മരിയുപോള്‍ നഗരത്തില്‍ നിന്ന് മാതാപിതാക്കളെ രക്ഷിക്കാന്‍ യുദ്ധഭൂമിക്കു നടുവിലൂടെ ഒരു പെണ്‍കുട്ടി നടത്തിയ യാത്ര

റഷ്യന്‍ സൈന്യം മരിയുപോളിനെ വളഞ്ഞപ്പോള്‍, 23 -കാരിയായ ഒരു ഉക്രേനിയന്‍ പെണ്‍കുട്ടി തന്റെ മാതാപിതാക്കളെ രക്ഷിക്കാന്‍ ഉപരോധിക്കപ്പെട്ട ആ നഗരത്തിലേക്ക് അസാധാരണമായ ഒരു യാത്ര നടത്തി. ആക്രമണത്തിന്റെയോ, തട്ടിക്കൊണ്ടു പോകലിന്റെയോ, മരണത്തിന്റെ തന്നെയോ അപകടസാധ്യതകളെ ധൈര്യപൂര്‍വ്വം നേരിടുന്ന ഒരു ചെറിയ കൂട്ടം ആളുകളില്‍ അവളും ഉള്‍പ്പെടുന്നു. ആ യാത്രയില്‍ താന്‍ കണ്ട ദുരിതക്കാഴ്ചകളെക്കുറിച്ച് അവള്‍ പറയുന്നതിങ്ങനെ…

റഷ്യയുടെ അധിനിവേശം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍, ഉക്രൈനെ സംബന്ധിച്ചിടത്തോളം യുദ്ധം എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് അനസ്താസിയ പാവ്ലോവ മനസ്സിലാക്കി. ഖാര്‍കിവ് നഗരത്തിലെ ബോംബാക്രമണത്തില്‍ നിന്ന് അവള്‍ കഷ്ടിച്ച് രക്ഷപെട്ട് ഡിനിപ്രോ നഗരത്തില്‍ തന്റെ പ്രതിശ്രുതവരന്റെ അടുത്തേക്കു പോയി. അവിടെ അവള്‍ക്ക് സുരക്ഷിതമായ താമസസ്ഥലവും കിട്ടി. എന്നാല്‍ മരിയുപോളിന്റെ പ്രാന്തപ്രദേശത്ത് താമസിച്ചിരുന്ന സ്വന്തം മാതാപിതാക്കളുടെ അവസ്ഥയെക്കുറിച്ചോര്‍ത്ത് അവള്‍ക്ക് സമാധാനം നഷ്ടപ്പെട്ടു.

ഒരു വ്യാവസായിക പ്രാന്തപ്രദേശമായ ചെറിയോമുഷ്‌കിയില്‍ ഇഷ്ടിക കൊണ്ട് നിര്‍മ്മിച്ച ചെറിയ ബംഗ്ലാവിലാണ് അവര്‍ താമസിച്ചിരുന്നത്. അവളുടെ അമ്മ ഒക്‌സാന വിശ്വാസിയായിരുന്നതിനാല്‍ പ്രാര്‍ത്ഥനയിലാണ് സമാധാനം കണ്ടെത്തിയിരുന്നത്. 54 -കാരനും മതപഠന അധ്യാപകനുമായ അവളുടെ പിതാവ് ദിമിത്രിയെ സംബന്ധിച്ചിടത്തോളം, മരിയുപോള്‍ നഗരം ഏറ്റവും പ്രിയപ്പെട്ടതായിരുന്നു.

“ദിവസന്തോറും ഞങ്ങളുടെ ചെറിയ വീടിന്റെ മേല്‍ക്കൂരയുടെ മുകളിലൂടെ റഷ്യന്‍ ഷെല്ലുകള്‍ പറന്നുകൊണ്ടിരുന്നു. യുദ്ധത്തിന്റെ നാലാം ദിവസമായപ്പോള്‍ ഇതിനെ അതിജീവിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞേക്കില്ലെന്ന് ഞാന്‍ ചിന്തിച്ചു തുടങ്ങി” – ഒക്‌സാന പറയുന്നു. “സാധാരണക്കാരായ ആളുകൾക്ക് ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടി അലയേണ്ടിവന്നു. വെള്ളവും വൈദ്യുതിയും വിച്ഛേദിക്കുകയും ആശയവിനിമയ മാര്‍ഗ്ഗങ്ങള്‍ തടസപ്പെടുകയും ചെയ്തു. അനേകായിരങ്ങള്‍ കൊല്ലപ്പെട്ടു. സൈനിക ചെക്ക്പോസ്റ്റുകള്‍ അകത്തേക്കും പുറത്തേക്കും നീക്കങ്ങള്‍ നിയന്ത്രിച്ചു. ആലിപ്പഴം പോലെ മിസൈലുകളും റോക്കറ്റുകളും വര്‍ഷിക്കപ്പെട്ടു” – ഒക്‌സാന ഓര്‍ക്കുന്നു. ഇതൊക്കെയായിരുന്നു തങ്ങളുടെ അവസ്ഥയെങ്കിലും ഒക്‌സാന തന്റെ മകളോട് ‘ഇങ്ങോട്ടേക്കു വരരുത്’ എന്ന് ഫോണിലൂടെ മുന്നറിയിപ്പ് നല്‍കി.

എന്നാല്‍ മാര്‍ച്ച് അവസാനത്തോടെ, യുദ്ധം ആരംഭിച്ച് അഞ്ച് ആഴ്ചകള്‍ക്കുള്ളില്‍ അനസ്താസിയ മരിയുപോളിലേക്ക് എത്താന്‍ തീരുമാനിച്ചു. അത്യന്തം അപകടം നിറഞ്ഞ അസാധാരണമായ ഒരു യാത്ര. നഗരത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ സഹായിക്കുന്ന സന്നദ്ധപ്രവര്‍ത്തകരില്‍ നിന്ന് ഒരു വാനും ഡ്രൈവറേയും വാടകയ്ക്കെടുത്ത് അവള്‍ പുറപ്പെട്ടു. “എന്റെ ഡ്രൈവര്‍ വളരെ ധൈര്യശാലിയായിരുന്നു. എനിക്ക് ഭയമുണ്ടായിരുന്നു. എങ്കിലും എന്തും നേരിടാന്‍ ഞാന്‍ തയ്യാറുമായിരുന്നു” – അനസ്താസിയ പറയുന്നു.

ഉക്രേനിയന്‍ നയന്ത്രിത പ്രദേശത്തു നിന്ന് 260 കിലോമീറ്ററിലധികം മുന്‍ നിരകളിലൂടെ, ആദ്യത്തെ റഷ്യന്‍ ചെക്ക് പോയിന്റ് നാവിഗേറ്റ് ചെയ്തപ്പോള്‍ അനസ്താസിയയ്ക്ക് കൂടുതല്‍ ഉത്കണ്ഠ തോന്നി. റഷ്യന്‍ അധിനിവേശ പ്രദേശത്തേക്ക് കൂടുതല്‍ നീങ്ങിയപ്പോൾ കൂടുതല്‍ സൈനികര്‍ പ്രത്യക്ഷപ്പെട്ടു. ഒരു ചെക്ക് പോയിന്റില്‍ രേഖകള്‍ പരിശോധിക്കുമ്പോള്‍, സൈന്യം ഒരു യന്ത്രത്തോക്കിന്റെ ബാരല്‍ ഞങ്ങളുടെ തലയിലേക്ക് ചൂണ്ടി, എന്തിനാണ് യാത്ര ചെയ്യുന്നതെന്ന് ചോദിച്ചു. മാതാപിതാക്കളെ സഹായിക്കാനും പിതാവിന് മരുന്ന് കൊണ്ടുകൊടുക്കാനും പോകുകയാണെന്ന് അവള്‍ വിശദീകരിച്ചു.

“ആ സമയത്ത് ഭയപ്പെട്ടുപോയി. അവര്‍ ഞങ്ങളുടെ വാഹനം പിടിച്ചെടുക്കുകയോ, ഞങ്ങളെ വെടിവയ്ക്കുകയോ, എന്നെ ബലാത്സംഗം ചെയ്യുകയോ ചെയ്യുമെന്ന് ഭയപ്പെട്ടു. ഇത് സംഭവിക്കുമെന്ന് ഞങ്ങള്‍ നിരന്തരം പ്രതീക്ഷിച്ചിരുന്നു. കാരണം, നമ്മുടെ അവകാശങ്ങളൊന്നും ഇവിടെ പാലിക്കപ്പെടുന്നില്ലെന്ന് ഞാന്‍ മനസിലാക്കിയിരുന്നു”-  അനസ്താസിയ പറഞ്ഞു.

“യാത്രയുടെ ഇടയില്‍ ഒരുതവണ ഒരു അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയേണ്ടതായി വന്നു. അകത്ത് ഞാന്‍ കണ്ട കാഴ്ച എന്നെ വല്ലാതെ തളര്‍ത്തി. തറയിലും ഇടനാഴിയിലും ക്ലാസ് മുറികളിലും ജിമ്മിലും ആളുകള്‍ തിങ്ങിനിറഞ്ഞ് കിടക്കുന്നു. മുത്തശ്ശിമാര്‍, സ്ത്രീകള്‍, കുട്ടികള്‍ അങ്ങനെ എല്ലാവരും. അവിടെ ശ്വസിക്കാന്‍ പോലും പ്രയാസമാണ്. ഒരു മാസമായി ആളുകള്‍ക്ക് ശുദ്ധജലം ലഭ്യമല്ല. ഭക്ഷണത്തിനായി ക്യൂവില്‍ നില്‍ക്കണം. താന്‍ 10 ദിവസത്തോളം ഭക്ഷണമില്ലാതെ ബേസ്‌മെന്റില്‍ ചെലവഴിച്ചെന്ന് ഒരു മുത്തശ്ശി പറഞ്ഞു. അവര്‍ ദിവസവും ഒരു പച്ചമുട്ട മാത്രം കുടിച്ചാണത്രെ ജീവന്‍ നിലനിര്‍ത്തിയത്. അവരുടെ വാക്കുകള്‍ കേട്ട് ഞാന്‍ കരഞ്ഞുപോയി” – അവള്‍ പറയുന്നു.

അതേസമയം, ഒക്‌സാനയും ഭര്‍ത്താവ് ദിമിത്രിയും മരിയുപോളില്‍, അതിജീവിക്കാന്‍ വേണ്ടി തറയിലാണ് ഉറങ്ങിയിരുന്നതു പോലും. കാരണം, ഷെല്ലാക്രമണത്തിലും സ്‌ഫോടന തിരമാലകളിലും വീട് കുലുങ്ങുകയായിരുന്നു. ഭക്ഷണവും വെള്ളവും നല്‍കി അയല്‍ക്കാര്‍ പരസ്പരം സഹായിച്ചിരുന്നു.

പക്ഷേ, തന്റെ മാതാപിതാക്കളെ ജീവനോടെ കണ്ടെത്താനാകുമോ എന്ന് അനസ്താസിയക്ക് അറിയില്ലായിരുന്നു. ഒമ്പതു മണിക്കൂറോളം യാത്ര ചെയ്താണ് അവള്‍ തകര്‍ന്ന, മരിയുപോള്‍ നഗരത്തിലെത്തിയത്. അങ്ങനെ കര്‍ഫ്യൂവിന് തൊട്ടുമുമ്പ് അവള്‍ മരിയുപോളില്‍ പ്രവേശിച്ചു. ലോകാവസാനം പോലെയാണ് ഈ യാത്ര തനിക്ക് അനുഭവപ്പെട്ടതെന്ന് അനസ്താസിയ പറയുന്നു. മാതാപിതാക്കളെ കണ്ടപ്പോള്‍ തനിക്ക് സന്തോഷിക്കാനോ, കരയാനോ കഴിഞ്ഞില്ലെന്നും അനസ്താസിയ ഓര്‍ക്കുന്നു.

അവള്‍ മരിയുപോളില്‍ എത്തിച്ചേര്‍ന്നതില്‍ തെരുവിലെ നിവാസികള്‍ അമ്പരന്നു. അവളുടെ അമ്മ ഒക്‌സാന അനസ്താസിയയെ ‘ഒരു ഹീറോയിന്‍’ എന്നാണ് വിശേഷിപ്പിച്ചത്. മാതാപിതാക്കളെ കൂടാതെ അയല്‍വാസികളായ ആറു പേരെ കൂടി അനസ്താസിയ നഗരം കടക്കാന്‍ കൂടെക്കൂട്ടി.

പക്ഷേ, തനിക്ക് സഹായിക്കാന്‍ കഴിയാത്തവരെക്കുറിച്ചാണ് അനസ്താസിയ ഇപ്പോഴും ചിന്തിക്കുന്നത്. “മരിയുപോള്‍ അധിനിവേശത്തില്‍, തീ തിന്നാണ് ജീവിക്കുന്നതെങ്കിലും പലരും അവിടം വിട്ട് പോകാന്‍ ആഗ്രഹിക്കുന്നില്ല. കാരണം വീടു വിട്ടോ, ഭര്‍ത്താവിന്റെയോ, ഭാര്യയുടെയോ സമീപത്തു നിന്നോ പുറത്തു പോകാന്‍ പലരും ആഗ്രഹിക്കുന്നില്ല” – അനസ്താസിയ പറഞ്ഞു.

ഇപ്പോള്‍ അവളുടെ മാതാപിതാക്കള്‍ ഉക്രൈന്റെ പടിഞ്ഞാറുള്ള ഒരു സുരക്ഷിത നഗരത്തിലാണ്. അനസ്താസിയ തന്റെ പ്രതിശ്രുതവരന്‍ അബാകെലിയയ്ക്കൊപ്പം ഡിനിപ്രോയിലാണുള്ളത്. എങ്കിലും അവള്‍ അസ്വസ്ഥയാണ്. കാരണം തന്റെ ബന്ധുക്കളും സുഹൃത്തുക്കളും അയല്‍വാസികളുമായ നിരവധിപ്പേര്‍ ഇപ്പോഴും അധിനിവേശ നഗരങ്ങളില്‍ മരണത്തെ മുന്നില്‍കണ്ട് കഴിയുകയാണല്ലോ. എങ്കിലും ധൈര്യവും വിശ്വാസവുമുണ്ടെങ്കില്‍ അവര്‍ക്കും തന്നെപ്പോലെ അത്ഭുതകരമായ അതിജീവനം നടത്താന്‍ സാധിക്കുമെന്നും അവള്‍ വിശ്വസിക്കുന്നു.

കീര്‍ത്തി ജേക്കബ്

കീർത്തി ജേക്കബ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.