50 നോമ്പ് ധ്യാനം19: കുരിശ് വഹിച്ച ശിമയോന്‍

യാഷിന്റെ ജീവിതം പ്രചോദനാത്മകമാണ്. ഒരു യാഥാസ്ഥിതിക മുസ്ലീം കുടുംബത്തിന്റെ ഭാഗമാണ് അയാള്‍. ചെറുപ്പകാലത്ത് കഠിനമായി അധ്വാനിച്ച് ഒരു സ്വകാര്യ കമ്പനിയില്‍ ജോലി നേടി. തന്റെ ഗ്രാമത്തില്‍, വിശപ്പനുഭവിക്കുന്ന ആര്‍ക്കും യാഷിന്റെ സുഹൃത്തിന്റെ ഹോട്ടലില്‍നിന്ന് ഭക്ഷണം വാങ്ങിക്കഴിക്കാം. ഇതിന്റെ ചിലവ് യാഷിന്‍, സുഹൃത്തിന് ദിനവും നല്‍കിപ്പോന്നു. ഈ വലിയ പ്രവൃത്തിക്ക് യാഷിന് പ്രചോദനമായത് ഈശോയുടെ അന്ത്യവിധിയെപ്പറ്റിയുള്ള പ്രഭാഷണമാണത്രെ. ഒരു പാത്രം പച്ചവെള്ളത്തിനുപോലും പറുദീസാ നേടിത്തരാന്‍ കഴിവുണ്ടെന്ന കാര്യം ഈ മുസല്‍മാന് വിശ്വാസമാണ്.

ചുറ്റുവട്ടങ്ങളില്‍, അപരനില്‍ ദൈവമുഖം ദര്‍ശിച്ച പലരും പരസ്പരം കൈത്താങ്ങാവുമ്പോള്‍ കിറേനാക്കാരന്‍ ശിമയോന് ദൈവപുത്രന്റെ മുമ്പില്‍ കാരുണ്യത്തിന്റെ വക്താവാകാന്‍ സാധിച്ചു. ആഫ്രിക്കയിലെ ലിബിയയ്ക്കടുത്ത് കിറേനാ എന്ന സ്ഥലമാണ് ശിമയോന്റെ ജന്മസ്ഥലം എന്ന് പറയപ്പെടുന്നു. രണ്ടു മക്കളെയും പാരമ്പര്യം നമുക്ക് പരിചയപ്പെടുത്തിത്തരുന്നു – റൂഫസും, അലക്‌സാണ്ടറും. പിതാവായ ശിമയോന്റെ നല്ല മാതൃക അനുകരിച്ചു രണ്ടു മക്കളും പിന്നീട് ക്രിസ്തുസാക്ഷികളായെന്നും പറയപ്പെടുന്നു. അപ്പസ്‌തോലന്മാരുടെ നടപടി പുസ്തകം 11:20-ല്‍ കിറേനാക്കാരായി പ്രതിപാദിക്കുന്നവരില്‍ ശിമയോനും കുടുംബവും ഉണ്ടെന്ന് ബൈബിള്‍ പണ്ഡിതന്മാര്‍ വ്യക്തമാക്കുന്നു.

ചിലരെ രക്ഷാകരപദ്ധതിയുടെ ഭാഗമാകാന്‍ ദൈവം അനാദിയിലെ മാറ്റിനിര്‍ത്തും. അങ്ങനെ ദൈവം പ്രത്യേകമായി മാറ്റിനിര്‍ത്തിയ വ്യക്തിയാണ് ശിമയോന്‍. സ്വര്‍ഗരാജ്യത്തില്‍ പേര് കുറിക്കപ്പെടുവാനായി വലിയ കാര്യങ്ങള്‍ ചെയ്യേണ്ടതില്ല. മറിച്ച്, കാരുണ്യത്തിന്റെ ഒരു കരസ്പര്‍ശം മതിയെന്ന് ശിമയോന്‍ കാട്ടിത്തരുന്നു. ശിമയോന്‍ കര്‍ത്താവിനെ സഹായിച്ചത് യേശു ആരാണെന്നറിഞ്ഞിട്ടോ, മഹത്വം മനസ്സിലാക്കിയോ അല്ല. അറിയാതെയെങ്കിലും കുരിശ് ചുമക്കുന്ന ഈശോയുടെ വേദന ചെറുതായെങ്കിലും കുറയ്ക്കാൻ മനസ്സുകാട്ടിയ ശിമയോന്‍ ഭാഗ്യവാനാണ്. അര്‍ഹതപ്പെട്ടവര്‍ക്കും സഹായം ആവശ്യമുള്ളവര്‍ക്കും തണലാകുന്നത് ദൈവസന്നിധിയില്‍ വലിയ കാര്യമാണെന്ന് ശിമയോന്‍ പഠിപ്പിക്കുന്നു. പേരിനും പ്രശസ്തിക്കുംവേണ്ടി അപരര്‍ക്ക് പാരയാകുന്ന പഴയ ജൈത്രയാത്രയ്ക്ക് വിരാമം കുറിച്ച ദൈവകാരുണ്യത്തിന്റെ പുതിയ വഴിയിലേക്ക് പാദങ്ങള്‍ തിരിക്കാം.

കാരുണ്യവര്‍ഷത്തിലെ കാരുണ്യകവാടങ്ങള്‍ അടയ്ക്കപ്പെട്ടു. പക്ഷേ, ഹൃദയത്തിന്റെ കവാടങ്ങള്‍ തുറക്കാന്‍ സമയമായി. ഭാരതത്തിലെ തന്റെ സോദരര്‍ എല്ലാവരും വസ്ത്രമിടുന്ന ഒരു കാലത്തേ താനും വസ്ത്രം ധരിക്കൂ എന്നു ശഠിച്ച മഹാത്മാവിന്റെ നാട്ടില്‍ പിറന്നവരാണ് നമ്മള്‍. കരുണയുള്ള പിതാവിന്റെ സ്വഭാവം പഠിപ്പിച്ച ജീവിതം മുഴുവന്‍ കരുണയാക്കിയ ഈശോമിശിഹായുടെ പാത പിന്തുടരുന്നവരാണ് നാം. മാനവികതയ്ക്ക് നവീന ദിശാബോധം തന്ന വലിയ ഇടയന്‍ ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍ ജീവിതത്തിന് ഉണര്‍വാകട്ടെ. “ക്രിസ്ത്യാനിക്ക് ഒരു ഭാഷയേ ഉണ്ടാകാവൂ – സ്‌നേഹത്തിന്റെ ഭാഷ. ഒരു ലക്ഷ്യമേ ഉണ്ടാകാവൂ – കരുണ.”

ചെറിയ പ്രവൃത്തിയിലൂടെ വലിയ കാര്യങ്ങള്‍ പഠിപ്പിക്കുന്ന ശിമയോന്‍ ഏവര്‍ക്കും പ്രചോദനമാകട്ടെ. പ്രശസ്തിക്കും ബഹുമാനത്തിനും വേണ്ടിയുള്ള നെട്ടോട്ടങ്ങള്‍ അവസാനിപ്പിച്ച് കുരിശ് വഹിക്കുമ്പോള്‍ തളരുന്ന യേശുമുഖങ്ങളെ സ്‌നേഹിക്കാനാവട്ടെ.

ഫാ. ലിജോ തോലാനിക്കല്‍