രണ്ടു പ്രാവശ്യം ബൈബിൾ പകർത്തി എഴുതിയ മറിയമ്മ ടീച്ചർ സംസാരിക്കുന്നു

മരിയ ജോസ് 
മരിയ ജോസ്

ബൈബിൾ ഒരു പ്രാവശ്യം മുഴുവൻ വായിക്കുക എന്നത് ശ്രമകരമായ ഒരു കാര്യമാണെന്ന് കരുതുന്നവരാണ് ക്രൈസ്തവരിൽ ഏറെയും. എങ്കിലും അൽപം മെനക്കെട്ടാണെങ്കിലും ഒരു തവണയെങ്കിലും വായിക്കാനായി താൽപര്യപ്പെടുന്ന ആളുകളുടെ എണ്ണം അടുത്ത കാലത്തായി വർദ്ധിച്ചുവരുന്നുണ്ട്. അവർക്കിടയിലാണ് പൊങ്ങ, മാർ സ്ലീവാ ഇടവാംഗമായ മറിയമ്മ ടീച്ചർ വ്യത്യസ്തയാകുന്നത്. തിരുവചനത്തിന്റെ ശക്തി തിരിച്ചറിഞ്ഞ ഈ ടീച്ചർ സമ്പൂർണ്ണ ബൈബിൾ എഴുതി പൂർത്തിയാക്കിയിരിക്കുകയാണ്; ഒന്നല്ല രണ്ടു പ്രാവശ്യം. പ്രാർത്ഥനാപൂർവ്വം ബൈബിൾ എഴുതിയതിലൂടെ തനിക്കു ലഭിച്ച അനുഗ്രഹങ്ങളുടെയും ബോധ്യങ്ങളുടെയും കഥകൾ ലൈഫ് ഡേയുമായി പങ്കുവയ്ക്കുകയാണ് മറിയമ്മ ടീച്ചർ.

ബൈബിൾ എഴുതാനുള്ള ആശയത്തിലേക്ക് വഴി തുറന്ന വചനം

ബൈബിൾ എഴുതുക എന്നത് ഒരു ദിവസം കൊണ്ട് എടുത്ത തീരുമാനമായിരുന്നില്ല. അതിനു പിന്നിൽ പ്രചോദനാത്മകമായ ഒരു സംഭവം കൂടിയുണ്ട്. മറിയമ്മ ടീച്ചർ പറഞ്ഞുതുടങ്ങി. മുൻപ് ഓരോ നിയോഗം വച്ചുകൊണ്ട് പ്രാർത്ഥനാപൂർവ്വം വചനം എഴുതുന്ന ശീലം ടീച്ചറിന് ഉണ്ടായിരുന്നു. മക്കളുടെ ജോലിക്കാര്യങ്ങളും മറ്റും നിയോഗമായി വച്ചുകൊണ്ട് വിശ്വാസപൂർവ്വം വചനം എഴുതിയപ്പോൾ അവിടെയൊക്കെ ദൈവത്തിന്റെ പ്രത്യേക അനുഗ്രഹം ദർശിക്കാൻ ടീച്ചറിന് കഴിഞ്ഞു. അങ്ങനെയിരിക്കുമ്പോഴാണ് എന്തായാലും വചനം എഴുതുന്നുണ്ട്, എങ്കിൽ പിന്നെ ബൈബിൾ എഴുതിക്കൂടെ എന്ന ഒരു ചോദ്യം ടീച്ചറിന്റെ ഉള്ളിൽ നിന്നും ഉയരുന്നത്.

ബൈബിൾ എഴുതുക എന്ന തീരുമാനം എടുക്കുമ്പോൾ, റിട്ടയർമെന്റിനു ശേഷം മകളുടെ കുഞ്ഞിനെ നോക്കുന്നതിനായി ടീച്ചർ മസ്‌ക്കറ്റിൽ ആയിരുന്നു. ചെറിയ കുഞ്ഞാണ്. കൂടുതൽ ഉറങ്ങുന്ന സമയം. ഫ്ളാറ്റിലെ താമസമായതിനാൽ കുഞ്ഞിനെ നോക്കിയതിനു ശേഷം ധാരാളം സമയമുണ്ടായിരുന്നു. ഈ സമയം എങ്ങനെ ഫലപ്രദമായി വിനയോഗിക്കാം എന്ന ചിന്തകൾക്കിടയിലാണ് ബൈബിൾ എഴുതുക എന്ന ആശയം മനസിലേക്ക് വരുന്നത്. അങ്ങനെ മറിയമ്മ ടീച്ചർ മകളോട് കാര്യം അവതരിപ്പിച്ചപ്പോൾ പിന്തുണയുമായി അവരും ഒപ്പം നിന്നു. അങ്ങനെ 2019 സെപ്റ്റംബർ മാസത്തിൽ ബൈബിൾ എഴുതാൻ തുടങ്ങി.

പ്രാർത്ഥനയോടെ തുടങ്ങിയ ബൈബിൾ എഴുത്ത്

ആഗസ്റ്റ് മാസത്തിലും വചനം എഴുതുന്ന ശീലം തുടർന്നിരുന്ന ടീച്ചർ, ബൈബിൾ എഴുതുന്നതിനെ കുറച്ചുകൂടെ ഗൗരവമായി എടുത്തു. ബൈബിൾ അല്ലേ, ദൈവവചനം അല്ലേ. അത് വെറുതെ എഴുതാൻ പറ്റുകയില്ലല്ലോ. അതിനാൽ എട്ടുനോമ്പിന്റെ ആ എട്ടു ദിവസവും ഉപവസിച്ച് പ്രാർത്ഥിച്ചുകൊണ്ടാണ് ബൈബിൾ എഴുതാൻ തുടങ്ങിയത്.

വിശ്വാസത്തോടെ ബൈബിൾ എഴുതി പൂർത്തിയാക്കാനുള്ള കൃപയ്ക്കായാണ് ഈ ദിവസങ്ങളിൽ ടീച്ചർ പ്രാർത്ഥിച്ചതും. അങ്ങനെ ഉപവാസ പ്രാർത്ഥനകൾക്കു ശേഷം സെപ്റ്റംബർ ഒൻപതാം തീയതി ബൈബിൾ എഴുതാൻ തുടങ്ങി. ഏകദേശം എട്ടര മാസം കൊണ്ടാണ് ബൈബിൾ ആദ്യത്തെ പ്രാവശ്യം എഴുതി പൂർത്തിയാക്കിയത്.

ബൈബിൾ എഴുതിത്തുടങ്ങിയപ്പോൾ അത് അത്ര നിസാരമായ ഒന്നല്ല എന്ന് ടീച്ചറിനു മനസിലായി. കാരണം എന്താണെന്നറിയാത്ത മടുപ്പും, എഴുതിത്തീർക്കാൻ പറ്റുമോ എന്നുള്ള ആകുലതയും, തീരുന്നില്ലല്ലോ എന്ന സംശയവും ടീച്ചറിനെ വലച്ചു. കൂടുതൽ മടുപ്പുണ്ടാകുമ്പോൾ പരിശുദ്ധാത്മാവിനോട് കൂടുതൽ പ്രാർത്ഥിച്ചു. ഒപ്പം അൽഫോൻസാമ്മയുടെ മാദ്ധ്യസ്ഥവും പ്രത്യേകമായി തേടിയിരുന്നു. ബൈബിൾ എഴുതുന്നതിനു സമീപത്തായി അൽഫോൻസാമ്മയുടെ കാർഡ് സൂക്ഷിച്ചിരുന്നു.

അങ്ങനെ പിഒസി-യുടെ ബൈബിൾ അതുപോലെ തന്നെ എഴുതി പൂർത്തിയാക്കി. ആദ്യത്തേത് ബൈൻഡ് ചെയ്തപ്പോൾ ഒരു ഭാഗം വായിക്കാൻ കഴിയാതെ വന്നിരുന്നു. കൂടാതെ നാലു പുസ്തകങ്ങളായിട്ടാണ് ആദ്യം എഴുതിയ ബൈബിൾ ബൈൻഡ് ചെയ്തു കിട്ടിയത്. അത് ഒരു സങ്കടമായി മാറിയപ്പോൾ ടീച്ചർ ഒന്നുകൂടെ ബൈബിൾ എഴുതാൻ തീരുമാനിച്ചു. 2020 ഡിസംബർ 28-ന് രണ്ടാമത്തെ ബൈബിൾ എഴുതാൻ തുടങ്ങി. അങ്ങനെ ആദ്യത്തേത് വിദേശത്തിരുന്നും രണ്ടാമത്തെ ബൈബിൾ നാട്ടിലിരുന്നും മറിയമ്മ ടീച്ചർ എഴുതി പൂർത്തിയാക്കി. ഈ ബൈബിളുകൾ രണ്ടു മക്കൾക്കായി നൽകാനാണ്‌ ടീച്ചറിന്റെ പദ്ധതി.

ആത്മീയ അനുഭവങ്ങൾ പകർന്ന ബൈബിൾ പകർത്തിയെഴുത്ത്

ബൈബിൾ പകർത്തിയെഴുതുന്ന സമയങ്ങളിലൊക്കെയും ദൈവവചനമാണ് താൻ എഴുതുന്നതെന്ന ബോധ്യം ടീച്ചറിന് ഉണ്ടായിരുന്നു. പലപ്പോഴും വായിക്കുന്നതിനപ്പുറം എഴുതുമ്പോൾ ബൈബിളിലെ പൂർവപിതാക്കന്മാർ എല്ലാവരും നമ്മുടെ സ്വന്തം ആളുകളാണെന്ന പോലെയുള്ള ഒരു ആത്മബന്ധം തോന്നിയിട്ടുണ്ട് ഈ ടീച്ചറിന്. യാക്കോബ് മരിക്കുമ്പോൾ കരയുന്ന ജോസഫിന്റെ സങ്കടം, തന്റെ വല്യപ്പച്ചൻ മരിക്കുമ്പോൾ ഉണ്ടായ സങ്കടം പോലെ അനുഭവപ്പെട്ടതായി ടീച്ചർ സാക്ഷ്യപ്പെടുത്തുന്നു. ഒപ്പം ഓരോ വരിയും സൂക്ഷ്മതയോടെയും ശ്രദ്ധയോടെയും എഴുതുന്നതിനാൽ വായിക്കുന്നതിനേക്കാൾ കൂടുതൽ പഠിക്കാനും വചനത്തിൽ ആഴപ്പെടാനും കഴിഞ്ഞു. കൂടാതെ, ജീവിതത്തിൽ നമുക്ക് അനുഭവപ്പെടുന്ന പ്രതിസന്ധികൾക്കുള്ള ഉത്തരം ബൈബിൾ നൽകുന്നുണ്ടെന്നും ബൈബിളിനെ ചേർത്തുപിടിക്കാനുള്ള ഉൾവിളിയും തനിക്കു ലഭിച്ചതായി മറിയമ്മ ടീച്ചർ പറയുന്നു.

അധ്യാപിക, സൺ‌ഡേ സ്കൂൾ ഹെഡ്മിസ്ട്രസ്

ചമ്പക്കുളം സെന്റ് മേരീസ് സ്‌കൂളിൽ നിന്നുമാണ് മറിയാമ്മ ടീച്ചർ അധ്യാപികയായുള്ള ഔദ്യോഗികജീവിതം വിരമിക്കുന്നത്. എന്നാൽ ഇന്നും സൺഡേ സ്‌കൂളിൽ ആക്റ്റീവാണ് ടീച്ചർ. ഈ വർഷം പൊങ്ങ, മാർ സ്ലീവാ സൺഡേ സ്‌കൂൾ ഹെഡ്മിസ്ട്രസ് കൂടിയാണ്.

ദേവാലയത്തോടു ചേർന്നുനിന്നു കൊണ്ട് തന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന മറിയാമ്മ ടീച്ചർ, തന്റെ സൺഡേ സ്കൂൾ അധ്യാപനം തുടങ്ങിയിട്ട് 25 വർഷങ്ങൾ പിന്നിടുകയാണ്. തലമുറകളിലേക്കും മക്കളിലേക്കും വിശ്വാസം പകർന്നുകൊണ്ട് റിട്ടയർമെന്റ് ജീവിതം ആക്റ്റീവ് ആക്കുകയാണ് ഈ അധ്യാപിക.

മറിയമ്മ ടീച്ചറിന്റെ ഭർത്താവ് കെ.വി തോമസ് കൈതാരം റിട്ട. കെ എസ് ആർ ടി സി ചെക്കിങ് ഇൻസ്‌പെക്ടർ ആണ്. രണ്ടു മക്കൾ, സുസ്മിയും സുജിനും. ജീവിതത്തിന്റെ ഉത്തരവാദിത്വങ്ങൾ അതിന്റെ പൂർണ്ണതയിൽ നിർവ്വഹിച്ചുകൊണ്ട്, വിശ്വാസം യുവതലമുറകളിലേക്ക് പകർന്നുകൊണ്ട് ഈ അധ്യാപിക തന്റെ അധ്യാപനം തുടരുകയാണ്.

മരിയ ജോസ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.