
മാർട്ടിൻ മക്ഡൊണാഗിന്റെ ‘ദി ബാൻഷീസ് ഓഫ് ഇനീഷിറിൻ’ (The Banshees of Inisherin) എന്ന ചിത്രം അയർലൻഡിലെ ഒരു ഒറ്റപ്പെട്ട ദ്വീപിൽ താമസിക്കുന്ന രണ്ട് സുഹൃത്തുക്കളുടെ കഥയാണ്. വർഷങ്ങളായുള്ള തന്റെ സുഹൃത്ത് പാട്രിക്കുമായുള്ള (Pádraic) ബന്ധം കോം (Colm) എന്ന വയലിൻ കലാകാരൻ ഒരു സുപ്രഭാതത്തിൽ പെട്ടെന്ന് അവസാനിപ്പിക്കുന്നു. “ഇനി എനിക്ക് നിന്നെ ഇഷ്ടമല്ല” എന്ന ലളിതമായ കാരണമാണ് അയാൾ പറയുന്നത്. മാത്രമല്ല, അയാള്‍ക്ക് ഇനി സംസാരിച്ച് സമയം പാഴാക്കാനില്ല. ജീവിതത്തില്‍ അവശേഷിക്കുന്ന സമയംകൊണ്ട് ലോകം തന്നെ ഓര്‍മ്മിക്കുന്ന വിധത്തില്‍ എന്തെങ്കിലും ചെയ്യണം. എന്നാൽ, തന്റെ ഏകാന്തതയിലേക്ക് വീണ്ടും കടന്നുവരാൻ ശ്രമിക്കുന്ന പാട്രിക്കിനെ തടയാൻ കോം കണ്ടെത്തുന്ന മാർഗം അങ്ങേയറ്റം ഭീകരമാണ്. പാട്രിക്ക് തന്നോട് സംസാരിക്കാൻ ശ്രമിക്കുന്ന ഓരോ അവസരത്തിലും തന്റെ കൈവിരലുകൾ ഓരോന്നായി മുറിച്ചുമാറ്റുമെന്ന് കോം പ്രഖ്യാപിക്കുന്നു.
ഒരു വയലിനിസ്റ്റായ അയാള്‍ തന്റെ നിലപാടുകളെ സംരക്ഷിക്കാൻ വേണ്ടി തന്റെ ഏറ്റവും പ്രധാനപ്പെട്ട അവയവമായ വിരലുകൾ തന്നെ മുറിച്ചുമാറ്റുന്നത് ആത്മനാശത്തിന്റെ ഭ്രാന്തമായ പ്രതീകമാണ്. ഓരോ തവണ പാട്രിക്ക് സ്നേഹത്തോടെ സംസാരിക്കുമ്പോഴും കോം തന്റെ വിരലുകൾ മുറിച്ചുമാറ്റി സുഹൃത്തിന്റെ വാതിൽക്കൽ എറിയുന്നു. മറ്റൊരാളെ തോൽപിക്കാൻ വേണ്ടി സ്വന്തം ശരീരത്തെയും ആത്മാവിനെയും പീഡിപ്പിക്കുന്ന ഈ വാശി, മനുഷ്യന്റെ അഹങ്കാരത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുടെയും ഭീകരതയെയാണ് വെളിപ്പെടുത്തുന്നത്.
സിനിമ നടക്കുന്നത് അയർലൻഡിലെ ആഭ്യന്തരയുദ്ധത്തിന്റെ (1923) പശ്ചാത്തലത്തിലാണ്. തൊട്ടടുത്ത തീരത്ത് സഹോദരങ്ങളായ മനുഷ്യര്‍ തമ്മിൽ യുദ്ധം ചെയ്യുമ്പോള്‍, ഈ ദ്വീപിൽ രണ്ട് സുഹൃത്തുക്കൾ തമ്മിൽ പോരടിക്കുന്നു. യാതൊരു യുക്തിയുമില്ലാതെ മനുഷ്യർ തമ്മിൽ കലഹിക്കുന്നതിന്റെയും സ്വയം നശിക്കുന്നതിന്റെയും പ്രതീകമാണ് കോം മുറിച്ചെറിയുന്ന വിരലുകൾ. ഒരു കാരണവുമില്ലാതെ ഒരാൾ തന്റെ ശരീരഭാഗം മുറിച്ചെറിയുന്നതുപോലെ തന്നെയാണ് മനുഷ്യർ യുദ്ധത്തിലൂടെ തങ്ങളുടെതന്നെ സഹോദരങ്ങളെ കൊല്ലുന്നതുമെന്ന് സിനിമ പറയാതെപറയുന്നു.
ആത്മീയമായ കണ്ണാടി
ഈ സിനിമയിലെ വിരൽ മുറിക്കൽ നമ്മുടെ ആത്മീയജീവിതത്തിലേക്കുള്ള ഒരു കണ്ണാടിയാണ്. പലപ്പോഴും നമ്മുടെ വാശികളും അഹംഭാവവും കാരണം നാം മുറിച്ചുമാറ്റുന്നത് മറ്റുള്ളവരെയല്ല, മറിച്ച് നമ്മുടെതന്നെ സമാധാനത്തെയും സന്തോഷത്തെയുമാണ്. ശരിയെന്ന് നാം വിശ്വസിക്കുന്ന പല നിലപാടുകളും സ്നേഹശൂന്യമാകുമ്പോൾ അത് ആത്മനാശത്തിലേക്ക് വഴിമാറുന്നു. നല്ലവനാകുന്നതിനേക്കാൾ വലിയവനാകാനുള്ള ശ്രമത്തിൽ നമ്മള്‍ നമ്മുടെ മനുഷ്യത്വം നഷ്ടപ്പെടുത്തുന്നു.
ജീവിതത്തിലെ ചില പിടിവാശികൾക്കു വേണ്ടി പ്രിയപ്പെട്ടവരെ മുറിവേൽപിക്കുകയും സ്വയം ഒറ്റപ്പെടുകയും ചെയ്യുന്ന ദ്വീപുകളായി നാം മാറാറുണ്ടോ എന്ന് ചിന്തിക്കണം. ബന്ധങ്ങളിലെ പിണക്കങ്ങൾ വാശിയായി മാറുമ്പോൾ നാം നമ്മുടെ ആത്മാവിന്റെ വിരലുകളാണ് മുറിച്ചുമാറ്റുന്നത്. ക്ഷമിക്കാനും വിട്ടുവീഴ്ച ചെയ്യാനുമുള്ള മടി നമ്മെ ആത്മീയമായി അംഗഭംഗം വന്നവരാക്കി മാറ്റുന്നു.
പ്രസിദ്ധ പേർഷ്യൻ കവിയായ റൂമി പാടുന്നത് എത്ര മനോഹരമായ ആശയമാണ്: “നിന്റെ വാക്കുകളെ ഉയർത്തുക, ശബ്ദത്തെയല്ല. പൂക്കൾ വിരിയുന്നത് മഴ പെയ്യുമ്പോഴാണ്, ഇടിമുഴങ്ങുമ്പോഴല്ല.”
നമ്മുടെ പിടിവാശികൾ പലപ്പോഴും അർഥശൂന്യമായ മതിലുകളാണ്. കോം തന്റെ വിരലുകൾ മുറിച്ചുമാറ്റിയപ്പോൾ നഷ്ടപ്പെട്ടത് മനോഹരമായി സംഗീതം വായിക്കാനുള്ള കഴിവാണെന്ന് അയാൾ വൈകിയാണ് തിരിച്ചറിയുന്നത്. ഇതുപോലെ, ക്രോധം കൊണ്ട് നാം ബന്ധങ്ങൾ മുറിച്ചുമാറ്റുമ്പോൾ നിശ്ശബ്ദമാകുന്നത് നമ്മുടെ ജീവിതത്തിന്റെ തന്നെ സംഗീതമാണ് എന്നോര്‍മ്മിക്കണം.
വചനത്തിന്റെ വെളിച്ചം
പൗലോസ് ശ്ലീഹാ പറയുന്നു: “കോപം സൂര്യൻ അസ്തമിക്കുന്നതുവരെ വച്ചുപുലർത്തരുത്” (എഫേ. 4:26) എന്ന്. ശത്രുതയുടെ വിരലുകൾ മുറിച്ചുമാറ്റുന്നതിനേക്കാൾ ആത്മീയമായ ഔന്നത്യം, ആ കൈകൾ വിരിച്ച് ശത്രുവിനെപ്പോലും കെട്ടിപ്പിടിക്കുന്നതിലാണ്. “മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ, അങ്ങനെ തന്നെ നിങ്ങൾ അവരോടും പെരുമാറുവിൻ” (ലൂക്കാ 6:31) എന്ന വചനം നമുക്ക് വലിയ പാഠമാണ്. ക്രിസ്തു നമുക്കുവേണ്ടി കൈകൾ വിരിച്ച് കുരിശിൽ മരിച്ചത് മുറിച്ചുമാറ്റാനല്ല, മറിച്ച് മുറിവേറ്റവരെ ചേർത്തുപിടിക്കാനാണ്.
പ്രായോഗികം
ഇന്ന് നമ്മുടെ ജീവിതത്തിലെ ഏതെങ്കിലും ‘വിരൽ മുറിക്കുന്ന വാശികളെ’ ഉപേക്ഷിക്കാൻ ശ്രമിക്കാം. നമ്മോട് സംസാരിക്കാൻ ആഗ്രഹിക്കുന്നവരോട് മിണ്ടാതിരിക്കുകയോ, അവരെ അവഗണിക്കുകയോ ചെയ്യുന്നതിലൂടെ നാം നേടുന്ന വിജയം യഥാർഥത്തിൽ ഒരു വലിയ പരാജയമാണ് എന്നോര്‍മ്മിക്കുക. ഇന്ന് ബോധപൂർവം ഒരാളോട് ക്ഷമിക്കുകയും ബന്ധങ്ങൾ പുനഃസ്ഥാപിക്കാൻ മുൻകൈ എടുക്കുകയും ചെയ്യുക. അഹന്തയുടെ തീരത്തുനിന്ന് സ്നേഹത്തിന്റെ തുറമുഖത്തേക്ക് നമുക്ക് മടങ്ങാം.

ഫാ. ജി. കടൂപ്പാറയിൽ MCBS




