മരണത്തെ കണ്മുൻപിൽ കണ്ട മലയാളി മിഷനറി 

സൗത്ത് ആഫ്രിക്കയുടെയും ടാൻസാനിയായുടെയും ഇടയിലുള്ള ഒരു കൊച്ചുരാജ്യമാണ് മൊസാംബിക്ക്. അവിടെ കഴിഞ്ഞ പത്തു വർഷമായി സേവനം ചെയ്യുന്ന ക്ലരീഷ്യൻ സന്യാസ സഭാംഗമായ ഫാ. ജസ്റ്റിൻ കുഴിപ്പാല ഇക്കാലയളവിനുള്ളിൽ കടന്നുപോയത് നിരവധി അവിസ്മരണീയ അനുഭവങ്ങളിലൂടെയായിരുന്നു. ഏറെ പ്രചോദനാത്മകമാണ് അദ്ദേഹത്തിന്റെ ജീവിതം.

2009 ഡിസംബർ 28-ന് പൗരോഹിത്യസ്വീകരണം കഴിഞ്ഞ് ഏതാനും നാളുകൾക്കുള്ളിൽ മൊസാംബിക്കിന്റെ മണ്ണിൽ അച്ചൻ കാലുകുത്തി. വൈകാതെ അവിടുത്തെ സംസ്ക്കാരവും ഭാഷയും ജീവിതക്രമവും പഠിച്ചു. അതിന്റെ ഫലമായി അനേകർക്ക് സ്വന്തം ജീവിതം പകുത്തുനൽകാൻ തനിക്കു സാധിച്ചു എന്ന ചാരിതാർത്ഥ്യത്തിലാണ് ജസ്റ്റിനച്ചൻ. പങ്കുവയ്ക്കാൻ നിരവധി അനുഭവങ്ങളുണ്ടെങ്കിലും അതിൽ ഏറ്റവും പ്രധാനപ്പെട്ടത് മരണത്തെ മുഖമുഖം കണ്ട ഒരു സംഭവമാണ്. അന്ന് കള്ളന്മാരുടെ കയ്യിൽ നിന്നും ദൈവപരിപാലനയാൽ രക്ഷപെട്ട അച്ചന്റെ ജീവിതാനുഭവം ഇവിടെ പങ്കുവയ്ക്കുകയാണ്.

ദാരിദ്ര്യവും പട്ടിണിയുമുള്ള രാജ്യമാണ് മൊസാംബിക്ക്. അതിനാൽ തന്നെ കള്ളന്മാരുടെ ശല്യവും കൂടുതലാണ്. മറ്റുള്ളവരെ ആക്രമിച്ച് പണം തട്ടിയെടുത്ത് ജീവിക്കുന്നവർ ധാരാളമുള്ള മൊസാംബിക്കിൽ ഒരിക്കൽ ജസ്റ്റിനച്ചനും ഈ ആക്രമണത്തിനിരയായി. പണം തേടിവന്നവർ ആദ്യം ഹൗസിന് കാവൽ നിന്ന സെക്യൂരിറ്റിക്കാരനെ കൊന്നു. എന്നിട്ട് അവർ അച്ചന്മാർ താമസിക്കുന്ന ഭവനത്തിന്റെ കതകുകൾ തല്ലിപ്പൊളിച്ച് അകത്തു കടന്നു. തലയിൽ തോക്ക് ചേർത്തുവച്ച് ചോദിക്കുന്നതൊക്കെ കൊടുത്തില്ലെങ്കിൽ കൊന്നുകളയുമെന്ന ഭീഷണി മുഴക്കി. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ! എങ്കിലും അച്ചൻ ഭയന്നില്ല. മരണത്തെ മുൻപിൽ കണ്ടെങ്കിലും അച്ചന്റെ ജീവിതം ഇനിയും ഒരുപാട് പേർക്ക് അനുഗ്രഹമാകേണ്ടതിനാൽ ദൈവം അവിടെ അച്ചനു വേണ്ടി കരമുയർത്തി. കൊള്ളക്കാരിലൊരാൾ അച്ചന്റെ തലയിൽ തോക്ക് ചേർത്തുവച്ച് ഭീഷണിപ്പെടുത്തിയ സമയത്ത് മറ്റുള്ളവർ താമസസ്ഥലം പരിശോധിക്കുകയും കുറച്ചു പണം കണ്ടെത്തുകയും ചെയ്തു. പണം കിട്ടിയതോടെ അവർ അച്ചനെ സ്വതന്ത്രമാക്കുകയും സ്ഥലം വിടുകയും ചെയ്തു. ദൈവം അത്ഭുതകരമായി രക്ഷപെടുത്തി എന്നു മാത്രമേ അച്ചന് ഇതിനെക്കുറിച്ചു പറയാനുള്ളൂ.

ചെറിയ ആക്രമണങ്ങൾ നേരിട്ടെങ്കിലും ദൈവപരിപാലനയാൽ അത്ഭുതകരമായി രക്ഷപെട്ട അച്ചന്റെ വാക്കുകളിൽ ഇന്നും അൽപം വിങ്ങലും ദൈവപരിപാലനയുടെ ആനന്ദവും ഒരേ സമയം ദർശിയ്ക്കാം. പത്തു വർഷത്തെ മൊസാംബിക്ക് പ്രേഷിതസേവനത്തിനു ശേഷം അധികാരികളുടെ ആഗ്രഹത്തെ എപ്പോഴും ദൈവസ്വരമായി കാണുന്ന ജസ്റ്റിനച്ചൻ മഡഗാസ്ക്കറിൽ ആദ്യമായി തുടങ്ങുന്ന പ്രേഷിതപ്രവർത്തനങ്ങളുടെ ഭാഗമായി ഇപ്പോൾ ഫർഫംഗാന രൂപതയിൽ എത്തിച്ചേർന്നിരിക്കുകയാണ്.

യാദൃശ്ചികമായി കണ്ടുമുട്ടിയതാണെങ്കിലും ജസ്റ്റിനച്ചന്റെ അനുഭവങ്ങളുടെ പാഠപുസ്തകം യുവതലമുറക്ക് പ്രചോദനം നൽകുന്നതാണ്. നാടും വീടും ഉപേക്ഷിച്ചു പോകുമ്പോഴും നിനവേ നിവാസികൾക്ക് അനുഗ്രഹമായിത്തീർന്ന യോനാ പ്രവാചകന്റെ തീക്ഷ്ണതയും പൗലോസ് ശ്ലീഹായുടെ തീക്ഷ്ണതയും ഹൃദയത്തിലേറ്റി ഇനിയും ഒരുപാട് പേരുടെ ഹൃദയങ്ങളിൽ സുവിശേഷത്തിന്റെ ആനന്ദം പങ്കുവച്ചു കൊടുക്കാൻ അച്ചന് കഴിയട്ടെ.

ഫാ. സോണി സി.എം.ഐ, മഡഗാസ്‌ക്കർ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.