
അമേരിക്കൻ എഴുത്തുകാരനായ തോൺടൺ വൈൽഡറുടെ ‘സാൻ ലൂയിസ് റേയിലെ പാലം’ (The Bridge of San Luis Rey) എന്ന നോവൽ ആത്മീയമായ വലിയൊരു അന്വേഷണമാണ്. പെറുവിലെ ഒരു വലിയ മലയിടുക്കിനു കുറുകെ കെട്ടിയ ഒരു നൂൽപ്പാലം അപ്രതീക്ഷിതമായി തകർന്നുവീഴുന്നു. ആ സമയം പാലത്തിലൂടെ സഞ്ചരിച്ചിരുന്ന അഞ്ചുപേർ അഗാധതയിലേക്ക് പതിച്ച് മരണമടഞ്ഞു.
ദാരുണമായ ഈ അപകടത്തിന് സാക്ഷിയായ ബ്രദർ ജൂനിപ്പർ എന്ന വൈദികന്റെ മനസ്സിൽ ഒരു ചോദ്യം ഉയർന്നു: “എന്തുകൊണ്ടാണ് ദൈവം ഈ അഞ്ചുപേരെ തന്നെ തിരഞ്ഞെടുത്തത്? ഇതൊരു യാദൃച്ഛികതയാണോ, അതോ ദൈവത്തിന്റെ നിഗൂഢമായ പദ്ധതിയോ?” അത് കണ്ടെത്താനായി മരിച്ച ഓരോരുത്തരുടെയും ജീവിതം അദ്ദേഹം സൂക്ഷ്മമായി പരിശോധിച്ചു. ഒടുവില്‍, ആറ് വർഷത്തോളം നീണ്ട പഠനത്തിലൂടെ അദ്ദേഹത്തിന് ഒരു കാര്യം ബോധ്യപ്പെട്ടു- ഈ അഞ്ചുപേരും സ്നേഹത്തിന്റെയോ, സഹനത്തിന്റെയോ പൂർണ്ണതയിലെത്തിയ നിമിഷത്തിലാണ് മരണം സംഭവിച്ചത്! എന്നുവച്ചാല്‍, പാലത്തിൽ നിന്ന് വീണ അഞ്ചുപേരും മരണത്തിന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്നേഹാനുഭവം തിരിച്ചറിഞ്ഞവരോ അല്ലെങ്കിൽ മറ്റൊരാൾക്കു വേണ്ടി സ്വന്തം താൽപര്യങ്ങൾ ത്യജിച്ചവരോ ആയിരുന്നു. അവരുടെ ജീവിതം ആത്മീയമായി ഒരു പൂർണ്ണതയിലെത്തിയ നിമിഷമായിരുന്നു അത്. അക്കാര്യം അറിയാവുന്നത് ദൈവത്തിനു മാത്രമായിരുന്നു! ദൈവത്തിന്റെ സമയത്താണ് അവര്‍ മരിച്ചത്.
പക്ഷേ, ദൈവത്തിന്റെ തീരുമാനങ്ങളെ തന്റെ മാനുഷികബുദ്ധി ഉപയോഗിച്ച് അളക്കാൻ ശ്രമിച്ചതിന്റെ പേരില്‍ അദ്ദേഹം അവസാനം കൊല്ലപ്പെടുകയാണ്.
ആത്മീയമായ കണ്ണാടി
നമ്മുടെ ജീവിതത്തിലും പലപ്പോഴും അപ്രതീക്ഷിതമായ ‘പാലം തകരലുകൾ’ സംഭവിക്കാറുണ്ട്. പ്രിയപ്പെട്ടവരുടെ വേർപാട്, കടുത്ത രോഗാവസ്ഥ, സാമ്പത്തിക തകർച്ച എന്നിവയെല്ലാം ഇത്തരം ദുരന്തങ്ങളാണ്. അപ്പോഴൊക്കെ നാം ചോദിക്കുന്ന ആദ്യത്തെ ചോദ്യം എന്തുകൊണ്ട് എനിക്കിത് സംഭവിച്ചു എന്നാണ്. അല്ലെങ്കില്‍ എന്റെ പ്രിയപ്പെട്ടവര്‍ക്ക് എന്തുകൊണ്ട് ഇതു സംഭവിച്ചു എന്നായിരിക്കാം.
എന്നാൽ, ഈ നോവൽ നൽകുന്ന മറുപടി വളരെ ലളിതമാണ്: ദൈവത്തിന്റെ പദ്ധതികൾ നമ്മുടെ ചിന്തകൾക്കുമപ്പുറമാണ്. നമ്മുടെ ജീവിതത്തിലെ ഓരോ തകർച്ചയ്ക്കും പിന്നിൽ സ്നേഹത്തിന്റെ ഒരു വലിയ കരുതലുണ്ടാകാം. ഇത്തരം തകർച്ചകളെ ദൈവഹിതമായി സ്വീകരിക്കാനും ജീവിതം അവസാനിക്കുന്നത് മരണത്തിലല്ല, മറിച്ച് ദൈവത്തിന്റെ സ്നേഹത്തിലാണെന്ന് തിരിച്ചറിയാനും നമുക്ക് സാധിക്കണം.
സ്നേഹം മാത്രമാണ് പാലം
നോവലിന്റെ അവസാന വരികൾ ഏറെ പ്രസക്തമാണ്: “നാം കുറച്ച് കാലം സ്നേഹിക്കപ്പെടും, പിന്നീട് വിസ്മരിക്കപ്പെടും. എന്നാൽ ആ സ്നേഹം മാത്രം മതിയാകും എക്കാലത്തേക്കും. സ്നേഹത്തിന്റെ എല്ലാ തുടിപ്പുകളും, അത് എവിടെ നിന്നാണോ ഉണ്ടായത് ആ സ്നേഹത്തിലേക്കു തന്നെ മടങ്ങിപ്പോകുന്നു. സ്നേഹിക്കാൻ ഓർമ്മകൾ പോലും ആവശ്യമില്ല. ജീവിക്കുന്നവരുടെ ഒരു ലോകമുണ്ട്, മരിച്ചവരുടെ ഒരു ലോകവുമുണ്ട്; അവയ്ക്കിടയിലുള്ള പാലം സ്നേഹമാണ്. സ്നേഹം മാത്രമാണ് അതിജീവിക്കുന്നത്, സ്നേഹം മാത്രമാണ് എല്ലാറ്റിനും അർഥം നൽകുന്നതും.”
യേശുക്രിസ്തുവിന്റെ കുരിശുമരണം ലോകത്തിന്റെ കണ്ണിൽ ഒരു വലിയ തകർച്ചയായിരുന്നു. എന്നാൽ, ദൈവത്തിന്റെ പദ്ധതിയിൽ അതായിരുന്നു സ്വർഗത്തിലേക്കുള്ള ഏക പാലം. നമ്മുടെ ജീവിതത്തിലെ കഷ്ടപ്പാടുകളെയും കുറവുകളെയും മറ്റുള്ളവരോടുള്ള സ്നേഹമാക്കി മാറ്റാൻ കഴിഞ്ഞാൽ, ആ തകർച്ചകൾ പുതിയൊരു ഉയിർപ്പിന് കാരണമാകും. വി. പൗലോസിന്റെ വാക്കുകള്‍ “ദൈവത്തെ സ്നേഹിക്കുന്നവർക്ക്, അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവർക്ക് സകലതും നന്മയ്ക്കായി ഭവിക്കുന്നു” (റോമാ 8:28) എന്നാണല്ലോ.
നമ്മുടെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം നന്മയ്ക്കായിരുന്നു എന്ന് തിരിച്ചറിയാന്‍ നമുക്ക് എത്രമാത്രം സാധിച്ചിട്ടുണ്ട്? ജീവിതവും മരണവും എല്ലാം ദൈവസ്നേഹത്തിന്റെ തണലിലാണ് സംഭവിക്കുന്നത്. നമ്മുടെ പ്രിയപ്പെട്ടവരുടെ മരണവും നമ്മുടെ ജീവിതവും നമുക്കുണ്ടാകുന്ന രോഗങ്ങളുമെല്ലാം ദൈവസ്നേഹത്തിന്റെ തണലില്‍ നടക്കുന്ന കാര്യങ്ങളാണ് എന്ന സത്യം നമ്മുടെ മനസ്സില്‍ ഉറപ്പിക്കാം.
പ്രായോഗികം
ഇന്ന് നമ്മുടെ ജീവിതത്തിലെ മാറ്റാൻ കഴിയാത്ത വേദനകളെ ദൈവത്തിന്റെ സന്നിധിയിൽ സമർപ്പിക്കാം. ‘എന്തുകൊണ്ട് ഇത് സംഭവിച്ചു’ എന്ന് പരാതിപ്പെടുന്നതിനു പകരം, ഈ സാഹചര്യത്തിലും ഞാൻ എങ്ങനെ സ്നേഹത്തോടെ ജീവിക്കണം എന്ന് ചിന്തിക്കാം. നമുക്ക് നഷ്ടപ്പെട്ട നന്മകളെ ഓർത്ത് സങ്കടപ്പെടാതെ, ബാക്കിയുള്ള നന്മകളെ മറ്റുള്ളവരിലേക്ക് പകരാൻ ശ്രമിക്കാം.

ഫാ. ജി. കടൂപ്പാറയിൽ MCBS




