പൗവ്വത്തിൽ പിതാവിനെ വിശുദ്ധൻ എന്നു വിളിക്കാൻ എനിക്ക് ആഗ്രഹമുണ്ട്: പള്ളിക്കാപ്പറമ്പിൽ പിതാവിന്റെഹൃദയ സ്പർശിയായ വാക്കുകൾ  

പൗവ്വത്തിൽ പിതാവിനെ വിശുദ്ധൻ എന്നു വിളിക്കാൻ എനിക്ക് ആഗ്രഹമുണ്ട്. റോമിലായിരുന്നെങ്കിൽ ഇപ്പോൾ കേൾക്കാമായിരുന്നു, ‘സുബിത്തോ സാന്തോ’ എന്ന്. അദ്ദേഹത്തെ പലരും വിമർശിച്ചിരുന്നു. കഠിനമായ സ്വരത്തിൽ അദ്ദേഹത്തിനെതിരെ സംസാരിച്ചിരുന്നു. അപ്പോൾ പിതാവ് പറയുമായിരുന്നു: സാരമില്ല, അവർക്ക് ഒരുപക്ഷേ ബോധ്യമില്ലാഞ്ഞിട്ടായിരിക്കും. എല്ലാം സാവകാശം മാറിവന്നോളും.” പള്ളിക്കാപ്പറമ്പിൽ പിതാവിന്റെഹൃദയ സ്പർശിയായ വാക്കുകൾ. തുടർന്നു വായിക്കുക.

അഭിവന്ദ്യ മാർ ജോസഫ് പൗവ്വത്തിൽ പിതാവിന് ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയ പാലാ രൂപതാ മുൻ മെത്രാൻ മാർ ജോസഫ് പള്ളിക്കാപ്പറമ്പിലിന്റെ അനുസ്മരണ സന്ദേശം ഏറെ ഹൃദയസ്പർശിയായിരുന്നു. “വിശുദ്ധ ജീവിതം നയിച്ച പൗവ്വത്തിൽ പിതാവിനെ ‘വിശുദ്ധൻ’ എന്ന് വിളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു” എന്നായിരുന്നു പള്ളിക്കാപ്പറമ്പിൽ പിതാവ് പറഞ്ഞത്.  അദ്ദേഹത്തിന്റെ സന്ദേശത്തിന്റെ പൂർണ്ണരൂപം ചുവടെ കൊടുത്തിരിക്കുന്നു.

അഭിവന്ദ്യ പൗവ്വത്തിൽ പിതാവിന്റെ സ്വർഗീയ യാത്രയിൽ അദ്ദേഹത്തെ പ്രാർത്ഥനയാൽ  അനുഗമിക്കാനാണല്ലോ നാമെല്ലാവരും ഇവിടെ ഒരുമിച്ചുകൂടിയിരിക്കുന്നത്. ഇന്ന് എനിക്ക് സങ്കല്പിക്കാൻ സാധിക്കും, സ്വർഗത്തിലെ വി. ചാവറ കുര്യാക്കോസ് അച്ചനും വി. അൽഫോൻസാമ്മയും വി. എവുപ്രാസ്യാമ്മയും വി. മറിയം ത്രേസ്യായും വാഴ്ത്തപ്പെട്ട കുഞ്ഞച്ചനും സി. റാണി മരിയയുമൊക്കെ പിതാവിനെ സ്വീകരിക്കാൻ കാത്തുനിൽക്കുകയാണെന്ന്. പൗവ്വത്തിൽ പിതാവിനെ സ്വീകരിച്ച് സ്വർഗീയപിതാവിന്റെ അടുക്കലേക്ക് ആനയിക്കുമ്പോൾ, അത് ദൂരെ നിന്നു കാണുന്ന ബെനഡിക്ട് മാർപാപ്പ അടുത്തുള്ള സുഹൃത്തുക്കളോട് വിളിച്ചുപറയും, “എക്കോ, ലാ കൊറോണ ദി കിയേസാ മലബറേസേ” – ‘ഇതാ മലബാർ സഭയുടെ കിരീടം.’

ഈ അവസരത്തിൽ അഭിവന്ദ്യ പിതാവിനെ വിശുദ്ധൻ എന്നു വിളിക്കാൻ എനിക്ക് ആഗ്രഹമുണ്ട്. റോമിലായിരുന്നെങ്കിൽ ഇപ്പോൾ കേൾക്കാമായിരുന്നു ‘സുബിത്തോ സാന്തോ, സുബിത്തോ സാന്തോ’ – എന്ന്.  ‘സുബിത്തോ സാന്തോ’ എന്നാൽ ‘ഉടൻ വിശുദ്ധനാകും’ എന്നർത്ഥം. വിശുദ്ധമായ ജീവിതം നയിച്ചുകൊണ്ട് സഭയ്ക്കു വേണ്ടി സ്വയം സമർപ്പിച്ച വ്യക്തി. അദ്ദേഹം പറയുമായിരുന്നു: “മൈ ലൈഫ് ഈസ് ചർച്ച്.” സീറോമലബാർ സഭയ്ക്കു മാത്രമല്ല, കേരള സഭയ്ക്കും ഭാരത സഭയ്ക്കും വേണ്ടി അദ്ദേഹം തന്റെ ജീവിതം ഉഴിഞ്ഞുവച്ചു. രണ്ടു തവണ സിബിസിഐ പ്രസിഡന്റ് ആയിരുന്നു. അദ്ദേഹത്തെ മറ്റ് മെത്രാന്മാരും വളരെ ആദരിച്ചിരുന്നു. അദ്ദേഹത്തിന്റെ സ്വരം കേൾക്കാൻ ആഗ്രഹിച്ചിരുന്നു. സീറോമലബാർ സഭയ്ക്ക് അദ്ദേഹത്തോടുള്ള കടപ്പാട് എത്രാമാത്രമാണെന്ന് ഞാൻ പറയേണ്ടതില്ലല്ലോ.

ലിറ്റർജി അനുഭവം, ശുശ്രൂഷയും ഇവാഞ്ചലൈസേഷൻ നടത്തുന്നതിനുള്ള സൗകര്യവും എല്ലാം അനുവദിച്ചു  നൽകിയതിന്റെ പിന്നിൽ പ്രവർത്തിച്ച ശക്തി മുഴുവൻ പൗവ്വത്തിൽ പിതാവായിരുന്നു. അദ്ദേഹത്തെ പലരും പലപ്പോഴും വിമർശിച്ചിരുന്നു, കഠിനമായ സ്വരത്തിൽ അദ്ദേഹത്തിനെതിരെ സംസാരിച്ചിരുന്നു. അപ്പോൾ പൗവ്വത്തിൽ പിതാവ് പറയുമായിരുന്നു: ‘സാരമില്ല, അവർക്ക് ഒരുപക്ഷേ ബോധ്യമില്ലാഞ്ഞിട്ടായിരിക്കും. എല്ലാം സാവകാശം മാറിവന്നോളും.’ ലിറ്റർജി എപ്രകാരമാകണം നന്നാകേണ്ടത്, ഒരു സഭയുടെ തനിമ മുഴുവൻ ലിറ്റർജിയിലൂടെ പ്രകടമാകണം എന്നെല്ലാം അദ്ദേഹം മനസിലാക്കിയിരുന്നു. അതുകൊണ്ടാണ് അദ്ദേഹം അപ്രകാരം പ്രവർത്തിച്ചത്.

നമുക്കെല്ലാവർക്കും ഈ അവസരത്തിൽ പൗവ്വത്തിൽ പിതാവിനെ പ്രത്യേകമായി അനുസ്മരിച്ച് ദൈവകരങ്ങളിൽ സമർപ്പിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.