
കത്തോലിക്കാ സഭയുടെ നിയമമനുസരിച്ച് 18 മുതൽ 59 വയസ്സുവരെയുള്ളവർക്കാണ് ഉപവാസം നിർബന്ധമെങ്കിലും, കുട്ടിക്കാലം മുതൽക്കേ തപസ്സിന്റെയും പ്രായശ്ചിത്തത്തിന്റെയും യഥാർഥ അർഥം മക്കളെ പഠിപ്പിക്കണമെന്ന് സഭ മാതാപിതാക്കളെ ഓർമ്മിപ്പിക്കുന്നു. നോമ്പുകാലത്തെ മാംസ വർജ്ജനവും ത്യാഗവും കേവലം പാലിക്കേണ്ട ചില നിയമങ്ങളല്ല. മറിച്ച്, യേശുവിനോടുള്ള സ്നേഹത്തെപ്രതി ചെയ്യുന്ന ഒന്നാണെന്ന് കുട്ടികൾ തിരിച്ചറിയുമ്പോഴാണ് അത് അവർക്ക് ഒരു ഭാരമല്ലാതെ മാറുന്നത്. കുട്ടികൾക്ക് നോമ്പുകാലം പരിചയപ്പെടുത്താൻ മാതാപിതാക്കൾക്ക് സ്വീകരിക്കാവുന്ന മൂന്ന് ലളിതമായ വഴികൾ നോക്കാം.
1. ഭക്ഷണക്രമത്തിലെ ചെറിയ ത്യാഗങ്ങൾ
വെള്ളിയാഴ്ചകളിൽ മാംസാഹാരം ഒഴിവാക്കുന്ന ശീലം കുട്ടികൾക്കും നൽകാവുന്നതാണ്. മുതിർന്നവർക്കൊപ്പം ഒരേ ഭക്ഷണം കഴിക്കുന്നത് കുടുംബത്തിലെ ഐക്യം വർധിപ്പിക്കാൻ സഹായിക്കും. ഇത് സാധ്യമല്ലെങ്കിൽ, അവർക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഏതെങ്കിലും ലഘുഭക്ഷണമോ, മധുരപലഹാരങ്ങളോ വെള്ളിയാഴ്ചകളിൽ ഒഴിവാക്കാൻ അവരെ പ്രോത്സാഹിപ്പിക്കാം. ഇത് ചെയ്യുമ്പോൾ, “നമ്മെ ഒരുപാട് സ്നേഹിക്കുന്ന യേശുവിനോടുള്ള സ്നേഹം പ്രകടിപ്പിക്കാനാണ് നമ്മൾ ഇത് ചെയ്യുന്നത്” എന്ന് അവർക്ക് വിശദീകരിച്ചു കൊടുക്കുക.
2. സ്വന്തം ഇഷ്ടങ്ങൾ മാറ്റിവെക്കൽ
നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം തിരഞ്ഞെടുക്കുന്നതിന് പകരം യേശുവിനെ പ്രതി മറ്റൊന്ന് തിരഞ്ഞെടുക്കാൻ കുട്ടികളെ പഠിപ്പിക്കാം. ഉദാഹരണത്തിന്, പ്രഭാതഭക്ഷണത്തിന് ഇഷ്ടപ്പെട്ട പലഹാരം ഒഴിവാക്കി മറ്റൊന്ന് തിരഞ്ഞെടുക്കുകയോ, വീട്ടിൽ ടിവി കാണുമ്പോൾ ഇഷ്ടപ്പെട്ട ചാനൽ കാണുന്നതിന് പകരം അത് സഹോദരങ്ങൾക്കായി വിട്ടുകൊടുക്കുകയോ ചെയ്യാം. ഉറക്കസമയത്തെ കഥകൾ തിരഞ്ഞെടുക്കാനുള്ള അവസരം മറ്റൊരാൾക്ക് നൽകുന്നതും ഒരു ചെറിയ ത്യാഗമായി അവരെ പഠിപ്പിക്കാം. ഇത്തരം ചെറിയ കാര്യങ്ങൾ അവരെ സ്വാർഥതയിൽ നിന്ന് മോചിപ്പിക്കാൻ സഹായിക്കും.
3. സ്‌ക്രീൻ സമയവും വിനോദങ്ങളും കുറയ്ക്കൽ
മൊബൈൽ ഫോൺ, ടാബ്‌ലെറ്റ്, ഗെയിമുകൾ എന്നിവയിൽ നിന്നുള്ള ഒരു ‘ഡിജിറ്റൽ ഉപവാസം’ വെള്ളിയാഴ്ചകളിൽ പരീക്ഷിക്കാവുന്നതാണ്. കുടുംബാംഗങ്ങൾ എല്ലാവരും ഒന്നിച്ച് സ്‌ക്രീനുകൾ ഒഴിവാക്കി ആ സമയം പ്രാർഥനയ്‌ക്കോ, ഒന്നിച്ച് നടക്കാൻ പോകുന്നതിനോ, കളിക്കുന്നതിനോ വേണ്ടി മാറ്റിവെക്കാം. ഐക്യദാർഢ്യത്തോടെ എല്ലാവരും ഒന്നിച്ച് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് കുട്ടികൾക്ക് ആവേശം നൽകും. ഇത് വഴി സമയം വിലപ്പെട്ടതാണെന്നും അത് ദൈവത്തിനും കുടുംബത്തിനും വേണ്ടി മാറ്റിവെക്കാമെന്നും അവർ പഠിക്കുന്നു.
കൗമാരപ്രായത്തിലേക്ക് എത്തുമ്പോഴേക്കും ഉപവാസം എന്നത് അവർക്ക് പരിചിതമായ ഒരു ജീവിതശൈലിയായി മാറാൻ ഇത്തരം കുഞ്ഞു പാഠങ്ങൾ സഹായിക്കും. ഇത് കേവലം ഒരു ചടങ്ങല്ല, മറിച്ച് ദൈവത്തോടുള്ള സ്നേഹത്തിന്റെ അടയാളമാണെന്ന് അവർ മനസ്സിലാക്കുന്നു.




