ഇത് ഒരു പുതിയ തുടക്കം: മുരിക്കൻ പിതാവ് അരമനയിൽ നിന്നും ആശ്രമത്തിലേക്ക് മാറുമ്പോൾ

ഏകാന്ത താപസ ജീവിതത്തിലേക്ക് ആണ് ദൈവം തന്നെ വിളിച്ചിരിക്കുന്നത് എന്ന ശക്തമായ പ്രേരണ മുരിക്കൻ പിതാവിന്റെ  മനസ്സിൽ ഏറെക്കാലമായി  ഉണ്ടായിരുന്നു. ഈ വിളിയെ അതിന്റെ തീവ്രഭാവത്തിൽ തന്നെ ഉൾക്കൊള്ളണം എന്ന ആഗ്രഹം അദ്ദേഹത്തിൻറെ ഉള്ളിൽ ശക്തമായിരുന്നു. അരമനയിൽ നിന്നും ആശ്രമത്തിലേക്കുള്ള അദ്ദേഹത്തിന്റെ ഈ മഹത്തായ യാത്രയുടെ ചരിത്രം… തുടര്‍ന്നു വായിക്കുക.

2012 മുതൽ 2022 വരെയുള്ള പത്തു വർഷക്കാലം പാലാ രൂപതയുടെ സഹായമെത്രാനായിരുന്ന മാർ ജേക്കബ് മുരിക്കൻ താപസജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്. ലോകത്തിൽ നിന്നും മാറി 24 മണിക്കൂറും ഈശോയോടൊപ്പമായിരിക്കാൻ ആണ് അദ്ദേഹത്തിൻറെ ഈ തീരുമാനം. കത്തോലിക്കാ സഭയ്ക്കുവേണ്ടി പ്രാർത്ഥിക്കാൻ ഈ കാലഘട്ടത്തിൽ ദൈവം തന്നെ ഭരമേൽപ്പിച്ചിട്ടുണ്ടെന്ന ഉറച്ച ബോധ്യത്തോടെയാണ് ഏകാന്തജീവിതത്തിനായി പിതാവ് ഇറങ്ങി തിരിക്കുന്നത്. ജനങ്ങളോടൊപ്പം ആയിരിക്കാൻ ഇഷ്ടപ്പെട്ടിരുന്ന ഈ ഇടയൻ ഇനിമുതൽ ലോകത്തിന് മുഴുവനും വേണ്ടി ദൈവത്തിന്റെ പക്കൽ മാധ്യസ്ഥം വഹിക്കും.

താപസജീവിതം സ്വീകരിക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ചത്

1993 – ൽ ആണ് മാർ ജേക്കബ് മുരിക്കൻ വൈദികനായി അഭിഷിക്തനായത്. അന്നുമുതൽ പാലാ രൂപത തന്നെയായിരുന്നു അദ്ദേഹത്തിന്റെ ശുശ്രൂഷാ മണ്ഡലം. 2012 – ൽ പാലാ രൂപതയുടെ സഹായമെത്രാനായി നിയോഗിക്കപ്പെട്ടു. അഞ്ചു വർഷത്തിന് ശേഷം 2017 – ൽ ആണ് പിതാവിന് ആദ്യം ഏകാന്ത ജീവിതം നയിക്കാനുള്ള പ്രചോദനം പ്രാർത്ഥനയിലൂടെ വെളിപ്പെട്ടു കിട്ടുന്നത്. പ്രഭാതത്തിൽ ഉണർന്ന് പ്രാർത്ഥിക്കുകയെന്നത് പിതാവിന്റെ ഒരു ശീലമാണ്. വെളുപ്പിനെ മൂന്ന് മണിക്ക് മുൻപ് തന്നെ പിതാവ് വ്യക്തിപരമായ പ്രാർത്ഥന തുടങ്ങും. ആ സമയത്താണ് ഇങ്ങനെയൊരു വെളിപ്പെടുത്തൽ കിട്ടിയത്. പ്രാർത്ഥനയുടെ പശ്ചാത്തലത്തിൽ ആയിരുന്നതുകൊണ്ടുതന്നെ അത് നിസാരമായി തള്ളിക്കളയുവാൻ പിതാവിന് ആകുമായിരുന്നില്ല.

“നിശ്ശബ്ദതയിലേക്ക് വരണം. ലോകത്തിൽ നിന്ന് പൂർണ്ണമായി വിട്ട് ഏകാന്തതയിലേക്ക് വരണം. ലോകം അറിയപ്പെടാത്ത ഒരു ജീവിതത്തിലേക്ക് പ്രവേശിക്കണമെന്ന് ദൈവം അറിയിപ്പ് നൽകുന്നത് പോലെയുള്ള ഒരു പ്രചോദനം. 2018 ആയപ്പോഴും ഈ ചിന്ത കൂടുതൽ പ്രബലപ്പെട്ട് വരുന്നതല്ലാതെ അതിന് ഒരു കുറവ് അനുഭവപ്പെട്ടില്ല. ലോകം അറിയപ്പെടാത്ത ജീവിതം നയിക്കണമെന്ന പ്രേരണ ശക്തമായി. അതുകൊണ്ട് ആലഞ്ചേരി പിതാവിനു ഇക്കാര്യങ്ങൾ ബോധിപ്പിച്ചു കൊണ്ട് കത്തെഴുതി. പിതാവ്, ‘ഞാൻ ഒന്ന് പ്രാർത്ഥിച്ചിട്ട് മറുപടി പറയാം’ എന്ന് പറഞ്ഞു. പിതാവ് ചാപ്പലിൽ പോയിരുന്ന് പ്രാർത്ഥിച്ചു. തിരിച്ചു വന്നിട്ട് പറഞ്ഞു. ‘വളരെ പ്രധാനപ്പെട്ടതും നല്ലതുമായ ഒരു കാര്യമാണ്. കല്ലറങ്ങാട്ട് പിതാവുമായി ആലോചിച്ച ശേഷം സിനഡ് തീരുമാനത്തിന് വിടേണ്ടത് ഉള്ളതുകൊണ്ട് അതിനുശേഷം ഒരു മറുപടി പറയാം’ എന്ന് കർദ്ദിനാൾ മറുപടി നൽകി.” – പിതാവ് വെളിപ്പെടുത്തുന്നു.

2019 -ആയപ്പോഴേക്കും കുറച്ചുനാളും കൂടി കഴിഞ്ഞിട്ട് ഈ വിഷയം സിനഡിൽ വെയ്ക്കാമെന്ന് കർദ്ദിനാൾ അറിയിച്ചു. ഏകാന്ത താപസ ജീവിതത്തിലേക്ക് ആണ് ദൈവം എന്നെ വിളിച്ചിരിക്കുന്നത് എന്ന ശക്തമായ പ്രേരണ അപ്പോഴും ഒട്ടും കുറയാതെ തന്നെ മുരിക്കൻ പിതാവിന്റെ  മനസ്സിൽ ഉണ്ടായിരുന്നു. ഇത് വളരെ വ്യത്യസ്തമായ വിളിയാണ്. അതിന്റെ തീവ്രഭാവത്തിൽ തന്നെ അതിനെ ഉൾക്കൊള്ളണം എന്ന ആഗ്രഹം അദ്ദേഹത്തിൻറെ ഉള്ളിൽ ശക്തമായിരുന്നു. ഇന്ന് ലോകത്തിൽ എല്ലാം നേടിയെടുക്കണം എന്ന ചിന്ത പ്രബലപ്പെട്ട് വരുകയാണ്. ലോകത്തിൽ ഭൗതികതയുടെ അതിപ്രസരം കാണുമ്പോൾ ദൈവരാജ്യ മൂല്യങ്ങളെ മുറുകെ പിടിക്കാനും ആ സന്ദേശം കൊടുക്കാനുമുള്ള ഒരു ജീവിതക്രമം നയിക്കാനും ഒരു അടയാളമായി തീരുവാനും ദൈവം ആഗ്രഹിക്കുന്നു എന്ന് ഈ കാലഘട്ടങ്ങളിൽ പിതാവിന് ബോധ്യപ്പെട്ടു.

‘എന്തുകൊണ്ട് ഞാൻ’ എന്ന ചോദ്യം  

എന്നെ ഒരു രൂപതാ മെത്രാനായി ദൈവം തിരഞ്ഞെടുത്തതാണല്ലോ. ഞാൻ ഇഷ്ടപ്പെടുന്നത് ജനങ്ങളോട് ബന്ധപ്പെട്ട ഒരു ശുശ്രൂഷയാണ്. എന്നാൽ ഏകാന്തതിയിലേക്ക് പോകാനാണ് എന്നോട് ദൈവം പറയുന്നത്. ജനങ്ങളോട് ബന്ധപ്പെട്ട്, ജനങ്ങളുടെ കൂടെ എല്ലാവരാലും അറിയപ്പെടുന്ന സമയത്ത് സന്തോഷമായിട്ട് ജീവിക്കുന്ന ഒരു അവസ്ഥയിലാണ് ദൈവം എന്നോട് ഏകാന്ത സന്യാസത്തിലേയ്ക്ക് പോകുവാൻ പറയുന്നത്. അപ്പോൾ ഇതിനകത്ത് ദൈവത്തിന് പദ്ധതിയുണ്ടെന്ന് വേഗം മനസിലാക്കുവാൻ എനിക്കായി. ‘എന്തുകൊണ്ട് ഞാൻ’ എന്ന ചോദ്യത്തിനുള്ള ഉത്തരവും എനിക്ക് ലഭിച്ചു. ഒരു മെത്രാൻ ഇങ്ങനെയുള്ള കാര്യത്തിലേക്ക് പോകുമ്പോൾ ലോകം ശ്രദ്ധിക്കും. വെറുതെ ഒരു അൽമായനോ, വൈദികനോ പോകുമ്പോൾ അത് അനേകരിലേക്ക് എത്തുകയില്ല. ദൈവരാജ്യ മൂല്യങ്ങൾ ഏറ്റവും പ്രധാനപ്പെട്ടതാണ്. നശ്വരമായവക്ക് വേണ്ടി മനുഷ്യൻ അനശ്വരമായതിനെ വിട്ടുകളയാൻ പാടില്ല. എന്നെ തിരഞ്ഞെടുക്കുമ്പോൾ കൂടുതൽ ആളുകൾ ഇക്കാര്യം അറിയാനും അത് മറ്റുള്ളവർക്ക് ഒരു പ്രേരണയാകാനും കാരണമാകും. പിതാവ് വ്യക്തമാക്കി.

താപസജീവിതം തിരഞ്ഞെടുക്കുവാൻ പ്രചോദനം

സന്യാസം ആദിമ നൂറ്റാണ്ടുകളിൽ തന്നെ സഭയിൽ ഉണ്ടായിരുന്ന ഒന്നാണ്. അക്കാലഘട്ടങ്ങളിൽ ഈ സന്യാസിമാരെ കാണാനും അവരുടെ ഉപദേശം സ്വീകരിക്കാനും ഒത്തിരിയാളുകൾ അവരുടെ അടുത്ത് എത്തുമായിരുന്നു. അവരിലൂടെ അനേകർക്ക് ആത്മീയ പ്രചോദനം ലഭിച്ചു. ഒരു താപസൻ ലോകത്തിൽ നിന്നും അകന്നു നിൽക്കുക എന്നുപറഞ്ഞാൽ, ലോകത്തെ വെറുക്കുക എന്നല്ല അർത്ഥമാക്കുന്നത്. സൃഷ്ടാവിന്റെ ഹിതപ്രകാരം ലോകത്തെ കാണുവാൻ പഠിപ്പിക്കുക എന്നതാണ്. ഇന്ന് മനുഷ്യൻ സൃഷ്ടാവിന്റെ ഹിതപ്രകാരമല്ല, ലോകത്തെ കാണുന്നത്. ലോകത്തെ ഒരു ഉപയോഗവസ്തുവായി മാത്രം കാണുന്നു. ദൈവത്തിന്റെ ഹിതത്തിന് അനുസരിച്ചല്ലാതെ പ്രകൃതിയെ കാണുന്ന ഒരു സമീപനവും ഇന്നുണ്ട്. ഈയൊരു സാഹചര്യത്തിൽ ഒരു താപസൻ പ്രകൃതിയിലേക്ക് ഇറങ്ങി ദൈവഹിതപ്രകാരം സർവ്വ സൃഷ്ട ജാലങ്ങളെയും കാണുവാനായി പഠിപ്പിക്കുകയാണ്.

താപസന്മാരുടെ ജീവിതം പരിശുദ്ധ കുർബാനയുടെ സന്നിധിയിലാണ്. ഊണിലും ഉറക്കത്തിലും 24 മണിക്കൂറും ഈശോയോടൊപ്പം! വളരെ തിരക്കേറിയ ജീവിത ശൈലിയിൽ നിന്നും തികച്ചും ഏകാന്ത ജീവിതത്തിലേക്ക് മാറുമ്പോൾ അതിന് മനസിനെ തന്നെ പാകപ്പെടുത്തിക്കൊണ്ട് വരണം എന്ന് പിതാവിന് നന്നായിട്ടറിയാം. ഇപ്പോൾ തന്നെ ഭക്ഷണക്രമത്തിൽ അദ്ദേഹം മത്സ്യ മാംസാദികൾ ഉൾപ്പെടുത്താറില്ല. താപസജീവിതത്തിൽ സ്വയം ഭക്ഷണം പാകം ചെയ്താണ് കഴിക്കുന്നത്. ഏകാന്ത ജീവിതം നയിക്കുന്നയാൾ ഏറ്റവും ആവശ്യമായിരിക്കുന്നതെ കഴിക്കേണ്ടതുള്ളൂ.

മെത്രാനായി ഇരുന്നയാൾ ആയതിനാൽ എല്ലാവരാലും അറിയപ്പെടുന്നയാൾ ആയതിനാൽ പാലാ രൂപതയുടെ അതിർത്തിക്കുള്ളിൽ തന്നെ താപസജീവിതം നയിക്കാൻ പിതാവിന് താത്പര്യമില്ല. ഇവിടെ ഏകാന്ത ജീവിതം അത്ര എളുപ്പമാകില്ല.  അതിനാൽ പെട്ടെന്ന് ആരും എത്തിപ്പെടാത്ത ഒരു സ്ഥലം ഇതിനായി തിരഞ്ഞെടുക്കാൻ തന്നെ പിതാവ് തീരുമാനിച്ചു. നല്ലതണ്ണിയിൽ സേവ്യർ കൂടപ്പുഴ അച്ചന്റെ ഒരു ആശ്രമമുണ്ട്. ആ ആശ്രമത്തിന്റെ ആവൃതിക്കുള്ളിൽ ഏകാന്തജീവിതം നയിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. കാരണം സന്യാസമാണല്ലോ ആത്മീയതയുടെ അടിസ്ഥാനം.

ഒരു ബിഷപ്പ് താപസജീവിതത്തിലേക്ക് പ്രവേശിക്കുമ്പോൾ

പ്രാർത്ഥനയുടെയും തപസിന്റെയും ഫലം ഒരു വലിയ ശക്തിയാണ്. നമ്മൾ ചെയ്യുന്ന സാമൂഹിക സേവനത്തേക്കാൾ ശക്തമാണ് പ്രാർത്ഥനയെന്ന് പിതാവിന് ഉറച്ച ബോധ്യമുണ്ട്. ആദ്യം സ്വയം രൂപപ്പെടണം എന്ന വിശ്വാസത്തോടെ 24 മണിക്കൂറും ഈശോയുടെ അടുത്തിരുന്ന് പ്രാർത്ഥിക്കുമ്പോൾ അതിന്റെ ഫലം സഭക്ക് മുഴുവനും ലഭിക്കും. കാരണം, ഇന്ന് കത്തോലിക്കാ സഭ നേരിടുന്ന പ്രശ്നങ്ങളെ വളരെ നന്നായി, മനസിലാക്കുന്ന വ്യക്തിയാണ് ബിഷപ്പ് ജേക്കബ് മുരിക്കൻ. “ഈ താപസജീവിതത്തിലൂടെ ഇപ്പോൾ കിട്ടുന്നതിനേക്കാൾ പവർഫുൾ ആയ ശക്തി സഭയിൽ പ്രവർത്തിക്കും, രൂപതയിൽ പ്രവർത്തിക്കും, ദൈവജനത്തിന് ലഭിക്കും. പ്രാർത്ഥനയുടെ ശക്തി നാം ലോകത്തെ പഠിപ്പിക്കേണ്ട കാര്യമാണ്. സന്യാസ ജീവിതത്തിൽ എല്ലാ യാമങ്ങളിലും പ്രാർത്ഥിക്കുകയാണ്. എല്ലാ യാമങ്ങളിലും പ്രാർത്ഥിക്കുന്നത് നമുക്ക് വേണ്ടി മാത്രമല്ല, നമ്മൾ വസിക്കുന്ന ഈ പ്രകൃതിക്ക് വേണ്ടിക്കൂടിയാണ്. സമയത്തെ വിശുദ്ധീകരിക്കുന്ന പ്രാർത്ഥനയാണത്.” – ബിഷപ്പ് പറയുന്നു.

ഏകാന്ത ജീവിതം നയിക്കുമ്പോൾ ജനങ്ങൾക്ക് വന്ന് കാണുവാനും ആത്മീയ കാര്യങ്ങൾക്കുള്ള ഉപദേശം സ്വീകരിക്കാനും ഒക്കെ അവസരമുണ്ടാകും. ആത്മീയ കാര്യങ്ങൾക്ക് മാത്രമേ പിതാവിനെ സമീപിക്കാവൂ എന്നുമാത്രം. ഒരു ആശ്രമത്തിന്റെ ആവൃതിയിൽ ആയിരിക്കാനാണ് പിതാവ് താത്പര്യപ്പെടുന്നത്. ഒരു മെത്രാൻ ആയതിനാൽ ആവൃതിയുടെ ഒരു ആശ്രമ പശ്ചാത്തലം നല്ലതാണെന്ന് പിതാവ് തന്നെ പറയുന്നു. ആശ്രമത്തിന്റെ മറ്റൊരു ഗുണം അവിടെ അഞ്ചാറ് പേരുള്ള ഒരു സമൂഹമുണ്ട്. ആഴ്ചയിൽ ഒന്ന് രണ്ട് ദിവസങ്ങളിലോ നിശ്ചയിക്കപ്പെട്ട ദിവസങ്ങളിലോ അവിടെ പോയി വിശുദ്ധ കുർബാന അർപ്പിക്കാൻ സാധിക്കും. ബാക്കി ദിവസങ്ങളിൽ വ്യക്തിപരമായി ബലിയർപ്പിക്കും.  അവർക്ക് ആത്മീയ ശുശ്രൂഷകൾ ചെയ്യാം.

“എന്തെങ്കിലും അത്യാവശ്യം വരുമ്പോൾ, സഭ ആവശ്യപ്പെട്ടാൽ മെത്രാനടുത്ത ശുശ്രൂഷകൾ ചെയ്യും. കാരണം മെത്രാൻ പട്ടത്തിന്റെ കൃപ ഇപ്പോഴും ഉണ്ട്. സഭ പറഞ്ഞാൽ, അടിയന്തര ഘട്ടങ്ങളിൽ സഹായിക്കും. സഭയിൽ ശുശ്രൂഷ എന്നത് വ്യക്തിഗതമല്ല. ഇന്നയാൾ എന്നത് അവിടെ ഒരു വിഷയമല്ല. ഞാനോ വേറൊരു ആളോ ഈ സ്ഥാനത്ത് വരും. അത് ദൈവം നിശ്ചയിക്കുന്നതാണ്. വ്യക്തി അല്ല ശുശ്രൂഷയാണ് പ്രധാനപ്പെട്ടത്. ഞാൻ മാറിയാൽ സ്വാഭാവികമായും ദൈവം വേറെയൊരാളെ കണ്ടെത്തും. ബെനാഡിക്ട് പിതാവ്‍ സ്ഥാനത്യാഗം ചെയ്തപ്പോൾ പറഞ്ഞു: ‘ഇനി ഞാൻ മറഞ്ഞിരുന്ന് സഭക്ക് വേണ്ടി പ്രാർത്ഥിക്കും’ അദ്ദേഹം അങ്ങനെ മറഞ്ഞിരുന്ന പ്രാർത്ഥിക്കുന്നത് കൊണ്ടാണ് ഇന്ന് ഫ്രാൻസിസ് പിതാവിന് ഇത്രയും നന്നായി ശുശ്രൂഷ ചെയ്യാൻ സാധിക്കുന്നത് എന്നാണ് എന്റെ ഒരു നിഗമനം.” –  ഏകാന്ത ജീവിതം നയിക്കുമ്പോൾ തന്റെ മെത്രാൻ പദവിയെക്കുറിച്ചുള്ള കാര്യങ്ങൾ അദ്ദേഹം വെളിപ്പെടുത്തുന്നു.

‘എന്റെ ഈ തീരുമാനം തികച്ചും ദൈവികമായ പ്രചോദനമാണ്’

“ഒരു സഹായമെത്രാനായിരുന്ന ബിഷപ്പ് ജേക്കബ് മുരിക്കൻ ഇങ്ങനെയൊരു തീരുമാനം എടുത്തപ്പോൾ അതിനെ തുടർന്ന് ധാരാളം അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരിക്കാം എന്ന് പലരും ഊഹിച്ചു. പ്രശ്നങ്ങൾ ഉള്ള ഒരാൾക്ക് ഒരിക്കലും ഒരു താപസ ജീവിതത്തിലേക്കോ സന്യാസ ജീവിതത്തിലേക്കോ പ്രവേശിക്കാൻ പറ്റുകയില്ല. അങ്ങനെയുള്ളവർക്ക് ഉള്ളതല്ല, സന്യാസവും താപസജീവിതവും ഒക്കെ. എനിക്ക് അച്ചനായ അന്നുമുതൽ സഭയിൽ നിന്നും കൂടുതൽ പരിഗണനയേ കിട്ടിയിട്ടുള്ളു. ആ ഒരു പരിഗണനയാണ് ഇപ്പോഴും ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. ഭൗതികമായ ലോകം ഭൗതിമായിട്ട് മാത്രമേ കാണുകയുള്ളു. സന്യാസത്തെയും താപസ ജീവിതത്തെയും ഒന്നും ഉൾക്കൊള്ളാൻ സാമാന്യ ജനങ്ങൾക്ക് എളുപ്പമല്ല. വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ കേട്ടപ്പോൾ ബുദ്ധിമുട്ട് തോന്നി. കാരണം രൂപതയിൽ ഞങ്ങൾ എല്ലാവരും നല്ല സന്തോഷത്തോടെ ജീവിക്കുന്നു. സ്നേഹമുള്ള സഹോദരങ്ങളെപ്പോലെ ദൈവമക്കളുടെ സ്വതന്ത്ര്യത്തോടെ ജീവിക്കുന്നു. ഇവിടെ ഒരു ഭിന്നതയും ആർക്കിടയിലും ഇല്ല.” – പിതാവ് വ്യക്തമാക്കി.

വ്യാജ പ്രചരണങ്ങളിൽ അമിതമായി ശ്രദ്ധിച്ചാൽ ലോകവും നമ്മളും തമ്മിൽ വ്യത്യാസം ഒന്നും ഉണ്ടാകില്ല എന്നാണ് പിതാവിന്റെ പക്ഷം.

താപസിക ജീവിതത്തിനുള്ള ഒരുക്കം

വർഷങ്ങളായി മനസിലുള്ള ആഗ്രഹമാണെങ്കിലും 25 ശതമാനം ഒരുക്കം മാത്രമേ അതിനായി നടത്തിയിട്ടുള്ളൂ എന്നാണ് പിതാവ് പറയുന്നത്. ബാക്കി 75 ശതമാനത്തിലേക്ക് പടിപടിയായി വളരേണ്ടതുണ്ട്. നല്ലതണ്ണി ആശ്രമത്തിനോട് ചേർന്ന് ചെറിയൊരു ധ്യാന സെന്റർ ഉണ്ട്. കൂടുതലും വൈദികരും സന്യാസിനിമാരും അൽമായരും ഒക്കെയാണ് അവിടെ ധ്യാനിക്കാൻ വരുന്നത്. അവരെ ആത്മീയ കാര്യങ്ങളിൽ സഹായിക്കാൻ സമയം ചിലവഴിക്കും. വി. ഫ്രാൻസിസ് അസീസി, വി. ജോൺ മരിയ വിയാനി, വി. മരിയ ഗൊരേത്തി, വി. അൽഫോൻസാമ്മയൊക്കെ പിതാവിനെ വളരെയേറെ സ്വാധീനിച്ച വിശുദ്ധരാണ്. ബൈബിൾ വ്യാഖ്യാനങ്ങൾ എല്ലാം സന്യാസികൾ ആണ് നടത്തിയിരിക്കുന്നത്. അതിനാൽ തന്നെ എഴുത്ത് തുടരാൻ തന്നെയാണ് പിതാവിന്റെ തീരുമാനം. എഴുത്ത് , പഠനം, ധ്യാനം ഇതൊക്കെ താപസിക ജീവിതത്തിന്റെ അഭിവാജ്യ ഘടകമാണ്.

“എനിക്കും ഉണ്ട് ഒത്തിരികുറവുകൾ. ലോകത്തോടുള്ള താത്പര്യങ്ങൾ, അറിയപ്പെടണമെന്ന ആഗ്രഹം, മറ്റുള്ളവരുടെ അംഗീകാരം നേടണമെന്ന  താത്പര്യം ഇവയൊക്കെ. വലിയ കാര്യങ്ങൾ ചെയ്യണമെന്ന ആഗ്രഹം എനിക്കുണ്ട്. ദൈവം എന്നോട് ഇത് പറയുമ്പോൾ എന്നെ തന്നെ ആയിരിക്കും ഏറ്റവും കൂടുതൽ പരിവർത്തനപ്പെടുത്തേണ്ടത് എന്ന് തോന്നിയിട്ടുണ്ട്. ഞാൻ തന്നെ ഒത്തിരി മാറേണ്ടതുണ്ട്. ഞാൻ മാറാതെ എനിക്ക് മറ്റാരെയും മാറ്റാൻ പറ്റുകയില്ല.” – വലിയ മനസുള്ള ഇടയൻ എളിമയോടെ പറയുന്നു.

ഇടയ സ്ഥാനത്ത് നിന്നും മാറിയാലും തന്നെ ആരും കാണുന്നില്ലെങ്കിലും പ്രാർത്ഥനയുടെ ശക്തി രൂപതക്കും എന്റെ സ്ഥാനത്ത് വരുന്ന ആൾക്കും ഇവിടെയുള്ള ദൈവജനത്തിനുമെല്ലാം ഉണ്ടാകും. അതിനുവേണ്ടി പ്രാർത്ഥിക്കുന്നു. ബിഷപ്പ് പറഞ്ഞു നിറുത്തി. ഇത് ഒരു അവസാനമല്ല, പുതിയ ആത്മീയ ഉണർവിന്റെ ആരംഭം കുറിക്കലാണ്.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

(അഭിവന്ദ്യ മാർ ജേക്കബ് മുരിക്കൻ പിതാവ് ‘ദീപിക’യ്ക്ക് നല്‍കിയ വീഡിയോ അഭിമുഖത്തെ അടിസ്ഥാനമാക്കി തയാറാക്കിയത്)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.