നോമ്പുകാലം 24: ദൈവത്തിന്റെ മഴ

ജെറാൾഡ് മാൻലി ഹോപ്കിൻസിന്റെ ‘അങ്ങ് നീതിമാനാകുന്നു, കർത്താവേ’ (Thou Art Indeed Just, Lord) എന്ന കവിത അദ്ദേഹം 1889 മാർച്ച് 17 ന്, ടൈഫോയ്ഡ് ബാധിച്ച് മരിക്കുന്നതിന് തൊട്ടുമുൻപ് ഡബ്ലിനിൽ വച്ച് രചിച്ചതാണ്. അദ്ദേഹത്തിന്റെ അതീവ ദുഃഖാർത്തമായ കവിതകളുടെ കൂട്ടത്തിൽ ഉള്‍പ്പെടുത്താവുന്ന ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. ആത്മീയലക്ഷ്യത്തെയും ദൈവത്തിനായുള്ള ദാഹത്തെയും കുറിച്ച് ഏറ്റവും തീക്ഷ്ണമായി എഴുതിയ ഈശോസഭാ പുരോഹിതനും ഇംഗ്ലീഷ് കവിയുമായിരുന്നു അദ്ദേഹം.

തന്റെ സർഗാത്മകമായ കഴിവുകൾ പൂർണ്ണമായി വിനിയോഗിക്കാൻ കഴിയാത്തതിലുള്ള വിഷമവും അഗാധമായ മനോവേദനയുമാണ് കവി ഇതിൽ ആവിഷ്കരിക്കുന്നത്. പാപികൾ ലോകത്തിൽ തഴച്ചുവളരുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുമ്പോൾ, ദൈവത്തിനായി ജീവിതം സമർപ്പിച്ച താൻ മാത്രം എന്തുകൊണ്ടാണ് ഇത്രയേറെ കഷ്ടതകൾ അനുഭവിക്കുന്നത് എന്ന വലിയൊരു ചോദ്യം ഈ കവിതയിലുണ്ട്. എന്നാൽ, ഈ ചോദ്യം ദൈവത്തോടുള്ള കലഹമല്ല, മറിച്ച് തന്റെ ആന്തരികവരൾച്ചയിൽ നിന്ന് മോചനം തേടിയുള്ള ഒരു വിലാപമാണ്.

കവിതയുടെ അവസാന വരിയിൽ ഹോപ്കിൻസ് ദൈവത്തോട് അപേക്ഷിക്കുന്നത് ഇങ്ങനെയാണ്: “എന്റെ വേരുകൾക്ക് മഴ നൽകിയാലും” (Send my roots rain). പുറമെ നിശ്ശബ്ദനായിരിക്കുമ്പോഴും തന്റെ ഉള്ളിലെ ആത്മീയവേരുകൾ ഉണങ്ങിപ്പോകുന്നു എന്ന തിരിച്ചറിവ് കവിയെ വേദനിപ്പിക്കുന്നു. നമ്മുടെ ജീവിതത്തിലും പലപ്പോഴും ഇത്തരം വരൾച്ചകൾ അനുഭവപ്പെടാറുണ്ട്. പ്രാർഥനകളിൽ മടുപ്പ് തോന്നുമ്പോഴും നന്മ ചെയ്യാൻ ആവേശം ഇല്ലാതാകുമ്പോഴും നമ്മളും ഹോപ്കിൻസിനെപ്പോലെ ആത്മീയമായ വന്ധ്യതയിലാണ്. സങ്കീർത്തകൻ പാടുന്നതുപോലെ: “വരണ്ടുണങ്ങിയ മരുഭൂമി എന്നപോലെ എന്റെ ആത്മാവ് അങ്ങേയ്ക്കായി ദാഹിക്കുന്നു” (സങ്കീ. 63:1).

നീതിയും ദൈവകരുണയും

ലോകത്തിലെ അനീതികൾക്കും പാപികളുടെ വളർച്ചയ്ക്കും മുൻപിൽ പകച്ചുനിൽക്കുമ്പോൾ നാം ദൈവത്തിന്റെ നീതിയെ സംശയിച്ചേക്കാം. എന്നാൽ, ഹോപ്കിൻസ് പഠിപ്പിക്കുന്നത് ദൈവത്തിന്റെ നീതി മനുഷ്യന്റെ യുക്തിക്ക് അപ്പുറമാണെന്നാണ്. പ്രതികൂല സാഹചര്യങ്ങളിലും ദൈവത്തിന്റെ കരുണയ്ക്കായി കാത്തിരിക്കുക എന്നതാണ് നമ്മള്‍ ചെയ്യേണ്ടത്. ജെറമിയ പ്രവാചകന്റെ പുസ്തകത്തിൽ നാം വായിക്കുന്നു: “കർത്താവിൽ ആശ്രയിക്കുന്നവൻ അനുഗ്രഹീതൻ… അവൻ ജലാശയത്തിനരികെ നട്ടുപിടിപ്പിച്ച വൃക്ഷം പോലെയാണ്; അത് വെള്ളത്തിലേക്ക് വേരുകൾ ആഴ്ത്തുന്നു” (ജെറ. 17: 7-8). നമ്മുടെ വേരുകൾ ദൈവമാകുന്ന ജലാശയത്തിലേക്ക് ആഴ്ന്നിറങ്ങുമ്പോഴാണ് ജീവിതം ഫലദായകമാകുന്നത്.

ശൂന്യതയിൽ വിരിയുന്ന വസന്തം

നമ്മുടെ ഉള്ളിലെ ശൂന്യതയെയും വരൾച്ചയെയും ദൈവികമായ മഴ കൊണ്ട് നനയ്ക്കാനുള്ള അവസരമാണ് ഓരോ ദിവസവും. ആത്മീയമായ വരൾച്ച അനുഭവപ്പെടുമ്പോൾ ഭയപ്പെടുകയല്ല, മറിച്ച് ദൈവത്തിങ്കലേക്ക് കൂടുതൽ വിനീതമായി അടുക്കുകയാണ് വേണ്ടത്. ഹോപ്കിൻസ് തന്റെ വേദനകളെ കവിതയാക്കി മാറ്റിയതുപോലെ, നമ്മുടെ കുറവുകളെയും സങ്കടങ്ങളെയും പ്രാർഥനയാക്കി മാറ്റാൻ നമുക്ക് സാധിക്കണം. അപ്പോഴാണ് ശൂന്യതയില്‍ വസന്തം വിരിയിക്കാന്‍ നമുക്ക് കഴിയുക.

പ്രായോഗികം

ഇന്ന് നമ്മുടെ ആത്മീയജീവിതത്തിൽ എവിടെയെങ്കിലും വരൾച്ച അനുഭവപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാം. പ്രാർഥനയോടും സഭയോടും സഹോദരങ്ങളോടുമുള്ള സ്നേഹത്തിൽ തണുപ്പ് ബാധിച്ചിട്ടുണ്ടെങ്കിൽ, “നാഥാ, എന്റെ വേരുകൾക്ക് മഴ നൽകിയാലും” എന്ന് നമുക്ക് പ്രാർഥിക്കാം. ഇന്ന് ബോധപൂർവം ഒരു നല്ല പ്രവൃത്തിയിലൂടെ – അത് ഒരു ചെറിയ സഹായമാകാം അല്ലെങ്കിൽ ഒരു ആശ്വാസവാക്കാകാം – മറ്റൊരാളുടെ ജീവിതത്തിൽ ദൈവത്തിന്റെ സ്നേഹമഴയായി മാറാൻ നമുക്ക് ശ്രമിക്കാം.

ഫാ. ജി. കടൂപ്പാറയിൽ MCBS

ഫാ. ജി. കടൂപ്പാറയിൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.