60-ാം വയസ്സിൽ വിശ്വാസം സ്വീകരിച്ച നിരീശ്വരവാദി

“നിങ്ങളെപ്പോലെ ഞാനും ഒരു പോരാളിയാണ്. ഞാനും ഈ ലോകത്ത് നിരാശയും ഒറ്റപ്പെടലും അനുഭവിച്ചവനാണ്. എന്നാൽ എനിക്കത് ദൈവത്തിന്റെ സ്നേഹം തിരിച്ചറിയാനുള്ള അവസരമായിരുന്നു” – നിരീശ്വരവാദിയായ ശേഷം തന്റെ അറുപതാമത്തെ വയസിൽ മാമ്മോദീസ സ്വീകരിച്ച ഗബ്രിയേൽ ബാർബിയർ എന്ന വ്യക്തിയുടെ വാക്കുകളാണിത്.

2021 നവംബർ 12 -ന് ഇറ്റലിയിലെ അസീസിയിലുള്ള സെന്റ് മേരി ഓഫ് ദ ഏഞ്ചൽസ് ബസിലിക്കയിൽ ഫ്രാൻസിസ് മാർപാപ്പയോടാണ് അദ്ദേഹം തന്റെ മാനസാന്തരത്തിന്റെ കഥ വെളിപ്പെടുത്തിയത്. ഒരു നിരീശ്വരവാദിയായി വളർന്ന ഗബ്രിയേൽ ഒരു പൊതുവേദിയിലോ, ഫ്രാൻസിസ് മാർപാപ്പയുടെ മുന്നിലോ തന്റെ വിശ്വാസം ഏറ്റുപറയുമെന്ന് ആരും കരുതിയതല്ല. ലോക ദരിദ്ര ദിനത്തോട് അനുബന്ധിച്ചു നടത്തിയ പരിപാടിക്കിടെ ആയിരുന്നു ഈ ഏറ്റുപറച്ചിൽ. അന്ന് പൊതുസദസ്സിൽ ഉണ്ടായിരുന്നത് ഏകദേശം 500 -ഓളം പേരായിരുന്നു.

“യേശുവാണ് നമ്മുടെ ഏറ്റവും വലിയ സമ്പത്ത്. ദരിദ്രരും സൗമ്യരും കരുണയുള്ളവരും ഭാഗ്യവാന്മാർ; നീതിക്കു വേണ്ടി ദാഹിക്കുന്നവർ ഭാഗ്യവാന്മാർ, ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ. നമുക്ക് എപ്പോഴും സന്തോഷത്തിലും സ്നേഹത്തിലും വിശ്വസ്തരായിരിക്കാം. ലോകം നമ്മെ പരിഹസിച്ചാലും രാജ്യത്തിനു വേണ്ടി പീഡിപ്പിക്കപ്പെടുമ്പോഴും നമ്മുടെ പ്രതിഫലം വലുതാണ്” – ഗബ്രിയേൽ പറയുന്നു.

എപ്പോഴും ദയ കാണിക്കുന്ന കർത്താവ്, വലിയ സന്തോഷത്തിലേക്കാണ് നമ്മെ വിളിച്ചിരിക്കുന്നത്. വലിയ അനിശ്ചിതത്വത്തിന്റെയും ഉപേക്ഷിക്കലിന്റെയും അവസ്ഥയിലൂടെ കടന്നുപോയാലും പൂർണ്ണഹൃദയത്തോടെ അവിടുത്തെ അന്വേഷിക്കാനാണ് അവിടുന്ന് പറഞ്ഞിരിക്കുന്നത്.

60-ാമത്തെ വയസ്സിൽ മാമ്മോദീസ സ്വീകരിക്കാൻ ഗബ്രിയേലിന് അതിയായ ആഗ്രഹമുണ്ടായി. കത്തോലിക്കാ വിശ്വാസം സ്വീകരിക്കാത്ത ഒരു കുടുംബത്തിൽ നിന്ന് വന്ന ഗബ്രിയേലിനെ, വിശുദ്ധി ആഗ്രഹിക്കുന്ന ഒരു വ്യക്തിയിലേക്ക് യേശു രൂപാന്തരപ്പെടുത്തുകയായിരുന്നു.

പരിശുദ്ധ കന്യകാമാതാവിലാണ് ഗബ്രിയേൽ പൂർണ്ണമായി ആശ്രയിച്ചിരിക്കുന്നത്. “ഓ മറിയമേ, എന്നെ സഹായിക്കണമേ, എന്നെ സഹായിക്കണമേ ” – ഗബ്രിയേൽ നിരന്തരം പ്രാർത്ഥിക്കുന്ന പ്രാർത്ഥനയാണിത്.

ഐശ്വര്യ സെബാസ്റ്റ്യൻ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.