മാണ്ഡ്യയിലെ സൂപ്പർ ഹീറോ ‘പോണ്ട് മാൻ’ യാത്രയാകുമ്പോൾ

ഔപചാരിക വിദ്യാഭ്യാസം ഇല്ലെങ്കിലും ലോകത്തിലെ കോടാനുകോടി അഭ്യസ്തവിദ്യരേക്കാൾ മുന്നേ സഞ്ചരിച്ച ഒരു സാധുമനുഷ്യനുണ്ട് – കെരെ കാമെഗൗഡ. വരണ്ടുണങ്ങിയ ഒരു മലമ്പ്രദേശത്തെ, ഇടതൂർന്ന മരങ്ങളുള്ള പച്ചപ്പാർന്ന വനഭൂമിയാക്കി മാറ്റിയതിനു പിന്നിൽ ഈ സാധുമനുഷ്യന്റെ അസാധാരണമായ നിരീക്ഷണവും അറിവുമായിരുന്നു. പ്രകൃതിസംരക്ഷണത്തിനായുള്ള ഒറ്റയാൾപോരാട്ടത്തിന്റെ ആൾരൂപമായിരുന്നു ‘കെരെ കാമെഗൗഡ’ എന്ന കാമെഗൗഡ. എൺപത്തിരണ്ടാം വയസിൽ കാമെഗൗഡ ഈ ലോകത്തിലെ തന്റെ ദൗത്യം നിശബ്ദമായി പൂർത്തിയാക്കി കടന്നുപോകുമ്പോൾ ഭാരതത്തിനു നഷ്ടമാകുന്നത് പകരം വയ്ക്കാനില്ലാത്ത നിസ്വാർത്ഥമായ ഒരു വ്യക്തിത്വം തന്നെയാണ്.

മാണ്ഡ്യ ജില്ലയിലെ മലവള്ളി താലൂക്കിലെ ദാസനദൊഡ്ഡി ഗ്രാമനിവാസിയായ ആട്ടിടയനായിരുന്നു കാമെഗൗഡ. ഔപചാരിക വിദ്യാഭ്യാസം പോലും ലഭിക്കാത്ത ഈ സാധാരണക്കാരൻ ആടുവളർത്തലിലൂടെയാണ് തന്റെ ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്നത്. മാണ്ഡ്യയിലെ മലവള്ളി താലൂക്കിലെ ദാസനദൊഡ്ഡി ഗ്രാമത്തിലെ കുൻദൂരു മലയായിരുന്നു കാമെഗൗഡയുടെ പ്രവർത്തനമണ്ഡലം. നാളുകൾക്കു മുൻപ്, അതായത് നാൽപതു വർഷങ്ങൾക്കു മുൻപ് വരണ്ടുകിടക്കുന്ന ജലദൗർലഭ്യം രൂക്ഷമായ ഒരു മലമ്പ്രദേശം, അതായിരുന്നു കുൻദൂരു മല. സസ്യസമ്പത്ത് വളരെ കുറച്ച് മാത്രമാണ് ഉണ്ടായിരുന്നത്. മഴ പെയ്താൽ വെള്ളം മലയിൽ നിന്ന് താഴേക്ക് ഒഴുകിപ്പോവുകയോ, ബാഷ്പീകരിച്ചു പോവുകയോ ചെയ്യും. ഇക്കാര്യം തിരിച്ചറിഞ്ഞ കാമെഗൗഡ മലയിൽ കുളങ്ങൾ നിർമ്മിച്ചുകൊണ്ട് വെള്ളത്തിന്റെ താഴേക്കുള്ള ഒഴുക്ക് തടയാൻ തീരുമാനിച്ചു.

ഇങ്ങനെയൊരു തീരുമാനമെടുക്കുമ്പോൾ ആരും തന്നെ അദ്ദേഹത്തിന് പിന്തുണയോ, സഹായമോ നൽകിയില്ല. എന്നാൽ ആരെയും ആശ്രയിക്കാതെ നിതാന്തപരിശ്രമത്തിലൂടെ മുന്നേറുകയായിരുന്നു അദ്ദേഹം, നീണ്ട 42 വർഷങ്ങൾ. ആ വർഷങ്ങൾ കൊണ്ട് ഈ മലയോര പ്രദേശത്ത് കാമെഗൗഡ എന്ന ഒരാളുടെ പരിശ്രമം കൊണ്ടു മാത്രം രൂപം കൊണ്ടത് 16 കുളങ്ങളാണ്. കുളങ്ങൾ നിർമ്മിക്കുന്നതിനൊപ്പം മരങ്ങളും വച്ചുപിടിപ്പിക്കാൻ അദ്ദേഹം സമയം കണ്ടെത്തി. അദ്ദേഹത്തിന്റെ  പരിശ്രമങ്ങളൊന്നും പാഴായില്ല. നീരുറവ വറ്റാത്ത ആ കുളങ്ങൾ ഇന്ന് അനേകം മനുഷ്യരുടെയും ജന്തുജീവജാലങ്ങളുടെയും ദാഹം അകറ്റുകയാണ്; ഒപ്പം വരണ്ട ആ പ്രദേശം പച്ചപ്പ്‌ നിറഞ്ഞ ഒരു ഹരിതഭൂമിയായി മാറി.

ഏതാണ്ട് 2000-ത്തിലധികം വൃക്ഷത്തൈകളാണ് ഈ പ്രകൃതിസ്‌നേഹി ആ മലയിൽ വച്ചുപിടിപ്പിച്ചത്. വലിയ വിദ്യാഭ്യാസം ഒന്നും ഇല്ല. സ്വന്തം കാര്യം മാത്രം നോക്കി അന്നന്നത്തെ അന്നത്തിനുള്ള വക കണ്ടെത്തി പോകാമായിരുന്ന ഈ മനുഷ്യൻ വ്യത്യസ്ത മാർഗ്ഗത്തിലൂടെയാണ് സഞ്ചരിച്ചത്. പരാതികളോ, പരിഭവങ്ങളോ ഇല്ലാതെ പ്രകൃതിയോട് ചേർന്നുനിന്നു, പ്രകൃതിയെ സ്നേഹിച്ചു. തന്റെ പ്രകൃതിസ്നേഹം വിളംബരം ചെയ്യാനും അദ്ദേഹം മുതിർന്നില്ല. എങ്കിലും പ്രവർത്തികൾ മാതൃകയായപ്പോൾ ആ നിസ്വാർത്ഥ മനുഷ്യ-പ്രകൃതിസ്നേഹിയെ തേടി ആളുകൾ എത്തി; ഒപ്പം നിരവധി പുരസ്കാരങ്ങളും. കർണാടക രാജ്യോത്സവ പുരസ്‌കാരം, ഡി. രമാഭായി ചാരിറ്റബിൾ ഫൗണ്ടേഷൻ പുരസ്‌കാരം, എം. ഗോപിനാഥ് ഷേണായി ചാരിറ്റബിൾ ട്രസ്റ്റ് പുരസ്‌കാരം തുടങ്ങി അനവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.