മാതൃകയാണ് ഈ തഹസിൽദാർ

സുനീഷ വി.എഫ്.

പലവിധ ആവശ്യങ്ങൾക്കായി സർക്കാർ ഓഫീസുകളിൽ പോകാറുള്ളവരാണ് നമ്മളെല്ലാവരും. അവിടെ കാണുന്ന ഉദ്യോഗസ്ഥരെ ആവശ്യം കഴിഞ്ഞാൽ പലപ്പോഴും മറന്നുപോകാനുമിടയുണ്ട്. എന്നാൽ വയനാട് ജില്ലയിലെ മാനന്തവാടിയിലെ ഭൂനികുതി ഓഫീസിൽ ഒരിക്കലെങ്കിലും പോയിട്ടുള്ളവർ ഒരിക്കലും മറക്കാനിടയില്ലാത്ത ഒരു മുഖമുണ്ട്. തഹസിൽദാരായ അഗസ്റ്റിൻ എം.ജെ. എന്ന ഓഫീസറുടെ മുഖമാണത്.

ഈ തഹസിൽദാർ അല്പം വ്യത്യസ്തനാണ്. കേരള സർക്കാരിന്റെ മികച്ച തഹസിൽദാർക്കുള്ള സംസ്ഥാന പുരസ്കാരം സ്വന്തമാക്കിയ അഗസ്റ്റിൻ സാറിന്റെ വിശേഷങ്ങളും അനുഭവങ്ങളുമാണ് ലൈഫ് ഡേ പങ്കുവയ്ക്കുന്നത്.

മുന്നിൽ വരുന്നവരെല്ലാം കുടുംബാംഗങ്ങൾ

പൊതുവെ സൗമ്യനെങ്കിലും അഗസ്റ്റിൻ സാർ ഒരു കാര്യത്തിൽ വളരെയധികം കാർക്കശ്യമുള്ള ഒരു പൊതുസേവകനാണ്. മുന്നിൽ വരുന്നവരെയെല്ലാം കുടുംബാംഗങ്ങളെപ്പോലെ കാണണം എന്നതാണ് ആ കാർക്കശ്യം; അതിനൊരു കാരണവുമുണ്ട്. “മുന്നിൽ വരുന്നവരെ സ്വന്തം വീട്ടിലെ ആളുകളെപ്പോലെ നാം കാണണം. ഞാൻ എന്നെത്തന്നെയും എന്റെ സഹപ്രവർത്തകരെയും എപ്പോഴും ഓർമ്മിപ്പിക്കുന്ന ഒരു കാര്യമാണ് ഇത്. എങ്കിൽ മാത്രമേ നമുക്ക് അവരെയും അവരുടെ ആവശ്യങ്ങളെയും പൂർണ്ണമായും മനസ്സിലാക്കാൻ പറ്റൂ. ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ എന്റെ മുൻപിൽ വരുന്നവരിൽ ഭൂരിഭാഗം ആളുകൾക്കും ഇതുമായി ബന്ധപ്പെട്ട ഒരു കാര്യവും അറിയില്ല. എന്റെ അമ്മയൊന്നും ഒരിക്കൽപ്പോലും ഒരു ഓഫീസിൽ പോലും പോയിട്ടില്ല. അപ്പോൾ അതുപോലുള്ള എത്രയോ ആളുകളുണ്ട്. ചിലപ്പോൾ ആദ്യമായി വരുന്നവരും ഉണ്ട്. മുന്നിലിരിക്കുന്നവരെ സ്വന്തം അമ്മയെപ്പോലെയോ, ചാച്ചനെപ്പോലെയോ, സഹോദരങ്ങളെപ്പോലെയോ കണ്ടുകൊണ്ട് അവർക്ക് ആവശ്യമുള്ളത് ചെയ്തുകൊടുക്കുക. അതാണ് എന്റെ പോളിസി” – അഗസ്റ്റിൻ സാർ പറയുന്നു.

കോട്ടയം ജില്ലയിലെ കുറവിലങ്ങാട് നിന്നു വയനാട്ടിലെത്തിയതാണ് അഗസ്റ്റിൻ സാറിന്റെ മാതാപിതാക്കളായ മൂങ്ങാനാനിയിൽ ജോസഫും ഏലിയാമ്മയും. അക്കാലത്തിലെ വയനാട്ടിലെ സാഹചര്യത്തിൽ ഒരു സർക്കാർ ജോലിയൊന്നും ആരുടേയും മനസ്സിൽ പൂവിടാറില്ലായിരുന്നു. എങ്കിലും പഠനത്തിൽ അത്യാവശ്യം മിടുക്കനായിരുന്ന അഗസ്റ്റിനെ പിതാവ് ജോസഫ് പത്താം ക്‌ളാസ് കഴിഞ്ഞപ്പോൾ ടൈപ്പിംഗ് പഠിക്കാൻ വിട്ടു.

“അന്ന് അതൊരു കീഴ്വഴക്കം പോലെയായിരുന്നു. പത്താം ക്‌ളാസ് പാസായവരൊക്കെ ടൈപ്പിംഗ് പഠിക്കണം എന്നത്. തുടർന്ന് ബികോം പഠനം പൂർത്തിയാക്കിയയെങ്കിലും വയനാട്ടിൽ തന്നെ പി.ജി. പഠിക്കാനുള്ള സാഹചര്യമില്ലായിരുന്നു. അതിനാൽ എംകോമിന് ഡിസ്റ്റൻസ് കോഴ്സിന് ചേർന്നു. ഒരു ജോലി വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പി.എസ്.സി, കോച്ചിങ് എന്ന രണ്ടു വാക്കുകൾ രണ്ടായി തന്നെ കേട്ടിട്ടുണ്ടെങ്കിലും അത് കൂട്ടിച്ചേർത്ത ഒരുപി.എസ്.സി കോച്ചിങ് എന്താണെന്നു പോലും അന്ന് ആർക്കും അറിയുമായിരുന്നില്ല. പത്രത്തിൽ നിന്നും പുസ്തകങ്ങളിലും നിന്നു ലഭിച്ച അറിവുകൾ മാത്രം വച്ച്‌ അന്ന് പി.എസ്.സി പരീക്ഷ എഴുതാൻ പോയി” – അഗസ്റ്റിൻ സാർ പഴയകാല അനുഭവങ്ങൾ ലൈഫ് ഡേയുമായി പങ്കുവച്ചു.

1985 -ൽ പത്താം ക്‌ളാസ് വിജയിച്ച അഗസ്റ്റിൻ സർ പത്തു വർഷങ്ങൾക്കിപ്പുറം 1995 -ൽ സർക്കാർ ജോലിയിൽ കയറി. ആദ്യം കാസർഗോഡ് ജില്ലയിൽ ഗതാഗത വകുപ്പിൽ ടൈപ്പിസ്റ്റ് ആയിട്ടായിരുന്നു നിയമനം. പിന്നീട് മറ്റൊരു പരീക്ഷയെഴുതി റവന്യൂ വകുപ്പിൽ വയനാട് ജില്ലയിൽ തന്നെ ജോലി ലഭിക്കുകയും ചെയ്തു.

“സാമ്പത്തികമായ വലിയ ചുറ്റുപാടൊന്നുമില്ലാത്തതിനാൽ ചെറുപ്പകാലങ്ങളിൽ എല്ലാവിധ ബുദ്ധിമുട്ടുകളും അറിഞ്ഞിട്ടുണ്ട്. അതിനാൽ തന്നെ നമുക്ക് മുൻപിൽ വരുന്നവരെ ഏതെങ്കിലും വിധത്തിൽ സഹായിക്കാൻ സാധിച്ചിരുന്നെങ്കിലെന്ന് ചെറുപ്പം മുതൽ തന്നെ ആഗ്രഹിച്ചിരുന്നു. ചാച്ചനും അമ്മച്ചിയും അവരുടെ ജീവിതം കൊണ്ട് ഞങ്ങൾ മക്കൾക്ക് കാണിച്ചുതന്നതും അതു തന്നെയായിരുന്നു. വന്ന വഴികളിലൊക്കെ അത് പാലിക്കാൻ ശ്രമിച്ചിട്ടുണ്ട്” – അഗസ്റ്റിൻ സർ ഓർമ്മിക്കുന്നു.

മാതാപിതാക്കൾ എന്നും മാതൃക

അഗസ്റ്റിൻ സർ തന്റെ നേട്ടത്തെ മാതാപിതാക്കളുടെ നല്ല മാതൃകയോട് ചേർത്തുവയ്‌ക്കാനാണ് ഇഷ്ടപ്പെടുന്നത്. “ചാച്ചന് ഇപ്പോൾ 85 വയസ്സുണ്ട്. എങ്കിലും അദ്ദേഹം ഇപ്പോഴും കർമ്മനിരതനാണ്. ഓർമ്മ വച്ച നാൾ മുതൽ ചാച്ചൻ മറ്റുള്ളവർക്ക് ഉപകാരങ്ങൾ ചെയ്യുന്നതു കണ്ടു വളർന്ന ഒരു മകനാണ് ഞാനും. അതിനാൽ തന്നെ ചാച്ചന്റെ ആ ഗുണങ്ങളൊക്കെയും അറിയാതെ തന്നെ മനസ്സിൽ പതിഞ്ഞു.

പള്ളിയിൽ പോകാനും പ്രാർത്ഥനാജീവിതം നയിക്കുന്നതിലുമൊക്കെ വലിയ നിർബന്ധമുള്ളവരായിരുന്നു ചാച്ചനും അമ്മയും. മാതാവിനെപ്പോലെ വളരെ നിശബ്ദയായ ഒരു അമ്മയാണ് എന്റെ അമ്മയും. വേണ്ടത് വളരെ കൃത്യസമയത്ത് അമ്മ ചെയ്തിരുന്നു. അവർ പകർന്നുതന്ന വിശ്വാസജീവിതവും മാതൃകയും എന്നും അനുഗ്രഹമായി കൂടെയുണ്ട്. ഈ അംഗീകാരവും അവരുടെ നന്മയുടെ കൂടെ ചേർത്തുവയ്ക്കുകയാണ്” – അഗസ്റ്റിൻ സർ തന്റെ മാതാപിതാക്കളെ ഓർമ്മിക്കുകയാണ് ഈ അവസരത്തിൽ.

അന്ന് പകർന്നു കിട്ടിയ വിശ്വാസത്തിന്റെ നാളം ഇന്നും അണയാതെ അഗസ്റ്റിൻ സർ തന്റെ ജീവിതത്തിൽ ചേർത്തുപിടിച്ചിട്ടുണ്ട്. തന്റെ ഇടവകയായ തോണിച്ചാൽ സെന്റ് സെബാസ്ററ്യൻസ് ദൈവാലയത്തിൽ വിശുദ്ധ കുർബാനയിൽ പങ്കെടുത്തുകൊണ്ടാണ് ദിവസം ആരംഭിക്കുന്നത്. പത്തു വയസ്സു മുതൽ അൾത്താരബാലനായിരുന്നതു കൊണ്ട് വിശുദ്ധ കുർബാനയിൽ പഴയനിയമവും ലേഖനവും ഇന്നും വായിക്കുമ്പോൾ, അതിനെ അഗസ്റ്റിൻ സാർ തന്റെ വിശ്വാസത്തിലുള്ള ആഴപ്പെടലായിട്ടാണ് കരുതുന്നത്.

പണമല്ല വലുത്

2006 മുതൽ അഗസ്റ്റിൻ സർ വില്ലേജ് ഓഫീസർ ആയിരുന്നു. ആ കാലഘട്ടത്തിൽ ഒരു കുടുംബത്തിലെ അമ്മ പ്രായമായി മരണമടഞ്ഞു. ഒരുകാലത്ത് അവർക്ക് നൂറു ഏക്കറിനു മുകളിൽ സ്ഥലമുണ്ടായിരുന്നു. പക്ഷേ, എല്ലാം നഷ്ട്ടപ്പെട്ടു. മരണസമയത്ത് അവർക്ക് സാമ്പത്തികമായി യാതൊന്നും ഉണ്ടായിരുന്നില്ല. മരണമടഞ്ഞപ്പോൾ അവരെ മറവ് ചെയ്യാൻ ഒരിഞ്ച് ഭൂമി പോലും അവശേഷിച്ചിരുന്നില്ല. ഒടുവിൽ, വില്ലേജ് ഓഫീസർ ആയിരുന്ന അഗസ്റ്റിൻ സാറിന്റെ മദ്ധ്യസ്ഥതയിൽ അവരുടെ മൃതശരീരം, മുൻപ് അവരുടെ സ്ഥലം വാങ്ങിയ മറ്റൊരാളുടെ സ്ഥലത്ത് സംസ്കരിച്ചു.

“എത്രയോ വലിയ കുടുംബത്തിലെ വലിയ സാമ്പത്തികശേഷി ഉണ്ടായിരുന്ന ഒരു സ്ത്രീ ആയിരുന്നു അത്. എങ്കിലും മരിച്ചുകഴിഞ്ഞപ്പോൾ മറവ് ചെയ്യാൻ ആറടി മണ്ണില്ല; പ്രിയപ്പെട്ടവരാരും സമീപത്തും ഇല്ലായിരുന്നു. മനുഷ്യന്റെ ജീവിതം അത്രയൊക്കെയേ ഉള്ളൂ. ആ ഒരു സംഭവം എനിക്ക് ഒരിക്കലും മറക്കാൻ സാധിക്കുകയില്ല. നമ്മൾ എത്ര സമ്പാദിച്ചു വച്ചാലും അതൊന്നും ഇല്ലാതാകാൻ നിമിഷങ്ങൾ മാത്രം മതി. മരണസമയത്ത് നമുക്കൊരിക്കലും അതൊന്നും ഉപകരിച്ചു എന്നും വരില്ല. ജീവിതത്തിൽ പണമല്ല വലുത്, മനുഷ്യത്വമാണെന്നും മറ്റുള്ളവരെ മനസ്സിലാക്കാനുള്ള ഒരു മനസ്സുമാണെന്നും ഒരിക്കൽ കൂടി എനിക്ക് ഉറപ്പു നൽകിയ ഒരു സംഭവമായിരുന്നു അത്” – അഗസ്റ്റിൻ സർ ലൈഫെഡേയോട് പറഞ്ഞു.

നിരവധി ആളുകളാണ് സാറിന്റെ മുൻപിൽ ദിനവും എത്തുന്നത്. അവരെയൊക്കെ കേട്ട് അവരുടെ അവസ്ഥ മനസിലാക്കാൻ സാർ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. “എന്റെ ജോലി എന്നു പറയുന്നത് എനിക്ക് ഒറ്റയ്ക്ക് പൂർത്തിയാക്കാൻ പറ്റുന്ന ഒരു കാര്യമല്ല. ഒരു ഫയൽ നിരവധി ജോലിക്കാരുടെ അടുക്കൽ കൂടി കടന്നുപോയി അവസാനം മാത്രമേ എന്റെ അടുക്കൽ എത്തുകയുള്ളൂ. എങ്കിലും ഒരാളെ രണ്ടു തവണയിൽ കൂടുതൽ ഓഫീസിൽ വരുത്തിക്കാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ചിലരൊക്കെ ഓഫീസിൽ വന്ന് സന്തോഷത്തോടെ മടങ്ങിപ്പോകാറുണ്ട്; മറ്റു ചിലർ ദേഷ്യപ്പെടാറുമുണ്ട്. പക്ഷേ, ഒരിക്കൽ പോലും എനിക്ക് അവരോട് ദേഷ്യമോ, വിരോധമോ തോന്നിയിട്ടില്ല. അവരുടെ സാഹചര്യം കൊണ്ടാണ് പലപ്പോഴും അവർ അങ്ങനെ പെരുമാറാറുള്ളത്. അവരുടെ ഉള്ളിലെ ദേഷ്യവും വിഷമവുമൊക്കെ മാറിപ്പോകണമേ എന്ന് ഞാൻ പ്രാർത്ഥിക്കാറുണ്ട്” – അഗസ്റ്റിൻ സർ പറയുന്നു.

കൈക്കൂലിയുടെ കറ പുരളാതെ

ഏറ്റവും സന്തോഷം നൽകുന്ന കാര്യം എന്താണെന്നു ചോദിച്ചാൽ അഗസ്റ്റിൻ സാറിന് ഒറ്റ ഉത്തരമേയുള്ളൂ. “ആർക്കെങ്കിലും എന്തെങ്കിലും ഉപകാരം ചെയ്യാൻ സാധിച്ചാൽ അന്ന് എനിക്ക് വലിയ സന്തോഷമാണ്. ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കാതെ എത്രയും പെട്ടന്ന് ഓരോ ഫയലും തീർപ്പാക്കുമ്പോൾ എനിക്ക് വലിയ സന്തോഷം തോന്നാറുണ്ട്” – അഗസ്റ്റിൻ സാറിന്റെ വാക്കുകളിലും സന്തോഷം നിറഞ്ഞു.

തന്റെ 27 വർഷത്തെ ഔദ്യോഗിക ജീവിതത്തിനിടയിൽ ഒരിക്കൽപ്പോലും മറ്റൊരാളിൽ നിന്ന് ഒരു പാരിതോഷികം പോലും അഗസ്റ്റിൻ സർ വാങ്ങിയിട്ടില്ല എന്നുള്ളത് ഈ ജനസേവകനെ വളരെ വ്യത്യസ്തനാക്കുന്നു. “കടലിൽ തിരയെണ്ണാൻ വിട്ടാലും നമുക്ക് വേണമെങ്കിൽ അതിൽ കൃത്രിമത്വം കാണിക്കാം. ഇത് തന്നാലേ ഞാൻ അത് നടത്തിത്തരൂ എന്ന് ഒരിക്കൽപ്പോലും ആരോടും പറഞ്ഞിട്ടില്ല. പലരും പാരിതോഷികങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് സർക്കാരിനെ പറ്റിക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ ഞാൻ ഒരിക്കലും അതിനു കൂട്ടുനിൽക്കാൻ താൽപര്യപ്പെടുന്നില്ല. കാരണം ഫയലുകളിലെ കൃത്രിമത്വം എന്നത് സർക്കാരിനെ കബളിപ്പിക്കുക എന്നതാണ്. അത് വലിയ നഷ്ടമാണ് സർക്കാരിന് ഉണ്ടാക്കുന്നത്. ഞാൻ ചെയ്യുന്ന ജോലിക്ക് എനിക്ക് കൃത്യമായി ശമ്പളം ലഭിക്കുന്നുണ്ട്. പിന്നെന്തിനാണ് എനിക്ക് മറ്റു പാരിതോഷികങ്ങൾ?” – അഗസ്റ്റിൻ സർ ചോദിക്കുന്നു.

നിയമപരമായുള്ള എല്ലാ കാര്യങ്ങളിലും ഇദ്ദേഹം വളരെയധികം നിബന്ധനകൾ ഉള്ള ഒരു ഉദ്യോഗസ്ഥനാണ്.

മികച്ച തഹസിൽദാർ എന്ന ബഹുമതിക്കു പിന്നിൽ

മികച്ച തഹസിൽദാർ എന്ന പുരസ്‌കാരം തേടിയെത്തിയപ്പോൾ എന്തു തോന്നി എന്ന ചോദ്യത്തിന് അഗസ്റ്റിൻ സാർ വളരെ സരസമായാണ് പ്രതികരിച്ചത്. “ഉള്ളതു പറഞ്ഞാൽ അതിനുശേഷം സമാധാനം പോയി.”

സർ ചിരിച്ചുകൊണ്ട് തുടരുകയാണ്. “ഒരുപാട് സന്തോഷമുണ്ട്. എങ്കിലും ഇപ്പോൾ ഉള്ളതിനേക്കാൾ മികച്ച രീതിയിൽ ചെയ്യാനുള്ള ഒരു വലിയ ഉത്തരവാദിത്വവും കൂടിയാണ് ഇതിനുള്ളിൽ മറഞ്ഞിരിക്കുന്നത്. അതിനായി ദൈവത്തോട് ഇപ്പോഴും പ്രാർത്ഥിക്കാറുണ്ട്.”

അഗസ്റ്റിൻ സാറിന്റെ ഏറ്റവും വലിയ പിന്തുണയും ബലവും കുടുംബം ആണെന്ന് സർ പങ്കുവയ്ക്കുന്നു. ഭാര്യ ലൗലിയും മക്കളായ അനന്ദു അഗസ്റ്റിൻ, ജോൺസ് അഗസ്റ്റിൻ, അലീന അഗസ്റ്റിൻ എന്നിവരും നൽകുന്ന വലിയ സന്തോഷവും പിന്തുണയുമാണ് ഈ ‘അധികാരി’യെ മികച്ച ജനസേവകനാക്കുന്നത്.

സേവനങ്ങൾ സ്വീകരിച്ചതിനു ശേഷം അഗസ്റ്റിൻ സാറിനെ നേരിൽ വന്നു കണ്ട് നന്ദി പറയുന്നവരും ഫോൺ വിളിച്ചു നന്ദി പറയുന്നവരും സന്തോഷം പങ്കിടുന്നവരും ഒക്കെയുണ്ട്. ഇടയ്ക്കിടെ ‘സാറിനു സുഖമാണോ’ എന്ന് ചോദിച്ചു വിളിക്കുന്നവരുമുണ്ട്. ഇതൊക്കെയാണ് വലിയ അംഗീകാരങ്ങൾ. ഏതെങ്കിലും കുടുംബത്തിലെ മുടങ്ങിക്കിടക്കുന്ന വലിയ ആവശ്യങ്ങളാണ് നിറവേറാൻ പോകുന്നതെന്ന വലിയ ബോധ്യമാണ് അഗസ്റ്റിൻ സാറിനെ എപ്പോഴും കർമ്മനിരതനായി എത്രയും പെട്ടന്ന് മറ്റുള്ളവർക്കായി കാര്യങ്ങൾ ചെയ്തുകൊടുക്കാൻ പ്രേരിപ്പിക്കുന്നത്.

തീർച്ചയായും കേരളത്തിന് ഒരു മാതൃകയാണ് ഈ സർക്കാർ ഉദ്യോഗസ്ഥൻ. ‘മുന്നിൽ വരുന്നവരെ കുടുബത്തിലെ അംഗമായി കാണുക’ എന്ന ചെറിയ ഒരു സൂത്രവാക്യം അഗസ്റ്റിൻ സാർ എല്ലാ ഉദ്യോഗസ്ഥർക്കുമായി പങ്കുവയ്ക്കുന്നു. ഇതുപോലെ ഇനിയും അനേകം മാതൃകകൾ ഉണ്ടാകട്ടെ. നന്മ നിറഞ്ഞ പ്രവർത്തികൾ കൊണ്ട് ജനഹൃദയങ്ങളിൽ ഇടം നേടാൻ സാധിച്ച മികച്ച തഹസിൽദാർ അഗസ്റ്റിൻ സാറിന് ലൈഫ് ഡേയുടെ പ്രാർത്ഥനാശംസകൾ.

സുനീഷ വി.എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.