‘മരണത്തോട് അടുത്തെങ്കിലും ഞാൻ സന്തോഷവതിയാണ്’: രോഗക്കിടക്കയിൽ നിന്നും ഒരു യുവതിയുടെ ജീവിതസാക്ഷ്യം

കാൻസർ രോഗക്കിടക്കയിലും പ്രവർത്തനനിരതയായിരുന്നു ഡെബോറ ജെയിംസ്. രോഗിയായിരുന്നുകൊണ്ട് മറ്റ് കാൻസർ രോഗികൾക്കു വേണ്ടി ധനശേഖരണം നടത്തിയതിലൂടെയാണ് ഈ യുവതി വ്യത്യസ്തയാവുന്നത്. കുടലിലെ കാൻസർ ബാധ ഇന്ന് ഡെബോറയുടെ ശരീരത്തെ ആകെ തളർത്തിക്കളഞ്ഞു. മരണത്തോട് അടുക്കുമ്പോഴും അവൾ സന്തോഷവതിയാണ്. അവൾക്ക് ഒന്നും തനിയെ ചെയ്യാനുള്ള ശക്തിയില്ല. എന്നാൽ അവളുടെ കാര്യങ്ങൾ ഭംഗിയായി നോക്കാൻ പിതാവ് കൂടെത്തന്നെയുണ്ട്. കഴിഞ്ഞ പിതൃദിനത്തിൽ പിതാവ് തന്റെ മുടി ചീകിയൊതുക്കുന്ന ഒരു ചിത്രം ഡെബോറ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

തനിക്ക് കുടലിൽ കാൻസറാണെന്ന് അറിഞ്ഞപ്പോൾ ഡെബോറ പതറിയില്ല. അവൾ ഈ രോഗത്തെക്കുറിച്ച് മറ്റുള്ളവരെ ബോധവാന്മാരാക്കാൻ വേണ്ട പ്രവർത്തനങ്ങൾ നടത്തി. തന്റെ ദിവസങ്ങൾ എണ്ണപ്പെട്ടിരിക്കുന്നുവെന്നു മനസിലാക്കിയിട്ടും തന്റെ പോഡ് കാസ്റ്റുകളിലൂടെ അവൾ പ്രവർത്തനനിരതയായിരുന്നു. ചികിത്സ ആവശ്യമായ മറ്റു രോഗികൾക്കു വേണ്ടി അവൾ ധനശേഖരണം നടത്തി. ‘ബവൽ ബേബി’ എന്ന് അറിയപ്പെടുന്ന ഈ 40 വയസുകാരി ഇതിനോടകം ശേഖരിച്ചത് എട്ട് മില്യൺ ഡോളറാണ്.

ഡെബോറയുടെ പ്രവർത്തനങ്ങൾക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമായിരുന്നു എലിസബത്ത് രാജ്ഞി നൽകിയ ‘ഡെയിം’ എന്ന ബഹുമതി. ഈ ബഹുമതി നൽകാനും ഡെബോറയോട് സംസാരിക്കാനും അവളുടെ വീട്ടിലേക്ക് എത്തിയത് വില്യം രാജകുമാരൻ തന്നെയാണ്. ഡെബോറയുടെ കുടുംബത്തിന് സന്തോഷവും അഭിമാനവും നിറഞ്ഞ നിമിഷങ്ങളായിരുന്നു അത്.

ഇന്ന് ഡെബോറ ആശുപത്രിക്കി ടക്ക വിട്ടിരിക്കുകയാണ്. അവസാന നാളുകൾ സ്വന്തം വീട്ടിൽ ചിലവഴിക്കാനാണ് അവളുടെ തീരുമാനം. കഴിഞ്ഞ ലോക പിതൃദിനത്തിൽ പിതാവ് അലസ്റ്ററിനോടൊപ്പം നിൽക്കുന്ന ഒരു ചിത്രം ഡെബോറ പങ്കുവച്ചിരുന്നു. ചിത്രത്തിൽ ക്ഷീണിതയായ ഡെബോറയുടെ മുടി അച്ഛൻ ചീകിയൊതുക്കുകയാണ്. സ്വന്തം മകൾ മരണത്തോട് അടുക്കുന്ന കാഴ്ച ഏതൊരു പിതാവിനും സഹിക്കാവുന്നതല്ല. എന്നാൽ എല്ലാം ഉള്ളിലൊതുക്കി മകൾക്കു വേണ്ടി ജീവിക്കുകയാണ് അലസ്റ്റർ.

പിതാവിനെക്കുറിച്ച് പറയാൻ ഡെബോറക്ക് വാക്കുകളില്ല. ഡെബോറയുടെ ജീവിതത്തിലെ ഹീറോയാണ് പിതാവ് അലൻസ്റ്റർ. തന്റെ ജീവിതത്തിൽ ശാന്തതയുടെയും സ്നേഹത്തിന്റെയും പ്രതീകമായി എപ്പോഴും അദ്ദേഹം ഉണ്ടായിരുന്നെന്ന് ഡെബോറ പറയുന്നു. തന്റെ എല്ലാ കുസൃതികൾക്കും പിടിവാശികൾക്കും കൂട്ടു നിൽക്കുന്ന അദ്ദേഹത്തിന്റെ ക്ഷമക്കും പരിധിയില്ലത്രേ. ഭൂമിയിലെ ഡെബോറയുടെ സഹനങ്ങൾ നിത്യതയിലേക്കുള്ള പാതയ്ക്ക് വെളിച്ചമേകട്ടെ.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.