ദൈവമേ, അടിയങ്ങൾക്ക് അങ്ങ് നൽകിയ മകനെ അങ്ങ് തിരിച്ചു വിളിച്ചു: മരണമടഞ്ഞ ബിജോ ബ്രദറിന്റെ പിതാവിന്റെ ധീരസാക്ഷ്യം 

“ദൈവം തന്നു, ദൈവം എടുത്തു; ദൈവത്തിന്റെ നാമം മഹത്വപ്പെടട്ടെ” എന്ന ജോബിന്റെ വാക്കുകൾ ജീവിതംകൊണ്ട് നിറവേറ്റിയ ഒരു പിതാവിനെ കഴിഞ്ഞ ദിവസം തെള്ളകം കപ്പൂച്ചിൻ സെമിനാരിയിലെ മൃതസംസ്ക്കാര വേളയിൽ കാണാൻ സാധിച്ചു.

ഗോദാവരി നദിയിൽ മുങ്ങിമരിച്ച കപ്പൂച്ചിൻ സമൂഹത്തിലെ ബ്രദർ ബിജോയുടെ പിതാവായിരുന്നു അത്. മൃതസംസ്ക്കാര ശുശ്രൂഷയുടെ ഒടുക്കം എല്ലാവരുടെയും മുൻപിൽ നിന്ന് ദൈവത്തിന് നന്ദിപറഞ്ഞ തോമസ് എന്ന ആ പിതാവ്, ലോകത്തിനു മുൻപിൽ ഒരു വലിയ മാതൃകയാണ്. കണ്ണുനനയാതെ ആ നന്ദി പറച്ചിൽ കേൾക്കാൻ ആർക്കും സാധിച്ചില്ലെങ്കിലും കണ്ഠമിടറാതെ ദൈവത്തിന് നന്ദി പറയാൻ ആ പിതാവിന് സാധിച്ചു.

ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളുടെ ചുരുക്കം:

“പ്രിയപ്പെട്ട ബ്രദേഴ്‌സേ, ഞാൻ ഇപ്പോൾ ഇവിടെ നിൽക്കുന്നത് കർത്താവ് എന്റെ ജീവിതത്തിൽ നൽകിയിട്ടുള്ള എല്ലാ കൃപക്കുമായി നന്ദി പറയുന്നതിന് വേണ്ടിയിട്ടാണ്. ഇവിടെ കൂടിയിട്ടുള്ള വിശ്വാസികളായാ എല്ലാവരും കർത്താവിൽ ആശ്രയിച്ചാൽ കിട്ടുന്നത് എന്താണെന്ന് മനസിലാക്കുവാൻ ഒരു അവസരം എനിക്ക് ലഭിച്ചത് നിങ്ങളോട് പങ്കുവെയ്ക്കാൻ വേണ്ടി മാത്രമാണ്.”

തുടർന്ന്, ബിജോ സെമിനാരിയിൽ ചേർന്ന സമയം അദ്ദേഹം ഓർമ്മിച്ചു:

”ഞാൻ ഒരു രോഗിയായിരുന്നു. കോൺട്രാക്ടർ പണി ചെയ്തിരുന്ന എനിക്ക് രോഗം ബാധിച്ച് ഒരു സമയത്ത് തീരെ അവശനായിപ്പോയി. ആ സമയത്താണ് ബിജോമോൻ എന്റെ അടുത്ത് വന്നു പറയുന്നത്. ‘ഡാഡി, എനിക്ക് സെമിനാരിയിൽ പോകണം.’ അപ്പോൾ ഞാൻ പറഞ്ഞു ‘ഇപ്പോൾ പോയി കഴിഞ്ഞാൽ എന്താ സ്ഥിതി.’

മമ്മി പറഞ്ഞു: ‘ഡാഡിക്ക് മേലാത്തതല്ലേ, എന്തു ചെയ്യും?’

‘അതൊന്നും സാരമില്ല. ഞാൻ ഈശോയ്ക്ക് വേലചെയ്യാൻ പോകുവാണ്. നിങ്ങൾ തടസം നിൽക്കരുത്. നിങ്ങളെ ഈശോ നോക്കിക്കൊള്ളും.’

അത് നൂറ് ശതമാനം സത്യമായി ഞാൻ അനുഭവിച്ചു. ഞങ്ങളുടെ കുടുംബം അനുഭവിച്ചു. അത് നിങ്ങളുടെ മുൻപിൽ സാക്ഷ്യപ്പെടുത്തിയില്ലെങ്കിൽ ഈ അവസ്ഥയിൽ എനിക്ക് കിടന്നുറങ്ങാൻ പറ്റില്ല. ഇന്നലെ രാത്രി ഞാൻ ടോമി അച്ചന്റെ അടുത്ത് പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ എന്റെ മനസ്സിൽ തോന്നിയതാണ്, ഇവിടെ ദൈവാലയത്തിൽ എല്ലാവരും കൂടിയിരിക്കുമ്പോൾ ഇതു പങ്കുവെയ്ക്കണമെന്ന്. ഞാൻ അച്ചനോട്  ചോദിച്ചു.

“അച്ചാ, എന്റെ വിശ്വാസം ഏറ്റുപറയാൻ എന്നെ ഒന്ന് അനുവദിക്കാമോ? അപ്പോൾ അച്ചൻ പറഞ്ഞു: ഞാൻ പ്രൊവിൻഷ്യൻ അച്ചനോട് ചോദിക്കട്ടെ, അദ്ദേഹം സമ്മതിക്കുവാണേൽ സമയം തരാം.”

എനിക്കതിനുള്ള സമയം തന്നു. അതനുസരിച്ച് നമ്മുടെ കർത്താവിന് നന്ദി അർപ്പിക്കാൻ വേണ്ടി ഈ സമയം ഞാൻ ആഗ്രഹിക്കുന്നു.

തുടർന്ന് അദ്ദേഹം നന്ദി പറയുകയാണ്.

“കർത്താവായ ഈശോയെ, അടിയങ്ങൾക്ക് അങ്ങ് നൽകിയ മകൻ ബിജോയെ അങ്ങയുടെ വേല ചെയ്യുന്നതിനായി ഏഴ് വർഷങ്ങൾക്ക് മുൻപ് ഞങ്ങൾ സമർപ്പിച്ചുവല്ലോ. ദൈവമേ, ഈ മകനെ അങ്ങു സ്വീകരിച്ചും പരിപാലിച്ചും ഇപ്പോൾ കർത്താവേ, അങ്ങയോട് കൂടെ ഇരിക്കാനായി തിരുസന്നിധിയിലേക്ക് വിളിച്ചു ചേർത്തതിനായി അങ്ങയേക്ക് ഞാൻ സ്തോത്രം ചെയ്യുന്നു. കർത്തവേ, നന്ദി. എല്ലാ മഹത്വവും അവിടുത്തേക്ക് മാത്രം. കർത്താവേ, ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ. ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ.”

“ബിജോമോന്റെ സംസ്ക്കാരത്തിനായി ഈ ദൈവാലയത്തിൽ രാവിലെ മുതൽ കൂടിയിരിക്കുകയും, ഇടവക ദൈവാലയത്തിൽ നിന്നും (നാട്ടുകാരും വീട്ടുകാരും ഒക്കെ) ഏല്ലാ ദിവസവും വീട്ടിൽ വന്ന് പ്രാർത്ഥിക്കുകയും അറിഞ്ഞു കേട്ടും ഒക്കെ വന്ന് പ്രാർത്ഥിക്കുകയും ചെയ്ത എല്ലാവരെയും അങ്ങു അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് സർവശക്തനായ പിതാവിന് സ്തോത്രം. നിറുത്തട്ടെ. ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.”

തോമസ് എന്ന ആ പിതാവിനറിയാം, തന്റെ ബിജോ മോൻ ദൈവ പിതാവിന്റെ മടിയിൽ സന്തോഷവാനാണെന്ന്. ഒരു വലിയ വിശ്വാസത്തിന്റെ ഏറ്റുപറച്ചിലിനും ധീരസാക്ഷ്യത്തിനുമാണ് ആ മൃതസംസ്ക്കാര വേള സാക്ഷ്യം വഹിച്ചത്. ആ വാക്കുകളിൽ നിറഞ്ഞു നിന്നത് നന്ദി മാത്രമായിരുന്നു; ദൈവത്തോടുള്ള തീർത്താൽ തീരാത്ത കടപ്പാടും. നെഞ്ചുപൊള്ളുന്ന ഒരു അപ്പന്റെ വേദനയല്ല, പ്രതീക്ഷയുള്ള ഒരു ക്രൈസ്തവന്റെ ഏറ്റുപറച്ചിലായിരുന്നു അത്.

തയ്യാറാക്കിയത്: സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ    

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.