നോമ്പുകാലം 25: സ്നേഹത്തിന്റെ കണക്കുപുസ്തകങ്ങൾ

2024 ൽ പുറത്തിറങ്ങിയ ‘വല്യമ്മ മരിക്കും മുൻപ് എങ്ങനെ മില്യൺസ് സ്വന്തമാക്കാം’ (How To Make Millions Before Grandma Dies) എന്ന തായ് ചലച്ചിത്രം വെറുമൊരു കുടുംബകഥയല്ല; മറിച്ച് മനുഷ്യന്റെ സ്വാർഥതയും സ്നേഹവും തമ്മിലുള്ള നിരന്തരമായ പോരാട്ടത്തിന്റെ നേർച്ചിത്രമാണ്. എം (M) എന്ന ലക്ഷ്യബോധമില്ലാത്ത യുവാവിലൂടെയാണ് കഥ വികസിക്കുന്നത്. മുത്തശ്ശിക്ക് ക്യാൻസർ ആണെന്നറിഞ്ഞ അയാള്‍, അവരുടെ കോടിക്കണക്കിന് വിലമതിക്കുന്ന സ്വത്ത് മോഹിച്ച് ശുശ്രൂഷയ്ക്കായി എത്തുകയാണ്. മുത്തശ്ശിയുടെ പ്രീതി പിടിച്ചുപറ്റി വിൽപ്പത്രത്തിൽ ഇടംപിടിക്കാനുള്ള അവന്റെ ശ്രമങ്ങളാണ് സിനിമയുടെ കാതൽ.

തന്റെ സ്വാർഥമായ ലക്ഷ്യങ്ങളുമായിട്ടാണ് എത്തിയതെങ്കിലും മുത്തശ്ശിയോടൊപ്പം ചിലവഴിച്ച ദിവസങ്ങൾ അവന്റെ കണ്ണ് തുറപ്പിച്ചു. മക്കൾ അവഗണിക്കുമ്പോഴും അവർക്കായി പ്രാർഥിക്കുന്ന, അവർക്കായി വിഭവങ്ങൾ ഒരുക്കിവയ്ക്കുന്ന മുത്തശ്ശിയുടെ സ്നേഹം അവനിൽ മാറ്റങ്ങൾ വരുത്തുന്നു. “നീ എന്തിനാണ് എന്നെ നോക്കുന്നത്?” എന്ന മുത്തശ്ശിയുടെ ചോദ്യത്തിനു മുന്നിൽ അവൻ പതറുന്നുണ്ടെങ്കിലും, പതുക്കെ അവന്റെയുള്ളിലെ സ്വാർഥത ഉരുകിത്തീരുകയാണ്. മരണമടുക്കുമ്പോൾ മുത്തശ്ശി തന്റെ വീട് ഇളയമകനായ സോയിക്ക് നൽകാനാണ് തീരുമാനിക്കുന്നത്. താൻ ചെയ്ത സേവനത്തിന് ഒന്നും ലഭിച്ചില്ലല്ലോ എന്ന നിരാശയും, ആത്മാർഥമായി സ്നേഹിച്ച സ്വന്തം അമ്മയെ മുത്തശ്ശി പരിഗണിച്ചില്ലല്ലോ എന്ന ദേഷ്യവും എമ്മിനെ വല്ലാതെ വേദനിപ്പിക്കുന്നു. എങ്കിലും മുത്തശ്ശിയെ പൂർണ്ണഹൃദയത്തോടെ സ്നേഹിക്കാൻ തുടങ്ങിയ അവൻ അവരുടെ അന്ത്യനിമിഷം വരെ കൂടെയുണ്ടായിരുന്നു.

മുത്തശ്ശിയുടെ മരണശേഷം, സംസ്കാരത്തിന് മുൻപ് അവന് ബാങ്കിൽ നിന്ന് ഒരു ഫോൺ വരുന്നു. വലിയൊരു സംഖ്യ മുത്തശ്ശി അവന്റെ പേരിൽ നിക്ഷേപിച്ചിട്ടുണ്ടെന്ന വിവരമായിരുന്നു ആ സന്ദേശം. ലഭിച്ച വലിയ തുക തന്റെ സുഖസൗകര്യങ്ങൾക്കായി ഉപയോഗിക്കാൻ എം തയ്യാറായില്ല. പകരം, മുത്തശ്ശി ജീവിതകാലമത്രയും ആഗ്രഹിച്ചിരുന്ന, എന്നാൽ ദാരിദ്ര്യം മൂലം വാങ്ങാൻ കഴിയാതിരുന്ന മനോഹരമായ ആ സെമിത്തേരി കല്ലറ (Burial Plot) ആ പണം നൽകി അവൻ സ്വന്തമാക്കി. അവിടെ  മുത്തശ്ശിയെ സംസ്കരിക്കുകയാണ്.

സ്വാർഥതയും ദൈവകരുണയും

നമ്മുടെ ജീവിതത്തിലും പലപ്പോഴും ഇത്തരം ലാഭേച്ഛകൾ പ്രാർഥനകളിലും പ്രവർത്തികളിലും നിഴലിക്കാറുണ്ട്. എന്നാൽ, ദൈവം നമ്മുടെ ഹൃദയത്തിന്റെ ആഴങ്ങളിലേക്കാണ് നോക്കുന്നത്. എമ്മിന്റെ ഹൃദയമാറ്റം ഒരു വലിയ ആത്മീയപാഠമാണ്. തന്റെ കൈവശം വന്നുചേർന്ന സമ്പത്ത് തന്റെ ഇഷ്ടങ്ങൾക്കല്ല, മറിച്ച് മറ്റൊരാളുടെ ആഗ്രഹത്തിനു വേണ്ടി ബലികഴിച്ചപ്പോഴാണ് അവൻ യഥാർഥത്തിൽ ഉയർത്തപ്പെട്ടത്. വി. മത്തായിയുടെ സുവിശേഷത്തിൽ നാം വായിക്കുന്നു: “നിങ്ങളുടെ നിക്ഷേപം എവിടെയോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും” (മത്തായി 6:21). എമ്മിന്റെ ഹൃദയം പണത്തിലല്ല, മറിച്ച് മുത്തശ്ശിയോടുള്ള സ്നേഹത്തിലാണെന്ന് അവസാന നിമിഷം തെളിയിക്കപ്പെട്ടു.

ശൂന്യതയിൽ വിരിയുന്ന നന്മ

മനുഷ്യന് എപ്പോൾ വേണമെങ്കിലും നന്മയിലേക്ക് തിരിയാൻ സാധിക്കുമെന്ന വലിയ സന്ദേശമാണ് ഈ സിനിമ നമുക്ക് നല്‍കുന്നത്. സമയം വൈകിയിട്ടില്ല. ഇതാണ്, ഇപ്പോഴാണ്‌ മാനസാന്തരത്തിന്റെ സമയം എന്ന് നമ്മള്‍ മനസ്സിലാക്കുക. ആത്മീയമായ ശൂന്യത അനുഭവപ്പെടുമ്പോൾ ഭയപ്പെടുകയല്ല, മറിച്ച് സ്നേഹത്തിലൂടെ അതിനെ അതിജീവിക്കുകയാണ് വേണ്ടത്. എം തന്റെ പഴയ സ്വാർഥതയെ ഒടുവില്‍ ത്യാഗമാക്കി മാറ്റിയതുപോലെ, നമ്മുടെ കുറവുകളെയും വികലമായ ചിന്തകളെയും മാറ്റാന്‍ നമുക്ക് സാധിക്കണം. അപ്പോഴാണ് നമ്മുടെ ജീവിതത്തിലും സ്നേഹത്തിന്റെ വസന്തം വിരിയുക.

പ്രായോഗികം

ഇന്ന് നമ്മുടെ ജീവിതത്തിൽ എവിടെയെങ്കിലും സ്വാർഥതയുടെ നിഴലുകളുണ്ടോ എന്ന് പരിശോധിക്കാം. പ്രിയപ്പെട്ടവരോടുള്ള ഇടപെടലുകളിൽ ‘എനിക്ക് എന്ത് കിട്ടും’ എന്ന ചിന്തയ്ക്കു പകരം ‘എനിക്ക് എന്ത് നൽകാൻ കഴിയും’ എന്ന് നമുക്ക് ചിന്തിക്കാം. ഇന്ന് ബോധപൂർവം ഒരു നല്ല പ്രവൃത്തിയിലൂടെ – അത് മറ്റൊരാളുടെ ആഗ്രഹം സാധിച്ചുകൊടുക്കുന്നതാകാം അല്ലെങ്കിൽ ഒരു ചെറിയ സഹായമാകാം – സ്നേഹത്തിന്റെ ഒരു പുതിയ അധ്യായം നമുക്ക് തുടങ്ങാം.

ഫാ. ജി. കടൂപ്പാറയിൽ MCBS

ഫാ. ജി. കടൂപ്പാറയിൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.