
പറുദീസാ നഷ്ടം (Paradise Lost) എന്ന ഇതിഹാസ കാവ്യം രചിച്ച മഹാനായ ഇംഗ്ലീഷ് കവിയാണ് ജോൺ മിൽട്ടൺ. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ കാലഘട്ടത്തിൽ എഴുതപ്പെട്ടതാണ് ‘എന്റെ വെളിച്ചം എങ്ങനെ ചിലവഴിച്ചു (ഇല്ലാതായി) എന്ന് ഞാൻ ചിന്തിക്കുമ്പോൾ’ (When I Consider How My Light Is Spent) എന്ന കവിത. ‘അന്ധതയെക്കുറിച്ച്’ (On His Blindness) എന്ന പേരിലും ഈ കവിത അറിയപ്പെടുന്നുണ്ട്. 1650 കളുടെ മധ്യത്തിൽ, പൂർണ്ണമായി കാഴ്ച നഷ്ടപ്പെട്ട മിൽട്ടൺ നേരിട്ട ധാർമ്മികവും ആത്മീയവുമായ വലിയൊരു പ്രതിസന്ധിയാണ് ഈ കവിതയില്‍ നിറഞ്ഞുനില്‍ക്കുന്നത്. ജീവിതത്തിന്റെ പകുതി ദൂരം പിന്നിടും മുൻപേ തന്റെ കാഴ്ച ഇല്ലാതായത്, തനിക്ക് ദൈവം നൽകിയ കഴിവുകളെയും ജീവിതത്തെത്തന്നെയും പാഴാക്കിക്കളയുമോ എന്ന ഭയമാണ് അദ്ദേഹത്തില്‍ ആദ്യം ഉണ്ടാകുന്നത്.
കവിതയുടെ ആദ്യപകുതിയിൽ കവി തന്റെ നിസ്സഹായാവസ്ഥയെക്കുറിച്ച് ദൈവത്തോട് പരിഭവിക്കുന്നുണ്ട്. ബൈബിളിലെ ‘താലന്തുകളുടെ ഉപമ’ (മത്തായി 25: 14–30) സൂചിപ്പിച്ചുകൊണ്ട്, തനിക്ക് ലഭിച്ച കാവ്യവാസന എന്ന ‘താലന്ത്’ ഉപയോഗിക്കാൻ കാഴ്ചശക്തി ഇല്ലാത്തത് തടസ്സമാകുമോ എന്നും, യജമാനനായ ദൈവം മടങ്ങിവരുമ്പോൾ തന്നെ ശിക്ഷിക്കുമോ എന്നും അദ്ദേഹം ആശങ്കപ്പെടുന്നു. കാഴ്ച നിഷേധിച്ചിട്ടും ദൈവം എന്നിൽ നിന്ന് കഠിനാധ്വാനം പ്രതീക്ഷിക്കുന്നുണ്ടോ എന്ന ചോദ്യം ഒരു വിശ്വാസിയുടെ ആത്മീയസംഘർഷത്തെയാണ് കാണിക്കുന്നത്.
എന്നാൽ, കവിതയുടെ രണ്ടാം പകുതിയിൽ, അദ്ദേഹത്തിന് വേറെ ചില തിരിച്ചറിവുകള്‍ ലഭിക്കുന്നു. മനുഷ്യന്റെ അധ്വാനം മാത്രമായിരിക്കില്ല ദൈവം ആഗ്രഹിക്കുന്നത്, മറിച്ച് ദൈവത്തിന്റെ സ്നേഹപൂർണ്ണമായ സാന്നിധ്യത്തിനു കീഴിൽ നിശ്ശബ്ദനായി നിൽക്കുന്നതും ഒരു വലിയ സേവനമാണെന്ന് മിൽട്ടൺ മനസ്സിലാക്കുന്നു. ആയിരക്കണക്കിന് ദൂതന്മാർ ദൈവഹിതം നടപ്പിലാക്കാൻ ലോകം മുഴുവൻ ചുറ്റുന്നുണ്ടാകാം. എങ്കിലും, ‘ശാന്തനായി കാത്തുനിൽക്കുന്നവരും ദൈവത്തെ സേവിക്കുന്നവർ തന്നെയാണ്’ (They also serve who only stand and wait) എന്ന ആശ്വാസത്തിലാണ് കവിത അവസാനിക്കുന്നത്.
ആത്മീയമായ കണ്ണാടി
നമ്മുടെ ആത്മീയജീവിതത്തിലും പലപ്പോഴും പ്രവർത്തനങ്ങൾക്കാണ് നമ്മള്‍ പ്രാധാന്യം നല്‍കുന്നത്. പക്ഷേ, ഹൃദയത്തിന്റെ വിനയത്തിനാണ് ദൈവം എപ്പോഴും മുൻഗണന നൽകുക എന്നോര്‍ക്കണം. നാം ശാരീരികമായി അവശരാകുമ്പോഴോ, കർമ്മരംഗത്ത് നിന്ന് മാറിനിൽക്കാൻ നിർബന്ധിതരാകുമ്പോഴോ നമ്മളെ ഇനി ഒന്നിനും കൊള്ളില്ല എന്നു ചിന്തിച്ച് സങ്കടപ്പെടാറുണ്ട്. എന്നാൽ, വലിയ കാര്യങ്ങൾ ചെയ്യുമ്പോള്‍ മാത്രമല്ല, മറിച്ച് നമ്മുടെ നിസ്സാരമായ അവസ്ഥകളിലും പരിമിതികളിലും അവിടുത്തെ സ്നേഹത്തോടെ കാത്തിരിക്കുമ്പോഴും നമ്മള്‍ ദൈവത്തിന്റെ പ്രിയപ്പെട്ടവര്‍ തന്നെയാണ്.
ബ്ലെയ്സ് പാസ്കൽ ഒരിക്കല്‍ പറഞ്ഞ ഒരു വാക്യം പ്രസിദ്ധമാണ്: “മനുഷ്യന്റെ എല്ലാ ദുരിതങ്ങളും ഉണ്ടാകുന്നത് തന്റെ മുറിയിൽ നിശ്ശബ്ദമായി ഇരിക്കാൻ അവന് കഴിയാത്തതുകൊണ്ടാണ്.” പല മനുഷ്യരെ സംബന്ധിച്ചും ഈ വാക്യം സത്യമാണ്. നിശ്ശബ്ദമായിരിക്കാന്‍ പലര്‍ക്കും സാധിക്കുന്നില്ല. അതിനാല്‍ അവര്‍ വെറുതെ അലഞ്ഞുതിരിയുകയാണ്. അതിനിടയില്‍ അപകടത്തില്‍പ്പെടുകയും ചെയ്യുന്നു. ദൈവം നമ്മെ വിലയിരുത്തുന്നത് നമ്മൾ എന്ത് ചെയ്യുന്നു എന്നതിലല്ല, മറിച്ച് നമ്മുടെ ഇല്ലായ്മകളില്‍ നാം അവിടുത്തെ എങ്ങനെ ആശ്രയിക്കുന്നു എന്നതിലാണ്. നമ്മുടെ ഉള്ളിലെ അഹന്തയും ‘എല്ലാം ഞാൻ ചെയ്യുന്നു’ എന്ന ഭാവവും ഉരുകിത്തീരുമ്പോൾ മാത്രമേ, ഈ നിശ്ശബ്ദതയുടെ വലിയ സത്യം നമുക്കു തിരിച്ചറിയാൻ കഴിയൂ.
കാത്തിരിപ്പിന്റെ വഴി
കാത്തിരിക്കുക എന്നതാണ് സ്നേഹത്തിന്റെ ഏറ്റവും വലിയ പരീക്ഷണമെന്ന് ആത്മീയ ആചാര്യന്മാർ പഠിപ്പിക്കുന്നു. പ്രവർത്തനനിരതമായ ജീവിതത്തേക്കാൾ കഠിനമാണ് ദൈവഹിതത്തിന് സ്വയം സമര്‍പ്പിച്ച്, നിശ്ശബ്ദമായി ഇരിക്കുന്നത്. കുരിശിന്റെ ചുവട്ടിൽ വേദനയോടെ നിശ്ശബ്ദയായി നിന്ന പരിശുദ്ധ മറിയം അവിടെ യാതൊരു കർമ്മവും ചെയ്യുന്നില്ല. പക്ഷേ, ലോകരക്ഷയുടെ ഭാഗമായി അവൾ അവിടെ നിലകൊള്ളുകയായിരുന്നു. അത്തരം നിലകൊള്ളലുകളില്‍ പുതിയ സുവിശേഷങ്ങള്‍ രചിക്കപ്പെടും. പരിമിതികളെ കർത്താവിന്റെ ഹിതമായി കണ്ട് സന്തോഷത്തോടെ സ്വീകരിക്കുമ്പോൾ നമ്മുടെ ജീവിതത്തിലും പുതിയ ആകാശവും ഭൂമിയും വിരിയും.
വി. പൗലോസ് ശ്ലീഹാ പറയുന്നത്, “നിനക്ക് എന്റെ കൃപ മതി; എന്തെന്നാല്‍, ബലഹീനതയിലാണ് എന്റെ ശക്തി പൂർണ്ണമായി പ്രകടമാകുന്നത്” (2 കൊറി 12:9) എന്നാണ്. നാം ശാരീരികമായി ബലഹീനരാകുമ്പോഴാണ് ദൈവത്തിന്റെ ശക്തി നമ്മിൽ പൂർണ്ണമായി പ്രവർത്തിക്കുന്നത്. നാം ചെയ്യുന്ന പ്രവർത്തനങ്ങളല്ല, മറിച്ച് ദൈവത്തിന്റെ കൃപയാണ് നമ്മെ നയിക്കുന്നതെന്ന് തിരിച്ചറിയുന്ന നിമിഷം നമ്മുടെ ഉള്ളിൽ യഥാർഥ സമാധാനം നിറയും.
പ്രായോഗികം
ഇന്ന് ജീവിതത്തിൽ നമുക്ക് ചെയ്യാൻ കഴിയാതെപോയ കാര്യങ്ങളെക്കുറിച്ചോർത്ത് പരിതപിക്കുന്നത് ഒഴിവാക്കാം. പകരം, ദൈവം നമുക്ക് നൽകിയിട്ടുള്ള ഇപ്പോഴത്തെ അവസ്ഥയെ പൂർണ്ണമനസ്സോടെ സ്വീകരിക്കാം. “കർത്താവേ, അങ്ങയുടെ ഇഷ്ടം എന്റെ ജീവിതത്തിൽ നിറവേറട്ടെ. ഓടാൻ കഴിയാത്തപ്പോൾ അങ്ങയുടെ സന്നിധിയിൽ ശാന്തനായിരിക്കാൻ എന്നെ പഠിപ്പിക്കണമേ” എന്ന് പ്രാർഥിക്കാം. ഇന്ന് അനാവശ്യമായ ബദ്ധപ്പാടുകൾ ഉപേക്ഷിച്ച് അൽപസമയം നിശ്ശബ്ദമായി കർത്താവിന്റെ സാന്നിധ്യത്തിൽ ചെലവഴിക്കാൻ നമുക്ക് ശ്രമിക്കാം.

ഫാ. ജി. കടൂപ്പാറയിൽ MCBS




