കണ്മണീ, നീ എൻ കരം പിടിച്ചാൽ കണ്ണുകളെന്തിനു വേറെ

ദേവസ്യചേട്ടന്റെ കാഴ്ചക്ക് കഴിഞ്ഞ 34 വർഷങ്ങളായി മിഴിവേകുന്നത് മേരിചേച്ചിയാണ്.  ഒരുമിച്ചുള്ള ഈ ജീവിതയാത്രയിൽ മേരിചേച്ചി കൂടെയുള്ളപ്പോൾ ഒരിക്കൽപ്പോലും ദേവസ്യ ചേട്ടൻ ഊന്നുവടി എടുക്കാറില്ല. “കണ്ണായി ദൈവം എനിക്ക് മേരിയെ തന്നിട്ടുണ്ടല്ലോ. പിന്നെ എന്തിനാണെനിക്ക് വടി.” ഇത് അസാധാരണമായൊരു സ്നേഹബന്ധത്തിന്റെ കഥ.

സുനീഷ വി.എഫ്.

“ഇന്നു മുതൽ മരണം വരെ സന്തോഷത്തിലും ദുഃഖത്തിലും, ആരോഗ്യത്തിലും അനാരോഗ്യത്തിലും, സമ്പത്തിലും ദാരിദ്ര്യത്തിലും, പരസ്പര സ്നേഹത്തോടും വിശ്വസ്തതയോടും കൂടി ഏകമനസോടെ ജീവിച്ചുകൊള്ളാമെന്ന് വിശുദ്ധ സുവിശേഷം സാക്ഷിയായി ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു.” ദേവസ്യ ചേട്ടനും മേരിചേച്ചിയും വിവാഹവേളയിൽ ഈ വാഗ്ദാനമെടുത്തിട്ട് 34 വർഷം പിന്നിടുകയാണ്. കാലമിത്രയായിട്ടും ദേവസ്യ ചേട്ടൻ ഇതുവരെ മേരിചേച്ചിയെ ഒരു നോക്ക് കണ്ടിട്ടില്ല! അതെന്താ ഒന്ന് നോക്കുന്നതിന് ഇത്ര ബുദ്ധിമുട്ട് എന്ന് ചോദിക്കാൻ വരട്ടെ. ദേവസ്യ ചേട്ടന് മേരിചേച്ചിയെ മാത്രമല്ല, ആരെയും കാണാൻ സാധിക്കില്ല. എങ്കിലും അകക്കണ്ണിലെ വെളിച്ചത്താൽ അദ്ദേഹത്തിന് എല്ലാം കാണാൻ സാധിക്കുന്നുണ്ട്. എങ്കിലും ദേവസ്യചേട്ടന്റെ കാഴ്ചക്ക് കഴിഞ്ഞ 34 വർഷങ്ങളായി മിഴിവേകുന്നത് മേരിചേച്ചിയാണ്. ‘എന്റെ കണ്ണേ’ എന്നൊക്കെ നമ്മൾ പ്രിയപ്പെട്ടവരെ സ്നേഹക്കൂടുതൽ കൊണ്ട് വിളിക്കാറുണ്ടെങ്കിലും ദേവസ്യ ചേട്ടൻ മേരിചേച്ചിയെ അങ്ങനെ വിളിക്കുമ്പോഴാണ് ആ വാക്കിന് അർത്ഥപൂർണ്ണത കൈവരുന്നത്. ഒന്നര വയസിൽ രണ്ടു കണ്ണിന്റെയും കാഴ്ച്ച നഷ്ടപ്പെട്ട ദേവസ്യ ചേട്ടന്റെ കണ്ണും കാഴ്ചയുമെല്ലാം ഇന്ന് മേരിചേച്ചിയാണ്.

കുടുംബജീവിതത്തിലെ കൊച്ചുകൊച്ചു പ്രശ്നങ്ങളിൽ “ഞങ്ങൾക്കിത് തുടരാനാകില്ല” എന്നു പറഞ്ഞു പിരിയുന്നവർ ഇക്കാലഘട്ടത്തിൽ ധാരാളമാണ്. മാതൃകയാക്കാവുന്ന അനേകം ജീവിതങ്ങളുടെ പ്രതിനിധികളായി ലൈഫ് ഡേയോട് സംസാരിക്കുകയാണ് നടവയൽ ഇടവകയിലെ പരുന്തനോലിൽ ദേവസ്യ – മേരി ദമ്പതികൾ.

ദിവ്യബലിയിൽ സംബന്ധിക്കുമ്പോൾ വിശുദ്ധ കുർബാന സ്വീകരണ സമയത്ത് മേരിചേച്ചി പുരുഷന്മാരുടെ ഭാഗത്തേക്ക് നടന്നുനീങ്ങുന്നത് നടവയൽ ഇടവകക്കാർക്ക് ഒരു പതിവുകാഴ്ചയാണ്. ദേവസ്യ ചേട്ടനെ വിശുദ്ധ കുർബാന സ്വീകരിക്കാൻ കൊണ്ടുപോകുന്നതിനാണ് മേരിചേച്ചിയുടെ ഈ യാത്ര. ചേട്ടന്റെ കൈപിടിച്ച് വൈദികന്റെ അടുക്കൽ കൊണ്ടുപോയി വിശുദ്ധ കുർബാന സ്വീകരിച്ചതിനു ശേഷം ആയിരുന്ന ഇടത്ത് തിരികെ എത്തിച്ചിട്ടേ മേരിചേച്ചി മടങ്ങിയെത്തുകയുള്ളൂ. കണ്ണ് തുറപ്പിക്കുന്ന ഈ കാഴ്ചയിൽ ഈ വിശുദ്ധ ജീവിതങ്ങളോട് അങ്ങേയറ്റം ബഹുമാനം തോന്നിപ്പിക്കുമെന്നതിൽ ഒരുതരി പോലും സംശയമില്ല.

“അതെന്താ ചേച്ചി അങ്ങനെ?” എന്നു ചോദിച്ചപ്പോൾ ചേച്ചിയുടെ മറുപടി അല്പം അമ്പരപ്പ് സമ്മാനിക്കുന്നതായിരുന്നു. “ഞാൻ ഏറ്റെടുത്ത ഒരു ഉത്തരവാദിത്വമല്ലേ, അത് ഭംഗിയായി ചെയ്യണ്ടതല്ലേ” നിറചിരിയോടെ പറഞ്ഞ മറുപടി കേൾക്കുന്നവരുടെ കണ്ണും മനസും നിറക്കുന്നതാണ്. വയനാട്ടുകാരനായ ദേവസ്യ ചേട്ടന് ജീവിതസഖിയായി തൃശൂരുകാരിയായ മേരിചേച്ചിയെ കിട്ടിയ കഥ ദൈവത്തിന്റെ വലിയ പദ്ധതിയുടെ ഭാഗമായിരുന്നു.

ദേവസ്യ ചേട്ടന് ഒന്നര വസുള്ളപ്പോഴാണ് കാഴ്ച നഷ്ടപ്പെടുന്നത്. അദ്ദേഹത്തിന്റെ മനസിൽ ഈ ഭൂമിയിലെ ഒന്നും കണ്ടതായി ഓർമ്മയില്ല. അതുകൊണ്ടു തന്നെ ചെറുപ്പം മുതൽ ഇരുട്ടിന്റെ ലോകത്തിലൂടെ സ്വയം വെളിച്ചമായി സഞ്ചരിക്കാൻ ദേവസ്യ ചേട്ടൻ പരിശീലിച്ചു. സ്വന്തമായി എല്ലാ കാര്യങ്ങളും ചെയ്യാൻ ശീലിച്ചിട്ടുണ്ടെങ്കിലും സ്‌കൂളിൽ പോകാനോ, ഔപചാരികമായി വിദ്യാഭ്യാസം നേടാനോ ഒന്നും ദേവസ്യ ചേട്ടന് സാധിച്ചിരുന്നില്ല. എങ്കിലും ജീവിതത്തിലേക്ക് ആവശ്യമായ അടിസ്ഥാനപരമായ എല്ലാ കാര്യങ്ങളും പരസഹായമില്ലാതെ ചെയ്യാൻ ദേവസ്യ ചേട്ടൻ ചെറുപ്പത്തിലേ തന്നെ ശീലിച്ചു. കൂടെപ്പിറപ്പുകളും മാതാപിതാക്കളുമെല്ലാം ഒരു കൊച്ചുകുഞ്ഞിനെ എന്നവണ്ണം അദ്ദേഹത്തെ കൈ പിടിച്ച് കൊണ്ടുനടന്നിരുന്നു. “തുണി അലക്കാനും കുളിക്കാനും സ്വന്തം കാര്യങ്ങൾ നോക്കാനും എന്തിനേറെപ്പറയുന്നു കിളക്കാനും നെല്ലു കൊയ്യാനും കറ്റയെത്തിക്കാനും ഞാൻ മുമ്പന്തിയിലുണ്ടായിരുന്നു. മറ്റുള്ളവരെപ്പോലെ എനിക്ക് കാണാൻ സാധിക്കുന്നില്ല എന്ന പരിമിതി മാത്രമായിരുന്നു ഉണ്ടായിരുന്നത്. എങ്കിലും എന്റെ ജോലിയിലോ, ഉത്തരവാദിത്വങ്ങളിലോ ഒരു കുറവും ഉണ്ടായിരുന്നില്ല. ഒരുപാട് ചികിത്സയൊക്കെ ചെയ്തിരുന്നെങ്കിലും എന്തുകൊണ്ടോ ഒന്നും ഫലവത്തായില്ല. അതുകൊണ്ടു തന്നെ ഞാൻ, എന്റെ സാധാരണ ജീവിതം നയിക്കുക എന്നു മാത്രമേ ചിന്തിച്ചിരുന്നുള്ളൂ.” ദേവസ്യ ചേട്ടൻ തന്റെ പഴയകാല ജീവിതം ഓർമ്മിക്കുകയാണ്.

തനിച്ചുള്ള യാത്രകൾ

ധാരാളം സുഹൃത്തുക്കളും സഹോദരങ്ങളുമൊക്കെ ഉണ്ടായിരുന്നതുകൊണ്ട് അവരെല്ലാം പല അവസരങ്ങളിലും ദേവസ്യ ചേട്ടന് സഹായമായിരുന്നു. വാർത്തകളും നാട്ടുവർത്തമാനങ്ങളുമെല്ലാം കൂട്ടുകാർ വഴിയും റേഡിയോയിലൂടെയുമെല്ലമായിരുന്നു ദേവസ്യ ചേട്ടൻ അറിഞ്ഞിരുന്നത്. ഒരു ദിവസം ആകാശവാണിയിൽ കേട്ട ഒരു അറിയിപ്പാണ് ദേവസ്യ ചേട്ടന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവാകുന്നത്. കേരള സംസ്ഥാന അന്ധ പുനരധിവാസ സംഘടനയായ ‘കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ്’ (KFB ) 18 വയസ് കഴിഞ്ഞ കാഴ്ചയില്ലാത്തവർക്കായി കോഴിക്കോട് ഫാറൂഖ് കോളേജിൽ മൂന്നു വർഷം കാലയളവുള്ള തൊഴിലധിഷ്ഠിത കോഴ്‌സുകൾ നടത്തപ്പെടുന്നു എന്നതായിരുന്നു ആ അറിയിപ്പ്. മേൽവിലാസമൊക്കെ പറഞ്ഞിരുന്നെകിലും അതെല്ലാം മറന്നുപോയതിനാൽ ആർക്ക് കത്തെഴുത്തും, ആരോട് ചോദിക്കും എന്ന ധർമ്മസങ്കടത്തിലായി അദ്ദേഹം. ഒടുവിൽ ആകാശവാണിയിലേക്കു തന്നെ കത്തെഴുതാൻ തീരുമാനിച്ചു. അങ്ങനെ കാര്യങ്ങളെല്ലാം അറിയിച്ച് കൂട്ടുകാരനെക്കൊണ്ട് കത്ത് എഴുതിപ്പിച്ച് ആകാശവാണിയിലേക്ക് അയച്ചു.

കുറച്ചു നാളുകൾക്കു ശേഷം കെ.എഫ്.ബി.-യിൽ നിന്ന് ഒരു മറുപടി ദേവസ്യ ചേട്ടനെ തേടിയെത്തി. അങ്ങനെ വയനാട്ടിൽ നിന്നും സഹോദരനോടൊപ്പം 25-ാമത്തെ വയസിൽ കോഴിക്കോട്ടേക്ക് ദേവസ്യ ചേട്ടൻ യാത്രയായി. അവിടെ എത്തിയപ്പോൾ പൂർണ്ണമായും ഭാഗികമായും കാഴ്ചയില്ലാത്ത 67 വിദ്യാർത്ഥികളായിരുന്നു ഉണ്ടായിരുന്നത്. മൂന്ന് കോഴ്സുകൾ ഉള്ളതിൽ ഏതെങ്കിലും ഒരെണ്ണം പഠിക്കുക എന്നതായിരുന്നു ‘വിദ്യാർത്ഥികൾക്കുള്ള’ അവസരം. ബ്രെയ്ൽ, മെഴുകുതിരി നിർമ്മാണം, സംഗീതം. ഇവയിൽ മെഴുകുതിരി നിർമ്മാണം പഠിക്കാനാണ് ദേവസ്യ ചേട്ടൻ താത്പര്യപ്പെട്ടത്. അങ്ങനെ പഠനം ആരംഭിച്ചു. വയനാട്ടിലുള്ള നിന്ന് കോഴിക്കോട് വരെ ഏകദേശം നാല് മണിക്കൂറിനടുത്ത് യാത്രയുണ്ട്. ഇത്രയും ദൂരം സഞ്ചരിച്ച് അവധി ദിവസങ്ങളിൽ വീട്ടിൽ നിന്ന് ആരെങ്കിലും കൂട്ടിക്കൊണ്ടു പോകാനും കൊണ്ടുപോയി വിടാനുമെല്ലാം പ്രായോഗികമായി അന്നത്തെ സാഹചര്യമനുസരിച്ച് ബുദ്ധിമുട്ടായിരുന്നു. എങ്കിലും ഒരു മൂന്നു-നാല് തവണയൊക്കെ വീട്ടിൽ നിന്ന് ചേട്ടൻ കൊണ്ടുവിടുകയും കൂട്ടിക്കൊണ്ടു വരികയുമൊക്കെ ചെയ്തു. എന്നാൽ എപ്പോഴും അത് ബുദ്ധിമുട്ടായപ്പോൾ സ്വയം യാത്ര ചെയ്ത് വയനാടിനും തിരിച്ച് കോഴിക്കോടിനും പോയിവരാൻ ദേവസ്യ ചേട്ടൻ തീരുമാനിച്ചു. സഹപാഠികളിൽ പലരും ഇതുപോലെ തനിയെ യാത്ര ചെയ്യുന്നത് ദേവസ്യ ചേട്ടന് കൂടുതൽ ധൈര്യം നൽകി. പിന്നീട് ഇന്നോളം ദേവസ്യാ ചേട്ടന് തനിയെ എവിടെ വേണമെങ്കിലും യാത്ര ചെയ്യാൻ ഒരു ഭയവുമില്ല.

“വീട്ടിലേക്ക് വന്നുപോകുന്നതിനൊപ്പം KFB യുടെ പ്രാർത്തനങ്ങളുമായി ബന്ധപ്പെട്ട് ട്രെയിനിലും ബസിലുമൊക്കെയായി തിരുവനന്തപുരം വരെ പലതവണ യാത്ര ചെയ്തിട്ടുണ്ട്. അസോസിയേഷൻ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള യാത്രകളിൽ ചിലപ്പോഴൊക്കെ ഭാഗീകമായി കാഴ്ചയുള്ള ആരെങ്കിലുമൊക്കെ കൂടെയുണ്ടാകാറുണ്ടെന്നതൊഴിച്ച് മറ്റുള്ള യാത്രകളൊക്കെയും തനിയെ ആയിരുന്നു. അതിനു ശേഷം സംഘടനയുടെ ഭാരവാഹിത്വങ്ങളൊക്കെ ലഭിച്ചുതുടങ്ങി. കാഴ്‌ചയില്ലാത്ത ആളുകളുമായി ബന്ധപ്പെട്ട് നിരവധി പരിപാടികളിലും സെമിനാറുകളിലുമൊക്കെ പങ്കെടുക്കാൻ എറണാകുളത്തും തൃശൂരും കോഴിക്കോടും ഒക്കെ പോയിത്തുടങ്ങി” – ദേവസ്യ ചേട്ടൻ പഴയകാലത്തെക്കുറിച്ച് വാചാലനായി.

ജീവിതയാത്രയിൽ കൂട്ടായി, കാഴ്ചയായി ‘അവൾ’ വന്നപ്പോൾ

എന്നാൽ ഈ സമയത്താണ് തൃശൂർ ജില്ലയിലുള്ള ഒരു പെൺകുട്ടിയെ ദൈവം വളരെ പ്രത്യേകമാംവിധം തിരഞ്ഞെടുക്കുന്നത്. കാഴ്‌ചയില്ലാത്തവർക്കു വേണ്ടി പ്രവർത്തിക്കുന്ന സംഘടനയിൽ ആ പെൺകുട്ടി വളരെ കാര്യക്ഷമമായി പ്രവർത്തിച്ചുവരികയായിരുന്നു. അങ്ങനെയിരിക്കെയാണ് അവളുടെ സുഹൃത്തായ യുവതിയെ ദേവസ്യ ചേട്ടന്റെ, കാഴ്‌ചയില്ലാത്ത മറ്റൊരു സുഹൃത്ത് വിവാഹം ചെയ്യുന്നത്. വിവാഹപ്രായത്തിലെത്തി നിൽക്കുന്ന ദേവസ്യ ചേട്ടന് കൂട്ടായി മേരിചേച്ചി വന്നാൽ കൂടുതൽ നന്നായേനെ എന്ന് സുഹൃത്തും ഭാര്യയും കൂടി ചിന്തിച്ചു. ബാക്കിയുള്ള കഥ മേരിചേച്ചിയുടെ വാക്കുകളിലൂടെ…

“കാഴ്ചയില്ലാത്തവരുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഒരു സംഘടനയുടെ ഭാഗമായതിനാൽ അങ്ങനെയുള്ളവരെക്കുറിച്ചും അവരുടെ ജീവിതങ്ങളെക്കുറിച്ചുമെല്ലാം നല്ല ധാരണയായിരുന്നു. ദേവസ്യ ചേട്ടനെ ഞാൻ മുൻപ് പല മീറ്റിങ്ങുകളിലും കണ്ടിട്ടുണ്ടായിരുന്നു. എന്നാൽ സംസാരിച്ചിട്ടൊന്നുമില്ല. ഇങ്ങനെയൊരു ആലോചന വന്നപ്പോൾ എന്റെ ഈ ജീവിതം കൊണ്ട് മറ്റൊരാൾക്ക് ഉപകാരമാകുമെങ്കിൽ അതല്ലേ ഏറ്റവും നല്ലത് എന്നായിരുന്നു ഞാൻ ചിന്തിച്ചത്. എന്നാൽ എന്റെ വീട്ടുകാർക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. ഒന്നാമത് കാഴ്ചയില്ലാത്ത വ്യക്തി, രണ്ടാമത് ഞാൻ ഹിന്ദുമതത്തിൽപെട്ട ആളായിരുന്നു എന്നത്. എങ്കിലും, രണ്ടു വീട്ടിൽ നിന്നും ഒരു പരിധിവരെ സമ്മതം ലഭിച്ചു. ഒപ്പം ഞാൻ ക്രിസ്തുമതം സ്വീകരിക്കാനും തീരുമാനിച്ചു. അങ്ങനെ തൃശൂരിൽ നിന്നും വയനാട്ടിലേക്ക് വരാൻ തീരുമാനമായി” – മേരിചേച്ചി ഓർത്തെടുക്കുകയാണ്.

വയനാട്ടിലെത്തിയെ മേരിചേച്ചിയെ ഏറ്റെടുത്തത് നടവയലിലെ സിഎംസി സന്യാസ സമൂഹത്തിലെ സിസ്റ്റർമാരാണ്. ഏകദേശം ഒരു മാസക്കാലം കൊണ്ട് അവർ മേരിചേച്ചിയെ പ്രാർത്ഥനകളും മറ്റു കാര്യങ്ങളും വിവാഹ ഒരുക്ക ക്ലാസുകളുമൊക്കെ നൽകി മഠത്തിൽ താമസിപ്പിച്ചു. പിന്നീട് മാമ്മോദീസ സ്വീകരിച്ചതിനു ശേഷമായിരുന്നു ഇരുവരുടെയും വിവാഹം.

പ്രതിസന്ധികളിൽ ദൈവം തുണ

പലപ്പോഴും എന്തെങ്കിലും കുറവുകളുള്ള ആളുകളെ സാധാരണ ആളുകൾ വിവാഹം കഴിക്കുമ്പോൾ അതിനെ സമൂഹം മോശമായി ചിത്രീകരിക്കാറുണ്ട്; പ്രത്യേകിച്ച് സ്ത്രീകളോട്. അത്തരത്തിലുള്ള പല കാര്യങ്ങളും ആളുകൾ നേരിട്ടും അല്ലാതെയും മേരിചേച്ചിയോട് പറഞ്ഞിട്ടുണ്ട്. “ഭർത്താവ് അങ്ങനെയുള്ളവരാകുമ്പോൾ ഭാര്യക്ക് ഏതു രീതിയിൽ വേണമെങ്കിലും നടക്കാമല്ലോ എന്ന രീതിയിൽ പലരും സംസാരിക്കുന്നതായി കേട്ടിട്ടുണ്ട്. നമ്മുടെ മുൻപിൽ വച്ച് ഇങ്ങനെയൊക്കെ പറയുന്നതു കേൾക്കുമ്പോൾ ആദ്യമൊക്കെ വലിയ വിഷമം തോന്നിയിട്ടുണ്ട്. ഇദ്ദേഹത്തെ സ്വീകരിക്കുക എന്നത് എന്റെ മാത്രം തീരുമാനമായിരുന്നു. അതിൽ നിന്ന് ഒരടി പോലും പിന്നോട്ട് വയ്ക്കാൻ ഞാൻ തയ്യാറല്ലായിരുന്നു. കാരണം അദ്ദേഹത്തിന് ഞാൻ നൽകിയ വാക്ക് ഒരു ജീവിതത്തിലേക്കുള്ളതായിരുന്നു. അതുകൊണ്ടു തന്നെ എന്റെ ജീവിതമെന്നു പറയുന്നത് അദ്ദേഹത്തോടുള്ള ഉത്തരവാദിത്വവും ഞങ്ങളുടെ മക്കളോടുളള കടമയുമാണ്. ദൈവം എല്ലാത്തിനുമുള്ള ശക്തി നൽകും എന്നു തന്നെയാണ് ഞാൻ അന്നും ഇന്നും വിശ്വസിക്കുന്നത്” – മേരിചേച്ചി വെളിപ്പെടുത്തുന്നു. കടന്നുവന്ന കനൽവഴികളിൽ തങ്ങളുടെ ജീവിതത്തിൽ ദൈവത്തിന്റെ സാന്നിധ്യവും കരുതലും ഒരുപാട് അനുഭവപ്പെട്ടിട്ടുണ്ട്.

ദേവസ്യ ചേട്ടനുമായി പുറത്തൊക്കെ പോകുമ്പോൾ പലരും, എന്തിന് ഇതുപോലൊരു ജീവിതം തിരഞ്ഞെടുത്തെന്ന് കുത്തുവാക്കുകളായും പരിഹാസമായും അത്ഭുതത്തോടെയും ഒക്കെ ചോദിച്ചിട്ടുണ്ട്. അവർക്കൊക്കെയുമുള്ള മറുപടി ഒന്നു മാത്രമേയുള്ളൂ – “എനിക്ക് മറ്റൊരാളെയോ, ദേവസ്യാ ചേട്ടന് മറ്റൊരു പെൺകുട്ടിയെയോ കിട്ടുമായിരിക്കും. പക്ഷേ, ദൈവം എനിക്കു മുന്നിൽ എന്റെ മാത്രം തീരുമാനത്തിന് വിട്ടുതന്ന തിരഞ്ഞെടുക്കാനുള്ള ഒരു സ്വാതന്ത്ര്യമായിരുന്നു അദ്ദേഹം. മാതാവ് ഗബ്രിയേൽ മാലാഖയോട് ‘എനിക്ക് പറ്റില്ല’ എന്നു പറഞ്ഞില്ലല്ലോ. അതുപോലെ തന്നെ എനിക്കായി അനുവദിച്ചുതന്ന ‘ദേവസ്യ’ എന്ന തീരുമാനത്തിന് ഞാൻ ‘യെസ്’ പറഞ്ഞതാണ്. എന്റെ മരണം വരെയും എനിക്കത് ഭംഗിയായി നിറവേറ്റണം. പിന്തിരിഞ്ഞു നോക്കുമ്പോൾ എന്നും സംതൃപ്തി മാത്രമേയുള്ളൂ.” മേരിചേച്ചിയുടെ വാക്കുകൾക്ക് മറ്റെങ്ങും കേട്ടിട്ടില്ലാത്ത ഒരു ദൃഢതയുണ്ടായിരുന്നു. ‘മേരി’ എന്ന പേര് അവരുടെ ഈ ജീവിതം കൊണ്ടുതന്നെ ഏറ്റവും യോജിച്ചതായി മാറി.

വർഷങ്ങൾക്കു മുൻപ് ദേവസ്യ ചേട്ടന്റെ കണ്ണിന്റെ കോർണിയ മാറ്റിവച്ചിരുന്നെങ്കിലും കാഴ്ച തിരികെ ലഭിച്ചില്ല. എങ്കിലും എന്നെങ്കിലും കാഴ്ച ലഭിച്ചാൽ ആരെയാണ് ആദ്യം കാണാൻ ആഗ്രഹമെന്ന് ദേവസ്യ ചേട്ടനോടു ചോദിച്ചപ്പോൾ, “എന്റെ കണ്ണായ മേരിയെ കാണുന്നതാണ് ഏറ്റവും സന്തോഷം” എന്നായിരുന്നു  ചേട്ടന്റെ സന്തോഷത്തോടെയുള്ള മറുപടി. അപ്പോഴാണ് മക്കൾ ജനിച്ചതിനു ശേഷമുണ്ടായ കാര്യങ്ങളെക്കുറിച്ച് മേരിചേച്ചി വിശദീകരിക്കുന്നത്. മക്കളുണ്ടായ ഉടനെ തന്നെ അദ്ദേഹത്തിന്റെ കൈയ്യിൽ കൊടുത്തു. സ്വാഭാവികമായും ഒരു നിമിഷത്തേക്കെങ്കിലും കാഴ്ച ഉണ്ടായിരുന്നെങ്കിലെന്ന് അദ്ദേഹം ആലോചിച്ചിട്ടുണ്ടായിരുന്നിരിക്കണം. എങ്കിലും അവരുടെ മുഖത്തും കൈകളിലും കാലുകളിലുമൊക്കെ വിരലോടിച്ചുകൊണ്ടായിരുന്നു ദേവസ്യ ചേട്ടൻ അവരെ മനക്കണ്ണാൽ കണ്ടത്. എങ്കിലും അവരുടെ വളർച്ചയിലെ ഓരോ ഘട്ടത്തിലും ഒരു പിതാവിന്റെ സ്നേഹവും കരുതലും ആവോളം കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ കൊച്ചുമക്കളെയും തന്റെ സ്നേഹവും കരുതലും കൊണ്ട് ദേവസ്യ ചേട്ടൻ തലോടുന്നു. സുരഭി, നിഖിൽ, നിഖില എന്നിവരാണ് ഈ ദമ്പതികളുടെ മക്കൾ. മൂന്നു പേരും വിവാഹിതരായി കുടുംബജീവിതം നയിക്കുന്നു.

അജ്ഞാതവഴികളിൽ കരം പിടിക്കുന്ന ദൈവത്തിന്റെ ദൂതർ

തൊഴിലധിഷ്ഠിത കോഴ്‌സിൽ ദേവസ്യ ചേട്ടൻ പഠിച്ചത് മെഴുകുതിരി നിർമ്മാണമായിരുന്നു. എട്ടു വർഷത്തോളം മെഴുകുതിരികൾ ഉണ്ടാക്കി വിപണനം നടത്തിയിരുന്നു. കാഴ്ചയില്ലാത്ത കുറച്ചുപേർ ഒരുമിച്ചു ചേർന്ന് കാഴ്ചയുള്ളവർ ഇരുട്ടിൽ തട്ടിവീഴാതിരിക്കാൻ മെഴുകുതിരികൾ നിർമ്മിച്ചിരുന്നു എന്നതും വളരെ പ്രശംസനീയമായ കാര്യമാണ്. പിന്നീട് അദ്ദേഹം ലോട്ടറി വില്പനരംഗത്തേക്കു തിരിഞ്ഞു. പനമരം ടൗണിൽ വർഷങ്ങളായി ദേവസ്യ ചേട്ടൻ ലോട്ടറി വിൽപന നടത്തിവരികയാണ്; കൂടെ സംഘടനാപ്രവർത്തനങ്ങളും.

കൈയ്യിൽ ബ്രെയ്ൽ വാച്ചൊക്കെ കെട്ടിനടക്കുന്ന ദേവസ്യ ചേട്ടനെ നോക്കി പലരും “ചുമ്മാ ഷോയ്ക്ക് വാച്ചൊക്കെ കെട്ടി നടക്കുന്നു” എന്നൊക്കെ അടക്കം പറയാറുണ്ടെന്ന് പറഞ്ഞു ദേവസ്യചേട്ടൻ ചിരിക്കുകയാണ്. അത് തുറന്നുനോക്കി സൂചിയുടെ സ്ഥാനം തൊട്ടുനോക്കിയാണ് സമയം നോക്കുക എന്നത് പലർക്കും അറിയാത്തതിനാലാണ് ഇത്തരത്തിലുള്ള കമന്റുകൾ ആളുകൾ പറയുന്നതെന്ന് ദേവസ്യ ചേട്ടൻ കൂട്ടിച്ചേർത്തു. നടക്കുന്ന വഴികളും യാത്ര ചെയ്യേണ്ട ബസുകളുമൊക്കെ വളരെ കൃത്യമായി ദേവസ്യ ചേട്ടന് അറിയാം. നടക്കുമ്പോൾ സ്റ്റിക്ക് (വടി) ഉണ്ടെങ്കിലും അതൊരു സഹായത്തിനും വഴിയിലൂടെ പോകുന്ന, മറ്റു വാഹനമോടിക്കുന്നവർക്കുമുള്ള ഒരു അറിയിപ്പായും മാത്രമേ തോന്നുകയുള്ളൂ. കാരണം സ്ഥിരം സഞ്ചരിക്കുന്ന റോഡിലെ കുഴികളടക്കം ദേവസ്യാ ചേട്ടന് മനഃപാഠമാണ്.

“ഒരിക്കൽ ടൗണിൽ നിന്ന് വരുന്ന വഴി ബസിറങ്ങിയപ്പോൾ കാലിൽ ചെളി പറ്റി. ചെളി കൊണ്ട് നടക്കാൻ പറ്റാത്ത അവസ്ഥ. മഴക്കാലമായതിനാൽ റോഡിന്റെ ഒരു വശത്തുള്ള കുഴിയിൽ വെള്ളമുണ്ടെന്ന് എനിക്കറിയാമായിരുന്നു. ഒരു സംശയവുമില്ലാതെ ഞാൻ സാധാരണ പോലെ തന്നെ നടന്ന് ആ കുഴിയിൽ കാലിട്ട് കഴുകി. അപ്പോൾ അതിലെ ബൈക്കിൽ പോയ രണ്ടു പേരിൽ ഒരാൾ അടുത്തയാളോട് “കണ്ണു കാണില്ല എന്നൊക്കെ പറയുന്നത് വെറുതെയാ” എന്നു പറഞ്ഞു. ഇതുപോലുള്ള നിരവധി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അവയൊക്കെയും വിഷമത്തേക്കാളുപരി നർമ്മം സമ്മാനിക്കുന്നതാണെന്ന് ദേവസ്യ ചേട്ടൻ പറയുന്നു.

റോഡ് മുറിച്ചുകടക്കുമ്പോഴും മറ്റേതെങ്കിലും സ്ഥാപനങ്ങളിലുമൊക്കെ പോകുമ്പോഴും പരിചയമില്ലാത്ത ആളുകൾ പോലും ദേവസ്യ ചേട്ടനെ സഹായിക്കാറുണ്ട്. ഇത്തരത്തിൽ തന്നെ സഹായിച്ചവരെ ‘കർത്താവിന്റെ ദൂതർ’ എന്നാണ് ദേവസ്യ ചേട്ടൻ വിളിക്കുന്നത്. അത്തരത്തിൽ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അതിൽ ഏറ്റവും സന്തോഷം തോന്നിയ ഒരു സംഭവം അദ്ദേഹം ലൈഫ് ഡേ വായനക്കാർക്കായി വിവരിക്കുന്നു. അത് ഇപ്രകാരമാണ്:

“പനമരം ടൗണിൽ ആധാരം എഴുതുന്ന ഒരു സ്ഥാപനത്തിൽ എനിക്ക് പോകേണ്ടതായി വന്നു. ഇലക്ട്രിസിറ്റി ബില്ലൊക്കെ അടക്കാൻ ഞാൻ തന്നെയാണ് പോകാറുള്ളത്. അതിന്റെ മുകളിലത്തെ നിലയിലാണ് ഈ സ്ഥാപനമുള്ളത്. എനിക്ക് ചെറിയൊരു പരുങ്ങൽ അനുഭവപ്പെട്ടു. പെട്ടന്ന് ഒരാൾ എന്റെ കൈയ്യിൽ കയറിപ്പിടിച്ചു. ‘ചേട്ടാ, എങ്ങോട്ടേക്കാ പോകേണ്ടത്? ഞാൻ കൊണ്ടുവിടാം’ എന്നായി അദ്ദേഹം. പോകേണ്ട ഇടം ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം സത്യത്തിൽ ഇവിടുത്തുകാരനല്ലായിരുന്നു എന്ന് മനസിലായി. കാരണം മറ്റൊരാളോട്, ഈ സ്ഥാപനം എവിടെയാണെന്ന് അദ്ദേഹം ചോദിച്ചു മനസിലാക്കിയാണ് എന്നെ അവിടെ കൊണ്ടുചെന്നാക്കിയത്. സ്ഥലപരിചയമില്ലാഞ്ഞിട്ടും എനിക്കായി അദ്ദേഹം ഈ നന്മ ചെയ്തു. അജ്ഞാതരായ നിരവധി ദൈവദൂതന്മാർ ദിനവും എന്റെ കൈ പിടിച്ചുകൊണ്ടിരിക്കുന്നു. ദൈവത്തിന്റെ കരുതൽ മനസിലാക്കാൻ ഇതൊക്കെത്തന്നെ ധാരാളം മതിയല്ലോ.” നിരവധി നന്മയുള്ള അനുഭവങ്ങളിൽ മനസ് കുളിർത്ത ഒരു ദിനമായിരുന്നു അതെന്ന് ദേവസ്യ ചേട്ടൻ കൂട്ടിച്ചേർക്കുന്നു. ഇക്കാലമത്രയും ഒറ്റയ്ക്ക് യാത്ര ചെയ്തപ്പോഴൊക്കെ ഒരു അപകടവും വരുത്താതെ തന്നെ ദൈവം കാത്തുസംരക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും ദേവസ്യ ചേട്ടൻ കൂട്ടിച്ചേർത്തു.

കുടുംബജീവിതം ഒരിക്കലും ഒരു ഭാരമാകരുത്

സന്തോഷകരമായ കുടുംബജീവിതം നയിക്കാനുള്ള ഏകമാർഗ്ഗം ദൈവത്തിൽ ആശ്രയിക്കുക എന്നതാണെന്നാണ് ദേവസ്യാ ചേട്ടനും മേരിചേച്ചിയും ഒരേ സ്വരത്തിൽ പറയുന്നത്. “നമ്മുടെ ജീവിതപങ്കാളികൾ ഒരിക്കലും നമുക്കൊരു ഭാരമായി മാറരുത്. പരസ്പരം മനസിലാക്കി ദൈവത്തിൽ ആശ്രയിച്ച് മുന്നോട്ടു പോയാൽ ഏതു വലിയ പ്രതിസന്ധിയിലും ദൈവം നമുക്ക് തുണയായുണ്ടാകും. സ്നേഹത്തിൽ ഒന്നായിരിക്കുക” – മേരിചേച്ചി ഓർമ്മിപ്പിക്കുന്നു.

കാഴ്ചയില്ലാത്തതിൽ ഇന്നു വരെയും ദൈവത്തോട് പരാതി പറഞ്ഞിട്ടില്ല ദേവസ്യ ചേട്ടൻ. “ജീവിതം എപ്പോഴും സന്തോഷം മാത്രം നിറഞ്ഞതല്ലല്ലോ. ദുഃഖവും കൂടിയുണ്ടെങ്കിൽ മാത്രമേ നമുക്ക് സന്തോഷത്തിന്റെ വില മനസിലാകൂ. അതുകൊണ്ട് എപ്പോഴും സന്തോഷം മാത്രം പ്രതീക്ഷിക്കാതെ ദുഃഖത്തെയും നാം മനസിലാക്കിയിരിക്കണം” – ദേവസ്യ ചേട്ടൻ പുഞ്ചിരിയോടെ പറയുന്നു.

ഇനിയൊരു ജന്മത്തിൽ മേരിചേച്ചിക്കു മുൻപിൽ ദൈവം ഇതുപോലൊരു ‘ഓപ്ഷൻ’ വച്ചാൽ എന്ത് മറുപടി കൊടുക്കും എന്നു ചോദിച്ചപ്പോൾ “സംശയമെന്താ, ഞാൻ ‘യെസ്’ തന്നെ പറയും” എന്നായി ചിരിയോടെ മേരിചേച്ചി. ഇതുപോലെ മറ്റാർക്കെങ്കിലും തുണയാകാൻ ആഗ്രഹിക്കുന്നവർ ഒരിക്കലും സംശയിക്കരുതെന്നാണ് മേരിചേച്ചിയുടെ പക്ഷം. തീരുമാനമെടുത്തെങ്കിൽ ഒരടി പോലും പിന്നോട്ട് പോകരുത്. ദൈവത്തിന്റെ വലിയൊരു വിളിയും നമ്മെ ഏല്പിച്ചിരിക്കുന്ന ആജീവനാന്ത ഉത്തരവാദിത്വവുമാണത്. അതുകൊണ്ടു തന്നെ ആ ജീവിതം ഒരിക്കലുമൊരു ഭാരമല്ല.” മേരിചേച്ചി പറഞ്ഞുനിർത്തി. ഒരുമിച്ചുള്ള ഈ ജീവിതയാത്രയിൽ മേരിചേച്ചി കൂടെയുള്ളപ്പോൾ ഒരിക്കൽ പോലും ദേവസ്യ ചേട്ടൻ സ്റ്റിക്ക് എടുക്കാറില്ല. “കണ്ണായി ദൈവം എനിക്ക് മേരിയെ തന്നിട്ടുണ്ടല്ലോ. പിന്നെ എന്തിനാണെനിക്ക് വടി” ദേവസ്യചേട്ടൻ പുഞ്ചിരിക്കുകയാണ്.

ദേവസ്യ ചേട്ടന്റെ കണ്ണായി മാറാൻ മേരിചേച്ചി എടുത്ത തീരുമാനത്തിൽ ദൈവം വലിയൊരു ജീവിതസാക്ഷ്യം അനേകർക്ക് നൽകുകയാണ് ചെയ്തത്. ദേവസ്യ ചേട്ടനും മേരിചേച്ചിക്കും, അതോടൊപ്പം ഇതുപോലെ ദൈവത്തിന്റെ ഓപ്‌ഷനു മുന്നിൽ ‘യെസ്’ പറഞ്ഞ നിരവധി അറിയപ്പെടാത്ത ത്യാഗോജ്ജ്വലമായ ജീവിതങ്ങൾക്കും ലൈഫ് ഡേയുടെ പ്രാർത്ഥനാശംസകൾ.

സുനീഷ വി.എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.