ബാൻഡ് മേളക്കാർക്കൊപ്പം ഡ്രംസ് വായിച്ച് വൈദികൻ

ഐശ്വര്യ സെബാസ്റ്റ്യൻ

“അച്ചാ, പെരുന്നാളാണ്. ഡ്രംസ് വായിക്കാമോ?”

കുറച്ചു ദിവസങ്ങളായി പ്രതീഷ് അച്ചനോട് പലരും ചോദിക്കുന്ന ഒരു ചോദ്യമാണിത്. താൻ സേവനമനുഷ്ഠിക്കുന്ന ദൈവാലയത്തിലെ പെരുന്നാൾ ദിവസത്തിൽ ഒരു കൗതുകത്തിനായി ബാൻഡ് മേളക്കാർക്കൊപ്പം ഡ്രംസ് വായിച്ച ഈ വൈദികൻ സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായിരിക്കുകയാണ്. പല ഇടവകകളിൽ നിന്നും ഇപ്പോൾ ഈ വൈദികനെ സഹവൈദികർ പെരുന്നാളിന് ഡ്രംസ് വായിക്കാനായി വിളിക്കുന്നുണ്ട്. ഈ വർഷത്തെ ബുക്കിംഗ് കഴിഞ്ഞുപോയെന്നു പറഞ്ഞാണ് തൃശൂർ അതിരൂപതയിലെ ഫാ. പ്രതീഷ് കല്ലറക്കൽ ഇപ്പോൾ തടിയൂരുന്നത്.

ഡ്രംസ് വായിക്കുന്ന വൈദികൻ

തൃശൂർ അതിരൂപതയിലെ നെല്ലിക്കുന്ന് സെന്റ് സെബാസ്ററ്യൻസ് ദൈവാലയത്തിലെ അസിസ്റ്റന്റ് വികാരിയാണ് ഫാ. പ്രതീഷ് കല്ലറക്കൽ. ഡിസംബർ 31, ജനുവരി 1, 2 തീയതികളിൽ ആ ഇടവകയിൽ പെരുന്നാൾ ദിനങ്ങളായിരുന്നു. തൃശൂർ ജില്ലയിൽ ഏത് ഉത്സവത്തിനും പെരുന്നാളിനും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ബാൻഡ് മേളം. കൈരളി ബാൻഡ് സെറ്റ് ആണെങ്കിൽ സംഭവം കളറാകും എന്നാണ് തൃശൂർക്കാർ പറയുന്നത്.

പ്രതീഷ് അച്ചനും പെരുന്നാൾ ദിവസത്തിലേക്ക് കൈരളി ബാൻഡ് സെറ്റിനെ തന്നെ ബുക്ക് ചെയ്തു. അങ്ങനെ പെരുന്നാൾ ദിനമെത്തി. രാത്രിയിൽ കൈരളി ബാൻഡ് സെറ്റ് അവരുടെ പരിപാടികൾ തുടങ്ങി. കോവിഡ് ആണല്ലോ എന്നു വിചാരിച്ച് കാണികൾ കസേരകളിൽ ഇരുന്നും അധികം തിരക്കു കൂട്ടാതെയുമാണ് ബാൻഡ് മേളം ആസ്വദിച്ചത്. വലിയ ബഹളങ്ങളൊന്നുമില്ലാതെ തന്നെ ബാൻഡ് മേളം പുരോഗമിക്കുകയായിരുന്നു. അപ്പോഴാണ് മേളക്കാരുടെ അടുത്തേക്ക് പ്രതീഷ് അച്ചന്റെ വരവ്.

പ്രതീഷ് അച്ചൻ ബാൻഡ് മേളക്കാരുടെ അടുത്തു വന്നുനിന്ന് ചില പാട്ടുകൾ വായിക്കാൻ അവരോട് ആവശ്യപ്പെടാൻ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ ബാൻഡ് സെറ്റിലെ കിരൺ എന്ന് പേരുള്ള ചെറുപ്പക്കാരൻ അച്ചനോട് പറഞ്ഞു, “അച്ചൻ വേണമെങ്കിൽ ഒരു പാട്ട് വായിച്ചോ.”

കിരൺ തമാശക്ക് പറഞ്ഞ ഒരു വാചകമായിരുന്നു അത്. പക്ഷേ, അച്ചന് ആവേശമായി. നിങ്ങൾക്ക് വിരോധമില്ലെങ്കിൽ നമുക്കൊരു കൈ നോക്കാം എന്നായി അച്ചൻ. കിരണും വിട്ടുകൊടുക്കാൻ തയ്യാറായില്ല. കൈരളി ബാൻഡ് സെറ്റിന്റെ നേതാവായ വിജയൻ ചേട്ടനോട് കാര്യം അവതരിപ്പിച്ചു. ഒന്ന് അമ്പരന്നെങ്കിലും വിജയൻ ചേട്ടൻ സമ്മതം മൂളി. പിന്നെ ഒട്ടും സമയം കളഞ്ഞില്ല, അച്ചനും ഒരു ഡ്രംസ് കയ്യിലെടുത്തു. ‘ഹൈ ഡ്രം’ എന്നാണ് അതിന്റെ പേര്.

അച്ചൻ ഡ്രംസ് കയ്യിലെടുത്തപ്പോൾ അത് പിടിക്കേണ്ട രീതി അച്ചന് വശമില്ലായിരുന്നു. ഇടതുകൈ കൊണ്ട് ഡ്രംസ് താങ്ങുകയും വലതുകൈ കൊണ്ട് ഡ്രംസ് അടിക്കുകയുമാണ് വേണ്ടതെന്ന് അവർ അച്ചന് പറഞ്ഞുകൊടുത്തു. വളരെ പെട്ടെന്നു തന്നെ അച്ചൻ അത് പഠിച്ചെടുത്തു. ഒരു പാട്ട്, രണ്ടു പാട്ട് അങ്ങനെ നീണ്ടു അച്ചന്റെ ഡ്രംസ് വായന. ഒടുവിൽ ‘ജനഗണമന’യും ഡ്രംസ്സിൽ വായിച്ചുകൊണ്ടായിരുന്നു ബാൻഡ് മേളം അവസാനിച്ചത്.

ഡ്രംസ് പഠിക്കാത്ത അച്ചൻ

സെമിനാരി പഠനകാലത്ത് അച്ചൻ കീബോർഡ് വായിക്കാൻ പഠിച്ചിട്ടുണ്ട്. വയലിനും ഗിറ്റാറും പഠിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ അത് പകുതിക്കു വച്ച് നിർത്തേണ്ടിവന്നു. ഡ്രംസ് വായിക്കാൻ പഠിച്ചിട്ടുള്ള ആളല്ല പ്രതീഷ് അച്ചൻ. എന്നാൽ ഡ്രംസ് പോലത്തെ മറ്റൊരു സംഗീതോപകരണമാണ് ‘ട്രിപ്പിൾ.’ ട്രിപ്പിൾ വായിക്കാൻ അച്ചന് അറിയാം. എന്നാൽ ചെറുപ്പം മുതലേ ഡ്രംസ് അടിക്കുന്നത് കൗതുകത്തോടെ താൻ നോക്കിനിന്നിട്ടുണ്ടെന്നും അച്ചൻ കൂട്ടിച്ചേർക്കുന്നു.

അച്ചന്റെ ഒരു ബന്ധു മുൻപ് ബാൻഡ് സെറ്റിൽ പ്രവർത്തിച്ചിരുന്ന ആളായിരുന്നു. അദ്ദേഹം ഡ്രംസ് വായിക്കുമ്പോൾ കൈയ്യുടെ ചലനങ്ങൾ അച്ചൻ ശ്രദ്ധിക്കാറുണ്ടായിരുന്നു. ‘ഡോൾ’ ഡ്രം ആണ് അദ്ദേഹം വായിച്ചിരുന്നത്. സംഗീതോപകരണങ്ങൾ പലതും വായിച്ചിട്ടുള്ളതുകൊണ്ട്, ചെറുപ്പം മുതലേ ഒരു താളബോധം തനിക്ക് ഉണ്ടായിരുന്നെന്നാണ് അച്ചൻ പറയുന്നത്. അതുകൊണ്ടു തന്നെ പെരുന്നാൾ സമയത്ത് ഡ്രംസ് വായിക്കാൻ അച്ചന് ഒരു ആത്മവിശ്വാസക്കുറവും ഉണ്ടായിരുന്നില്ല.

ഇടവകക്കാർ ആവേശത്തിലായി

അച്ചൻ ഡ്രംസ് വായിക്കാൻ തുടങ്ങിയപ്പോൾ കസേരകളിൽ ഇരുന്നിരുന്ന ഇടവകക്കാർ ഓരോരുത്തരായി എഴുന്നേൽക്കാൻ തുടങ്ങി. അച്ചൻ ഡ്രംസ് വായിക്കുന്നത് ഒന്ന് അടുത്ത് കാണാനുള്ള ആവേശമായിരുന്നു അവർക്ക്. യുവജനങ്ങൾക്കായിരുന്നു കൂടുതൽ ആവേശവും സന്തോഷവും. തങ്ങളുടെ കൊച്ചച്ചനെ ഒന്ന് ഫേമസ് ആക്കിയേക്കാമെന്നായി അവരും.

നിമിഷങ്ങൾക്കുള്ളിൽ മൊബൈലിൽ വീഡിയോയും ഓണാക്കി പത്തു-പതിനഞ്ച് യുവജനങ്ങളും ബാൻഡ് മേളക്കാരെ വട്ടംചുറ്റി. അച്ചൻ ഡ്രംസ് വായിക്കുന്ന മുഴുവൻ വീഡിയോയും പകർത്തിയ യുവജനങ്ങൾ പിന്നെ ഒട്ടും വൈകിയില്ല, വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ടും ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും സ്റ്റോറി ആക്കിയും ഒക്കെ അവർ ഈ സംഭവം പങ്കുവച്ചു.

സമൂഹത്തിന്റെ പ്രതികരണം

ഡ്രംസ് വായിക്കുന്നത് സോഷ്യൽ മീഡിയയിൽ തരംഗമായി എന്നു മനസ്സിലാക്കിയ പ്രതീഷ് അച്ചൻ ആദ്യം ഒന്ന് പകച്ചു. സംഭവം ഇത്രയും കൈവിട്ടു പോകുമെന്ന് അച്ചൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കാരണം ഒരു വൈദികന്റെ ഈ പ്രവൃത്തിയെ സമൂഹം അംഗീകരിക്കുമോ എന്നായിരുന്നു അച്ചന്റെ ചിന്ത. പക്ഷേ സംഭവിച്ചതോ, നേർവിപരീതവും.

സോഷ്യൽ മീഡിയയിൽ എല്ലാവരും അച്ചനെ വാനോളം ഉയർത്തി. ആരും അച്ചനെതിരായി ഒരു വാക്കു പോലും പറഞ്ഞില്ല. അച്ചന്റെ വരവോടെ പെരുന്നാൾ കൂടുതൽ ആഘോഷമായെന്നാണ് ഇടവകക്കാർ പറയുന്നത്. ഒരുപാട് ഫോൺ കോളുകളും മെസ്സേജുകളുമാണ് അഭിനന്ദനമറിയിക്കാനായി അച്ചനെ തേടിയെത്തിയത്. അഭിനന്ദനത്തോടൊപ്പം ഡ്രംസ് വായിക്കാൻ ധാരാളം അവസരങ്ങളും അച്ചനെ തേടിയെത്തി.

മറ്റ് ഇടവകകളിലുള്ള തന്റെ സുഹൃത്തുക്കളായ വൈദികർ അഭിനന്ദനം അറിയിക്കാനായി അച്ചനെ വിളിച്ചു. അതോടൊപ്പം അവരുടെ ഒരു ആവശ്യവും അവർ അച്ചനെ അറിയിച്ചു. ‘ഒരു ബാൻഡ് ടീമുമായി അവരുടെ പെരുന്നാളിന് വരാമോ’ എന്നാണ് അവർ ആവശ്യപ്പെട്ടത്. ആവശ്യം കേട്ടപ്പോൾ ഇത്രക്കും വേണോ എന്നായിരുന്നു അച്ചന്റെ ചിന്ത. ഈ വർഷം ഇനി ബുക്കിംഗ് ഒന്നും എടുക്കുന്നില്ല എന്നു തമാശയായി അച്ചൻ അവർക്ക് മറുപടി നൽകി.

കൈരളി ബാൻഡ് സെറ്റിനും അച്ചന്റെ ഡ്രംസ് വായന ഒരുപാട് ഇഷ്ടമായി. ആദ്യമായാണ് പുറത്തു നിന്നുള്ള ഒരു വ്യക്തി, അതും ഒരു വൈദികൻ കൈരളി ബാൻഡിന്റെ കൂടെ ഡ്രംസ് വായിക്കുന്നത്. അവർക്കത് മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു. കൈരളി ബാൻഡ്ക്കാർക്ക് ജനുവരി 17 -ന് മണ്ണംപേട്ട മേരി ഇമ്മാക്കുലേറ്റ് ദൈവാലയത്തിൽ ഒരു പരിപാടിയുണ്ട്. ആ ദൈവാലയത്തിലെ പെരുന്നാൾ ദിനമാണ് അന്ന്. പ്രതീഷ് അച്ചന്റെ സ്വന്തം ഇടവകയും മണ്ണംപേട്ട ആണെന്നു മനസ്സിലാക്കിയ കൈരളി ബാൻഡ് സെറ്റ് അംഗങ്ങൾ ജനുവരി 17 -ന് അച്ചനെയും തങ്ങളോടു കൂടി ഡ്രംസ് വായിക്കാൻ ക്ഷണിച്ചിരിക്കുകയാണ്. അവരുടെ ഈ ക്ഷണം അച്ചനെ ഒരുപാട് അത്ഭുതപ്പെടുത്തി.

സമൂഹത്തിന്റെ പ്രതികരണങ്ങളിൽ അച്ചനെ കൂടുതൽ സ്പർശിച്ച പ്രതികരണം ഏതാണെന്ന ചോദ്യത്തിന്, ഫേസ്ബുക്കിൽ അച്ചന്റെ ഒരു സുഹൃത്ത് സുധീർ എഴുതിയ ഒരു വാചകമാണെന്നാണ് അച്ചൻ പറയുന്നത്. “പഠിച്ചോണ്ടിരുന്നപ്പോൾ ക്ലാസ് റൂമിലെ ഡെസ്ക്കിൽ പോലും കൊട്ടാത്തവനാണ് ഈ പ്രകടനം കാണിക്കുന്നേ” – സുധീറിന്റെ ഈ വാചകം അച്ചന് ഒരുപാട് സന്തോഷം നൽകി. പഠിക്കുന്ന സമയത്ത് ഒരുപാട് ആക്റ്റീവ് ആയിട്ടുള്ള ആളായിരുന്നില്ലല്ലോ താനെന്നും അച്ചൻ അപ്പോൾ ഓർത്തുപോയി.

വെബ്‌സീരീസിലും സജീവം 

തൃശൂർ അതിരൂപതയുടെ മീഡിയ കാത്തലിക്ക് യൂട്യൂബ് ചാനലിന്റെ ‘കടുക്’ എന്ന വെബ് സീരീസ് വിശ്വാസി സമൂഹത്തിൽ പ്രശസ്തിയാർജ്ജിച്ചതാണ്. ഈ വെബ് സീരീസിന്റെ എഡിറ്റിംഗ് കാര്യങ്ങൾ പൂർണ്ണമായും ചെയ്യുന്നത് പ്രതീഷ് അച്ചനാണ്. അതോടൊപ്പം പകുതിയിലധികം ക്യാമറ വർക്കുകളും ചെറിയ രീതിയിലുള്ള അഭിനയവും അച്ചന്റെ കയ്യിൽ ഭദ്രമാണ്. വിശ്വാസപരിശീലനത്തിൽ മീഡിയയുടെ ശക്തിയും സ്വാധീനവും മനസ്സിലാക്കി പ്രവൃത്തിക്കുന്ന പ്രതീഷ് അച്ചന് ലൈഫ് ഡേ -യുടെ ആശംസകൾ!

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.