ത് മുട്ടുകുത്തി, പ്രാർഥിക്കുന്നു, സഹായിക്കുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യം ഇടവക സമൂഹത്തിന്റെ ആഘോഷങ്ങളിൽ പരിചിതവും സന്തോഷകരവുമായ ഒരു ഭാഗമായി മാറിയിരിക്കുന്നു.
തന്റെ പ്രാർഥനയിലൂടെയും സാന്നിധ്യത്തിലൂടെയും അനേകം കുടുംബങ്ങളെ പള്ളിയിലേക്ക് തിരികെ വരാനും പ്രേരിപ്പിക്കുന്നു. മിഗുവേലിനെ കണ്ടു പ്രചോദനം ഉൾക്കൊണ്ട് പള്ളിയിൽ വരാൻ തുടങ്ങിയ കൂട്ടുകാരും അവരുടെ മാതാപിതാക്കളും ഈ കുരുന്നിന്റെ സ്വാധീനത്തിന് തെളിവാണ്.
മക്കളുടെ വിശ്വാസജീവിതം രൂപപ്പെടുത്തുന്നതിൽ മാതാപിതാക്കൾക്കുള്ള പങ്കിനെക്കുറിച്ച് മിഗുവേലിന്റെ അമ്മ ടാസിയയ്ക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. വിശ്വാസപരിശീലനം വീട്ടിൽ നിന്നാണ് തുടങ്ങേണ്ടതെന്നും വൈകല്യമുള്ള കുട്ടികളെ സമൂഹത്തിന്റെ ഭാഗമാക്കാൻ മാതാപിതാക്കൾ മുൻകൈ എടുക്കണമെന്നും അവർ ഓർമ്മിപ്പിക്കുന്നു. ഉൾപ്പെടുത്തലും സഹാനുഭൂതിയും കൈമുതലായുള്ള ഒരു ഇടവക സമൂഹത്തിന് എങ്ങനെ വിശ്വാസത്തിൽ വളരാമെന്ന് മിഗുവേലിന്റെ ജീവിതം ലോകത്തിന് കാണിച്ചുകൊടുക്കുന്നു.




