മാഗ്നിഫിക്കാത്ത് നൽകുന്ന പാഠങ്ങൾ

പരിശുദ്ധ കന്യകാമറിയത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ‘നന്മ നിറഞ്ഞ മറിയമേ’ എന്ന ജപം മാതൃഭക്തരുടെ വിശിഷ്ട പ്രാർത്ഥനയാണ്. മറിയം, ദൈവത്തെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തുന്ന പ്രാർത്ഥനയാണ് മറിയത്തിന്റെ  സ്തോത്രഗീതം അഥവാ മാഗ്നിഫിക്കാത്ത്. ബൈബിളിന്റെ ലത്തീൻ വിവർത്തനമായ വുൾഗാത്തയിലെ ഈ ഭാഗത്തിന്റെ ആദ്യവരികളിൽ നിന്നാണ് ഈ പേര് ലഭിച്ചത് (Magnificat anima mea Dominum). ‘എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു’ എന്ന് അർത്ഥം. മറിയം, പുതിയ നിയമത്തിൽ സംസാരിക്കുന്ന നാലു സന്ദർഭങ്ങളിൽ ഒന്നാണിത്; അതിൽ തന്നെ മറിയം ജപിക്കുന്ന ഏക പ്രാർത്ഥനയും.

മറിയം തന്റെ ബന്ധുവായ എലിസബത്തിനെ യൂദയായിലെ മലമ്പ്രദേശത്തുള്ള ഒരു പട്ടണത്തിലെ വീട്ടിൽ സന്ദർശിക്കുന്നു. മറിയത്തിന്റെ അഭിവാദനം എലിസബത്തിനും ഉദരത്തിൽ വളരുന്ന കുഞ്ഞിനും സന്തോഷമുളവാക്കി. ആ സന്തോഷത്തിൽ എലിസബത്ത് മറിയത്തെ അനുഗ്രഹീതയായി വാഴ്ത്തുന്നു. അതിനു പ്രത്യുത്തരമായി മറിയം ചൊല്ലിയ പ്രാർത്ഥനയാണ് മറിയത്തിന്റെ സ്ത്രോത്രഗീതം അഥവാ മാഗ്നിഫിക്കാത്ത്.

പരിശുദ്ധ കന്യകാമറിയത്തിന്റെ നിർമ്മലഹൃദയത്തിൽ പിറവിയെടുത്ത ഈ മനോഹരമായ സ്തോത്രഗീതം നമ്മുടെ വ്യക്തിപരമായ പ്രാർത്ഥനാജീവിതത്തിൽ ഒരു വഴികാട്ടിയും മാതൃകയുമാണ്. ഈ പ്രാർത്ഥന നൽകുന്ന തിരിച്ചറിവുകൾ എന്തെന്ന് നമുക്ക് പരിശോധിക്കാം.

ദൈവകേന്ദ്രീകൃത പ്രാർത്ഥന

നമ്മുടെ മനസും ഹൃദയവും ദൈവത്തിലേക്ക് ഉയർത്തുന്നതാണല്ലോ പ്രാർത്ഥന. ദൈവത്തിൽ സ്വയം കേന്ദ്രീകരിക്കുന്നതും പ്രാർത്ഥന തന്നെ. മറിയത്തിന്റെ സ്തോത്രഗീതം ഇതിന് നല്ല ഉദാഹരണമാണ്. കാരണം മറിയം ഇവിടെ ദൈവത്തെ അഭിസംബോധന ചെയ്യുകയും ഹൃദയം അവനിൽ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. മറിയത്തിന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു; അവളുടെ ചിത്തം ‘രക്ഷകനായ ദൈവത്തിൽ’ ആനന്ദിക്കുന്നു. മറിയം തന്റെ രക്ഷകനായ ദൈവത്തെ മഹത്വപ്പെടുത്തുന്നു.

മഹത്വം പ്രഘോഷിക്കപ്പെടുമ്പോൾ ഒരാളെ പ്രശംസിക്കുക വളരെ നല്ല കാര്യമാണ്. സ്തോത്രഗീതത്തിൽ മറിയം മുഴുഹൃദയത്തോടെ ദൈവത്തെ സ്തുതിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. ദൈവത്തെ മഹത്വപ്പെടുത്തുമ്പോൾ, മറിയം തന്റെ സന്തോഷത്തിന്റെ കാരണം നിരത്തുന്നു. മിശിഹായുടെ അമ്മയാകുന്നതിലൂടെ, എല്ലാ തലമുറകളും അവളെ ഭാഗ്യവതി എന്നു വിളിക്കാൻ ദൈവം അവളെ ഉയർത്തി. “അവിടുന്ന്‌ തന്റെ ദാസിയുടെ താഴ്‌മയെ കടാക്ഷിച്ചു. ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും. ശക്തനായവന്‍ എനിക്ക്  വലിയ കാര്യങ്ങള്‍ ചെയ്‌തിരിക്കുന്നു; അവിടുത്തെ നാമം പരിശുദ്ധമാണ്‌” (ലൂക്കാ 1:48-49).

മറിയം ദൈവത്തെ ‘ശക്തനായവൻ’ എന്നു വിളിക്കുന്നു. ശക്തനായ ദൈവത്തിന്റെ കരുണയെപ്പറ്റി മറിയം എന്നു പേരുള്ള പാവപ്പെട്ട പെൺകുട്ടി വാചാലയാകുന്നു. ദൈവസ്തുതിയിലാണ് മറിയത്തിന്റെ ജീവിതത്തിന്റെ അടിസ്ഥാനം. പ്രാർത്ഥനയുടെ ഏറ്റവും ഉയർന്ന രൂപം ദൈവസ്തുതിയാണ്.

‘പ്രാർത്ഥനയുടെ ഏറ്റവും ഉയർന്ന രൂപം ദൈവസ്തുതിയാണ്.’ സ്വർഗ്ഗത്തിലെ ഉന്നതശ്രേണിയിലെ മാലാഖമാർ സ്വർഗ്ഗത്തിലെ ത്രീത്വത്തെ പ്രകീർത്തിക്കുന്നത് ഇപ്രകാരമാണ്. ദൈവത്തെ ഹൃദയം നിറഞ്ഞു സ്തുതിക്കാൻ മറിയം നമ്മെ പ്രചോദിപ്പിക്കുന്നു. മറിയം ദൈവത്തിൽ സന്തോഷിക്കുന്നു. ശരിയായതും ആധികാരികവുമായ സന്തോഷം ദൈവത്തിൽ മാത്രമേ കാണാൻ കഴിയൂ. എല്ലാ മനുഷ്യരും സന്തോഷം ആഗ്രഹിക്കുന്നെങ്കിലും ചിലർ തീർത്തും ദു:ഖിതരാണ്. കാരണം വ്യാജദൈവങ്ങളിലും മിഥ്യാധാരണകളിലുമാണ് അവരുടെ ആശ്രയവും പ്രത്യാശയും.

ദൈവത്തിന്റെ എളിയ ശുശ്രൂഷക

ദൈവം മനുഷ്യവംശത്തോട് എങ്ങനെ പെരുമാറുന്നു എന്നതിന്റെ ഉദാഹരണമായി മറിയം അവളുടെ വിളിയിലൂടെ വെളിപ്പെടുത്തുന്നു. അവിടുന്ന് “ശക്തന്മാരെ സിംഹാസനത്തില്‍ നിന്നു മറിച്ചിട്ടു; എളിയവരെ ഉയര്‍ത്തി” (ലൂക്കാ 1:52). മറിയം ദൈവത്തിന്റെ ദാസിയായി സ്വയം വിശേഷിപ്പിക്കുന്നു.

ദൈവം തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം, അഹങ്കാരം പ്രാർത്ഥനയെ നശിപ്പിക്കുന്നു എന്നു പഠിപ്പിക്കുന്നു. ദൈവത്തിന്റെ ദൃഷ്ടിയിൽ മഹത്തരമായിരുന്നു മറിയത്തിന്റെ എളിമ. താൻ ചെയ്യുന്ന എല്ലാ നന്മകളും ദൈവത്തിൽ നിന്നാണെന്നും സംഭവിക്കുന്ന തിന്മകൾ സ്വാർത്ഥതയുടെ ഫലമാണന്നും എളിമയുള്ള വ്യക്തി വേഗം തിരിച്ചറിയുന്നു. എളിമയുള്ള ഹൃദയം രൂപപ്പെടാൻ മറിയത്തിന്റെ സന്നിധേ നമുക്കണയാം.
വിശക്കുന്നവരെ വിശിഷ്‌ട വിഭവങ്ങള്‍ കൊണ്ട്‌ സംതൃപ്‌തരാക്കുകയും സമ്പന്നരെ വെറുംകൈയ്യോടെ പറഞ്ഞയക്കുകയും (ലൂക്കാ 1:53) ചെയ്യുന്ന ദൈവം എളിയവരായവരിൽ അത്ഭുതം പ്രവർത്തിക്കുന്നു. ദൈവം മറിയത്തോടു കാണിച്ച കാരുണ്യത്തെ, ദൈവം തന്റെ ഉടമ്പടിയുടെ ജനമായ ഇസ്രായേലിനോട് എങ്ങനെ പെരുമാറുന്നു എന്നതിന്റെ ഉദാത്തദൃഷ്ടാന്തമായി മറിയം പറയുന്നു.

“തന്റെ കാരുണ്യം അനുസ്‌മരിച്ചുകൊണ്ട്‌ അവിടുന്ന്‌ തന്റെ ദാസനായ ഇസ്രായേലിനെ സഹായിച്ചു” (ലൂക്കാ 1:54). ഇസ്രായേൽ ജനതയുമായി ചെയ്ത ഉടമ്പടിയെക്കുറിച്ച് പരാമർശിച്ചുകൊണ്ടാണ് സ്തോതോത്രഗീതം പൂർത്തിയാകുന്നത്. “നമ്മുടെ പിതാക്കന്മാരായ അബ്രാഹത്തോടും അവന്റെ സന്തതികളോടും എന്നേക്കുമായി ചെയ്‌ത വാഗ്‌ദാനം അനുസരിച്ചു തന്നെ” (ലൂക്കാ 1:55). ദൈവത്തിന്റെ കണ്ണുകൾ പാർശ്വവത്കരിക്കപ്പെട്ടവരുടെയും എളിയവരുടെയും നേരെ സദാ തുറന്നിരിക്കുമ്പോൾ അധികാരം മാത്രം നോക്കിയിരിക്കുന്നവർ സ്വയം തകർന്നടിയുമെന്നും മറിയം മുന്നറിയിപ്പ് നൽകുന്നു.

സ്തോത്രഗീതവും ശിഷ്യത്വവും

മറിയത്തിന്റെ സ്തോത്രഗീതം കേവലം ഒരു ഭക്തകാവ്യം മാത്രമല്ല,  അക്കാലഘട്ടത്തിലെ അധികാരശ്രേണിയിൽ നിലനിന്ന ഘടനകൾക്കും അതിന്റെ അടിച്ചമർത്തലുകൾക്കും എതിരെയുള്ള ശക്തമായ വെല്ലുവിളി കൂടിയായിരുന്നു. അതോടൊപ്പം ദൈവത്തെ ‘രക്ഷകനായി’ അനുഭവിച്ചറിഞ്ഞ മറിയം, ദരിദർക്കും പീഡിതർക്കുമുള്ള സദ്വാർത്തയായി ഇവിടെ ദൈവത്തെ അവതരിപ്പിക്കുന്നു. മറിയം അനുഭവിച്ചറിഞ്ഞ രക്ഷയെ എല്ലാ തലമുറകളും അനുഭവിച്ചറിയാനുള്ള ഒരു ക്ഷണമാണിവിടെ.

മറിയത്തിന്റെ സ്തോത്രഗീതം 

നമ്മുടെ സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും കൂടെ യാത്ര ചെയ്യാൻ നമ്മെ ക്ഷണിക്കുന്ന ഒരു പ്രാർത്ഥനാഗീതമാണ്. മറിയത്തിന്റെ ഈ സ്തോത്രഗീതം പുതിയ നിയമത്തിലെ മഹത്തരമായ ഒരു വിമോചനഗീതമാണ്. കഷ്ടത അനുഭവിക്കുന്നവർക്കും പുറത്താക്കപ്പെട്ടവർക്കും ദൈവത്തിന്റെ നിരന്തരസാന്നിധ്യം ഈ സ്തുതിഗീതം വാഗ്ദാനം ചെയ്യുന്നു.

മറിയത്തിന്റെ സ്തോത്രഗീതം ഈ കാലഘട്ടത്തിൽ പങ്കുവയ്ക്കാനുള്ള ക്ഷണം ഓരോ മാതൃഭക്തനും/ ഭക്തക്കും ഉണ്ട്. ഇതൊരു പ്രവാചക ശിഷ്യത്വത്തിന്റെയും സാക്ഷ്യത്തിന്റെയും യാത്രയാണ്. അത്തരക്കാർ ഭാഗ്യവാന്മാരാണ്. “ദൈവവചനം കേട്ട്‌ അത് പാലിക്കുന്നവര്‍ കൂടുതല്‍ ഭാഗ്യവാന്മാര്‍” (ലൂക്കാ 11:28). ജീവിതത്തിൽ മറിയം ദൈവവചനം കേൾക്കുകയും അത് അനുസരിച്ചു ജീവിക്കുകയും ചെയ്തപ്പോൾ അവൾ അനുഗ്രഹീതയായി. അത് നമ്മുടെ ജീവിതത്തിൽ പകർത്തിയെഴുതാൻ മരിയശിഷ്യത്വം നമ്മെ വെല്ലുവിളിക്കുന്നു.

മറിയത്തിന്റെ സ്തോത്രഗീതം ദൈവത്തെ സ്തുതിക്കാനുള്ള ഒരു ക്ഷണമാണ്. ഈ സ്തോത്രഗീതം പ്രാർത്ഥിക്കുമ്പോൾ മറിയത്തോടൊപ്പം ദൈവത്തെ നാം സ്തുതിക്കുകയും അവന്റെ മഹത്വത്തെ അംഗീകരിക്കുകയും ചെയ്യുന്നു. മറിയത്തെപ്പോലെ ദൈവത്തിന്റെ വാഗ്ദാനങ്ങളിൽ സന്തോഷിക്കാനും അതിൽ വിശ്വസിക്കാനും അതുവഴി എളിയവരായ നമ്മിലൂടെ ദൈവത്തിന്റെ അത്ഭുതങ്ങൾക്ക് അവസരമൊരുക്കാനും ഈ ദിവ്യഗീതം നമ്മെ ഉദ്ബോധിപ്പിക്കുന്നു. മിലാനിലെ വി. അംബ്രോസ് പറയുന്നതുപോലെ, ഈ മനോഹരമായ പ്രാർത്ഥനയിൽ “മറിയത്തിന്റെ ആത്മാവ് നമ്മളിൽ ദൈവത്തെ മഹത്വപ്പെടുത്തട്ടെ; നമ്മുടെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കാൻ അവളുടെ ആത്മാവ് നമ്മിൽ ഉണ്ടാകട്ടെ.”

ഫാ ജയ്സൺ കുന്നേൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.