നോമ്പുകാലം 22: നൈമിഷികത

പൂന്താനം നമ്പൂതിരിയുടെ ‘ജ്ഞാനപ്പാന’ ആത്മീയതയുടെ അതിമനോഹരമായ അവതരണമാണ്. ദീർഘനാൾ മക്കളുണ്ടാകാതിരുന്നതിനു ശേഷം അദ്ദേഹത്തിന് ഒരു ഉണ്ണി പിറന്നു. എന്നാൽ, കുഞ്ഞിന്റെ ചോറൂണ് ദിനത്തിൽ ആ മകൻ അപ്രതീക്ഷിതമായി മരിച്ചതോടെ പൂന്താനത്തിന്റെ ജീവിതം സങ്കടത്തിലായി. ഈ തീവ്രദുഃഖം അദ്ദേഹത്തെ ലൗകികസുഖങ്ങളിൽ നിന്ന് അകറ്റുകയും പൂർണ്ണമായും ദൈവചിന്തകളിലേക്ക് നയിക്കുകയും ചെയ്തു. ജ്ഞാനപ്പാനയില്‍ അത്തരം ചിന്തകള്‍ നമുക്ക് കാണാം. മനുഷ്യജീവിതത്തിന്റെ നൈമിഷികതയെ അതിന്റെ പൂര്‍ണ്ണതയില്‍ നമുക്കിതില്‍ ദര്‍ശിക്കാം. ജ്ഞാനപ്പാനയുടെ ഒരു ഭാഗത്ത് അദ്ദേഹം ഇങ്ങനെ പാടുന്നു:

“കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ
രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ
മാളിക മുകളേറിയമന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ.”

എത്ര കൃത്യവും വ്യക്തവുമാണ് ഈ വരികള്‍. ഓരോ ദിവസവും നമ്മള്‍ കാണുന്നതും അനുഭവിക്കുന്നതുമാണ് ഇതെല്ലാം. ഇതിലും ഗംഭീരമായി ആര്‍ക്കെഴുതാന്‍ സാധിക്കും ഇത്തരം കാര്യങ്ങള്‍? വീണ്ടും ഇതില്‍ നമ്മള്‍ വായിക്കുന്നു:

“കൂടിയല്ലാ പിറക്കുന്ന നേരത്തും
കൂടിയല്ലാ മരിക്കുന്ന നേരത്തും
മധ്യേയിങ്ങനെ കാണുന്ന നേരത്തു
മത്സരിക്കുന്നതെന്തിനു നാം വൃഥാ”

പൂന്താനത്തിന്റെ ഈ വരികൾ ജീവിതത്തിന്റെ അനിശ്ചിതത്വത്തെയും നൈമിഷികതയെയും കുറിച്ചുള്ള ഏറ്റവും വലിയ പാഠങ്ങളാണ്. അധികാരവും പദവിയും സമ്പത്തും ഒരൊറ്റ നിമിഷം കൊണ്ട് ഇല്ലാതാകാമെന്നും, ഈ ലോകത്ത് നാം നടത്തുന്ന മത്സരങ്ങളെല്ലാം അർഥശൂന്യമാണെന്നും ജ്ഞാനപ്പാന നമ്മെ ഓർമ്മിപ്പിക്കുന്നു.

ഒന്നും നമ്മുടെ കൈയിലല്ല   

ജീവിതം ഒരു മരീചിക പോലെയാണെന്ന് നാം പലപ്പോഴും മറന്നുപോകുന്നു. മാളികമുകളിൽ വാഴുന്നവനെ തോളിൽ മാറാപ്പേറ്റുന്ന ഭിക്ഷുവാക്കാനും, പാവപ്പെട്ടവനെ പല്ലക്കിലേറ്റാനും കാലത്തിന് ഒരു നിമിഷം മതി. ഒന്നും നമ്മുടെ കൈയിലല്ല എന്ന തിരിച്ചറിവാണ് ആത്മീയതയുടെ തുടക്കം. ഈ ലോകത്തിലെ നമ്മുടെ സമ്പാദ്യങ്ങളോ, സ്ഥാനമാനങ്ങളോ മരണത്തിന്റെ വാതിൽക്കൽ നമുക്ക് കൂട്ടിനുണ്ടാകില്ല. ഒഴിഞ്ഞ കൈകളുമായി വരികയും ശൂന്യമായ കൈകളുമായി മടങ്ങുകയും ചെയ്യുന്ന ഈ ഹ്രസ്വമായ ജീവിതയാത്രയ്ക്കിടയിൽ നാം എന്തിനാണ് സഹോദരങ്ങളുമായി കലഹിക്കുന്നത്? അഹന്തയുടെയും മത്സരത്തിന്റെയും മാറാപ്പുകൾ ഇറക്കിവച്ച്, വിനയത്തിന്റെ പാത സ്വീകരിക്കേണ്ടവരാണ് നമ്മള്‍.

ഒഴിഞ്ഞ കൈകള്‍ 

പ്രസിദ്ധനായ അലക്സാണ്ടർ ചക്രവർത്തിയെക്കുറിച്ചുള്ള ഒരു കഥയുണ്ട്. നമ്മളെല്ലാം അത് പലവട്ടം കേട്ടിട്ടുള്ളതാണ്. ലോകം മുഴുവൻ കീഴടക്കിയ അദ്ദേഹം തന്റെ അന്ത്യസമയത്ത് മൂന്ന് ആഗ്രഹങ്ങൾ പ്രകടിപ്പിച്ചതിനെക്കുറിച്ചാണ് ആ കഥ. മൂന്ന് ആഗ്രഹങ്ങളില്‍ ഒന്ന് ഇതായിരുന്നു: “ഞാൻ മരിക്കുമ്പോൾ എന്റെ ശവമഞ്ചം വഹിക്കുന്ന പെട്ടിയിൽ നിന്ന് എന്റെ രണ്ട് കൈകളും പുറത്തേക്ക് ഇട്ടിരിക്കണം.” താൻ ലോകം മുഴുവൻ ജയിച്ചവനാണെങ്കിലും, മരിക്കുമ്പോൾ ഒന്നും കൂടെ കൊണ്ടുപോകുന്നില്ലെന്ന് ലോകം കാണട്ടെ എന്നതായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. പൂന്താനം പാടിയതുപോലെ, മാളികമുകളിലെ മന്നനും മണ്ണിലേക്കു മടങ്ങുമ്പോൾ വെറുംകൈയോടെയാണ് പോകുന്നത്. ഈ സത്യം നേരത്തെ തിരിച്ചറിയുന്നവനാണ് യഥാർഥ ജ്ഞാനി.

ബൈബിൾ ഈ നൈമിഷികതയെക്കുറിച്ച് ഇപ്രകാരം മുന്നറിയിപ്പ് നൽകുന്നു: “നാളെ നിങ്ങളുടെ ജീവൻ എന്തായിരിക്കുമെന്ന് നിങ്ങൾക്കറിയില്ല. അൽപനേരത്തേക്ക് കാണപ്പെടുകയും പിന്നീട് മറയുകയും ചെയ്യുന്ന മഞ്ഞുതുള്ളിയാണ് നിങ്ങൾ” (യാക്കോബ് 4:14). നാം ഈ ലോകത്ത് സമ്പാദിച്ചുകൂട്ടുന്ന ഭൗതികവസ്തുക്കളേക്കാൾ പ്രധാനം ആത്മീയമായ സമ്പാദ്യമാണെന്ന് ക്രിസ്തു പഠിപ്പിച്ചു. “ഭൂമിയിൽ നിക്ഷേപങ്ങൾ കരുതിവയ്ക്കരുത്; അവിടെ പുഴുവും തുരുമ്പും അവ നശിപ്പിക്കും. സ്വർഗത്തിൽ നിക്ഷേപങ്ങൾ കരുതിവയ്ക്കുവിൻ” (മത്തായി 6: 19-20). ഈ വാക്യങ്ങളൊക്കെ നമ്മെ കുറേക്കൂടി നല്ലവരാക്കട്ടെ.

പ്രായോഗികം

ഇന്ന് നമ്മുടെ ഉള്ളിലെ അഹങ്കാരത്തെ ഒന്ന് പരിശോധിക്കാം. നമ്മുടെ അറിവോ, പണമോ, സൗന്ദര്യമോ ഓർത്ത് നാം മറ്റുള്ളവരേക്കാൾ വലിയവരാണെന്ന് ചിന്തിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ ആ ചിന്തയെ വിനയം കൊണ്ട് കീഴടക്കാം. ഇന്ന് ആരുടെയെങ്കിലും മുൻപിൽ അനാവശ്യമായ വാശി ഉപേക്ഷിക്കാനും നമ്മെക്കാൾ എളിയവരെ സ്നേഹത്തോടെ സ്വീകരിക്കാനും നമുക്ക് ശ്രമിക്കാം. വെറുംകൈയോടെ മടങ്ങേണ്ടവരാണ് നാം എന്ന തിരിച്ചറിവ് നമ്മെ കൂടുതൽ കരുണയുള്ളവരാക്കട്ടെ.

ഫാ. ജി. കടൂപ്പാറയിൽ MCBS

ഫാ. ജി. കടൂപ്പാറയിൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.