നൂറുകണക്കിന് കുഞ്ഞുങ്ങളുടെ അമ്മയായ ‘മമ്മ കരോൾ’

“സത്യത്തിൽ ഒരു ഭാര്യയാകുന്നതിനേക്കാൾ അമ്മയാകാനാണ് ഞാൻ ഏറ്റവുമധികം ആഗ്രഹിച്ചത്” – കരോൾ മക്ബ്രാഡിന്റെ വാക്കുകളാണിവ. കുഞ്ഞിന് ജന്മം കൊടുത്ത്  ഒരമ്മയാകുക എന്നതിനേക്കാൾ കർമ്മം കൊണ്ട് അമ്മയാകാനുള്ള പ്രത്യേക നിയോഗമായിരുന്നു കരോളിനെ ദൈവം ഭരമേല്പിച്ചത്. ഈ ജീവിതനിയോഗത്തിലേക്കായി ദൈവം ഒരുക്കിയ അനുഭവങ്ങൾ വേദന നിറഞ്ഞതായിരുന്നെങ്കിലും ഒടുവിൽ അവൾ നൂറുകണക്കിന് കുഞ്ഞുങ്ങളുടെ അമ്മയായി. ‘മമ്മ കരോൾ’ എന്നാണ് അവർ അറിയപ്പെടുന്നത്.

കരോളിന്റെ ജീവിതത്തിലൂടെ

അമേരിക്കയിലെ മിനസോട്ടയിൽ ഒരു വലിയ ഐറിഷ് കത്തോലിക്കാ കുടുംബത്തിലെ എട്ടു മക്കളിൽ ആറാമത്തെ മകളായാണ് കരോൾ മക്ബ്രാഡിന്റെ ജനനം. ബാല്യവും കൗമാരവും പിന്നിട്ട കരോളിന് നല്ലൊരു അമ്മയാകാൻ വലിയ ആഗ്രഹമുണ്ടായിരുന്നു. താൻ വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചതു തന്നെ അമ്മയാകാനായിരുന്നു എന്ന് അവൾ പലപ്പോഴും പറയാറുണ്ടായിരുന്നു.

സ്വപ്നങ്ങളെ തച്ചുടച്ച ദൈവം

ഒരു അമ്മയാകാൻ അതിയായി ആഗ്രഹിച്ച കരോളിൻ മൂന്നു തവണ ഗർഭിണി ആയെങ്കിലും രണ്ടു തവണ ഗര്‍ഭച്ഛിദ്രം സംഭവിച്ചു. മൂന്നാം തവണ കുഞ്ഞിന് ജന്മം നൽകാനായെങ്കിലും ആ കുഞ്ഞ് ജീവനോടെ ആയിരുന്നില്ല ജനിച്ചത്. ഇനിയൊരിക്കലും തനിക്ക് ഒരു കുഞ്ഞിന് ജന്മം നൽകാൻ കഴിയില്ല എന്ന വാർത്ത കരോളിനെ ഏറെ തളർത്തിക്കളഞ്ഞു.

“ഇത്രയും ശക്തമായി മാതൃത്വത്തിനുള്ള അഭിനിവേശം ദൈവം എന്നിൽ നിക്ഷേപിച്ചിട്ടും കുഞ്ഞുങ്ങളെ ദൈവം എനിക്ക് തന്നില്ല. ദൈവത്തിന്റെ വഴികൾ എല്ലായ്പ്പോഴും നമ്മുടേതിനേക്കാൾ വിശാലവും മെച്ചപ്പെട്ടതുമാണെന്ന് ഞാൻ തിരിറിഞ്ഞു. നൂറുകണക്കിന് കുഞ്ഞുങ്ങളുടെ അമ്മയാകാനുള്ള വലിയ അനുഗ്രഹം ദൈവം എനിക്കായി കരുതിവച്ചിരുന്നു എന്നത് എനിക്ക് സങ്കല്പിക്കാവുന്നതിലും അപ്പുറത്തായിരുന്നു” – കരോൾ അനുസ്മരിക്കുന്നു.

2002-ലാണ് കരോൾ ആദ്യമായി ആഫ്രിക്കയിലേക്ക് യാത്ര ചെയ്യുന്നത്. അവിടെ  തെരുവുകളിലും മലിനജലമൊഴുകുന്ന ഓടകൾക്കരികിലും മാലിന്യക്കൂമ്പാരങ്ങളിലും താമസിക്കുന്ന ഭവനരഹിതരായ ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ ശോചനീയമായ അവസ്ഥ അവളുടെ മനസിനെ വല്ലാതെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. ആ കുഞ്ഞുങ്ങൾക്കായി തന്റെ ജീവിതം സമർപ്പിക്കാൻ കരോൾ പ്രചോദിതയായി.

2005-ൽ കരോൾ തന്റെ ജോലി ഉപേക്ഷിച്ച്, വീടും നാടും വിട്ട് ആഫ്രിക്കയിലെ സാംബിയയിലേക്ക് യാത്രയായി. അവിടെ തെരുവുകളിൽ കഴിയുന്ന അവഗണിക്കപ്പെട്ടവരും ദുരുപയോഗം ചെയ്യപ്പെട്ടവരും പട്ടിണിപ്പാവങ്ങളുമായ കുഞ്ഞുങ്ങൾക്കായി അവൾ സേവനം ആരംഭിച്ചു. അതായിരുന്നു ‘ആക്ഷൻ ഫോർ ചിൽഡ്രൻ സാംബിയ’യുടെ ആരംഭം.

ആക്ഷൻ ഫോർ ചിൽഡ്രൻ സാംബിയ (AFCZ)

തെരുവിൽ നിന്ന് കുഞ്ഞുങ്ങളെ കുടുംബത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ 2005-ൽ ആക്ഷൻ ഫോർ ചിൽഡ്രൻ സാംബിയ (AFCZ) എന്ന സംഘടന സ്ഥാപിതമായി. അങ്ങനെ അനേകം കുട്ടികളെ തെരുവിൽ നിന്ന് രക്ഷപെടുത്തി.

2011 മുതൽ തെരുവിൽ അലയുന്ന കുട്ടികൾക്കായി സുരക്ഷിതമായ വീടുകൾ, വൈദ്യചികിത്സ, വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ, വർക്ക് പ്ലേസ്‌മെന്റ് പ്രോഗ്രാമുകൾ, കൗൺസിലിംഗ് പുനരധിവാസ പരിപാടികൾ, ഔട്ട്‌റീച്ച്, ക്രൈസിസ് കെയർ എന്നിവ ഒരുക്കി അവരെ ശക്തമായി പിന്തുണക്കുന്നു. ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ നന്മക്കായി ജീവിതം സമർപ്പിച്ച കരോൾ ഇന്ന് അനേകരുടെ ‘മമ്മ കരോൾ’ ആണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.