ഇച്ഛാശക്തിയുടെ വിജയചക്രങ്ങളിൽ ജീവിതയാത്ര തുടരുന്ന കുടുംബം

സാന്ദ്ര മരിയ ബാബു

ഇരുപത്തിയഞ്ചാം വയസിൽ റോഡ് അപകടത്തിൽപെട്ട് നട്ടെല്ലിനു പരിക്കേറ്റ് അരയ്ക്ക് താഴെ തളർന്നുപോയ ആളാണ് ബിജു വർഗീസ്. പക്ഷേ, അദ്ദേഹം തന്നെപ്പോലെ ശാരീരികവൈകല്യമുള്ളവർക്ക് ഓടിക്കാൻ കാറുകൾ രൂപകൽപന ചെയ്ത് പുറത്തിറക്കി. അപ്പോൾ അടുത്ത വെല്ലുവിളി – പ്രിയസഖി ജൂബിക്ക് ബ്രെയിൻ ട്യൂമർ! തളരാതെ പോരാടുന്ന ഈ കുടുംബത്തോടൊപ്പം നമുക്കും ചേരാം.

ജീവിതത്തിലെ വെല്ലുവിളികളിൽ തളരാതെ ഉറച്ച മനസും നിരന്തര പരിശ്രമവും കൊണ്ട് പോരാടി, കുറവുകളെ നിറവുകളാക്കി മാറ്റിയ വ്യക്തിയാണ് ബിജു വർഗീസ്. ഇരുപത്തിയഞ്ചാം വയസിൽ റോഡ് അപകടത്തിൽപെട്ട് നട്ടെല്ലിനു പരിക്കേറ്റ് അരയ്ക്ക് താഴേക്ക് തളർന്നുപോയെങ്കിലും നിശ്ചയദാർഢ്യത്തോടെയുള്ള അതിജീവനത്തിന്റെ പോരാട്ടം അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. തന്നെപ്പോലെ ശാരീരികവൈകല്യമുള്ളവർക്ക് കാറുകൾ രൂപകൽപന ചെയ്ത് വാഹനം ഓടിക്കാൻ അവസരമൊരുക്കുകയാണ് ഇദ്ദേഹം. ഒരു മെഴുതിരിനാളമായി തന്റെ ജീവിതത്തിലേക്ക് കൂട്ടായി വന്ന പ്രിയസഖി ജൂബിക്ക് ബ്രെയിൻ ട്യൂമർ പിടിപെട്ടപ്പോഴും തളരാതെ ജീവിതം മുന്നോട്ടു കൊണ്ടുപോവുകയാണ് ബിജു വർഗീസും അദ്ദേഹത്തിന്റെ കൊച്ചുകുടുംബവും. ഒരുപക്ഷേ, ഇവരെ സഹായിക്കാൻ നിങ്ങൾക്കും സാധിച്ചേക്കും.

എല്ലാം മാറ്റിമറിച്ച അപകടം

പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ പഞ്ചായത്തിലെ വെങ്കുറിഞ്ഞി സ്വദേശിയാണ് ബിജു. അച്ഛനും അമ്മയും ഇളയ സഹോദരനും അഞ്ചു സഹോദരിമാരും ഉൾപ്പെടുന്ന ഒരു സാധാരണ കുടുംബത്തിലാണ് ഇദ്ദേഹം ജനിച്ചുവളർന്നത്. വെച്ചൂച്ചിറ സെന്റ് തോമസ് ഹൈസ്കൂളിൽ നിന്ന് എസ്എസ്എൽസി പാസായതിനു ശേഷം, ഇലക്ട്രീഷ്യനായ ബന്ധുവിനൊപ്പം ജോലി ചെയ്യാൻ തുടങ്ങി. ഇലക്ട്രിക്കൽ, ഇലക്ട്രോണിക് മേഖലകളോട് ഉണ്ടായിരുന്ന അതീവതാല്പര്യമാണ് ചെറുപ്രായത്തിൽ തന്നെ ഈ ജോലി തെരഞ്ഞെടുക്കാൻ ബിജുവിനെ പ്രേരിപ്പിച്ചത്.

1997- ൽ സംഭവിച്ച നിർഭാഗ്യകരമായ ഒരു അപകടം ബിജു വർഗീസിന്റെ ജീവിതത്തെ തകിടം മറിച്ചു. കൊട്ടാരക്കരയിൽ ജോലിക്ക് പോയി തിരികെ വീട്ടിലേക്ക് സുഹൃത്തിന്റെ ബൈക്കിനു പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു അദ്ദേഹം. യാത്രയ്ക്കിടയിൽ മൈലം പാലത്തിൽ നിന്നും റെയിൽവേ ട്രാക്കിലേക്ക് വീണു. അവിടെനിന്നും ആളുകൾ ആശുപത്രിയിലെത്തിച്ചു. മൂന്നു ദിവസം അബോധാവസ്ഥയിലായിരുന്നു. രണ്ടു മാസം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ. ഒരു വർഷത്തോളം നിരന്തര ശസ്ത്രക്രിയകളും ചികിത്സകളുമായി ആശുപത്രിയിൽ. ഇതുവരെ ശീലിച്ചതിൽ നിന്ന് അടിമുടി മാറിയ പുതിയൊരു വ്യക്തിയായാണ് താൻ വീട്ടിൽ തിരിച്ചെത്തിയത് എന്ന് ബിജു തിരിച്ചറിയുകയായിരുന്നു.

അടിപതറാത്ത മനസുമായി

മറ്റൊരാളുടെ സഹായമില്ലാതെ ദൈനംദിനം കാര്യങ്ങൾ പോലും ചെയ്യാനാവാത്ത തന്റെ ശാരീരികാവസ്ഥയിൽ മനസ് തളർന്നുപോകാൻ ബിജു അനുവദിച്ചില്ല. സ്വയംപര്യാപ്തനാകുക എന്ന നിശ്ചയദാർഢ്യത്തോടെയുള്ള തീരുമാനം അദ്ദേഹത്തെ മുന്നോട്ടു നയിക്കുകയായിരുന്നു. വീൽചെയറിൽ ഇരുന്നുകൊണ്ട് തന്റെ കഴിവിനനുസരിച്ച് ഇലക്ട്രിക്കൽ പണികൾ ചെയ്യാൻ ആരംഭിച്ചു. അങ്ങനെ ചെറിയ ജോലികൾ ചെയ്തും ടിവി കണ്ടും സമയം ചിലവഴിച്ച ബിജു, ഒരു ദിവസം നാഷണൽ ജോഗ്രഫിക് ചാനലിൽ അമേരിക്കൻ പ്രസിഡന്റിന്റെ കൂറ്റൻ വിമാനം, പൈലറ്റ് കൈകൾ കൊണ്ട് നിയന്ത്രിക്കുന്നത് ഏറെ കൗതുകത്തോടെയും ശ്രദ്ധയോടെയും നിരീക്ഷിച്ചു. പുതിയൊരു ആശയത്തിനു മുള പൊട്ടുകയായിരുന്നു ആ ടിവിക്കാഴ്ചയിലൂടെ.

എല്ലാ പ്രവർത്തനങ്ങളും കൈ കൊണ്ട് നിയന്ത്രിക്കാൻ കഴിയുന്ന സമാനമായ ഒരു സംവിധാനം, തനിക്ക് കാറിൽ എന്തുകൊണ്ട് ഉപയോഗിക്കാൻ കഴിയില്ല എന്ന് അദ്ദേഹം ചിന്തിച്ചുതുടങ്ങി. അങ്ങനെ ചെയ്യുകയാണെങ്കിൽ ആരുടെയും സഹായമില്ലാതെ തനിക്ക് ഇഷ്ടമുള്ളിടത്തേക്ക് സഞ്ചരിക്കാം എന്ന് അദ്ദേഹത്തിനു മനസിലായി. അപകടം സംഭവിച്ചപ്പോൾ ഇൻഷുറൻസ് കമ്പനിയിൽ നിന്ന് ലഭിച്ച പണം ഉപയോഗിച്ച് ഒട്ടും വൈകാതെ തന്നെ ഒരു കാർ വാങ്ങുകയാണ് ബിജു ആദ്യം ചെയ്തത്. കാർ മെക്കാനിക്കുകളുമായി ഇടപഴകി സംശയങ്ങൾ ദുരീകരിച്ച് തന്റെ മനസിൽ രൂപപ്പെട്ട ആശയത്തിന് ജീവൻ നൽകാൻ അദ്ദേഹം തീരുമാനിച്ചു. പ്രോട്ടോടൈപ്പുകൾ മാറിമാറി ഉണ്ടാക്കി നടത്തിയ ആദ്യശ്രമങ്ങൾ വലിയ വിജയമായില്ലെങ്കിലും നിരന്തര പരിശ്രമത്തിലൂടെ മറ്റൊരാളുടെ സഹായമില്ലാതെ, കാലുകൾ ഉപയോഗിക്കാതെ തന്റെ കാർ ഓടിക്കാൻ ബിജുവിന് സാധിച്ചു.

മറികടക്കാം പരിമിതികളെ

ശാരീരികവൈകല്യമുള്ള ആളുകൾക്ക് കാലുകളുടെ സഹായമില്ലാതെ ഈ സംവിധാനം കാര്യക്ഷമമായി ഉപയോഗിക്കാൻ കഴിയും. ബ്രേക്ക്, ക്ലച്ച്, ഗിയർ, ആക്സിലേറ്റർ എന്നിവയിൽ പരിഷ്കാരങ്ങൾ വരുത്തി കൈകൾ കൊണ്ട് പ്രവർത്തിപ്പിക്കാൻ കഴിയുന്ന തരത്തിൽ മാറ്റുകയാണ് അദ്ദേഹം ചെയ്തത്. നിലവിലുള്ള സിസ്റ്റത്തിന്റെ പവർ ട്രാൻസ്മിഷൻ ഉപയോഗിക്കുമ്പോൾ ലിവറേജും ലിംഗേജ് മെക്കാനിസവും ഉപയോഗിച്ച് നിയന്ത്രണങ്ങൾ കൈകളിലേക്ക് മാറ്റുന്ന നൂതനമായൊരു സംവിധാനമായിരുന്നു അത്. ഏകദേശം 10,000 മുതൽ 25,000 വരെ  രൂപയ്ക്ക് ഏതു മോഡൽ കാറിലും ഈ സിസ്റ്റം ഘടിപ്പിക്കാം. 2003- ൽ വികസിപ്പിച്ച ഈ സംവിധാനത്തിന് ഏഴു വർഷത്തെ പരിശ്രമത്തിനൊടുവിൽ ഓട്ടോമാറ്റിക് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ അംഗീകാരം നൽകി.

കാറിന് കാര്യമായ ഒരു മാറ്റവും വരുത്താതെ വെറും 15 മിനിറ്റിനുള്ളിൽ ഇത് കാറിൽ ഘടിപ്പിക്കാം. ഇപ്രകാരം, 13 കമ്പനികളുടെ കാറുകൾ മാറ്റാനുള്ള ലൈസൻസ് അദ്ദേഹത്തിനുണ്ട്. കിറ്റിന്റെ വില താങ്ങാൻ കഴിയാത്ത ഉപഭോക്താക്കൾക്ക് അദ്ദേഹം സൗജന്യമായി അത് ഫിറ്റ് ചെയ്യാനും തയ്യാറാണ്. ഈ കണ്ടുപിടുത്തം അത്ഭുതത്തോടെയാണ് ആളുകൾ നോക്കിക്കണ്ടത്. തന്റെ കണ്ടെത്തലുമായി കാറിൽ സഞ്ചരിച്ച് ശാരീരികവൈകല്യമുള്ളവരെ സന്ദർശിച്ച് അവരിൽ ആത്മവിശ്വാസം വളർത്തിയെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഭിന്നശേഷി വിഭാഗത്തിലെ ലോക പഞ്ചഗുസ്‌തി ചാമ്പ്യനായ ജോബി മാത്യു ഉൾപ്പെടെ നിരവധി ആളുകൾ ബിജു വർഗീസിന്റെ കണ്ടെത്തൽ പ്രയോജനപ്പെടുത്തി കാറുകൾ ഓടിച്ചുവരുന്നു.

അവാർഡുകളും അംഗീകാരങ്ങളും

2007- ൽ നാഷണൽ ഇന്നോവേഷൻ ഫൗണ്ടേഷൻ പരിശോധന നടത്തി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ബിജുവിന്റെ കണ്ടെത്തലിന് ലൈസൻസ് നൽകി. ശാരീരികവൈകല്യമുള്ളവർക്ക് നൽകുന്ന ലൈസൻസ് ഇന്ത്യയിൽ ആദ്യമായി ലഭിക്കുന്നതും ബിജുവിനാണ്. ആറ് ദേശീയ അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ പിന്നാലെ എത്തി.

നാഷണൽ ഇന്നോവേഷൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ നാലാമത് ബിനാലെ അവാർഡ് തന്റെ ജീവിതത്തിന്റെ ഏറ്റവും വലിയ ഭാഗ്യമായി അദ്ദേഹം കണക്കാക്കുന്നു. അന്നത്തെ രാഷ്ട്രപതിയായിരുന്ന ഡോ. എ.പി.ജെ അബ്ദുൽ കലാം ബിജുവിന്റെ അടുത്തുവന്ന് ചേർത്തുപിടിച്ചുകൊണ്ടാണ് അവാർഡ് നൽകിയത്. സിഎൻഎൻ – ഐബിഎൻ സംഘടിപ്പിച്ച 2012- ലെ ഇന്ത്യ പോസിറ്റീവ് അവാർഡ് അദ്ദേഹം കരസ്ഥമാക്കി. 2005 ഡിസംബറിലെ ശോധ് യാത്രയിൽ തനിക്കു ലഭിച്ച അഭിനന്ദനം മറ്റൊരു വലിയ അംഗീകാരമായി അദ്ദേഹം കരുതുന്നു.

ഹണി ബീ നെറ്റ്‌വർക്കിന്റെ ഈ അഭിനന്ദനത്തിനു ശേഷം ഒട്ടനവധി അംഗീകാരങ്ങൾ ബിജുവിനെ തേടിയെത്തി. മാധ്യമങ്ങൾ ബിജുവിനും അദ്ദേഹത്തിന്റെ റിട്രോ ഫിറ്റ് ചെയ്ത കാർ കിറ്റിനും വിപുലമായ കവറേജ് നൽകി. 2014- ലെ കാവിൻ കെയർ എബിലിറ്റി മാസ്റ്ററി അവാർഡ്, ഇന്ത്യൻ സാമൂഹിക സംരംഭകനും ഭിന്നശേഷി അവകാശ പ്രവർത്തകനുമായ നിപുൺ മൽഹോത്രയുടെ നേതൃത്വത്തിലുള്ള നിപ്മാൻ ഫൗണ്ടേഷൻ തുല്യത അവാർഡ് തുടങ്ങി നിരവധി ബഹുമതികൾ അദ്ദേഹം നേടിയിട്ടുണ്ട്.

കൂട്ടായി ജൂബിയും ജോർജുകുട്ടിയും

മുക്കൂട്ടുതറ അസീസി ഹോസ്പിറ്റലിൽ ലാബ് അസിസ്റ്റന്റായി ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ജൂബി ബിജുവിനെ പരിചയപ്പെടുന്നത്. മാരകമായ അപകടത്തിൽപെട്ടിട്ടും പ്രതീക്ഷ കൈവിടാതെ ജീവിതത്തെ ആഴമായി സ്നേഹിച്ച ആ യുവാവിനോടുള്ള സൗഹൃദം പിന്നീട് ഒന്നിച്ചു ജീവിക്കാനുള്ള തീരുമാനത്തിന് വഴിമാറുകയായിരുന്നു. 2007 നവംബർ 24- ന് ബിജുവും ജൂബിയും വിവാഹിതരായി. ഇവർക്ക് ഒരു മകനുണ്ട്. കരോൾ എന്ന ജോർജുകുട്ടി. തന്റെ പരിമിതികളിൽ താങ്ങും തണലുമായി കൂട്ടുവന്ന ജൂബിയെയും എല്ലാ പ്രതിസന്ധികളിലും ഒപ്പമുള്ള മകൻ ജോജുകുട്ടിയെയും ഏറെ അഭിമാനത്തോടെയാണ് ബിജു കാണുന്നത്. സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ മികച്ച ബാലകർഷകനുള്ള പുരസ്കാരം നേടിയ ജോർജുകുട്ടി അച്ഛന്റെ സന്തതസഹചാരിയും വീട്ടുജോലികളിൽ അമ്മയുടെ സഹായിയുമായി ഒപ്പമുണ്ട്.

വിടാതെ പിന്തുടരുന്ന വെല്ലുവിളികൾ

2015- ൽ നിലയ്ക്കാത്ത തലവേദനയുടെ ചികിത്സക്കായി ആശുപത്രിയിൽ എത്തിയപ്പോഴാണ് തന്റെ ജീവിതത്തിന്റെ വിളക്കായി മാറിയ ജൂബിക്ക് ബ്രെയിൻ ട്യൂമർ പിടിപെട്ടെന്ന ദുഃഖസത്യം ബിജു തിരിച്ചറിഞ്ഞത്. ആദ്യം ഒന്ന് തളർന്നുപോയെങ്കിലും ജീവിതപങ്കാളിയെ മരണത്തിനു വിട്ടുകൊടുക്കാൻ ബിജു സമ്മതിച്ചില്ല. വിദഗ്ദ ഡോക്ടർമാരുടെയും പ്രശസ്ത ചികിത്സാലയങ്ങളുടെയും പിന്നാലെയായി ബിജുവിന്റെ പിന്നീടുള്ള യാത്രകൾ. താൻ രൂപകൽപന ചെയ്തെടുത്ത കാറിൽ ഓരോ ആറു മാസം കൂടുമ്പോഴും കിലോമീറ്ററുകൾക്കപ്പുറമുള്ള വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലേക്ക് ബിജുവും ജോർജുകുട്ടിയും ജൂബിയുടെ ചികിത്സക്കായി പൊയ്ക്കൊണ്ടിരിക്കുന്നു. വിധിയുടെ വിളയാട്ടങ്ങളിൽ തളരാതെ ഇച്ഛാശക്തിയുടെ വിജയചക്രങ്ങളിൽ അവരുടെ ജീവിതയാത്ര തുടരുന്നു.

സഹായിക്കാൻ താല്പര്യമുള്ളവർക്കായി ബാങ്ക് ഡീറ്റൈൽസ് നൽകുന്നു:

AC no 3448758011
Biju varghese
IFSC Code. CBIN 0284470
Central Bank of India
Mukkoottuthara branch

സാന്ദ്ര മരിയ ബാബു

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.