‘യേശുവിന്റെ കൈകളും കാലുകളും’: കാരുണ്യത്തിന്റെ 15,000 ഭക്ഷണപ്പൊതികളുമായി മിഷിഗണിലെ വിദ്യാർഥികൾ

കത്തോലിക്കാ സ്കൂൾ വാരത്തോടനുബന്ധിച്ച് മിഷിഗണിലെ റിച്ച്മണ്ടിലുള്ള സെന്റ് അഗസ്റ്റിൻ സ്കൂളിലെ വിദ്യാർഥികൾ നയിച്ച സേവനപദ്ധതി വിശ്വാസവും പ്രവൃത്തിയും ഒത്തുചേരുന്ന മനോഹരമായ ഒന്നായി മാറി. കിഡ്‌സ് എഗെയിൻസ്റ്റ് ഹംഗർ (Kids Against Hunger) എന്ന സംഘടനയുമായി കൈകോർത്ത്, വിശക്കുന്നവർക്കായി 15,000 ഭക്ഷണപ്പൊതികളാണ് സ്കൂൾ ബേസ്‌മെന്റിൽ ഒരുക്കിയ താൽക്കാലിക കേന്ദ്രത്തിൽ വിദ്യാർഥികൾ തയ്യാറാക്കിയത്. കിന്റർഗാർട്ടൻ മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കൊപ്പം സ്കൂളിലെ പൂർവവിദ്യാർഥികളും രക്ഷിതാക്കളും ഈ മഹത്തായ ലക്ഷ്യത്തിനായി ഒന്നിച്ചു.

അരി, സോയ, പച്ചക്കറികൾ എന്നിവ കൃത്യമായ അളവിൽ ബാഗുകളിൽ നിറച്ച്, സീൽ ചെയ്ത് പെട്ടികളിലാക്കുന്ന ജോലിയിൽ കുട്ടികൾ വളരെ ഉത്സാഹത്തോടെയാണ് പങ്കെടുത്തത്. മുതിർന്ന വിദ്യാർഥികൾ ഇളയ കുട്ടികൾക്ക് മാർഗനിർദ്ദേശം നൽകിയപ്പോൾ, പ്രീ-സ്കൂൾ കുട്ടികൾ ഭക്ഷണപ്പൊതികൾ വെക്കുന്ന പെട്ടികൾ ക്രയോണുകൾ കൊണ്ട് അലങ്കരിച്ച് തങ്ങളുടേതായ പങ്കുവഹിച്ചു. “നമ്മുടെ കൈകളും കാലുകളും യേശുവിന്റേതായി മാറുമ്പോൾ എന്ത് മാറ്റമുണ്ടാക്കാം എന്നതാണ് ഞങ്ങൾ ഇവിടെ ആഘോഷിക്കുന്നത്,” എന്ന് സ്കൂൾ പ്രിൻസിപ്പൽ എമിലി ലെൻ പറയുന്നു.

തുടർച്ചയായ മൂന്നാം വർഷമാണ് സ്കൂൾ ഇത്തരമൊരു പദ്ധതി ഏറ്റെടുക്കുന്നത്. ആദ്യവർഷം വടക്കൻ മിഷിഗണിലെ ഒരു സഹായ സംഘടനയ്ക്കാണ് ഭക്ഷണം അയച്ചതെങ്കിൽ, കഴിഞ്ഞ വർഷം മുതൽ പ്രാദേശിക സമൂഹത്തിലെ പാവപ്പെട്ടവരെ സഹായിക്കാനാണ് സ്കൂൾ അധികൃതർ തീരുമാനിച്ചത്. ഇത്തവണ തയ്യാറാക്കിയ ഭക്ഷണമെല്ലാം പോർട്ട് ഹ്യൂറോണിലെ ബ്ലൂ വാട്ടർ കമ്മ്യൂണിറ്റി ഫുഡ് ഡിപ്പോ വഴിയാണ് വിതരണം ചെയ്യുന്നത്. ഒരു ദിവസം കൊണ്ട് 15,000 മുതിർന്നവർക്കോ അല്ലെങ്കിൽ 30,000 കുട്ടികൾക്കോ ആവശ്യമായ ഭക്ഷണമാണ് ഈ കൊച്ചു മിടുക്കർ തയ്യാറാക്കിയതെന്ന് പദ്ധതിക്ക് നേതൃത്വം നൽകിയ ടോഡ് ക്ലെവെഞ്ചർ വ്യക്തമാക്കി.

“ഈ പ്രോജക്റ്റിൽ എന്നെ ഏറ്റവും ആകർഷിച്ചത് എല്ലാവരും ഇതിൽ എങ്ങനെ പങ്കാളികളാകുന്നു എന്നതാണ്. കുട്ടികൾ ഈ ഉത്തരവാദിത്തം ഏറ്റെടുക്കുകയും എല്ലാം ഭംഗിയായി സംഘടിപ്പിക്കുകയും ചെയ്യുന്നു. പൂർവവിദ്യാർഥികൾ സെന്റ് അഗസ്റ്റിനിലേക്ക് മടങ്ങിയെത്തുകയും ഞങ്ങളുടെ നിലവിലെ വിദ്യാർഥികളുമായി ഒന്നിച്ചു പ്രവർത്തിക്കുകയും ചെയ്യുന്നു. ഭക്ഷണപ്പെട്ടികൾ കലവറയിൽ എത്തിക്കാൻ സഹായിക്കുന്നതിനായി മാതാപിതാക്കൾ ഒപ്പമുണ്ട് . ഭക്ഷണം വയ്ക്കുന്ന പെട്ടികൾക്ക് നിറം നൽകുന്നതിൽ പ്രീസ്‌കൂൾ കുട്ടികൾ പോലും പങ്കാളികളാകുന്നു. അതിനാൽ ഇവിടുത്തെ ഓരോ വ്യക്തിയും ഓരോ വിധത്തിൽ ഇതിൽ പങ്കാളികളാണ്.”

മിഷിഗണിലെ കിഡ്‌സ് എഗെയിൻസ്റ്റ് ഹംഗറിന്റെ ഡയറക്ടർ ടോഡ് ക്ലെവെഞ്ചർ, ഭക്ഷണം എങ്ങനെ ക്രമീകരിക്കാമെന്നും പായ്ക്ക് ചെയ്യാമെന്നും വിദ്യാർഥികളെ പഠിപ്പിക്കാൻ അവിടെ ഉണ്ടായിരുന്നു.

വിശക്കുന്നവർക്ക് ഭക്ഷണം നൽകുക എന്ന കാരുണ്യപ്രവൃത്തിയിലൂടെ തങ്ങൾ പഠിക്കുന്ന പാഠങ്ങൾ ജീവിതത്തിൽ പകർത്തുകയാണ് ഈ വിദ്യാർഥികൾ. ക്ലാസ് മുറിയിലെ പഠനത്തിനപ്പുറം സഹജീവികളോടുള്ള സ്നേഹവും ഉത്തരവാദിത്തവും വളർത്താൻ ഇത്തരം പദ്ധതികൾ അവരെ സഹായിക്കുന്നു. തങ്ങളുടെ അധ്വാനം പ്രാദേശിക സമൂഹത്തിന്റെ വിശപ്പകറ്റാൻ സഹായിക്കുമെന്ന തിരിച്ചറിവ് കുട്ടികളിൽ വലിയ ആവേശമാണ് ഉണ്ടാക്കിയത്. സെന്റ് അഗസ്റ്റിൻ സ്കൂളിന്റെ അസ്തിത്വം തന്നെ മറ്റുള്ളവർക്കായി യേശുവിന്റെ കൈകളും കാലുകളുമായി പ്രവർത്തിക്കുക എന്നതാണെന്ന് ഈ സേവനപദ്ധതി ഒരിക്കൽ കൂടി അടിവരയിടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.