പുതിയ പാപ്പ: ആഹ്ളാദത്തോടൊപ്പം പ്രാർഥനയും ഉയരട്ടെ!

കത്തോലിക്കാ സഭയുടെ 267-ാമത് പാപ്പായായി ലെയോ പതിനാലാമൻ തിരഞ്ഞെടുത്തിരിക്കുമ്പോൾ ആഗോള കത്തോലിക്കാ സഭ ഒന്നടങ്കം ആഹ്ളാദത്തിലാണ്. സിസ്റ്റൈൻ ചാപ്പലിന്റെ ചിമ്മിനിയിൽനിന്നും വെളുത്ത പുക ഉയരുന്നതു കണ്ടപ്പോൾ നാം സന്തോഷിച്ചു. സന്തോഷത്തോടൊപ്പം പ്രാർഥനയും ഏറെ ആവശ്യമായ സമയമാണിത്. കാരണം, പുതിയതായി തിരഞ്ഞെടുത്തിരിക്കുന്ന പാപ്പ ഒരു രാജാവോ ജേതാവോ അല്ല, മറിച്ച് ക്രിസ്തുവിന്റെ പ്രതിപുരുഷനാണ്. കത്തോലിക്ക സഭയെ നയിക്കാനുള്ള ആളാണ്. ലെയോ പതിനാലാമൻ പാപ്പയ്ക്കായി നമുക്ക് പ്രാര്‍ത്ഥിക്കാം.

മാർപാപ്പയായി തിരഞ്ഞെടുക്കപ്പെടുമ്പോൾ പാപ്പ സാധാരണയായി ആദ്യമായി കടന്നുചെല്ലുന്നത് സിസ്റ്റൈൻ ചാപ്പലിന്റെ തൊട്ടടുത്തുള്ള ‘കണ്ണീരിന്റെ മുറി’ (The Room of Tears) യിലാണ്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട പോപ്പ് ഒരു കർദിനാളിന്റെ ചുവന്ന വസ്ത്രങ്ങളിൽനിന്ന് ഒരു പോപ്പിന്റെ വെളുത്ത വസ്ത്രങ്ങളിലേക്കു മാറുന്ന ചെറിയ മുറി യഥാർഥത്തിൽ ‘കണ്ണീരിന്റെ മുറി’ തന്നെയാണ്. ഒരുപക്ഷേ, ദൈവം ഭരമേൽപിച്ച പുതിയ ദൗത്യത്തിന്റെ ഭാരമോര്‍ത്ത് അദ്ദേഹം കരഞ്ഞിട്ടുണ്ടാകാം, വിഷമതകളിലൂടെ, ആത്മസംഘർഷങ്ങളിലൂടെ കടന്നുപോയിട്ടുണ്ടാകാം. ‘എന്തുകൊണ്ട് ഞാൻ?’ എന്ന് ഭയത്തോടെ ചോദിച്ചിട്ടുണ്ടാകാം. പക്ഷേ ദൈവത്തിന് ശക്തിമാന്മാരെയല്ല ആവശ്യം, അവിടുന്ന് കരുണ കാണിക്കും!

കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ മാർപാപ്പ പുതിയതായി തിരഞ്ഞെടുക്കപ്പെടുമ്പോൾ അദ്ദേഹം കൈകാര്യം ചെയ്യേണ്ട നിർണ്ണായക മേഖലകൾ ഏതൊക്കെയാണെന്നു സംഗ്രഹിക്കാം:

1. രാഷ്ട്രീയനിലപാടുകൾ

2. ജീവനെയും വിവാഹത്തെയും കുറിച്ചുള്ള പഠനങ്ങൾ

3. വൈദികര്‍ക്കെതിരെയുള്ള ആരോപണങ്ങളില്‍ സ്വീകരിക്കുന്ന നിലപാട്

4. വത്തിക്കാന്റെ സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ

5. മറ്റു മതങ്ങളില്‍ നിന്നുണ്ടാകുന്ന തീവ്രവാദ ഭീഷണിയെ നേരിടുക

6. പാരമ്പര്യവാദവും പുരോഗമന ചിന്താഗതിയും

7. എല്‍ ജി ബി റ്റി ക്യു വിഭാഗങ്ങളോടുള്ള നിലപാട്

8. ദൈവവിളികള്‍ കുറയുന്നത്

9. യുദ്ധങ്ങള്‍

അങ്ങനെ നിരവധി വിഷയങ്ങളുണ്ട്.

അതിനാൽ, പുതിയതായി തിരഞ്ഞെടുക്കപ്പെട്ട വലിയ ഇടയനുവേണ്ടി നമുക്കു പ്രാർഥിക്കാം. പുതിയ പാപ്പ മഹത്വത്തിലേക്കു കാലെടുത്തുവയ്ക്കുകയല്ല, അദ്ദേഹം ത്യാഗത്തിലേക്കു നടക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.